Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

വഴിക്കച്ചവടക്കാർക്ക് നേരെയുള്ള ചെവി പൊട്ടുന്ന തെറി വിളിയുടെ ദൃശ്യങ്ങൾ വൈറലായി; പാവപ്പെട്ട കച്ചവടക്കാർക്ക് നേരെ മാത്രമേ പൊലീസ് കുതിരകയറൂ എന്നൊക്കെയുള്ള തലക്കെട്ട് നിർണ്ണായകമായി; എല്ലാം കച്ചവടക്കാരിൽ ഒരാൾ മൊബൈൽ ഫോണിൽ പകർത്തിയത് വെറുതെയായില്ല; ചെറുപുഴ സിഐ എംപി വിനീഷ് കുമാറിന് സ്ഥലം മാറ്റം

വഴിക്കച്ചവടക്കാർക്ക് നേരെയുള്ള ചെവി പൊട്ടുന്ന തെറി വിളിയുടെ ദൃശ്യങ്ങൾ വൈറലായി; പാവപ്പെട്ട കച്ചവടക്കാർക്ക് നേരെ മാത്രമേ പൊലീസ് കുതിരകയറൂ എന്നൊക്കെയുള്ള തലക്കെട്ട് നിർണ്ണായകമായി; എല്ലാം കച്ചവടക്കാരിൽ ഒരാൾ മൊബൈൽ ഫോണിൽ പകർത്തിയത് വെറുതെയായില്ല; ചെറുപുഴ സിഐ എംപി വിനീഷ് കുമാറിന് സ്ഥലം മാറ്റം

ആർ പീയൂഷ്

കണ്ണൂർ: വഴിയോരക്കച്ചവടക്കാർക്ക് നേരെ തെറിവിളിയും ഭീഷണിയും നടത്തിയ സിഐയെ സ്ഥലം മാറ്റി. ചെറുപുഴ സിഐ എംപി വിനീഷ് കുമാറിനെയാണ് കെ.എ.പി നാലാം ബറ്റാലിയിലേക്ക് സ്ഥലം മാറ്റിയത്. പൊതു ജനങ്ങളോട് എങ്ങനെ ഇടപെടണമെന്നുള്ള പെരുമാറ്റം ചട്ടം പരിശീലിപ്പിക്കാനായാണ് നടപടി. കണ്ണൂർ ജില്ലാ പൊലീസ് മേധാവിയാണ് ഉത്തരവിട്ടത്.

പൊതുജനങ്ങൾക്ക് നേരെ അസഭ്യവർഷം നടത്തുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത സിഐ വിനീഷ് കുമാറിനെ നിയമം പഠിപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ആവശ്യപ്പെട്ടിരുന്നു. പൊലീസിന്റെ നിർദ്ദേശ പ്രകാരം റോഡിൽ നിന്ന് ഒഴിഞ്ഞുപോകാൻ തയ്യാറെടുക്കുന്ന വഴിയോര കച്ചവടക്കാരോടാണ് യാതൊരു പ്രകോപനവുമില്ലാതെ അപമര്യാദയായി പെരുമാറിയത്. സിഐയെ പൊലീസ് അക്കാദമിയിലയച്ച് പൊലീസ് ആക്റ്റിലെ വ്യവസ്ഥകൾ പഠിപ്പിക്കണം എന്നും മനുഷ്യാവകാശ കമ്മിഷൻ അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് സിഐയെ സ്ഥലം മാറ്റിയത്. സിഐയുടെ പെരുമാറ്റത്തെക്കുറിച്ച് ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മിഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു. സിഐക്ക് മൂന്നാഴ്ചയ്ക്കകം തന്റെ ഭാഗം വിശദീകരിക്കാം.

അഭിഭാഷകനും പരിസ്ഥിതി പ്രവർത്തകനുമായ ഹരീഷ് വാസുദേവന്റെ ഫേസ്‌ബുക്ക് പോസ്റ്റ് അടിസ്ഥാനമാക്കി കമ്മിഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് മനുഷ്യാവകാശ കമ്മീഷൻ നടപടി. ചെറുപുഴ സിഐ വഴിയോര കച്ചവടക്കാരെ തെറിവിളിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും വ്യാപക വിമർശനമേൽക്കുകയും ചെയ്തിരുന്നു. വഴിയോരക്കച്ചവടങ്ങൾ നിയന്ത്രിക്കണമെന്ന ഹൈക്കോടതി വിധി നടപ്പാക്കുക തന്നെ വേണമെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. എന്നാൽ ഇതല്ല വിധി നടപ്പാക്കേണ്ട വഴി. ഒരു പൊലീസ് ഉദ്യോഗസ്ഥൻ എങ്ങനെയാണ് പെരുമാറേണ്ടതെന്ന് പൊലീസ് ആക്റ്റിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ചെറുപുഴ സിഐ ഇതെല്ലാം കാറ്റിൽ പറത്തി എന്നും കമ്മീഷൻ അഭിപ്രായപ്പെട്ടു.

21 ാണ് വഴിക്കച്ചവടക്കാർക്ക് നേരെ പൊലീസിന്റെ ചെവി പൊട്ടുന്ന തെറി വിളിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിച്ചത്. പൊലീസിന്റെ അസഭ്യ വർഷം കേട്ട് നാട്ടുകാർ ഞെട്ടി. ചെറുപുഴ ചിറ്റാരിക്കൽ പാലത്തിന് സമീപം വാഹനത്തിൽ കച്ചവടം നടത്തുന്നവർക്ക് നേരെയാണ് അതിക്രമം നടന്നത്. പാവപ്പെട്ട കച്ചവടക്കാർക്ക് നേരെ മാത്രമേ പൊലീസ് കുതിരകയറൂ എന്നൊക്കെയുള്ള തലക്കെട്ടോടെയാണ് വീഡിയോ പ്രചരിക്കുന്നത്.

ചെറുപുഴയിൽ നിന്നും ചിറ്റാരിക്കലേക്ക് പോകുന്ന ഭാഗത്ത് ചിറ്റാരിക്കൽ പാലത്തിന് തൊട്ടുമുൻപുള്ള വളവിൽ പെട്ടി ഓട്ടോ പാർക്ക് ചെയ്ത് പഴം പച്ചക്കറി വിൽപ്പന നടത്തുന്ന കച്ചവടക്കാർക്ക് നേരെയായിരുന്നു പൊലീസ് അതിക്രമം. പൊലീസ് ജീപ്പിലെത്തിയ സിഐ വിനീഷ് കുമാറും സംഘവും കച്ചവടക്കാരോട് സ്ഥലത്ത് നിന്നും ഒഴിഞ്ഞു പോകാൻ ആവശ്യപ്പെട്ടു. ഒഴിഞ്ഞു പോകാമെന്ന് കച്ചവടക്കാർ പറയുന്നത് ദൃശ്യങ്ങളിൽ വ്യക്തമായി കേൾക്കാം. എന്നാൽ അൽപ്പം താമസം നേരിട്ടതോടെ സിഐ പ്രകോപിതനായി തെറി പറയുന്ന ശബ്ദമാണ് കേൾക്കാൻ കഴിഞ്ഞത്. ഈ സംഭവങ്ങൾ കച്ചവടക്കാരിൽ ഒരാൾ മൊബൈൽ ഫോണിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കകയായിരുന്നു. ഇതോടെ പൊലീസിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു.

സംഭവത്തെ പറ്റി പൊലീസ് പറയുന്നതിങ്ങനെ; റോഡിന് വളവിൽ വാഹനം പാർക്ക് ചെയ്ത് നടത്തുന്ന കച്ചവടം വഴിയാത്രക്കാർക്ക് ഭീഷണിയാണ്. സാധനങ്ങൾ വാങ്ങാൻ മറ്റുള്ളവർ വാഹങ്ങൾ ഇവിടെ നിർത്തുന്നത് മൂലം ഗതാഗതം തടസപ്പെടുകയും കാഴ്ച തടസപ്പെടുന്നതും പതിവാണ്. കൂടാതെ അനിയന്ത്രിതമായി ഇവർ കച്ചവടം നടത്തുന്നതാനാൽ സമീപത്തുള്ള കടകളിൽ കച്ചവടം തീരെ ഇല്ലാതാകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ വ്യാപാര വ്യവസായി സംഘടന പൊലീസിന് പരാതി നൽകിയിരുന്നു. പരാതിയെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഒഴിഞ്ഞു പോകാതെ അവിടെ തന്നെ തുടരുകയാണ് ചെയ്തത്. ഇതോടെ കഴിഞ്ഞ ദിവസം ഉച്ചയോടെ പൊലീസ് സംഘം ഇവിടെ എത്തി വാഹനവുമായി എത്രയും വേഗം പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പൊലീസിനോട് വാഗ്വാദം നടത്തുകയും പൊലീസിനെ പ്രകോപിപ്പിക്കുകയും ചെയ്തു.

കച്ചവടക്കാർക്കെതിരെ നേരത്തെ പരാതിയുണ്ടായിരുന്നു എന്നും സ്ഥലത്ത് ഇവർ വലിയ പ്രശ്‌നക്കാരാണ് എന്നും പൊലീസ് പറഞ്ഞു. അടുത്തടുത്ത് കച്ചവടം നടത്തുന്നവർ തമ്മിൽ അടിയും പ്രശ്‌നങ്ങളും ഉണ്ടാവാറുണ്ട്. കഴിഞ്ഞ ദിവസം ഈ ഭാഗത്ത് പുതിയതായി എത്തിയ ഒരു വണ്ടിക്കച്ചവടക്കാരനെ കയ്യേറ്റം ചെയ്യുകയും ചെയ്തു. ഇതറിഞ്ഞാണ് സംഭസ്ഥലത്ത് എത്തുന്നതും വ്യാപാരികളുമായി വാക്കു തർക്കമുണ്ടാകുകയും ചെയ്തത് എന്നാണ് ചെറുപുഴ സിഐ വിനീഷ് കുമാർ മറുനാടനോട് പറഞ്ഞത്. 15 ഓളം കച്ചവടക്കാരാണ് അവിടെയുണ്ടായിരുന്നത്. അവർ മനഃപൂർവ്വം പൊലീസിനെ പ്രകോപിപ്പിച്ചാണ് വീഡിയോ എടുത്തത്. ഈ വീഡിയോയുടെ പ്രധാനഭാഗങ്ങളെല്ലാം അവർ എഡിറ്റ് ചെയ്തിട്ടാണ് പ്രചരിപ്പിച്ചിരിക്കുന്നത്. പൊലീസിനോട് മോശമായിട്ടാണ് പ്രതികരിച്ചത്. അതാനാലാണ് മോശമായി സംസാരിക്കാൻ ഇടയായതെന്നും ചെറുപുഴ സിഐ പറഞ്ഞിരുന്നു.

പൊലീസ് നിർദ്ദേശം അനുസരിക്കാതെ വാഹനം എടുത്തു കൊണ്ടു പോകാതിരുന്ന രണ്ട് വാഹനം പൊലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് 3000 രൂപ പിഴ ഈടാക്കി വിട്ടയക്കുകയും ചെയ്തു. എന്നാൽ എത്ര പ്രകോപിതരായാലും സഭ്യമായ ഭാഷയിൽ പൊലീസ് പെരുമാറേണ്ടിയിരുന്നു എന്നാണുയരുന്ന അഭിപ്രായം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP