Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വന്തം അഴിമതിക്കെതിരേ സമരം ചെയ്ത് ഒരു മുൻ മുനിസിപ്പൽ ചെയർമാൻ! നോട്ടീസിൽ അക്കമിട്ട് പറഞ്ഞിരിക്കുന്ന അഴിമതികളിൽ ഏറെയും നടന്നത് താൻ ഭരിച്ചപ്പോൾ; മുന്നണി മാറ്റം കാരണം വലഞ്ഞത് തിരുവല്ലയിലെ മുൻ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ; ചെറിയാച്ചന്റെ ക്രൂര കൃത്യം കണ്ട് ഞെട്ടി സ്വന്തം പാർട്ടിക്കാരും മുന്നണിയും

സ്വന്തം അഴിമതിക്കെതിരേ സമരം ചെയ്ത് ഒരു മുൻ മുനിസിപ്പൽ ചെയർമാൻ! നോട്ടീസിൽ അക്കമിട്ട് പറഞ്ഞിരിക്കുന്ന അഴിമതികളിൽ ഏറെയും നടന്നത് താൻ ഭരിച്ചപ്പോൾ; മുന്നണി മാറ്റം കാരണം വലഞ്ഞത് തിരുവല്ലയിലെ മുൻ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ; ചെറിയാച്ചന്റെ ക്രൂര കൃത്യം കണ്ട് ഞെട്ടി സ്വന്തം പാർട്ടിക്കാരും മുന്നണിയും

ശ്രീലാൽ വാസുദേവൻ

തിരുവല്ല: ഒരാൾ സ്വയം കള്ളനെന്ന് ആരോപിച്ച് തന്റെ അഴിമതിക്കെതിരേ സമരം ചെയ്യുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ? കഴിഞ്ഞ ദിവസം തിരുവല്ലക്കാർ ഇങ്ങനെ ഒരു അപൂർവ കാഴ്ച കണ്ടു. മുൻ മുനിസിപ്പൽ ചെയർമാനായ ചെറിയാൻ പോളച്ചിറയ്ക്കൽ തന്റെ കാലത്ത് അടക്കം നടന്ന അഴിമതിക്കെതിരേ ഘോരംഘോരം പ്രസംഗിക്കുന്നു.

പരിപാടിക്കായി തയാറാക്കിയ നോട്ടീസിൽ ആരോപിക്കപ്പെടുന്ന അഴിമതികളിൽ ഏറെയും നടന്നിരിക്കുന്നതാകട്ടെ ചെറിയാച്ചന്റെ കാലത്തും. ചെറിയാച്ചന്റെ ഈ ക്രൂരകൃത്യം പരിപാടി കഴിഞ്ഞപ്പോഴാണ് സ്വന്തം പാർട്ടിക്കാർക്കും ഇപ്പോൾ ചെന്ന് കയറിയ മുന്നണിക്കും മനസിലായിരിക്കുന്നത്. എന്നെ ട്രോളാൻ മറ്റൊരു തെണ്ടിയുടെയും ആവശ്യമില്ലെന്ന് പറഞ്ഞതു പോലെയായി ചെറിയാച്ചന്റെ നടപടി.

ഇത്രയും കാലം യുഡിഎഫിലായിരുന്ന കേരളാ കോൺഗ്രസ് ജോസ് പക്ഷം എൽഡിഎഫിൽ ചേക്കേറിയതാണ് ഇത്തരമൊരു അബദ്ധം പിണയാൻ കാരണമായത്. ജോസ് മോനും കൂട്ടരും യുഡിഎഫ് വിട്ട് എൽഡിഎഫിലേക്ക് ചെല്ലുന്നതിന് മുൻപ് തയാറാക്കിയതായിരുന്നു സമര പരിപാടിയുടെ നോട്ടീസ്. സമരം നടന്നപ്പോഴാകട്ടെ ജോസ് പക്ഷം ഇടതു പക്ഷത്ത ചേർന്നു കഴിഞ്ഞു. മുന്നണിയിൽ താത്വികമായി വന്നതിന് ശേഷമുള്ള ആദ്യ പരിപാടി എന്ന നിലയിലാണ് നഗരസഭയ്ക്കെതിരേ നടന്ന പരിപാടിയിൽ ചെറിയാച്ചൻ പങ്കെടുത്തത്. ടോപ്പിക് അത്ര പഠിക്കാതെ പോയതാണ് ചെറിയാച്ചൻ എന്ന് എതിർ പക്ഷം പറയുന്നു.

100 വർഷം, തിരുവല്ല എന്തു നേടി? എന്ന ചോദ്യമുയർത്തി വികസനം നഷ്ടമാക്കിയ നഗരസഭ ഭരണ സമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെയാണ് എൽഡിഎഫ് നേതൃത്വത്തിൽ തിരുവല്ലയിൽ 200 കേന്ദ്രങ്ങളിൽ പ്രതിഷേധ ധ്വനി എന്ന പേരിൽ സമരം സംഘടിപ്പിച്ചത്. മുൻസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ കവാടത്തിൽ നടന്ന സമരം സിപിഎം ജില്ലാ കമ്മറ്റി അംഗം അഡ്വ. കെ പ്രകാശ് ബാബുവാണ് ഉദ്ഘാടനം ചെയ്തത്.

ഈ യോഗത്തിൽ അധ്യക്ഷത വഹിച്ചത് രണ്ടു വട്ടം മുൻപ് ചെയർമാൻ ആയിരുന്ന കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി ചെറിയാൻ പോളച്ചിറയ്ക്കലാണ്. എം പി ഗോപാലകൃഷ്ണൻ, മോഹൻകുമാർ, പ്രമോദ് ഇളമൺ, ഷാജി തിരുവല്ല, ടി എ റെജികുമാർ, കെ വി മഹേഷ്, ജോയി പൗലോസ്, ഷാനവാസ് എന്നിവർ പ്രസംഗിക്കുകയും ചെയ്തു.

2005-10 കാലഘട്ടത്തിൽ യുഡിഎഫ് അധികാരത്തിൽ വന്നപ്പോൾ കോൺഗ്രസുമായുണ്ടാക്കിയ ധാരണയിൽ അവസാന രണ്ടര വർഷം ചെറിയാൻ പോളച്ചിറയ്ക്കൽ ചെയർമാനായിരുന്നു. അതു പോലെ നിലവിലുള്ള ഭരണ സമിതിയിലും ഒന്നര വർഷം ചെറിയാൻ ചെയർമാനായി തുടർന്നു. ഈ കാലയളവുകളിൽ സംസ്ഥാന സ്‌കൂൾ കായികമേള നടന്നിരുന്നു. അന്ന് മുതലുള്ള അഴിമതികളാണ് നോട്ടീസിൽ അക്കമിട്ട് നിരത്തിയിരിക്കുന്നത്. തങ്ങൾ ആർക്കെതിരെയാണോ അഴിമതി ആരോപിച്ച സമരം നടത്തുന്നത് ആ യോഗത്തിൽ അധ്യക്ഷത വഹിച്ചത് അതേ അഴിമതിക്കാരനാണെന്നത് എൽഡിഎഫിനും തിരിച്ചടിയായി.

ചെയർമാനായിരിക്കേ മഴുവങ്ങാട് പുഞ്ചയിൽ സ്വന്തം വസ്തു മാലിന്യ നിർമ്മാർജനത്തിന്റെ മറവിൽ മണ്ണിട്ട് നികത്തിയെടുത്തു, പബ്ലിക് സ്റ്റേഡിയത്തിന് വേണ്ടി സ്ഥലം പൊന്നുംവിലയ്ക്ക് ഏറ്റെടുത്ത കേസുകളിൽ വസ്തു ഉടമകളുമായി ഒത്തുകളിച്ച് കോടികൾ തട്ടിയെടുത്തു, പബ്ലിക് സ്റ്റേഡിയം അറ്റകുറ്റപ്പണി നടത്താതെ ഒന്നിനും കൊള്ളാതാക്കി എന്നീ ആരോപണങ്ങളാണ് നോട്ടീസിൽ മുഴച്ചു നിൽക്കുന്നത്. എന്തായാലും ചെറിയാച്ചനെ ഉൾപ്പെടുത്തി എൽഡിഎഫ് നടത്തിയ സമരം യഥാർഥത്തിൽ ഗുണകരമായത് യുഡിഎഫിനാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP