Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സർവ്വകലാശാലാ ഉത്തരക്കടലാസുകൾ കെട്ടു കണക്കിന് സംഘടിപ്പിച്ചവർക്ക് പി എസ് സി പരീക്ഷയിൽ ഉയർന്ന റാങ്ക് കിട്ടിയതിൽ സംശയം തോന്നില്ലേ? ലക്ഷക്കണക്കിന് കുട്ടികൾ രാത്രി പകലാക്കി പഠിച്ച് പരീക്ഷ എഴുതുമ്പോൾ അവരെ മണ്ടന്മാരാക്കി ക്രിമിനലുകൾ കൃത്രിമം നടത്തി വിജയം കൊയ്യുന്നു; വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ മറവിൽ എസ് എഫ് ഐ നേതാക്കൾ നടത്തുന്നത് നഗ്‌നമായ പരീക്ഷാ തട്ടിപ്പെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ്; സമഗ്രാന്വേഷണം അനിവാര്യം; ഒന്നുമില്ലെന്ന മുഖ്യമന്ത്രിയുടെ വാദങ്ങളെ പൊളിച്ചടുക്കി ചെന്നിത്തല

സർവ്വകലാശാലാ ഉത്തരക്കടലാസുകൾ കെട്ടു കണക്കിന് സംഘടിപ്പിച്ചവർക്ക് പി എസ് സി പരീക്ഷയിൽ ഉയർന്ന റാങ്ക് കിട്ടിയതിൽ സംശയം തോന്നില്ലേ? ലക്ഷക്കണക്കിന് കുട്ടികൾ രാത്രി പകലാക്കി പഠിച്ച് പരീക്ഷ എഴുതുമ്പോൾ അവരെ മണ്ടന്മാരാക്കി ക്രിമിനലുകൾ കൃത്രിമം നടത്തി വിജയം കൊയ്യുന്നു; വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ മറവിൽ എസ് എഫ് ഐ നേതാക്കൾ നടത്തുന്നത് നഗ്‌നമായ പരീക്ഷാ തട്ടിപ്പെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ്; സമഗ്രാന്വേഷണം അനിവാര്യം; ഒന്നുമില്ലെന്ന മുഖ്യമന്ത്രിയുടെ വാദങ്ങളെ പൊളിച്ചടുക്കി ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റിയിൽ വിവാദങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണടച്ച് ഇരുട്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യൂണിവേഴ്സിറ്റിയുടെ പരീക്ഷാ നടത്തിപ്പിലും പി.എസ്.സിയിലും ഒരു കുഴപ്പവുമില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നു. യൂണിവേഴ്സിറ്റിയുടെ പരീക്ഷാ പേപ്പർ കെട്ടുകണക്കിനാണ് യൂണിവേഴ്സിറ്റി കോളേജിലെ ഒരു വിദ്യാർത്ഥിനേതാവിന്റെ വീട്ടിൽ നിന്ന് പിടിച്ചത്. യൂണിവേഴ്സിറ്റി കോളേജിൽ കത്തിക്കുത്തിന് അറസ്റ്റിലായ എസ്.എഫ്.ഐ നേതാവ് ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് 16 കെട്ടുകളിലായി 292 പേപ്പറുകളാണ് പിടിച്ചത്. അതിൽ ഒരു കുഴപ്പവുമില്ലെന്നാണോ മുഖ്യമന്ത്രി പറയുന്നത്-ചെന്നിത്തല ചോദിച്ചു. യൂണിവേഴ്‌സിറ്റി വിവാദത്തിൽ സർക്കാരിനെ കടന്നാക്രമിക്കുകയാണ് പ്രതിപക്ഷ നേതാവ്. ഇന്ന് മന്ത്രിസഭാ യോഗത്തിന് ശേഷമാണ് പി എസ് സിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ക്ലീൻ ചിറ്റ് നൽകിയത്. സംശയിക്കേണ്ട ഒന്നുമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇതിനെയാണ് ചോദ്യങ്ങളുമായെത്തി ചെന്നിത്തല പൊളിച്ചടുക്കുന്നത്.

പി.എസ്.സിക്ക് രണ്ടാം റാങ്ക് കിട്ടിയ പ്രണവ് എന്ന കുട്ടിക്ക് സർവ്വകലാശാല നൽകിയ ആൻസർഷീറ്റും ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്തു. അപ്പോൾ പ്രണവിന് റാങ്ക് കിട്ടിയത് ഏത് ആൻസർഷീറ്റിൽ എഴുതിയ ഉത്തരം വച്ചാണ്? വൻപരീക്ഷാ തട്ടിപ്പാണ് ഇവിടെ നടന്നിരിക്കുന്നതെന്ന് പകൽ പോലെ വ്യക്തമാണ്. വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ മറവിൽ നഗ്‌നമായ പരീക്ഷാ തട്ടിപ്പാണ് എസ്.എഫ്.ഐ നേതാക്കൾ നടത്തി വന്നിരുന്നത്.ഇത്രയും ഗുരുതരമായ പരീക്ഷാ തട്ടിപ്പ് നടന്നിട്ട് ഈ സർക്കാർ ഇത് വരെ എന്താണ് ആകെ ചെയ്തത്? താഴെത്തട്ടിലുള്ള നാല് ജീവനക്കാരെ സ്ഥലം മാറ്റി. അത്ര തന്നെ. സർവ്വകലാശാലയാകട്ടെ പരീക്ഷാ തട്ടിപ്പിനെക്കുറിച്ച് പഠിക്കാൻ ഒരു സിന്റിക്കേറ്റ് ഉപസമിതിയെ വച്ചു. ഉപസമിതിയിലെ മൂന്നു പേരും സിപിഎം കാരും-രമേശ് ചെന്നിത്തല പറഞ്ഞു. ഇത്രയും വലിയ തട്ടിപ്പ് ഇവർ അന്വേഷിച്ചാൽ മതിയോ എന്നാൽ ചെന്നിത്തലയുടെ ചോദ്യം.

ലക്ഷക്കണക്കിന് കുട്ടികൾ രാത്രി പകലാക്കി പഠിച്ച് പരീക്ഷ എഴുതുമ്പോൾ അവരെ മണ്ടന്മാരാക്കി കുറച്ച് ക്രമിനലുകൾ പരീക്ഷാ പേപ്പർ കെട്ടു കണക്കിന് സംഭരിച്ച് പരീക്ഷയിൽ കൃത്രിമം നടത്തി വൻ വിജയം കൊയ്യുന്നു. ഇതാണോ ഒരു കുഴപ്പവുമില്ലെന്ന് മുഖ്യമന്ത്രി പറയുന്നത്. മുഖ്യമന്ത്രി പറയുന്നത് പോലെ യൂണിവേഴ്സിറ്റി കോളേജിനെ തകർക്കാൻ ആരും ശ്രമിക്കുന്നില്ല. അവിടെ കേന്ദ്രീകരിച്ച് നടന്ന പരീക്ഷാ തട്ടിപ്പ് കണ്ടത്തി യൂണിവേഴ്സിറ്റി കോളേജിനെ ഇന്നത്തെ അപമാനത്തിൽ നിന്ന് രക്ഷിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ചരിത്രം ഉറങ്ങുന്ന ആ കാലാലയത്തിന്റെ പഴയ പ്രൗഢി തിരിച്ചു കൊണ്ടുവരണം. കേരളത്തിന്റെ തിലകക്കുറിയായി അതിനെ മാറ്റണം-പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

യൂണിവേഴ്സിറ്റി കോളേജിൽ നേരത്തെ ഒരു പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. അന്ന് കോളേജ് വിദ്യാഭ്യാസ ഡയറക്ടർ നൽകിയ റിപ്പോർട്ടിലെ ശുപാർശ ഒന്നെങ്കിലും നടപ്പാക്കിയോ? യൂണിവേഴ്സിറ്റി കോളേജിനെ ക്രമിനലുകളുടെ താവളമാക്കി മാറ്റി അതിനെ തകർക്കാൻ ശ്രമിക്കുന്നത് സർക്കാരണ്. അവിടെ എസ്.എഫ്.ഐ നേതാക്കളായ ചില ക്രമിനലുകൾക്ക് എങ്ങനെ തുടർച്ചയായി അഡ്‌മിഷൻ കിട്ടുന്നു? അവർക്ക് എങ്ങനെ പരീക്ഷാ തട്ടിപ്പ് നടത്താൻ കഴിയുന്നു? ഇതിന് ഏതൊക്കെ ആദ്ധ്യാപകർ സഹായിച്ചു? ആരൊക്കെയാണ് കൂട്ടു പ്രതികൾ? ഇതൊക്കെ അന്വേഷിക്കേണ്ടേ? മൂന്ന് പാവപ്പെട്ട ജീവനക്കാരെ സ്ഥലം മാറ്റിയതു കൊണ്ടു തീരുന്ന പ്രശ്നമാണോ ഇതൊക്കെ?പി.എസ്.സിയുടെ പരീക്ഷകളെക്കുറിച്ചും ഗുരുതരമായ ആരോപണങ്ങളും സംശയങ്ങളുമാണ് ഉയർന്നിട്ടുള്ളത്. യൂണിവേഴ്സിറ്റി കോളേജിൽ പരീക്ഷാ തട്ടിപ്പ് നടത്തിയവർ പി.എസ്.സിയുടെ പൊലീസ് റാങ്ക് ലിസ്റ്റിൽ ഉയർന്ന റാങ്കുകളിൽ കടന്നു കൂടിയത് എങ്ങനെയെന്ന് അന്വേഷിക്കേണ്ടേ എന്നും ചെന്നിത്തല ചോദിച്ചു.

സർവ്വകലാശാലാ ഉത്തരക്കടലാസുകൾ കെട്ടു കണക്കിന് സംഘടിപ്പിച്ചവർക്ക് പി.എസ്.സി പരീക്ഷയിൽ ഉയർന്ന റാങ്ക് കിട്ടിയതിൽ സംശയം തോന്നില്ലേ എന്നാണ് മുഖ്യമന്ത്രിയോട് ചെന്നിത്തലയ്ക്ക് ചോദിക്കാനുള്ളത്. യൂണിവേഴ്സിറ്റി കോളേജിലെ പരീക്ഷാ തട്ടിപ്പുകാർ കൂട്ടത്തോടെ പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്കും ഇരുപത്തി എട്ടാം റാങ്കും എഴുപത്തി എട്ടാം റാങ്കും മറ്റും എങ്ങനെ കരസ്ഥമാക്കി എന്ന് കണ്ടു പിടിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കേരളത്തിലെ ലക്ഷക്കണക്കിന് യുവാക്കളുടെ ആശാ കേന്ദ്രമാണ് പി.എസ്.സി. അതിന്റെ വിശ്വാസ്യത വീണ്ടടുക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. അതിൽ മുഖ്യമന്ത്രി അരിശപ്പെട്ടിട്ട് കാര്യമില്ല.ഇപ്പോൾ ആകെ അവിടെ ചെയ്തിരിക്കുന്നത് പി.എസ്.സിയുടെ ഇന്റേണൽ വിജിലൻസിനെ കൊണ്ട് അന്വേഷിപ്പിക്കുന്നതാണ്. ഇത്രയും സംശയകരമായ ഒരു സാഹചര്യമുണ്ടാകുമ്പോൾ ആ അന്വേഷണം മാത്രം മതിയോ? സമഗ്രമായ അന്വേഷണം തന്നെ വേണമെന്നും ചെന്നിത്തല പറഞ്ഞു.

പി.എസ്.സിയിൽ എന്ത് അന്വേഷിക്കണമെന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. ഇത് തന്നെയാണ് അദ്ദേഹത്തിന്റെ കുഴപ്പം. അന്വേഷിക്കേണ്ട കാര്യങ്ങളൊന്നും അന്വേഷിക്കണമെന്ന് തോന്നില്ല.1,21,000 ഫയലുകൾ സെക്രട്ടേറിയറ്റിൽ കെട്ടിക്കിടപ്പുണ്ടെന്ന് പ്രതിപക്ഷം നേരത്തെ ഉന്നയിച്ച കാര്യം ശരിയാണെന്ന് മുഖ്യമന്ത്രി സമ്മതിച്ചിരിക്കുന്നു. അതിന് നന്ദി. ഭരണം സ്തംഭിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി തന്നെ സമ്മതിച്ചിരിക്കുകയാണല്ലോ എന്നും ചെന്നിത്തല പറഞ്ഞു. ഒരു ഫയൽ ഒരു ജീവിതമാമെന്ന ഗാന്ധിജിയുടെ വാക്കുകൾ ഉദ്ധരിച്ചാണ് മുഖ്യമന്ത്രി ഭരണം തുടങ്ങിയത്. അതനുസരിച്ചാണെങ്കിൽ 1,21,000 ജീവിതങ്ങളാണ് സെക്രട്ടേറിയറ്റിൽ വഴിമുട്ടി കിടക്കുന്നത്. ഫയൽ തീർക്കൽ മാമാങ്കം കൊണ്ടൊന്നും കാര്യമില്ല. നേരത്തെയും ഫയലുകൾ വേഗത്തിലാക്കാൻ ചില മരുന്നൊക്കെ പ്രയോഗിച്ചതാണ്. ഫലം കണ്ടില്ല. ഇത്തവണയും അതു തന്നെ സംഭവിക്കും. കാരണം പ്രവർത്തിക്കാത്ത സർക്കാരാണിത്. ജീവനക്കാരിലും ആ ആലസ്യം ഉണ്ടാവും-ചെന്നിത്തല വിശദീകരിച്ചു.

പരീക്ഷ ചുമതലയുള്ളവരുടെ കണ്ണിൽപ്പൊടിയിടാൻ ഹാളിൽ വെച്ച് ഉത്തരക്കടലാസിൽ എന്തെങ്കിലും എഴുതി പിന്നീട് ശരി ഉത്തരം എഴുതിയ കടലാസ് തിരുകിക്കയറ്റി മാർക്ക് നേടുന്ന വിരുതനാണോ എസ് എഫ് ഐയുടെ മുൻ യൂണിവേഴസിറ്റി കോളേജിലെ യൂണിറ്റ് പ്രസിഡന്റ് എന്നാണ് പൊലീസും കരുതുന്നത്. യൂണിവേഴ്സിറ്റി കോളേജിലെ ഉത്തരക്കടലാസ് കടത്തലിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വരികയാണ്. കത്തിക്കുത്ത് കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും കിട്ടിയ ഉത്തരക്കടലാസിൽ ഒരു കെട്ട് മറ്റൊരു എസ്എഫ്ഐ നേതാവ് പ്രണവിന് പരീക്ഷ എഴുതാൻ നൽകിയതാണെന്ന് കോളേജ് അധികൃതർ പൊലീസിനെ അറിയിക്കുകയും ചെയ്തു. ഇതോടെ പരീക്ഷാ ക്രമക്കേടിന് വേണ്ടിയാണ് ഈ ഉത്തരക്കടലാസ് സൂക്ഷിച്ചതെന്ന് പറയുന്നത്. ഈ സാഹചര്യത്തിലാണ് രമേശ് ചെന്നിത്തല സമഗ്രാന്വേഷണം ആവശ്യപ്പെടുന്നത്. പി എസ് സിയിൽ ഒന്നും നടന്നിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ വാദം.

ശിവരഞ്ജിത്ത് എഴുതിയ ഉത്തരക്കടലാസിൽ പ്രണയലേഖനവും സിനിമാപ്പാട്ടുമാണുണ്ടായിരുന്നത്. പരീക്ഷാ ചുമതലയുള്ളവരുടെ കണ്ണിൽപ്പൊടിയിടാൻ ഹാളിൽ വെച്ച് ഉത്തരക്കടലാസിൽ എന്തെങ്കിലും എഴുതി പിന്നീട് ശരി ഉത്തരം എഴുതിയ കടലാസ് തിരുകിക്കയറ്റി മാർക്ക് നേടലാകും ലക്ഷ്യമെന്നാണ് പൊലീസ് കരുതുന്നത്. പൊലീസ് കോൺസ്റ്റബിളിനുള്ള പി എസ് സി റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്കുകാരനാണ് ശിവരഞ്ജിത്ത്. രണ്ടാം റാങ്ക് പ്രണവിനും. അഖിലിനെ കുത്തിയ കേസിലെ രണ്ടാം പ്രതി നസീമിന് 28-ാം റാങ്കും. അതായത് സർവ്വകലാശാലാ പരീക്ഷയ്ക്ക് പ്രണയലേഖനവും സിനിമാപാട്ടും എഴുതുന്ന ശിവരഞ്ജിത്താണ് ലക്ഷങ്ങൾ ഉറക്കമിളച്ച് പഠിക്കുന്ന പി എസ് എസി പരീക്ഷയിൽ ഒന്നാമത് എത്തിയത്. കാസർഗോഡ് ജില്ലയെ തെരഞ്ഞെടുത്ത് തിരുവനന്തപുരത്ത് പരീക്ഷ എഴുതിയ ശിവരഞ്ജിത്തും പ്രണവും നസീമും എല്ലാം പി എസ് സി പരീക്ഷയിൽ കള്ളത്തരം കാട്ടിയെന്ന് ആരോപണത്തിന് കരുത്ത് പകരുന്നതാണ് ഈ വിവരങ്ങൾ.

നേരത്തെ കന്റോൺമെന്റ പൊലീസ് ആറ്റുകാലിലെ ശിവരഞ്ജിത്തിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടെടുത്തത് 16 കെട്ട് ഉത്തരക്കടലാസുകളായിരുന്നു. ഇത് സർവ്വകലാശാല യൂണിവേഴ്സിറ്റി കോളേജിന് നൽകിയതാണെന്ന് നേരത്തെ പരീക്ഷാ കൺട്രോളർ വ്യക്തമാക്കിയിരുന്നു. കെട്ടുകളിൽ ഒന്ന് എസ്എഫ്ഐ നേതാവായിരുന്ന പ്രണവിന് നൽകിയതാണെന്ന വിവരവും കോളേജ് അധികൃതർ പൊലീസിന് കൈമാറി. ശിവരഞ്ജിത്തിന്റെ ഉത്തരക്കടലാസിൽ ചിലതിൽ പൊലീസ് കണ്ടെത്തിയത് പ്രണയലേഖനവും ഇംഗ്ലീഷിലെഴുതിയ സിനിമാപാട്ടുകളും എന്നതിനും പൊലീസ് കാരണം കണ്ടെത്തിയിട്ടുണ്ട്. പരീക്ഷാഹാളിൽ ഇൻവിജിലേറ്റർ വരുമ്പോൾ ഉത്തരക്കടലാസിൽ എന്തെങ്കിലും എഴുതുന്നുണ്ടെന്ന് വരുത്താനുള്ള ശ്രമമാണ് ഇതെന്നാണ് പൊലീസ് കരുതുന്നത്.

ഹാളിൽ എഴുതിയ ഉത്തരക്കടലാസിൽ ചിലത് വീട്ടിലേക്ക് കൊണ്ടുവന്നശേഷം ശരിയുത്തരം എഴുതിയ കടലാസുകൾ കോളേജിലെ ജീവനക്കാരുടെ സഹായത്തോടെ കവറിൽ തിരുകിക്കയറ്റിയിരിക്കാമെന്നാണ് സംശയം. ഉത്തരക്കടലാസ് തിരിമറിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുമ്പോഴും അന്വേഷണം എങ്ങുമെത്താത്ത സ്ഥിതിയിലാണ്. സിപിഎമ്മിനെ ഭയന്നാണ് ഇത്. യൂണിവേഴ്സിറ്റ് കോളേജിലെ പരീക്ഷകളെ എല്ലാം സംശയ നിഴലിൽ നിർത്തുന്നതാണ് ഈ സംഭവം. പരീക്ഷാ ക്രമക്കേടിൽ നാല് പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നുമെന്നാണ് നേരത്തെ ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചിരുന്നത്. എന്നാൽ ഇതുവരെ ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടില്ല. ഉത്തരക്കടലാസ് തിരിമറിയിൽ സർവ്വകലാശാലയോ യൂണിവേഴ്സിറ്റി കോളേജ് അധികൃതരോ പൊലീസിന് പരാതി നൽകിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ചെന്നിത്തലയുടെ ഇടപെടൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP