Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുതുവർഷം കുട്ടമ്പുഴ കുഞ്ചിപ്പാറ കുടിയിലെ ആദിവാസികൾക്കൊപ്പം ചെലവിടാനെത്തിയ ചെന്നിത്തലയ്ക്കും കുടുംബത്തിനും ഊഷമള വരവേൽപ്; കോളനിക്കാരുടെ പ്രശനങ്ങൾ കേട്ട് ഒരുകോടിയുടെ വികസനം നടപ്പാക്കുമെന്ന് ഉറപ്പുനൽകി പ്രതിപക്ഷ നേതാവ്; ഏലക്കാമാല ചാർത്തി വാദ്യങ്ങളുമായി നേതാവിനെ വരവേറ്റ് കോളനിവാസികൾ

പുതുവർഷം കുട്ടമ്പുഴ കുഞ്ചിപ്പാറ കുടിയിലെ ആദിവാസികൾക്കൊപ്പം ചെലവിടാനെത്തിയ ചെന്നിത്തലയ്ക്കും കുടുംബത്തിനും ഊഷമള വരവേൽപ്; കോളനിക്കാരുടെ പ്രശനങ്ങൾ കേട്ട് ഒരുകോടിയുടെ വികസനം നടപ്പാക്കുമെന്ന് ഉറപ്പുനൽകി പ്രതിപക്ഷ നേതാവ്; ഏലക്കാമാല ചാർത്തി വാദ്യങ്ങളുമായി നേതാവിനെ വരവേറ്റ് കോളനിവാസികൾ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: പുതുവത്സരം ആഘോഷിക്കാനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും ഭാര്യ അനിതയ്ക്കും കുട്ടമ്പുഴ കുഞ്ചിപ്പാറ കുടിയിൽ ഊഷ്മളമായ വരവേൽപ്പ്. ഇന്ന് രാവിലെ 9 .20 തോടെയാണ് ചെന്നിത്തലയും ഭാര്യയും പൂയംകുട്ടി ബ്ലാവന കടവിലെത്തിയത്.

ഈ സമയം കോൺഗ്രസ് സംസ്ഥാന - ജില്ലാ ഭാരവാഹികളും ജനപ്രതിനിധികളുമടക്കം 100 - ളം പേർ ഇവിടെകാത്തു നിന്നരുന്നു. കടത്തിൽനിന്ന് ജംങ്കാറിൽ കയറിയ ഉടൻ തന്നെ മുൻ കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സി ജെ എൽദോസ് കുഞ്ചിപ്പാറ കുടിയിലേ താമസക്കാരെക്കുറിച്ചും അവർ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും ചെന്നിത്തലയോട് വിശദീകരിച്ചിരുന്നു.തുടർന്ന് കടത്ത് കടന്ന് അക്കരെയെത്തിയ ശേഷം കുട്ടമ്പുഴ പൊലീസിന്റെ ബൊലീറോ ജീപ്പിൽ കോളനിയിലേയ്ക്ക് യാത്രയായി.

ഒരു കല്ലിൽ നിന്നും മറ്റൊരു കല്ലിലേക്ക് ടയർ കയറി ഇറങ്ങി ചാഞ്ഞും ചരിഞ്ഞും വാഹനം കുഞ്ചിപ്പാറയിലെത്തുമ്പോൾ മണി 11 മണിയോടടുത്തിരുന്നു. കോളനിയിലേയ്ക്കുള്ള കവാടത്തിൽ അതിഥികൾക്കായി കോളനിവാസികൾ ഒരുക്കിയിരുന്ന സ്വീകരണ പരിപാടി ആകർഷകമായി. വാർഡ് മെമ്പർ കാന്തി വെള്ളക്കയ്യന്റെ നേതൃത്വത്തിൽ പരമ്പരാഗത വാദ്യമേളങ്ങളും പുഷ്പാർച്ചനയും സ്വീകരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.

കോളനിയിലെ വേദിയിൽ കുഞ്ചിപ്പാറ കോളനിയിലെയും സമീപ കോളനികളിലെയും കാണിമാരും പാട്ടന്മാരും പാട്ടികളും ഏലക്ക മാലയും മറ്റും അണിയിച്ച് സ്വീകരിച്ചു. ഇതിനിടെ തങ്ങൾ നെയ്‌തെടുത്ത ചെറിയ മുറവും ,കുട്ടയും മറ്റും കോളനിവാസികൾ ചെന്നിത്തലയ്ക്ക് സമ്മാനിക്കുന്നതും കാണാമായിരുന്നു. തനിക്ക് സ്വീകരണം നൽകിയവരെയും മുതിർന്ന കോളനിവാസികളിൽ ചിലരെയും വേദിയിൽ നിരത്തിനിർത്തി ചെന്നിത്തല തിരിച്ച് സ്വീകരിച്ചത് കാണികൾക്ക് കൗതുകമായി.

തുടർന്ന് സംഘടിപ്പിക്കപ്പെട്ട യോഗത്തിൽ വാർഡ് മെമ്പർ അധ്യക്ഷയായി. വൈദ്യുതിയില്ല, വീടില്ല, റോഡില്ല,പാലമില്ല തുടങ്ങി ദാരിദ്യത്തിന്റെ ഭീമൻ പട്ടിക എണ്ണിയെണ്ണിപ്പറഞ്ഞാണ് ഇവർ പ്രസംഗം തുടങ്ങിയത്. പിന്നാലെ കോളനിവാസികളിൽ ചിലരും വേദിയിൽ പരിഭവവും വേദനയും പങ്കിട്ടു. മൂന്നു വട്ടം കോളനി സ്ഥിതി ചെയ്യുന്ന കോതമംഗലം മണ്ഡലത്തേ നിയമസഭയിൽ പ്രതിനിധീകരിച്ച വിജെ പൗലോസ് നേരത്തെ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളുടെ പട്ടിക നിരത്തി താരമായി.

എം എൽ എ മാരായ അൻവർ സാദത്തും റോജി എം ജോണും കോളനിയിലെ വികസന പ്രവർത്തനങ്ങൾക്ക് തങ്ങളുടെ എല്ലാ പിൻതുണയും സഹായവും ഉറപ്പ് നൽകി. ഒരു പടി കൂടി കടന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കോളനി റോഡ് നിർമ്മാണത്തിന് ഫണ്ട് നൽകുമെന്നും പ്രഖ്യാപിച്ചു. മറുപടി പ്രസംഗത്തിൽ ഒരു കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ വരും നാളുകളിൽ കോളനിയിൽ നടപ്പിലാക്കുമെന്നും ഫണ്ട് ബന്ധപ്പെട്ട ഏജൻസികൾക്ക് ലഭ്യമാക്കുമെന്നും ചെന്നിത്തല അറിയിച്ചു.

ചടങ്ങ് കഴിഞ്ഞ് മാധ്യമ പ്രവർത്തകരുടെ ആവശ്യപ്രകാരം ചെന്നിത്തലയും സഹധർമ്മിണിയും ആദിവാസി സ്ത്രീകൾ അവതരിപ്പിച്ച കുമ്മിയടി ആസ്വദിക്കാനെത്തി. തുടർന്ന് മാധ്യമ പ്രവർത്തകരോട് ചുരുക്കം വാക്കുകളിൽ പ്രതികരണം. അർഹതയുണ്ടായിട്ടും ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നില്ലന്നും ഗവൺമെന്റിന്റെ തല തിരിഞ്ഞ സമീപനം മൂലം കോളനിവാസികൾ ദുരിതത്തിലാണെന്നും ഉടൻ പരിഹാരം കാണുന്നതിന് ബന്ധപ്പെട്ടവർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നുമായിരുന്നു പ്രതികരണം.

വേദിയിൽ ആദിവാസി സ്ത്രീകൾക്കും കുട്ടികൾക്കുമൊപ്പമായിരുന്നു ദമ്പതികളുടെ ഉച്ചയൂണ്. തൂശനിലയിലായിരുന്നു ഇരുവർക്കും ഒപ്പമിരുന്നവർക്കും ഊണ് വിളമ്പിയത്. സാമ്പാറും അവിയലും തോരനും അച്ചാറും കറികൾ. ഊണിന് ശേഷം മധുരത്തിന് ഗോതമ്പ് പായസവും തയ്യാറാക്കിയിരുന്നു.

പരിപാടികുത്തിയ മാധ്യമ പ്രവർത്തകർ അടക്കമുള്ള മുഴുവൻ പേർക്കും സ്വീകരണ പരിപാടിയുടെ സംഘാടകർ ഭക്ഷണമൊരുക്കിയിരുന്നു. സാരിയും മുണ്ടും പുതപ്പു മടക്കം 300 ളം കോളനി നിവാസികൾക്ക് എറണാകുളം ഡിസിസി ഏർപ്പെടുത്തിയ പുതുവർഷ സമ്മാനവിതരണത്തിന്റെ ഉദ്ഘാടനവും ചെന്നിത്തല നിർവ്വഹിച്ചു.

ഉച്ചയൂണിന് ശേഷം കോളനിവാസികളുടെ കലാപരിപാടികളും ആസ്വദിച്ചാണ് വൈകിട്ടോടെ അദ്ദേഹം കാടിറങ്ങിയത്. ആദിവാസികുടികളിലെ താമസക്കാരുടെ ജീവിതരീതി അടുത്തറിയുന്നതിന് വേണ്ടിയായിരുന്നു സന്ദർശനമെന്നും കഴിഞ്ഞ വർഷങ്ങളിലും പുതുവത്സരം ആദിവാസികൾക്കൊപ്പമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP