Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202121Wednesday

അങ്കമാലി സബ് രജിസ്ട്രാർ ഓഫീസിൽ വച്ച് ഒരുഫോട്ടോ പോലും എടുത്തില്ല; 10 മണിയോടെ ലിജോ ജോസ് പല്ലിശേരി അടക്കം മൂന്നുസുഹൃത്തുക്കൾ സാക്ഷികൾ; സ്‌പെഷ്യൽ മാര്യേജ് ആക്റ്റ് പ്രകാരം വിവാഹം; ലോക് ഡൗൺ ചട്ടങ്ങൾ പാലിച്ച മിന്നുകെട്ടിന് ശേഷം ഉച്ചവരെ വീട്ടിൽ; ഉച്ചയൂണ് കഴിച്ച് പതിവുപോലെ സുഹൃത്തുക്കളുടെ അടുത്തേക്ക്; മറിയം തോമസിനെ ഒപ്പം കൂട്ടിയ നാളും ചെമ്പന് ഒരുസാധാരണ ദിവസം മാത്രം

അങ്കമാലി സബ് രജിസ്ട്രാർ ഓഫീസിൽ വച്ച് ഒരുഫോട്ടോ പോലും എടുത്തില്ല; 10 മണിയോടെ ലിജോ ജോസ് പല്ലിശേരി അടക്കം മൂന്നുസുഹൃത്തുക്കൾ സാക്ഷികൾ; സ്‌പെഷ്യൽ മാര്യേജ് ആക്റ്റ് പ്രകാരം വിവാഹം; ലോക് ഡൗൺ ചട്ടങ്ങൾ പാലിച്ച മിന്നുകെട്ടിന് ശേഷം ഉച്ചവരെ വീട്ടിൽ; ഉച്ചയൂണ് കഴിച്ച് പതിവുപോലെ സുഹൃത്തുക്കളുടെ അടുത്തേക്ക്; മറിയം തോമസിനെ ഒപ്പം കൂട്ടിയ നാളും ചെമ്പന് ഒരുസാധാരണ ദിവസം മാത്രം

ആർ പീയൂഷ്

കൊച്ചി: സിനിമാ താരം ചെമ്പൻ വിനോദിന്റെ വിവാഹം മൂന്ന് സുഹൃത്തുക്കളുടെ സാന്നിധ്യത്തിൽ അങ്കമാലി സബ് രജിസ്ട്രാർ ഓഫീസിൽ വച്ചായിരുന്നു. ഏറ്റവും അടുത്ത സുഹൃത്ത് ലിജോ ജോസ് പെല്ലിശ്ശേരിയും മറ്റ് രണ്ട് സുഹൃത്തുക്കളുമായിരുന്നു ഒപ്പം. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം. രാവിലെ പത്ത് മണിയോടെയായിരുന്നു രജിസ്ട്രേഷൻ നടപടികൾ. അങ്കമാലി സബി രജിസ്ട്രാർ കെ.വി ആന്റണിയായിരുന്നു നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. ലോക്ക് ഡൗൺ നിയമങ്ങൾ പൂർണ്ണമായും പാലിച്ചായിരുന്നു ചെമ്പൻ വിനോദും മറിയം തോമസും വിവാഹം കഴിച്ചത്. വിവാഹത്തിന്റെ ഒരു ഫോട്ടോ പോലും രജിസ്ട്രാർ ഓഫീസിൽ വച്ച് എടുത്തില്ല. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇരുവരും അങ്കമാലി സെന്റ് ജോർജ് ബസലിക്കയുടെ സമീപത്തുള്ള വിനോദിന്റെ വീട്ടിലേക്കാണ് പോയത്.

വീട്ടിലെത്തിയപ്പോൾ വിനോദിന്റെ മാതാപിതാക്കൾ ഇരുവരെയും സ്വീകരിച്ചിരുത്തി ചെറിയ ചടങ്ങ് നടത്തി. വീട്ടിലുള്ളവർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. സാധാരണ ഒരു ദിവസം പോലെയായിരുന്നു വിവാഹ ദിവസവും ചെമ്പൻ വിനോദിന്റെ വീട്. ഉച്ചവരെ വീട്ടിൽ ചിലവഴിച്ച ശേഷം ഉച്ചയൂണ് ഭാര്യയോടൊപ്പം കഴിച്ച് പതിവു പോലെ തന്റെ സുഹൃത്തുക്കളുടെ അടുത്തേക്ക് വിനോദ് പോയി. ഞങ്ങൾ വിനോദിന്റെ വീട്ടിലെത്തിയെങ്കിലും മാതാപിതാക്കളെയും ഭാര്യയെയും മാത്രമേ കാണാൻ സാധിച്ചുള്ളൂ. ഫോണിൽ ബന്ധപ്പെട്ടെങ്കിലും മാധ്യമങ്ങളെ കാണാൻ ഇപ്പോൾ കഴിയില്ല എന്ന് സ്നേഹപൂർവ്വം പറഞ്ഞൊഴിയുകയായിരുന്നു.

ഇന്ന് ഉച്ചയോടെ സമൂഹമാധ്യമങ്ങളിലൂടെയാണ് താൻ വിവാഹിതനായ വിവരം താരം പുറത്തുവിട്ടത്. സൈക്കോളജിസ്റ്റായ മറിയം സുമ്പ ട്രെയ്നർ കൂടിയാണ്. ആഷിക്ക് അബു, വിജയ് ബാബു, ആൻ അഗസ്റ്റിൻ, അനുമോൾ, രഞ്ജിത് ശങ്കർ തുടങ്ങി നിരവധി പേർ ചെമ്പന് ആശംസകൾ നേർന്നിട്ടുണ്ട്. 2010ൽ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകൻ എന്ന ചിത്രത്തിലൂടെയാണ് ചെമ്പൻ വിനോദ് ചലച്ചിത്രമേഖലയിലേക്ക് കടന്നുവന്നത്. പിന്നീട് ചെറുതും വലുതമായി ഒട്ടനവധി റോളുകളിൽ പ്രേക്ഷകർക്ക് മുന്നിലെത്തി. തമാശ റോളുകളിലും കട്ട വില്ലനായിട്ടും കൈയടി വാങ്ങാറുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിലൂടെ തിരക്കഥാകൃത്തായി. സ്വതന്ത്യം അർദ്ധ രാത്രിയിൽ എന്ന സിനിമയിലൂടെ നിർമ്മാതാവുമായി. ശേഷം രണ്ട് സിനിമകൾ കൂടി ചെമ്പൻ വിനോദിന്റെ നിർമ്മാണത്തിലെത്തിയിരുന്നു.

അൻവർ റഷീദ് ഒരുക്കിയ ഫഹദ് ചിത്രം ട്രാൻസ് ആണ് ചെമ്പൻ വിനോദ് ജോസിന്റെ പുറത്തിറങ്ങിയ അവസാന ചിത്രം. അമ്പിളി എസ് രംഗൻ ഒരുക്കുന്ന ഇടി മഴ കാറ്റിൽ ആണ് ചെമ്പൻ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. പ്രതിനായകനായും സഹനടനായും നായകനായുമൊക്കെ തിളങ്ങി. 2018ൽ ഈമയൗ എന്ന ചിത്രത്തിലെ അഭിനയത്തിന് ഗോവ ചലച്ചിത്രമേളയിൽ മികച്ച നടനുള്ള പുരസ്‌കാരം നേടി. ട്രാൻസ്, ബിഗ് ബ്രദർ എന്നിവയാണ് താരത്തിന്റെ ഈ വർഷം റിലീസ് ചെയ്ത ചിത്രങ്ങൾ.

ചെമ്പൻ വിനോദിന്റെ രണ്ടാം വിവാഹമാണ് ഇപ്പോഴത്തേത്. ആദ്യ ഭാര്യയും മകനും അമേരിക്കയിലാണ് ഉള്ളത്. പത്തു വയസ്സുകാരനാണ് മകൻ. ഞാൻ ഇന്ത്യയിലും മകൻ അമേരിക്കയിലും ജീവിക്കുന്നത് വിഷമമമുള്ള കാര്യം തന്നെയാണ്. അവിടുത്തെ സമ്മർ അവധിക്ക് മകനോടൊപ്പം ചിലവഴിക്കാനായി അങ്ങോട്ട് പോകാറുണ്ടെന്നും വിനോദ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. അന്ന് അഭിമുഖത്തിൽ ഇതേക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്:

'മകനെ ഇടയ്ക്ക് ഫോണിൽ വിളിക്കും. പിന്നെ എന്റെ സിനിമകളും അവൻ കാണുന്നുണ്ട്. അവനെ എന്നും കാണണമെന്നും പോകണമെന്നുമൊക്കെ ആഗ്രഹമുണ്ട്. പക്ഷേ ഈ തൊഴിൽ വിട്ടിട്ട് എനിക്ക് അവിടേയ്ക്ക് പോകാൻ പറ്റില്ല. അമേരിക്ക പോലുള്ള സ്ഥലത്ത് അമ്മയുടെ കൂടെ മാത്രം മകൻ ജീവിക്കുക അല്ലെങ്കിൽ വേർപിരിഞ്ഞ് ജീവിക്കുക എന്നത് സാധാരണകാര്യമാണ്.

മകനായാൽ തന്നെയും അവിടെ അവന്റെ സ്പേസ് കൊടുത്തേപറ്റൂ. അവന് ഇതൊക്കെ മനസിലാക്കാൻ പറ്റും എന്നുതന്നെയാണ് എന്റെ വിശ്വാസം.'ചെമ്പൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP