Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ജീപ്പിലും ബൈക്കിലും ഗമയിൽ വന്ന് വിരട്ടുന്ന പൊലീസ് ഏമാന്മാർ പതിവില്ലാതെ മാലാഖ ഭാവത്തിൽ സൈക്കിൾ ചവിട്ടി വരുന്നത് കണ്ടപ്പോൾ കുട്ടികൾക്ക് കൗതുകം; മുതിർന്നവർക്ക് ചിരി; ചവറ സ്റ്റേഷനിലെ പൊലീസുകാരുടെ നേതാവായി സിഐ നിസാമുദ്ദീനും; റാലി സ്ത്രീകൾക്കും കുട്ടികൾക്കും നേരേയുള്ള ലൈംഗികാതിക്രമങ്ങളെ ചെറുക്കാനുള്ള ബോധവത്കരണ പരിപാടിയായ 'മാലാഖ'യുടെ ഭാഗമായി; റാലിക്ക് സല്യൂട്ടടിച്ച് നാട്ടുകാരും

ജീപ്പിലും ബൈക്കിലും ഗമയിൽ വന്ന് വിരട്ടുന്ന പൊലീസ് ഏമാന്മാർ പതിവില്ലാതെ മാലാഖ ഭാവത്തിൽ സൈക്കിൾ ചവിട്ടി വരുന്നത് കണ്ടപ്പോൾ കുട്ടികൾക്ക് കൗതുകം; മുതിർന്നവർക്ക് ചിരി; ചവറ സ്റ്റേഷനിലെ പൊലീസുകാരുടെ നേതാവായി സിഐ നിസാമുദ്ദീനും; റാലി സ്ത്രീകൾക്കും കുട്ടികൾക്കും നേരേയുള്ള ലൈംഗികാതിക്രമങ്ങളെ ചെറുക്കാനുള്ള ബോധവത്കരണ പരിപാടിയായ 'മാലാഖ'യുടെ ഭാഗമായി; റാലിക്ക് സല്യൂട്ടടിച്ച് നാട്ടുകാരും

ആർ പീയൂഷ്

കൊല്ലം: സൈക്കിളിൽ സ്ഥലം സിഐയും പൊലീസുകാരും റോഡിലൂടെ യാത്ര ചെയ്യുന്നത് കണ്ട് ആദ്യം ചവറക്കാരൊന്നമ്പരന്നു. പഴയ കാല പൊലീസുകാർ ഉപയോഗിച്ചിരുന്ന സൈക്കിൾ വീണ്ടും തിരികെ വന്നോ എന്ന ചിന്തയായിരുന്നു മിക്കവർക്കും. എന്നാൽ ഇവർക്ക് പിന്നാലെ കുട്ടി പൊലീസുകാരും സൈക്കിളിൽ വരുന്നത് കണ്ടതോടെയാണ് പൊലീസിന്റെ എന്തോ പരിപാടിയാണെന്ന് മനസ്സിലായത്. കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ ലൈംഗിക അക്രമത്തിനെതിരെ നടത്തുന്ന കേരളാ പൊലീസിന്റെ ബോധ വൽക്കരണ പരിപാടിയായ 'മാലാഖ'യുടെ സൈക്കിൾ റാലിയായിരുന്നു ചവറയിൽ നടന്നത്. ചവറ സർക്കിൾ ഇൻസ്പെക്ടർ എ.നിസാമുദീന്റെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥരും സ്റ്റേഷൻ പരിധിയിലുള്ള സ്‌ക്കൂളുകളിലെ സ്റ്റുഡന്റ്സ് കേഡറ്റുകളും വിദ്യാർത്ഥികളുമാണ് സൈക്കിൾ റാലി നടത്തിയത്.

ഇന്ന് വൈകിട്ട് നാലുമണിയോടെയായിരുന്നു റാലി. ചവറ പൊലീസ് സ്റ്റേഷനിൽ നിന്നും ഇരുനൂറോളം കുട്ടികളും പൊലീസ് ഉദ്യോഗസ്ഥരും സൈക്കിളിൽ ചവറ ബസ് സ്റ്റാന്റ് വരെയാണ് റാലി നടത്തിയത്. സ്റ്റേഷനിലെ പകുതിയോളം പൊലീസ്‌കാർ സൈക്കിൾ ചവിട്ടി. വനിതാ പൊലീസുകാരും ഉണ്ടായിരുന്നു എന്നത് ശ്രദ്ധേയമായി. ജീപ്പിലും ബൈക്കിലും മാത്രം സഞ്ചരിച്ചു കണ്ടിരുന്ന പൊലീസുകാർ സൈക്കിൾ ചവിട്ടുന്നത് കണ്ടപ്പോൾ നാട്ടുകാരിലും കുട്ടികളിലും ഒരുപോലെ കൗതുകമുണർത്തുന്ന കാഴ്ചയായി. കുട്ടികളോട് മോശമായി പെരുമാറുന്നത് കണ്ടാൽ പൊലീസിൽ അറിയിക്കുക, ഞങ്ങളെ സംരക്ഷിക്കുക, സ്ത്രീകൾക്കെതിരെയും കുട്ടികൾക്കെതിരെയുമുള്ള ലൈംഗിക അക്രമങ്ങൾ തടയുക തുടങ്ങിയ പ്ലെക്കാർഡുകളും കുട്ടികൾ കൈയിലേന്തിയിരുന്നു.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടക്കുന്ന ലൈംഗിക അക്രമണങ്ങളെ തടയുക എന്ന ലക്ഷ്യത്തോടെ കേരളാ പൊലീസ് നടപ്പിലാക്കി വരുന്ന മാലാഖ എന്ന പദ്ധതിയുടെ ഭാഗമായി കേരളത്തിൽ അങ്ങോളമിങ്ങോളം വിവിധ പരിപാടികൾ നടത്തുന്നുണ്ട്. അതിന്റെ ഭാഗമായി സംഘടിപ്പിച്ചതാണ് ഈ സൈക്കിൾ റാലി എന്ന് ചവറ സിഐ എ.നിസാമുദീൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

രണ്ടര മാസം നീളുന്ന 'മാലാഖ' എന്ന പദ്ധതിയിലൂടെ കുട്ടികളുടെ സുരക്ഷയുമായി അടുത്ത ബന്ധം പുലർത്തുന്ന രക്ഷകർത്താക്കൾ, അദ്ധ്യാപകർ, ബന്ധുക്കൾ, പൊലീസുദ്യോഗസ്ഥർ, ഡോക്ടർമാർ, ആരോഗ്യ മേഖലയിലെ ജീവനക്കാർ, മാധ്യമപ്രവർത്തകർ എന്നിവർക്ക് ബോധവൽക്കരണം നൽകാൻ ലക്ഷ്യം വച്ചാണ് പദ്ധതിയൊരുങ്ങിയിരുക്കുന്നത്.

അതത് ജില്ലകളിലെ പൊലീസ് മേധാവിമാർക്കാണ് പരിപാടികളുടെ മേൽനോട്ട ചുമതല. കുട്ടികൾക്കുനേരെയുണ്ടാകുന്ന അതിക്രമങ്ങൾക്കെതിരെ സന്ദേശങ്ങൾ പതിപ്പിച്ച 'വാവ എക്സ്പ്രസ്' എന്ന പേരിലുള്ള പ്രചരണ വാഹനം സംസ്ഥാനമൊട്ടാകെ യാത്ര ചെയ്ത് ബോധവൽക്കരണം നടത്തുകയാണ്. ഇതിനുപുറമെ സംസ്ഥാനത്തൊട്ടാകെ ഒപ്പുശേഖരണ പരിപാടി, ഘോഷയാത്രകൾ, സാംസ്‌കാരിക പരിപാടികൾ, നാടകങ്ങൾ, തെരുവു നാടകങ്ങൾ, മണൽ ചിത്രരചന, ചലച്ചിത്ര ടെലിവിഷൻ താരങ്ങളെ പങ്കെടുപ്പിച്ച് നടത്തുന്ന പൊതുപരിപാടികളും നടന്നു വരികയാണ്.

ഇതിനു പുറമെ പൊലീസ് ബാന്റ്, കുതിര പൊലീസ് എന്നീ വിഭാഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പൊതുപരിപാടികൾ, പൊലീസിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന പൊതുജന അവബോധ പരിപാടികൾ, സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഘോഷയാത്രകൾ, അംഗൻവാടി ടീച്ചർമാർ, ആശാ വർക്കർമാർ, കുടുംബശ്രീ, ജനശ്രീ പ്രവർത്തകർ, സന്നദ്ധസംഘടനാ പ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പൊതുപരിപാടികൾ എന്നിവയും നടക്കുന്നുണ്ട്.

പ്രതിജ്ഞ, കൂട്ടയോട്ടം, മെഴുകുതിരി ജാഥ എന്നിവയിലൂടെ പരമാവധി ജനങ്ങളിലേക്ക് കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിന് ആവശ്യമായ അവബോധം നൽകും. പൊലിസിന്റെ ജനമൈത്രി ബീറ്റ് ഓഫീസർമാർ വഴി വീടുവീടാന്തരം ഇത്തരം അവബോധ സന്ദേശങ്ങൾ എത്തിച്ചു തുടങ്ങിയിട്ടുണ്ട്. ബീറ്റ് ഓഫീസർമാർ വഴി പൊതുജനങ്ങളിൽ നിന്നുള്ള പ്രതികരണം ആരായുന്നുമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP