Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നേതാവിന്റെ അഴിമതി ചോദ്യം ചെയ്താൽ പാർട്ടി പണി തെറിപ്പിക്കും! ഏരിയാ സെക്രട്ടറി കൂടിയായ ബാങ്ക് ജീവനക്കാരൻ നടത്തിയ അഴിമതിക്കെതിരെ പരാതി കൊടുത്തയാളുടെ ജോലി ഇല്ലാതാക്കാനും ശ്രമം; സഹകരണ ബാങ്കിൽ നിന്ന് ലക്ഷങ്ങളുടെ തിരിമറി നടത്തിയ നേതാവിനെ സംരക്ഷിക്കാൻ സിപിഎമ്മിലെ ഒരു വിഭാഗം; ചാത്തമംഗലം സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ വ്യാജരേഖകൾ ഉണ്ടാക്കി പണം തട്ടിയ സംഭവം ഒതുക്കിത്തീർക്കാൻ നീക്കം തകൃതി

നേതാവിന്റെ അഴിമതി ചോദ്യം ചെയ്താൽ പാർട്ടി പണി തെറിപ്പിക്കും! ഏരിയാ സെക്രട്ടറി കൂടിയായ ബാങ്ക് ജീവനക്കാരൻ നടത്തിയ അഴിമതിക്കെതിരെ പരാതി കൊടുത്തയാളുടെ ജോലി ഇല്ലാതാക്കാനും ശ്രമം; സഹകരണ ബാങ്കിൽ നിന്ന് ലക്ഷങ്ങളുടെ തിരിമറി നടത്തിയ നേതാവിനെ സംരക്ഷിക്കാൻ  സിപിഎമ്മിലെ ഒരു വിഭാഗം; ചാത്തമംഗലം സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ വ്യാജരേഖകൾ ഉണ്ടാക്കി പണം തട്ടിയ സംഭവം ഒതുക്കിത്തീർക്കാൻ  നീക്കം തകൃതി

കെ വി നിരഞ്ജൻ

കോഴിക്കോട്: ചാത്തമംഗലം സർവീസ് സഹകരണ ബാങ്കിൽ വ്യാജരേഖകളുണ്ടാക്കി സിപിഎം നേതാവായ ജീവനക്കാരൻ തട്ടിപ്പ് നടത്തിയ സംഭവത്തിൽ രാഷ്ട്രീയ സമ്മർദ്ദങ്ങളിലൂടെ കേസ് ഇല്ലാതാക്കാനുള്ള നീക്കം ശക്തം. പരാതിക്കാരന്റെ ജോലി നഷ്ടപ്പെടുത്താനുള്ള നീക്കങ്ങൾ ഉൾപ്പെടെയാണ് സിപിഎം നേതാക്കൾ നടത്തുന്നതെന്നാണ് ആക്ഷേപം. പ്രദേശത്തെ പാർട്ടി പ്രവർത്തകരെ തെറ്റിദ്ധരിപ്പിച്ചും ഉന്നത നേതാക്കളുമായി ബന്ധപ്പെട്ടുമാണ് പരാതിക്കാരനെ ഒറ്റപ്പെടുത്താൻ നീക്കം നടത്തുന്നത്. സംഭവം വാർത്തയായതോടെ സിപിഎം പ്രവർത്തകർക്കിടയിൽ നേതാക്കൾക്കെതിരെ ജനവികാരം ശക്തമായിട്ടുണ്ട്. എന്നാൽ ഒഴുക്കൻ മട്ടിൽ നിഷേധിക്കയല്ലാതെ കൃത്യമായി കാര്യങ്ങൾ വിശദീകരിക്കാൻ ഇവർക്കാവുന്നില്ല. ഇതിനിടെ ഒരു വിഭാഗം ജില്ലാ കമ്മറ്റിക്ക് ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്. വിവാദത്തിൽ ജില്ലാ കമ്മറ്റി തീരുമാനം ഉണ്ടാക്കണമെന്നും അഴിമതിക്കാർക്കെതിരെ നടപടി വേണവുമെന്നാണ് ഒരു വിഭാഗം പറയുന്നത്.

2008 ലാണ് ചാത്തമംഗലം സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ കെട്ടാങ്ങൽ ബ്രാഞ്ചിൽ വൻ തോതിൽ ക്രമക്കേട് നടന്ന വിവരം പുറത്തുവരുന്നത്. ബാങ്കിലെ ജീവനക്കാരനായ ചാത്തമംഗലം വേങ്ങേരിമഠം എടക്കണ്ടിയിൽ വീട്ടിൽ ഇ വിനോദ് കുമാറാണ് വ്യാജരേഖകൾ സമർപ്പിച്ച് ബാങ്ക് പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും ഉൾപ്പെടെ സഹായത്തോടെ വലിയ തോതിൽ ക്രമക്കേട് നടത്തിയത്. വ്യാജ രേഖകൾ വെച്ച് ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് ലോണുകൾ എടുക്കുമ്പോൾ ബാങ്കിലെ ക്ലാർക്ക് ആയിരുന്ന വിനോദ് കുമാറിപ്പോൾ ബ്രാഞ്ച് മാനേജറാണ്. സംഭവങ്ങൾ പുറത്തുവന്നതോടെ ഒരു വർഷത്തേക്ക് ലോങ്ങ് ലീവ് എടുത്തിരിക്കുകയാണ് സിപിഎം കുന്ദമംഗലം ഏരിയാ സെക്രട്ടറി കൂടിയായ വിനോദ് കുമാർ. സിപിഎം ഏരിയാ കമ്മിറ്റി അംഗവും ബാങ്ക് പ്രസിഡന്റുമായ വി സുന്ദരന്റെ ഉൾപ്പെടെ അറിവോടെയാണ് തട്ടിപ്പ് നടന്നിട്ടുള്ളതെന്നാണ് ആക്ഷേപം ഉയർന്നത്. ബാങ്കിൽ നടന്ന തട്ടിപ്പിനെക്കുറിച്ച് കോഴിക്കോട് ചാത്തമംഗലം സ്വദേശി എം വേലായുധൻ അധികാരികൾക്കെല്ലാം പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. ഒടുവിൽ അദ്ദേഹം കോടതിയെ സമീപിക്കുകയായിരുന്നു. സംഭവം മറുനാടൻ മലയാളിയിൽ ഉൾപ്പെടെ വാർത്തയായതോടെ പാർട്ടി നേതൃത്വം ഇളകി. ഭീഷണികൾ ഉണ്ടായെങ്കിലും വേലായുധൻ പതറിയില്ല.
തനിക്ക് ബാങ്കിനെ തകർക്കാനല്ല ഉദ്ദേശം.. അഴിമതിക്കെതിരെയാണ് കോടതിയെ സമീപിച്ചത്.. പത്രങ്ങളിൽ വരുന്നതും വരാത്തതും തന്നെ ബാധിക്കില്ലെന്നും വേലായുധൻ ഇതിന് മറുപടിയും നൽകി.

പിന്നീട് വേലായുധന്റെ ജോലി നഷ്ടപ്പെടുത്താനായിരുന്നു ശ്രമം. പാർട്ടിയോട് അടുത്ത് ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയിലെ കൂലിപ്പണിക്കാരനാണ് പരാതിക്കാരനായ വേലായുധൻ. കണ്ണൂർ പാട്യത്താണ് ഇപ്പോൾ അദ്ദേഹത്തിന് ജോലി. ഇദ്ദേഹത്തെ പാർട്ടിക്കെതിരെ കേസ് കൊടുത്ത ആളെന്ന് പ്രചരിപ്പിക്കുകയായിരുന്നു പ്രാദേശിക നേതൃത്വം ചെയ്തത്. ഇക്കാര്യത്തിൽ ഊരാളുങ്കൽ അധികൃതർ വേലായുധന്റെ വിശദീകരണവും ചോദിച്ചു. അഴിമതിക്കെതിരെയാണ് താൻ കേസുകൊടുത്തത്.. അഴിമതിക്ക് നിങ്ങൾ അനുകൂലമാണെങ്കിൽ നിങ്ങൾ നടപടിയെടുത്തോളൂ എന്ന് വേലായുധൻ മറുപടി നൽകിയതോടെ ഊരാളുങ്കൽ അധികൃതർക്ക് കാര്യം മനസ്സിലായി. കണ്ണൂരിൽ ഉൾപ്പെടെയുള്ള പാർട്ടിക്കാരോട് താൻ പാർട്ടിയെ ചതിക്കാൻ ശ്രമിച്ചവനാണെന്ന് പ്രചരിപ്പിക്കുകയാണ് പ്രാദേശിക നേതൃത്വം ചെയ്യുന്നതെന്നാണ് പരാതിക്കാരൻ വ്യക്തമാക്കുന്നത്.

ചാത്തമംഗലം സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ വ്യാപക ക്രമക്കേട് നടന്ന സംഭവത്തിൽ ആറു മാസത്തിനകം പരാതിക്കാരന്റെ ആക്ഷേപങ്ങളിൽ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് കോടതി ഉത്തരവ് വന്നിട്ടുള്ളത്. കോപ്പറേറ്റീവ് സൊസൈറ്റീസ് ജോയന്റ് രജിസ്ട്രാറോടാണ് വിധിയുടെ പകർപ്പ് കൈപ്പറ്റി ആറു മാസത്തിനകം ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്. ഇക്കാര്യത്തിൽ ജോയിന്റ് രജിസ്ട്രാർക്ക് നിയമമനുസരിച്ച് കാര്യങ്ങൾ തീരുമാനിക്കാമെന്നും കോടതി അറിയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ജോയിന്റ് രജിസ്ട്രാർ വന്നുനോക്കി പോയിട്ടുണ്ടെങ്കിലും കാര്യങ്ങൾ ഗൗരവത്തിലെടുത്തിട്ടില്ലെന്നാണ് പരാതിക്കാരനെ അനകൂലിക്കുന്നവർ പറയുന്നത. ഇതിനിടെ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ വിഭാഗം പരാതിക്കാരൻ ജോലി ചെയ്യുന്ന കണ്ണൂരിലെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞിട്ടുണ്ട്.

പതിനൊന്നു വർഷം പഴക്കമുള്ള തട്ടിപ്പ്

പതിനൊന്ന് വർഷം പഴക്കമുള്ള തട്ടിപ്പ് ഇപ്പോൾ പുറത്തുവന്നതിന് പിന്നിൽ സിപിഎമ്മിലെ വിഭാഗീയത തന്നെയാണ്.2008 മാർച്ച് പതിനെട്ടിനാണ് വിനോദ് കുമാർ ഫിക്സഡ് ഡെപ്പോസിറ്റിന്റെ വ്യാജ രേഖകളുണ്ടാക്കി മൂന്നര ലക്ഷത്തോളം രൂപ ബാങ്കിൽ നിന്ന് പിൻവലിച്ചത്. സേവിങ്സ് ബാങ്ക് അക്കൗണ്ട് മാത്രം ഉള്ള വിനോദ് കുമാർ അത് ഫിക്സഡ് അക്കൗണ്ടാക്കി കാണിച്ചുകൊണ്ടാണ് തട്ടിപ്പ് നടത്തിയത്. ഇതിനിടയിലാണ് ഇതിന് മുമ്പും വിനോദ് കുമാർ ബാങ്കിൽ നിന്ന് തട്ടിപ്പ് നടത്തിയതായി വ്യക്തമായത്. 2008 ഫെബ്രുവരിയിൽ 1,60,000 രൂപയും ഭാര്യയുടെ പേരിലുള്ള സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ നിന്ന് നാലര ലക്ഷം രൂപയും പിൻവലിച്ചിരുന്നു. ഭാര്യയുടെ പേരിൽ സേവിങ്സ് അക്കൗണ്ട് ഉണ്ടെങ്കിലും അക്കൗണ്ടിൽ ഇത്രയും തുക ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ വ്യാജ രേഖകൾ ഉണ്ടാക്കിയാണ് വിനോദ് കുമാർ തട്ടിപ്പ് നടത്തിയത്. ഈ തുകകൾ തിരിച്ചടയ്ക്കാനായാണ് പന്നീട് ഫിക്സഡ് ഡെപ്പോസിറ്റിന്റെ വ്യാജ രേഖയുണ്ടാക്കി മൂന്നര ലക്ഷത്തോളം രൂപ ലോണെടുത്തത്. ഇത്തരത്തിൽ നിരവധി ക്രമക്കേടുകൾ ബാങ്കിൽ നടന്നിട്ടുണ്ടാവും എന്ന് മനസ്സിലാക്കിയാണ് വേലായുധൻ പരാതിയുമായി മുന്നോട്ട് പോകാൻ തീരുമാനമെടുത്തത്.

ഇതേ സ്ഥാപനത്തിലെ ഡെപ്പോസിറ്റ് കലക്ഷൻ ഏജന്റായ ചാത്തമംഗലം കൂഴക്കോട് സ്വദേശി ഹണിലാൽ പി കെ കലക്ഷൻ തുക യഥാവിധി അടയ്ക്കാൻ കഴിയാതെ പ്രതിസന്ധിയിലായിരുന്നു. ഡി വൈ എഫ് ഐ നേതാവുകൂടിയായ ഹണിലാൽ മറ്റ് വഴികളില്ലാതെ കിടപ്പാടം പണയം വെച്ച് പണം ബാങ്കിൽ തിരിച്ചടയ്ക്കുകയായിരുന്നു. പണം തിരിച്ചടച്ച സാഹചര്യത്തിൽ ഹണിലാലിനെതിരെ കടുത്ത നടപടിയെടുക്കരുതെന്ന് ഭരണസമിതിയിൽ ഭൂരിഭാഗം പേരും ആവശ്യപ്പെട്ടെങ്കിലും 2014 ൽ ഇദ്ദേഹത്തെ ജോലിയിൽ നിന്ന് പുറത്താക്കുകയായിരുന്നു. ബാങ്കിൽ നിന്ന് വൻ തോതിൽ ക്രമക്കേട് നടത്തി പണം തട്ടിയ വിനോദ് കുമാറും അതിന് കൂട്ടു നിന്ന ബാങ്ക് പ്രസിഡന്റുമെല്ലാം ചേർന്നാണ് ഹണിലാലിനെ പുറത്താക്കിയെന്നതാണ് മറ്റൊരു കാര്യം.നേരത്തെയും വിനോദ കുമാറിനെ കുറിച്ച് പല തവണ പരാതി വന്നിട്ടുണ്ട്. ഒരു പ്രമുഖനായ ലീഗ് നേതാവിനെ ബ്ലാക്ക് മെയിൽ ചെയ്ത് അരലക്ഷം രൂപ വാങ്ങിയെന്നതും, ആഡംബര വീട് ഉണ്ടാക്കിയെന്നതും പാർട്ടിയിൽ നേരത്തെ വിവാദമായിരുന്നു. പക്ഷേ അതെല്ലാം സ്വാധീനംവെച്ച് ഒതുക്കയായിരുന്നെന്നാണ് ഒരു വിഭാഗം സിപിഎം നേതാക്കൾ തന്നെ ആരോപിക്കുന്നത്.

എല്ലാം പാർട്ടിയെ തകർക്കാനുള്ള നീക്കമെന്ന് സിപിഎം

എന്നാൽ ഇതെല്ലാം പാർട്ടിയെ തകർക്കാൻ ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണെന്നാണ് കുന്ദമംഗലം ഏരിയാ സെക്രട്ടറി വിനോദ് കുമാറും ബാങ്ക് ഭരണ സമിതിയും പറയുന്നത്. പത്രങ്ങളിൽ വാർത്തവന്നതോടെ ബാങ്ക് പുറത്തിറക്കിയ പത്രക്കുറിപ്പ് ഇങ്ങനെയാണ്

ചാത്തമംഗലം സർവീസ് സഹകരണ ബാങ്കിനും അതിലെ ജീവനക്കാാർക്കെുമതിരെ 21.08.2019 ന് രാഷ്ടദീപിക പത്രത്തിൽ വന്ന വാർത്ത അടിസ്ഥാന രഹിതവും ദുരുദ്ദേശപരവുമാണെന്ന് ബാങ്ക് പ്രസിഡന്റ് പറഞ്ഞു.ചാത്തമംഗലം സർവീസ് സഹകരബാങ്കിന്റെ വളർച്ചക്ക് തടയിടാനും ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്താനുമുള്ള ബോധപൂർവമായ പ്രചാരണമായേ ഇതിനെ കാണാൻ കഴിയൂ. വാർത്തയിൽ പറയുന്നത് 2008ൽ ക്രമക്കേട് നടന്നു എന്നാണ്. 2008ൽ നിന്ന് 2019 ലേക്കുള്ള 11 വർഷക്കാലത്തിനിടയിൽ ഇതുസംബന്ധിച്ച് ഒരാളുടെ പരാതിയും ബാങ്ക് ഭരണസമിതിക്കോ ബന്ധപ്പെട്ടവർക്കോ ലഭിച്ചിട്ടില്ല. 2008നുശേഷം സഹകരണവകുപ്പിന്റെ ഓഡറ്റ് റിപ്പോർട്ടിലോ സഹകരണ ഇൻസ്പെകട്ര്മാരുടെ ഇതുവരെയുള്ള പരിശോധനയിലോ ബാങ്കിൽ യാതൊരു വിധ ക്രമക്കേടും നടന്നതായി കണ്ടെത്തിയിട്ടില്ല.

1963ൽ തുടങ്ങിയ ബാങ്കിന്റെ ക്രമാനുഗതമായ വളർച്ചയിൽ സഹികട്ടെവരുടെ ഭാഗത്തുനിന്ന് ബാങ്കിനെ അപകീർത്തിപ്പെടുത്താനാണ് ഇങ്ങനെ ഒരു വാർത്ത പടച്ചുണ്ടാക്കിയത്. വ്യാജമായതും കെട്ടിച്ചമച്ചതുമായ പരാതിയിലൂടെ ജീവനക്കാരെയും ബങ്ക് ഭരണം നടതതുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയയും മോശമായി ചിത്രീകരിക്കുന്നതനാണ് ശ്രമിക്കുന്നത്. 2008ൽ നിന്ന് 11 വർഷം പിന്നിട്ടപ്പോൾ ഇപ്പോൾ വ്യാജപരാതി ഉയർത്തുന്നത് ബാങ്കിലെ ഭരണസമിതിക്കാരും ജീവനക്കാരുമായ സിപിഎം നേതാക്കളോടുള്ള വ്യക്തിവിദ്വേഷത്തിന്റെ ഭാഗമായി മാത്രമേ കാണാൻ കഴിയൂ.

കെട്ടിച്ചമച്ചുണ്ടാക്കിയ പരാതി ഹൈക്കോടതിൽ കൊടുത്തത് സ്ഥാപനത്തിനുും ഭരണസമിതിക്കും ജീവനക്കാർക്കുമെതിരെ പ്രചാരണം നടത്തുന്നത് വേണ്ടിയാണ്. ചാത്തമംഗലം അങ്ങാടിയിൽ സ്വന്തമായി ഭൂമി വാങ്ങി ആധുനിക സൗകര്യത്തോടെ പുതിയ കെട്ടിടം പണിയുന്നതിനുള്ള ശ്രമം നടക്കുന്നതിനിടയിൽ ചില തൽപ്പരകക്ഷികൾ അപര നാമത്തിൽ നടത്തിവരുന്ന കള്ള പ്രചരണം ബാങ്കിന്റെ വളർച്ച ആഗ്രഹിക്കുന്ന എല്ലാവരും തള്ളിക്കളയണമെന്ന് ബാങ്ക് പ്രസിഡന്റ് വി സുന്ദരൻ പറഞ്ഞു. നിയമപരമായ കാര്യങ്ങൾ ആലോചിച്ച് നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP