Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

കൊടിയുടേയും പ്രത്യയശാസ്ത്രത്തിന്റേയും വേർതിരിവില്ലാതെ മദ്യശാലയ്ക്ക് വേണ്ടി സമരം; വ്യാജമദ്യത്തെ തടയാൻ ചാപ്പക്കടവിലെ പകുതിയിലേറെ പേർക്കും ബീവറേജസ് ഔട്ട് ലെറ്റ് വേണം

കൊടിയുടേയും പ്രത്യയശാസ്ത്രത്തിന്റേയും വേർതിരിവില്ലാതെ മദ്യശാലയ്ക്ക് വേണ്ടി സമരം; വ്യാജമദ്യത്തെ തടയാൻ ചാപ്പക്കടവിലെ പകുതിയിലേറെ പേർക്കും ബീവറേജസ് ഔട്ട് ലെറ്റ് വേണം

രഞ്ജിത് ബാബു

കണ്ണൂർ; മദ്യ വിൽപ്പന ശാല സ്ഥാപിക്കുന്നതിനെതിരെ ഗ്രാമങ്ങൾ തോറും പ്രതിഷേധം അലയടിക്കുമ്പോൾ കണ്ണൂർ ജില്ലയിലെ കുടിയേറ്റ ഗ്രാമത്തിൽ നിന്നും വേറിട്ട സമരവുമായി ജനനേതാക്കളും ജനങ്ങളും രംഗത്ത്. പയ്യാവൂർ ഗ്രാമപഞ്ചായത്തിലെ ചാപ്പക്കടവിലാണ് മദ്യവിൽപ്പന ശാലക്കുവേണ്ടി ഗ്രാമ ജനതയുടെ പകുതിയിലേറെ പേർ സമരവുമായി രംഗത്ത് വന്നിരിക്കുന്നത്. എണ്ണൂറോളം പേർ അധിവസിക്കുന്ന ഈ ഗ്രാമത്തിൽ പകുതിയിലേറെ പേരും ബീവറേജസ് മദ്യ വിൽപ്പനശാല ആരംഭിക്കണമെന്നുള്ള ആവശ്യവുമായി നടത്തിയ സമരത്തിൽ എത്തുകയും ചെയ്തു. മദ്യ വിൽപ്പന ശാലക്കുവേണ്ടി സർക്കാറിൽ നിവേദനം നൽകി കാത്തിരിക്കുന്നവരാണ് ഒടുവിൽ പൊതുയോഗം നടത്തി പരസ്യമായി തങ്ങളുടെ ആവശ്യത്തിനു വേണ്ടി നിലകൊണ്ടത്.  

പയ്യാവൂർ പഞ്ചായത്തിലെ ജനനേതാക്കളും സമരക്കാർക്കൊപ്പം ചേർന്നതും പരസ്യമായി തന്നെ. കൊടിയുടേയും പ്രത്യയശാസ്ത്രത്തിന്റേയും വേർതിരിവില്ലാതെ സിപിഐ.(എം.) പയ്യാവൂർ മുൻ ലോക്കൽ സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ ജോയ് ജോസഫ്, കോൺഗ്രസ്സ് നേതാവും മുൻ പഞ്ചായത്ത് അംഗവുമായ ഗോപി കാക്കശ്ശേരിയും മദ്യവിൽപ്പനശാലക്കു വേണ്ടിയുള്ള ആവശ്യത്തിനു വേണ്ടി സമരക്കാർക്കൊപ്പം എത്തിയിരുന്നു. മദ്യം കഴിക്കുന്നത് വ്യക്തിപരമാണെന്നും നിയമപരമായി മദ്യപിക്കുന്നത് നിരോധിച്ചിട്ടില്ലാത്ത രാജ്യമായതിനാൽ ശുദ്ധമായ മദ്യം മദ്യപർക്ക് നൽകേണ്ടത് അനിവാര്യമാണെന്നും സിപിഐ.(എം). നേതാവ് ജോയ് ജോസഫ് പറയുന്നു.

മദ്യവിൽപ്പന ശാലകൾ അടച്ചു പൂട്ടിയതോടെ കർണ്ണാടക വനമേഖലയിൽ നിന്നും ഈ പ്രദേശത്ത് വ്യാജമദ്യത്തിന്റെ ഒഴുക്ക് കൂടിയിരിക്കയാണെന്ന് അദ്ദേഹം പറഞ്ഞു. കർണ്ണാടക വനത്തോട് ചേർന്ന് കിടക്കുന്ന ഈ പ്രദേശത്തിന്റെ പ്രത്യേകത കണക്കിലെടുത്ത് അടിയന്തിരമായും ബിവറേജസ് കോർപ്പറേഷൻ മദ്യ വിൽപ്പന ശാല സ്ഥാപിക്കണമെന്ന ആവശ്യം മറ്റ് നേതാക്കളും ഉന്നയിക്കുന്നു. വ്യാജമദ്യം  കഴിച്ച് അപകടം ഉണ്ടാക്കുന്നത് ഒഴിവാക്കാൻ പയ്യാവൂരിൽ മദ്യവിൽപ്പനശാല എത്രയും വേഗം സ്ഥാപിക്കേണ്ടതുണ്ട്. കർണ്ണാടകത്തിൽ നിന്നും ഈ അവസരം മുതലെടുത്ത് കഞ്ചാവും വാറ്റ് ചാരായവും ഈ കുടിയേറ്റ മേഖലയിൽ വ്യാപകമാവുകയാണ്. വൻ ദുരന്തം ക്ഷണിച്ചു വരുത്തുന്ന അത്തരമൊരു സാഹചര്യം ഉണ്ടാവാതിരിക്കാൻ അധികൃതർ ഉണർന്ന് പ്രവർത്തിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

അതിനാൽ ബിവറേജസ് കോർപ്പറേഷൻ നിയന്ത്രണത്തിൽ ഈ സ്ഥലത്ത് അംഗീകൃത മദ്യവിൽപ്പനശാല സ്ഥാപിച്ചുകൊണ്ടേ ഈ ഭീഷണി നേരിടാൻ കഴിയൂ. നാട്ടുകാർ പറയുന്നു. ഈ കുടിയേറ്റ മേഖലയിൽ നിന്നും 60 കിലോമീറ്റർ ദൂരം സഞ്ചരിച്ചു വേണം ആലക്കോട്ടെ മദ്യവിൽപ്പനശാലയിൽ എത്താൻ. പതിവായി പോകുന്നത് ഒഴിവാക്കാൻ വൻ തോതിൽ വീട്ടിൽ മദ്യം ശേഖരിച്ച് വെക്കുന്ന ശീലവും ഇപ്പോൾ വ്യാപകമാവുകയാണ്. മദ്യം വീട്ടിൽ കൂടുതലായിരിക്കുന്നതു കൊണ്ടു തന്നെ അവർ സ്ഥിരം മദ്യപാനികളായി മാറുകയാണ്. കഴിഞ്ഞ വിഷു-ഈസ്റ്റർ ആഘോഷവേളകളിൽ വ്യാപകമായി വ്യാജമദ്യം ഈ സ്ഥലങ്ങളിൽ വിൽപ്പന നടന്നിരുന്നു. നേരത്തെ അംഗീകൃത വിൽപ്പന ശാല ഇവിടെ സ്ഥാപിക്കാൻ ഒരുങ്ങിയപ്പോൾ ചന്ദനക്കാം പാറ പള്ളി അധികൃതരും മദ്യവിരുദ്ധ പ്രസ്ഥാനക്കാരും അതിനെ എതിർക്കുകയായിരുന്നു. അതോടെയായിരുന്നു ഈ മേഖലയിൽ മദ്യവിൽപ്പനശാല ആരംഭിക്കാനുള്ള ശ്രമം ഉപേക്ഷിക്കപ്പെട്ടത്.

എന്നാൽ ഇപ്പോൾ ഗ്രാമത്തിലെ ജനങ്ങളിൽ പകുതിയിലേറേയും അംഗീകൃത മദ്യവിൽപ്പനശാലക്കുവേണ്ടി രംഗത്തിറങ്ങിയിരിക്കയാണ്. അതുകൊണ്ടു തന്നെ രാഷ്ട്രീയ നേതൃത്വം മദ്യവിൽപ്പനശാലക്കുവേണ്ടിയുള്ള സമരക്കാർക്കൊപ്പം ചേരുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP