Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രകാശ് കാരാട്ട് ബിജെപിയിലേക്കെന്ന് ചന്ദ്രിക റിപ്പോർട്ട്; വിമർശനങ്ങൾക്കൊടുവിൽ വാർത്ത പിൻവലിച്ചു; വാർത്തയ്ക്ക് മറുപടിയെന്നോണം തങ്ങളും കുടുംബം ബിജെപിയിലേക്കേന്ന് പ്രചരിപ്പിച്ച് മറുപടിയുമായി സിപിഎം സൈബർ സഖാക്കളും; തെരഞ്ഞടുപ്പ് അടുത്തതോടെ സൈബർ പോര് മുറുകിയപ്പോൾ സംഭവിച്ചത്

പ്രകാശ് കാരാട്ട് ബിജെപിയിലേക്കെന്ന് ചന്ദ്രിക റിപ്പോർട്ട്; വിമർശനങ്ങൾക്കൊടുവിൽ വാർത്ത പിൻവലിച്ചു; വാർത്തയ്ക്ക് മറുപടിയെന്നോണം തങ്ങളും കുടുംബം ബിജെപിയിലേക്കേന്ന് പ്രചരിപ്പിച്ച് മറുപടിയുമായി സിപിഎം സൈബർ സഖാക്കളും; തെരഞ്ഞടുപ്പ് അടുത്തതോടെ സൈബർ പോര് മുറുകിയപ്പോൾ സംഭവിച്ചത്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവും മുൻ ദേശീയ ജനറൽ സെക്രട്ടറിയുമായ പ്രകാശ് കാരാട്ട് ബിജെപിയിൽ ചേർന്നേക്കുമെന്ന് മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയിൽ റിപ്പോർട്ട് കലാശിച്ചത് വൻ വിവാദത്തിൽ. ചന്ദ്രികയുടെ ഓൺലൈൻ എഡിഷനിൽ വന്ന വാർത്ത രൂക്ഷവിമർശനങ്ങൾ ഉയർന്നതിന് പിന്നാലെ പിൻവലിച്ചു.

'സിപിഐഎം വേദികളിൽ നിന്ന് പ്രകാശ് കാരാട്ട് അപ്രത്യക്ഷനായിട്ട് വർഷങ്ങൾ; ബിജെപിയിൽ ചേരുമെന്ന് റിപ്പോർട്ട്' എന്ന തലക്കെട്ടോടെയായിരുന്നു വാർത്ത. ലിങ്ക് ചന്ദ്രികയുടെ ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെ രൂക്ഷ വിമർശനവുമായി എൽഡിഎഫ് അനുകൂലികളെത്തി. ചന്ദ്രിക വാർത്തക്ക് മറുപടി എന്ന നിലയിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും കുടുംബവും ബിജെപിയിലും എസ്ഡിപിഐയിലും ചേരുന്നു എന്നു പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. സിപിഎം സൈബർ സഖാക്കൾ തന്നെയായിരുന്നു ഈ പ്രചരണത്തിന് പിന്നിലും.

ഡിസംബർ 30ന് കാരാട്ട് എസ്എഫ്ഐ പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്ന എസ്എഫ്ഐ ഡൽഹി പേജിന്റെ വീഡിയോ ചൂണ്ടിക്കാട്ടിയും വിമർശനങ്ങളുണ്ടായി. തെറ്റായ റിപ്പോർട്ടിൽ ചന്ദ്രിക ഖേദം പ്രകടിപ്പിച്ചെന്ന് കാണിക്കുന്ന സ്‌ക്രീൻ ഷോട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ, ഈ ഖേദപ്രകടനത്തിന്റെ കാര്യത്തിൽ ആധികാരികത വ്യക്തമായിട്ടില്ല.

ചന്ദ്രികയിൽ വന്ന വാർത്ത

സിപിഐഎം വേദികളിൽ നിന്ന് പ്രകാശ് കാരാട്ട് അപ്രത്യക്ഷനായിട്ട് വർഷങ്ങൾ; ബിജെപിയിൽ ചേരുമെന്ന് റിപ്പോർട്ട്

സിപിഎം മുൻ ജനറൽ സെക്രട്ടറിയും പിബി അംഗവുമായ പ്രകാശ് കാരാട്ട് സിപിഎം വേദികളിൽ നിന്ന് അപ്രത്യക്ഷനായിട്ട് വർഷങ്ങളാവുന്നു. സീതാറാം യെച്ചൂരി പാർട്ടി ജനറൽ സെക്രട്ടറിയായതിന് ശേഷം നിശബ്ദനായി തുടങ്ങിയ പ്രകാശ് കാരാട്ട് കഴിഞ്ഞ അഞ്ച് വർഷത്തോളമായി പൂർണമായും പൊതുവേദികളിൽ നിന്ന് വിട്ടു നിൽക്കുകയാണ്. പ്രകാശ് കാരാട്ടിനെ പിന്തുണച്ചിരുന്ന പാർട്ടി കേരള ഘടകവും അദ്ദേഹത്തെ കൈയൊഴിഞ്ഞതോടെയാണ് കാരാട്ട് പൂർണമായും പാർട്ടി വേദികളിൽ നിന്ന് മാറ്റിനിർത്തപ്പെട്ടത്.


2004ൽ യുപിഎ സർക്കാറിനെ പിന്തുണക്കുമ്പോൾ 64 എംപിമാരുണ്ടായിരുന്ന സിപിഎം വിരലിലെണ്ണാവുന്നവരിലേക്ക് ചുരുങ്ങിയത് പ്രകാശ് കാരാട്ടിന്റെ പിടിവാശി മൂലമാണെന്ന് പാർട്ടിക്കുള്ളിൽ തന്നെ വിമർശനമുണ്ട്. ജനകീയനായിരുന്ന ഹർക്കിഷൻ സിങ് സുർജിത്തിൽ നിന്ന് പാർട്ടി ജനറൽ സെക്രട്ടറി പദം ഏറ്റെടുത്ത കാരാട്ട് പ്രായോഗിക രാഷ്ട്രീയത്തിന്റെ ബാലപാഠം പോലും അറിയാത്ത ആളായിരുന്നു. സൈദ്ധാന്തിക പിടിവാശികൾ മാത്രമാണ് അദ്ദേഹത്തെ നയിച്ചത്. യുപിഎ സർക്കാറിനുള്ള പിന്തുണ പിൻവലിച്ചതടക്കം കാരാട്ടിന്റെ പിടിവാശിയായിരുന്നു. സംഘപരിവാറിന് വഴിയൊരുക്കാൻ കാരാട്ട് നടത്തിയ ആസൂത്രിത നീക്കമാണ് ഇതെന്നും ആരോപണമുണ്ട്.

അതിനിടെ കാരാട്ട് ബിജെപിയിൽ ചേരുമെന്ന റിപ്പോർട്ടുകളും വരുന്നുണ്ട്. 2014ൽ മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം രാജ്യത്ത് നടക്കുന്ന സംഘപരിവാർ തേർവാഴ്ചക്കെതിരെ മുതിർന്ന സിപിഎം നേതാവായ കാരാട്ട് ഇതുവരെ ഒരുവാക്ക് പറഞ്ഞിട്ടില്ല. പൗരത്വസമരം, കർഷക പ്രക്ഷോഭം, ഷഹീൻ ബാഗ് സമരം തുടങ്ങിയ സമരവേദികളിലൊന്നും കാരാട്ടിനെ കണ്ടിട്ടില്ല. കേരളത്തിന് പുറത്ത് കോൺഗ്രസുമായി സഖ്യം ചേരാനുള്ള സിപിഎം തീരുമാനവും കാരാട്ടിനെ ചൊടിപ്പിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP