Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുഞ്ഞാലിക്കുട്ടിയുടെ അടുപ്പക്കാരൻ ലീഗ് മുഖപത്രത്തിന്റെ ഫിനാൻസ് ഡയറക്ടറായി ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റിലും ഇടം നേടി; ചുമതലയേറ്റതു മുതൽ ശുദ്ധികലശം തുടങ്ങിയ ഫിനാൻസ് ഡയറക്ടർക്ക് പക്ഷേ തൊട്ടതെല്ലാം പിഴച്ചു; പത്രം നന്നാക്കാൻ പിരിച്ച കോടികൾ എത്തിയില്ലെന്ന് ആക്ഷേപം; മൂന്നു മാസമായി ജീവനക്കാർക്ക് ശമ്പളവുമില്ല; കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ചന്ദ്രിക ദിനപത്രം അടച്ചുപൂട്ടൽ ഭീതിയിൽ; എല്ലാ ശരിയാക്കുമെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടിക്കെതിരെ ലീഗിൽ പടയൊരുക്കം

കുഞ്ഞാലിക്കുട്ടിയുടെ അടുപ്പക്കാരൻ ലീഗ് മുഖപത്രത്തിന്റെ ഫിനാൻസ് ഡയറക്ടറായി ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റിലും ഇടം നേടി; ചുമതലയേറ്റതു മുതൽ ശുദ്ധികലശം തുടങ്ങിയ ഫിനാൻസ് ഡയറക്ടർക്ക് പക്ഷേ തൊട്ടതെല്ലാം പിഴച്ചു; പത്രം നന്നാക്കാൻ പിരിച്ച കോടികൾ എത്തിയില്ലെന്ന് ആക്ഷേപം; മൂന്നു മാസമായി ജീവനക്കാർക്ക് ശമ്പളവുമില്ല; കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ചന്ദ്രിക ദിനപത്രം അടച്ചുപൂട്ടൽ ഭീതിയിൽ; എല്ലാ ശരിയാക്കുമെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടിക്കെതിരെ ലീഗിൽ പടയൊരുക്കം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോൺഗ്രസ് മുഖപത്രമായ വീക്ഷണത്തിനു സമാനമായ അവസ്ഥയിലേക്ക് മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയും മൂക്കുകുത്തുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടു വീക്ഷണം മുങ്ങിത്താണുകൊണ്ടിരിക്കെ അതിലും കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ കഥയാണ് ലീഗ് മുഖപത്രത്തിൽ നിന്നും വരുന്നത്. ലീഗ് മുഖപത്രമായ ചന്ദ്രിക അടച്ചു പൂട്ടേണ്ടുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. വീക്ഷണത്തിന്റ തകർച്ചയ്ക്ക് കാരണക്കാരായി കോൺഗ്രസ് നേതൃത്വത്തിനു നേർക്ക് വീക്ഷണം ജീവനക്കാർ വിരൽ ചൂണ്ടുമ്പോൾ സമാനമായി ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയുടെ നേർക്കാണ് ചന്ദ്രിക ജീവനക്കാർ വിരൽ ചൂണ്ടുന്നത്. ചന്ദ്രിക തകർച്ചയിലേക്ക് നീങ്ങുമ്പോൾ ചന്ദ്രികയുടെ പിന്നിൽ നിന്ന് പത്രത്തെ നിയന്ത്രിക്കുന്ന ലീഗ് നേതാവും എംപിയുമായ പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെയും പാർട്ടിയിൽ ശക്തമായ ഒപ്പം പടയൊരുക്കം നടക്കുന്നുണ്ട്. മുന്നാക്ക സമുദായ സംവരണ ബിൽ അവതരണ വേളയിൽ ലോക്സഭയിൽ ഹാജരാകാതെ മുങ്ങി നടന്നെന്ന ആരോപണത്തിന് പിന്നാലെ കുഞ്ഞാലിക്കുട്ടിക്ക് വിനയാകുന്നത് ചന്ദ്രിക പത്രത്തിനെന്നും പറഞ്ഞ് പിരിച്ച കോടികളുടെ തിരിമറിയാണ്.

ലീഗിലെ മുടിചൂടാമന്നനായ കുഞ്ഞാലിക്കുട്ടിയാണ് കഴിഞ്ഞ കുറേ വർഷങ്ങളായി മുഖപത്രത്തിന്റെ നിയന്ത്രകൻ. പത്രം പ്രതിസന്ധിയിലാകുമ്പോൾ അദ്ദേഹം താൽപര്യമെടുത്ത് സാമ്പത്തിക സമാഹരണം നടത്താറാണ് പതിവ്. മറ്റാരും പത്രത്തിന്റെ കാര്യത്തിൽ ശ്രദ്ധ പുലർത്താറില്ല. ഇടക്കാലത്ത് പി.വി.അബ്ദുൾ വഹാബ് ചന്ദ്രിക ഡയറക്ടർ ബോഡിന്റെ തലപ്പത്ത് വന്നെങ്കിലും അധികകാലം വാണില്ല. കോഴിക്കോട്ടെ കണ്ണായ സ്ഥലത്ത് 56 സെന്റിൽ പരന്നു കിടക്കുന്ന സ്ഥലത്തെ ലക്ഷ്യമാക്കിയാണ് വഹാബ് ചന്ദ്രികയുടെ തലപ്പത്ത് വന്നതെന്ന ആരോപണം കുഞ്ഞാലിക്കുട്ടിപക്ഷം അന്ന് ഉന്നയിച്ചിരുന്നു. അതോടെ വഹാബ് പിൻവലിഞ്ഞു. എങ്കിലും ഡയറക്ടർ എന്ന നിലയിൽ ഇപ്പോഴും ഉണ്ട്. കുഞ്ഞാലിക്കുട്ടിയുടെ അപ്രമാദിത്വത്തെ ചോദ്യം ചെയ്യാൻ ആരും തയ്യാറാവാത്തത് കാരണം അദ്ദേഹത്തിന്റെ ഇച്ഛാനുസരണം കാര്യങ്ങൾ മുന്നോട്ടു പോയി.

ഇതിന്റെ ഭാഗമായാണ് കുഞ്ഞാലിക്കുട്ടിയുടെ അടുപ്പക്കാരൻ ഷമീർ ചന്ദ്രികയുടെ ഫിനാൻസ് ഡയറക്ടറായി ചുമതലയേറ്റത്. മാത്രമല്ല അതോടെ ഷമീർ ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റിലും ഇടം നേടി. ചുമതലയേറ്റ മുതൽ ചന്ദ്രികയിൽ ശുദ്ധികലശം തുടങ്ങിയ ഫിനാൻസ് ഡയറക്ടർക്ക് പക്ഷേ തൊട്ടതെല്ലാം പിഴയായി. പത്ര മാനേജ്മെന്റിന്റെ എബിസിഡി അറിയാത്ത ഇയാൾക്കെതിരെ ജീവനക്കാർ നിലകൊണ്ടു.. ചന്ദ്രിക കൂടുതൽ കൂടുതൽ പ്രതിസന്ധിയിലായി. കോടികളുടെ കടബാധ്യതയിൽപ്പെട്ട് പത്രം പൂട്ടുമെന്ന അവസ്ഥയിലായി. എന്നിട്ടും ലീഗ് നേതൃത്വം ഇടപെട്ടില്ല. കുഞ്ഞാലിക്കുട്ടിയായതിനാൽ എല്ലാവരും നിശബ്ദത പാലിക്കുകയായിരുന്നു.

ചന്ദ്രികയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചു

ജീവനക്കാരുടെ പിഎഫ് തുക രണ്ട് വർഷമായി അടക്കാത്തതു കാരണം പി എഫ് അധികൃതർ ചന്ദ്രികയുടെ ബാങ്ക് അക്കൗണ്ടുകൾ മുഴുവനും മരവിപ്പിച്ചു. ഒന്നരകോടിയിലധികം രൂപയാണ് അടയ്ക്കേണ്ടത്. എന്നാലത് പിഴപ്പലിശയടക്കം ഇപ്പോൾ രണ്ടര കോടിയിലധികമായി. ഫിനാൻസ് ഡയറക്ടറുടെ പിടിപ്പുകേടാണ് ഇതിന് കാരണമെന്ന് തൊഴിലാളികൾ ആരോപിക്കുന്നു. നോട്ടു നിരോധന കാലത്ത് ചന്ദ്രികയുടെ അക്കൗണ്ടിൽ പതിനൊന്ന് കോടി നിക്ഷേപിച്ചത് കാരണം മൂന്ന് കോടി ആദായനികുതി വകുപ്പിന് പെനാൽറ്റിയിനത്തിൽ നൽകിയതായും അറിയുന്നു. തൊഴിലാളികൾക്ക് ശമ്പളം കൊടുക്കാതെ നട്ടം തിരിയുന്ന ഒരു സ്ഥാപനത്തിന്റെ അക്കൗണ്ടിൽ പൊട്ടുന്നനെ കോടികൾ കുമിഞ്ഞതും പിന്നീട് പിൻവലിക്കപ്പെട്ടതും എങ്ങനെയെന്ന ചോദ്യത്തിനും ഉത്തരമില്ല. പി എഫ്തുക അടയ്ക്കാത്തതിനാൽ ചന്ദ്രികയുടെ സ്വത്ത് കണ്ടു കെട്ടാനും എംഡിയായ പാണക്കാട് തങ്ങൾക്കെതിരെ അറസ്റ്റ് വാറണ്ടയക്കാനും പി എഫ് അധികൃതർ നീക്കം ആരംഭിച്ചിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്. തങ്ങൾ അറസ്റ്റ് ചെയ്യപ്പെടുന്ന അവസ്ഥയുടെ നാണക്കേടിൽ നിന്ന് തലയൂരി രക്ഷപ്പെടാനുള്ള നീക്കവും നടക്കുന്നുണ്ട്.

ശമ്പളം മുടങ്ങിയിട്ട് മാസം മൂന്നാകുന്നു

ചന്ദ്രികയിൽ ശമ്പളം കിട്ടാതായിട്ട് മൂന്ന് മാസം തികയാൻ പോകുകയാണ്. തിരുവനന്തപുരം യൂണിറ്റിൽ 5 മാസമായി ശമ്പളമില്ല. ഫിനാൻസ് ഡയറക്ടറെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാർ രണ്ട് വർഷമായി വിവിധ സമരങ്ങൾ ചെയ്തെങ്കിലും നിരാശയായിരുന്നു ഫലം. ലീഗ് നേതൃത്വത്തിന്റെ ശ്രദ്ധയിൽ വിഷയം കൊണ്ടുവന്നെങ്കിലും അവർ നിസ്സഹായത പറഞ്ഞു. ഇതോടെ ജീവനക്കാർ റിലേ നിരാഹാരമടക്കം സമരം ചെയ്യാൻ പോവുകയാണ്. പത്രത്തിൽ നിന്നും ഈയിടെ പിരിഞ്ഞു പോയ പത്ത് ജീവനക്കാരുടെയും ഗ്രാറ്റിവിറ്റി ആനുകൂല്യങ്ങൾ ഇതുവരെ നൽകിയിട്ടില്ല. നിരന്തരം ആവശ്യപ്പെട്ടിട്ടും അനക്കമില്ലാതായതോടെയാണ് അവർ ചന്ദ്രികയ്ക്ക് മുന്നിൽ സമരപ്പന്തലുയർത്തിയത്. എന്നാൽ ലീഗിലെ ഉന്നതർ ഇടപെട്ട് അവരെ അനുനയിപ്പിച്ച് പന്തൽ പൊളിപ്പിച്ചു.അതിന് ശേഷം ഓരോരുത്തർക്കും ഗ്രാറ്റിവിറ്റി തുകയുടെ ചെക്ക് നൽകി. പക്ഷേ ചെക്ക് വണ്ടിച്ചെക്കായി. കബളിപ്പിക്കപ്പെട്ട ചിലർ കേസ് കൊടുത്തിട്ടുണ്ട്. ഇത്രയൊക്കെയായിട്ടും കുഞ്ഞാലിക്കുട്ടിക്കും ആശ്രിതൻ ഷമീറിനും കുലുക്കമില്ലെന്നാണ് അറിവ്.

കുഞ്ഞാലിക്കുട്ടിയുടെ ബിസിനസ്സ് കണക്കുകൾ കൈകാര്യം ചെയ്യുന്ന ഷമീറിനെ ചന്ദ്രികയുടെ ഫിനാൻസ് ഡയറക്ടറായി വാഴിച്ച കുഞ്ഞാലിക്കുട്ടി അദ്ദേഹത്തെ ലീഗിന്റെ സംസ്ഥാന എക്സിക്യുട്ടീവിലേക്ക് കൈപിടിച്ചുയർത്തിയതിനു പിന്നിലും ഒരു ഹിഡൻ അജണ്ടയുണ്ട് എന്നാണ് ചന്ദ്രികയിലെ ജീവനക്കാരുടെ അഭിപ്രായം. ഷമീർ വന്നതുമുതലാണ് ചന്ദ്രികയിലെ സാമ്പത്തിക പ്രതിസന്ധികൾ രൂക്ഷമായത്. നഷ്ടക്കണക്ക് പെരുപ്പിച്ചു കാട്ടി അത് ലീഗ് നേതാക്കളെ വിശ്വസിപ്പിച്ച് ചന്ദ്രികയുടെ സ്ഥലവിൽപനയാണ് ഇവർ ലക്ഷ്യം വെയ്ക്കുന്നതെന്നും തൊഴിലാളികൾ ആരോപിക്കുന്നു. കോഴിക്കോട് നഗരത്തിലെ കണ്ണായ സ്ഥലം വിറ്റാൽ കോടികളാണ് ലഭിക്കുക.ഈ സ്ഥലം വിൽക്കുന്നതിനും കൈക്കലാക്കുന്നതിനും ചില ലോബികൾ വർഷങ്ങളായി ശ്രമിച്ചു വരികയാണ്. എന്നാൽ ജീവനക്കാരുടെ കടുത്ത എതിർപ്പാണ് ഭൂമി വിൽപ്പനയ്ക്ക് ഇതുവരെ തടസ്സമായത്.

ജീവനക്കാരുടെ പിഎഫ് സംഖ്യ അടയക്കാതായിട്ട് രണ്ട് വർഷമായി. മൂന്നരക്കോടി രൂപയാണ് പെനാൽറ്റിത്തുകയടക്കം പി എഫിൽ നൽകേണ്ടത്. തൊഴിലാളികൾ ആവർത്തിച്ചാവശ്യപ്പെട്ടിട്ടും അത് അടക്കുന്നതിൽ ഫിനാൻസ് ഡയറക്ടർ ഒരു നടപടിയും എടുത്തില്ല. സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറ്റേണ്ട സന്ദർഭത്തിൽ രണ്ട് കോടിയുടെ പെനാൽറ്റി അധിക ബാധ്യതയാക്കുകയായിരുന്നു. ഫിനാൻസ് ഡയറക്ടറെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാർ പ്രക്ഷോഭ പാതയിൽ അണിനിരന്നിട്ട് മാസങ്ങളായി. ചന്ദ്രികയ്ക്കായി പലരിൽ നിന്നും കോടികൾ വാങ്ങിയിട്ടുണ്ട്. എന്നാൽ അതൊന്നും ചന്ദ്രികയിൽ എത്തിയിട്ടില്ല. ജീവനക്കാരുടെ ക്ഷേമത്തിനായോ സ്ഥാപനത്തിന്റെ തുക വിനിയോഗിച്ചിട്ടില്ല. പിന്നെ അവ ആവിയായിപ്പോയോ എന്നാണ് ജീവനക്കാർ ചോദിക്കുന്നത്. ചില ഡയറക്ടർമാരിൽ നിന്നും ബിസ്സിനസ്സുകാരിൽ നിന്നുമാണ് കോടികൾ വാങ്ങിയത്.പി എഫ്, ഗ്രാറ്റ്‌വിറ്റി ഇനങ്ങളിൽ അഞ്ച് പൈസ പോലും കൊടുത്തിട്ടില്ല. സൗദിയടക്കം പല യൂണിറ്റും പൂട്ടിക്കഴിഞ്ഞു. കോട്ടയം യൂണിറ്റും പൂട്ടി. അഞ്ചു മാസമായി ശമ്പളം നൽകാത്ത തലസ്ഥാന നഗരിയായ തിരുവനന്തപുരം യൂണിറ്റും അടച്ചുപൂട്ടൽ ഭീഷണിയിലാണ്. അവിടെ ഉണ്ടായിരുന്ന ' ജീവനക്കാർ പലരും മറ്റു താവളങ്ങൾ തേടിപ്പോയിക്കഴിഞ്ഞു.

ആഴ്ചപ്പതിപ്പിന്റെ നിലയും പരുങ്ങലിൽ

എഴുത്തുകാർക്ക് പ്രതിഫലക്കുടിശ്ശിക ലക്ഷങ്ങൾ ആയപ്പോഴാണ് എഡിറ്ററായിരുന്ന ശിഹാബുദ്ധീൻ പൊയ്ത്തുംകടവ് രാജിവെച്ചു പോയത്. മാസങ്ങൾക്കു ശേഷം പി സുരേന്ദ്രൻ പകരക്കാരനായെത്തി. മുസ്ലിം ലീഗിന്റെ വേദികളിൽ സജീവസാന്നിധ്യം വഹിക്കുകയും ലീഗ് നേതാക്കളുമായി അടുപ്പമുള്ളയാളുമാണ് പി.സുരേന്ദ്രൻ. ആഴ്ചപ്പതിപ്പിന്റെ സാരഥ്യം ഏറ്റെടുത്ത് മാസങ്ങൾ തികയുന്നതിനുള്ളിൽ കാര്യങ്ങൾ പന്തിയല്ലെന്ന് മനസ്സിലാക്കിയ സുരേന്ദ്രനും രാജിവെച്ചൊഴിഞ്ഞു. എഴുത്തുകാർക്ക് കാശ് നൽകാതെ ആഴ്ചപ്പതിപ്പ് നിലനിർത്താനാവില്ലെന്ന് മനസ്സിലായിട്ടും ഫിനാൻസ് ഡയറക്ടർക്ക് യാതൊരു കുലുക്കവുമില്ല. കുഞ്ഞാലിക്കുട്ടിക്കെതിരെ കഴിഞ്ഞ രണ്ട് മൂന്ന് വർഷമായി ഗ്രൂപ്പ് നീക്കം സജീവമാണ്.ഇ.ടി.മുഹമ്മദ് ബഷീർ, കെ പി എ മജീദ്, എം.കെ.മുനീർ, വഹാബ് എന്നിവരുടെ നേതൃത്വത്തിലാണ് കരുനീക്കം നടത്തുന്നത്.പാർട്ടി മുഖപത്രം കൈയിൽ വെച്ച് അതിന്റെ മറവിൽ പണപ്പിരിവ് നടത്തുന്ന നീക്കത്തെക്കുറിച്ച് ലീഗണികളിൽ വിവരമെത്തിക്കുന്ന തന്ത്രമാണ് സ്വീകരിക്കുന്നത്. മുന്നാക്ക സംവരണ ബില്ലിന്റെ വോട്ടെടുപ്പ് വേളയിൽ ലോകസഭയിൽ ഹാജരാകാതിരുന്ന കുഞ്ഞാലിക്കുട്ടിക്കെതിരെ അണ പൊട്ടിയ രോഷത്തെ ചന്ദ്രികയുമായി ഇണക്കിച്ചേർത്താൽ അത് തങ്ങളുടെ ലക്ഷ്യം പൂർത്തീകരിക്കും എന്നാണ് കുഞ്ഞാലിക്കുട്ടി വിരുദ്ധ നേതൃത്വത്തിലെ ഒരു പ്രധാനി വ്യക്തമാക്കിയത്.

ആരോപണങ്ങളിലെ വില്ലൻ പ്രിന്റിങ്ങ് പ്രസ്സും

ചന്ദ്രിക കോഴിക്കോട് യൂണിറ്റിൽ പുതിയ കളർ ഓഫ്സെറ്റ് പ്രസ് വാങ്ങുന്നതിന് വർഷങ്ങൾക്ക് മുമ്പ് ഡയറക്ടർ ബോർഡ് യോഗം ചേർന്ന് തീരുമാനിച്ചതാണ്. അതിന് 4 കോടി രൂപ മാറ്റിവെച്ചിരുന്നു. പക്ഷേ ആ തുക എങ്ങോ കൈമറിഞ്ഞു. കോഴിക്കോട്ടെ പഴകിയ പ്രസ് മാറ്റണമെന്ന മുറവിളി അന്തരീക്ഷത്തിൽ ഏറെക്കാലമായി മുഴങ്ങിക്കേട്ടതല്ലാതെ ഒരു നടപടിയും ഉണ്ടായില്ല. എന്നാൽ ഏതാനും മാസങ്ങൾക്കുള്ളിൽ പഴയ പ്രസ്സ് പൊളിച്ചു മാറ്റി. പ്രത്രമച്ചടി മലപ്പുറത്താക്കി. പിന്നീട് ഉത്തർപ്രദേശിൽ നിന്നും ഒരു സെക്കനന്റ് പ്രസ്സ് എത്തി. പഴയ ബെയറിങ് മാറ്റി പുതുതായി പെയിന്റടിച്ച് എവിടെയോ ഓടിത്തേഞ്ഞ 'പുതിയ' പ്രസ്സ്. പുറത്തെ പ്രചാരണമാകട്ടെ പുതിയ പ്രസ്സ് എന്നും. 38 ലക്ഷം രൂപയ്ക്കാണിതുകൊണ്ടുവന്ന് സ്ഥാപിച്ചത്. വലിയ നിലവാരമൊന്നുമില്ലാത്ത ഈ പുത്തനെക്കൊണ്ട് തോറ്റിരിക്കുകയാണ് കോഴിക്കോട്ടുകാർ. പാർട്ടി ആസ്ഥാനത്തെ പ്രസ്സ് പോലും നവീകരിക്കാൻ കഴിയാത്തതിന് പിന്നിലും കുറ്റക്കാരൻ കുഞ്ഞാലിക്കുട്ടി തന്നെയാണെന്നാണ് ലീഗ് ശുദ്ധീകരണ വാദക്കാരുടെ പക്ഷം. മലപ്പുറത്തും എറണാകുളത്തും ലാഭകരമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ കോഴിക്കോട്ടെ മദർ യൂണിറ്റ് മാത്രമെന്തിങ്ങനെ എന്ന ചോദ്യത്തിന് ഉത്തരം വേണമെന്നാണ് ലീഗിലെ കലാപകാരികളുടെ ആവശ്യം. കുഞ്ഞലിക്കുട്ടിയുടെ കണക്കെഴുത്തുകാരൻ ഫിനാൻസ് ഡയറക്ടറുടെ ലാഭക്കണ്ണ് ഈയിടെ ദുബായ് ചന്ദ്രികയുടെ മുകളിലാണ് പതിയുന്നത്. എളേറ്റിൽ ഇബ്രാഹിമെന്ന ചുമതലക്കാരനെ മാറ്റി സ്വന്തക്കാരെ വെച്ച് കാശു വാരാൻ തന്ത്രമാവിഷ്‌കരിക്കുന്നതിന്റെ തിരക്കിലാണ് ഫിനാൻസ് ഡയറക്ടർ. ഇത് പക്ഷേ ജീവനക്കാർ തിരിച്ചറിഞ്ഞു. ഗൾഫിൽ നിന്നും മാസാമാസം ചെറിയ തുക പീരിയോ ഡിക്കൽസ് വിഭാഗത്തിന് നേരത്തെ കിട്ടിക്കൊണ്ടിരുന്നതാണ്. എന്നാൽ ഷമീർ വന്നതോടെ അത് നിന്നു. ആ കാശ് വകമാറ്റി ചെലവഴിച്ചത് ആനുകാലികങ്ങളുടെ പ്രയാണത്തിന് വിലങ്ങായി നിന്നു. ഇക്കാരണത്താലാണ് ആഴ്ചപ്പതിപ്പിന്റെ നില പരുങ്ങലിലായത്.

പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡണ്ടാണ് ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്റർ കമാൽ വരദൂർ. പക്ഷേ അദ്ദേഹം ചന്ദ്രികയിലെ തൊഴിൽ പ്രശ്നങ്ങളിൽ ഒരിക്കലും ഇടപെടാറില്ലെന്ന ആക്ഷേപവും ജീവനക്കാർക്കുണ്ട്. ശമ്പളം പോലും തുടർച്ചയായി മുടങ്ങുന്ന അവസ്ഥ വന്നിട്ട് വർഷങ്ങളായി. എന്നാൽ കമാൽ യൂണിയൻ നേതാക്കളെ സമരപാതയിൽ അണിനിരത്തുന്ന കാര്യത്തിൽ വിമുഖനാണ്. ലീഗ് നേതൃത്വവുമായി അടുത്തിടപഴകുന്ന ഈ നേതാവ് പക്ഷേ സ്വന്തം കാര്യത്തിനാണ് മുന്തിയ പരിഗണന നൽകാറെന്നാണ് ജീവനക്കാരുടെ അഭപ്രായം. കമാലിന്റെ ലക്ഷ്യം അടുത്ത ഖത്തർ ലോകകപ്പും ഒളിമ്പിക്സുമാണ് പോലും. അതിന് ലീഗ് നേതൃത്വവുമായി ചേർന്ന് സ്പോൺസർമാരെ കണ്ടെത്താൻ അന്വേഷണത്തിലാണ്പോലും പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡണ്ട്. സമരത്തിലണിനിരക്കുന്നവരെ പദവി നൽകി പാട്ടിലാക്കുന്ന മാനേജ്മെന്റ് തന്ത്രം നടപ്പാക്കലാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യമെന്നാണ് വിമർശനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP