Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമ്പിളിമാമനിൽ കാലം കാത്തുവെച്ചിരിക്കുന്ന അത്ഭുതങ്ങൾ തേടി ചാന്ദ്രയാൻ രണ്ട് കുതിക്കുന്നത് പുതിയ ലക്ഷ്യങ്ങൾ തേടി; സെപ്റ്റംബർ ഏഴിന് ചന്ദ്രനിലിറങ്ങുന്ന പേടകം നടത്തുക ചന്ദ്രനിലെ മണ്ണിന്റെയും പാറയുടെയും തത്സമയ രസതന്ത്രപഠനം; ഇന്നലെ ഭൂമിയുടെ ഭ്രമണപഥം വിട്ട ചാന്ദ്രയാൻ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുക 20ന്

അമ്പിളിമാമനിൽ കാലം കാത്തുവെച്ചിരിക്കുന്ന അത്ഭുതങ്ങൾ തേടി ചാന്ദ്രയാൻ രണ്ട് കുതിക്കുന്നത് പുതിയ ലക്ഷ്യങ്ങൾ തേടി; സെപ്റ്റംബർ ഏഴിന് ചന്ദ്രനിലിറങ്ങുന്ന പേടകം നടത്തുക ചന്ദ്രനിലെ മണ്ണിന്റെയും പാറയുടെയും തത്സമയ രസതന്ത്രപഠനം; ഇന്നലെ ഭൂമിയുടെ ഭ്രമണപഥം വിട്ട ചാന്ദ്രയാൻ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുക 20ന്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മനുഷ്യൻ മാനം കാണാൻ തുടങ്ങിയ കാലം മുതൽ അമ്പിളിമാമനോട് ചോദിക്കുന്ന ചോദ്യമാണ് മാനത്തെ കുമ്പിളിൽ എന്താണ് കാത്തുവച്ചിരിക്കുന്നതെന്ന്. മനുഷ്യന്റെ പാട്ടിലും പ്രണയത്തിലും പ്രതീക്ഷകളിലും വെളുത്തവാവിലെ ചന്ദ്രിക എന്നും ഉദിച്ച് നിന്നു. ഇന്നലെ പുലർച്ചെ ചന്ദ്രയാൻ രണ്ട് ഭൂമിയുടെ ഭ്രമണപഥം വിട്ടതോടെ മനുഷ്യരുടെ പ്രതീക്ഷകൾ മാനം മുട്ടുകയാണ്. ഇന്നലെ പുലർച്ചെ 2.21നു പേടകത്തിലെ ലിക്വിഡ് എൻജിൻ 20 മിനിറ്റ് ജ്വലിപ്പിച്ചാണ് കുതിപ്പ് തുടങ്ങിയത്. ഭൂമിയിൽ നിന്ന് 276 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലെത്തിയപ്പോഴാണ് ഇന്ധനം ജ്വലിപ്പിച്ചത്. 3.84 ലക്ഷം കിലോമീറ്റർ സഞ്ചരിച്ച് 20ന് ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കും.

സെപ്റ്റംബർ 7 ന് ആണ് ചന്ദ്രയാൻ 2 ചന്ദ്രനിൽ ഇറങ്ങുക. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ലാൻഡിങ് എന്ന പ്രത്യേകതയും ചന്ദ്രയാൻ 2 ദൗത്യത്തിനുണ്ട്. ജൂലായ് 22 ന് ആയിരുന്നു ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയിൽ നിന്ന് ചന്ദ്രയാന് 2 വിക്ഷേപിച്ചത്. ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയശേഷം 4 ഘട്ടമായി ഭ്രമണപഥം താഴ്‌ത്തും. ചന്ദ്രോപരിതലത്തിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലെത്തിയ ശേഷം സെപ്റ്റംബർ 2ന് പേടകത്തിൽ നിന്ന് വിക്രം എന്നു പേരുള്ള ലാൻഡർ വേർപെടും. ലാൻഡറിന്റെ വേഗം രണ്ടുഘട്ടമായി കുറച്ച് 7ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പൂർണ നിയന്ത്രണത്തോടെ ഇറങ്ങും.

ബെംഗളൂരുവിലെ ഐഎസ്ആർഒയുടെ മിഷൻ ഓപ്പറേഷൻ കോംപ്ലക്‌സിൽ ചെയർമാൻ ഡോ.കെ.ശിവൻ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലാണ് ഇന്നലെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കുള്ള ഉയർത്തൽ വിജയകരമായി പൂർത്തിയാക്കിയത്. പേടകത്തിന്റെ പ്രവർത്തനം പൂർണമായും സുഗമമാണെന്ന് ഐഎസ്ആർഒ അറിയിച്ചു. ഓർബിറ്റർ, ലാൻഡർ, റോവർ എന്നിവയടങ്ങുന്നതാണ് പേടകം. സാരാഭായിയുടെ ഓർമയ്ക്കായി ലാൻഡറിന് 'വിക്രം' എന്നാണ് പേരിട്ടത്. ഇതുവരെ കാര്യങ്ങളെല്ലാം നിശ്ചയിച്ചപോലെ നീങ്ങിയിട്ടുണ്ടെന്നും ഐ.എസ്.ആർ.ഒ. ചെയർമാൻ വ്യക്തമാക്കി. ചെറിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്ന ഒരു പദ്ധതി ഡിസംബറിൽ ഏറ്റെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

എന്തിനാണ് ചന്ദ്രയാൻ 2

ഐഎസ്ആർഒയുടെ ചരിത്രത്തിലെ ഏറ്റവും സങ്കീർണമായ ദൗത്യമായാണ് ചന്ദ്രയാൻ-2 വിക്ഷേപണം അറിയപ്പെടുന്നത്. 3.8 ടണ്ണാണ് പേടകത്തിന്റെ ഭാരം. ദൗത്യം വിജയിച്ചാൽ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പര്യവേക്ഷണപേടകമിറക്കുന്ന ആദ്യരാജ്യമാകും ഇന്ത്യ. റോബോട്ടുകൾ കൂടി ഉൾപ്പെടുന്ന ഈ ദൗത്യത്തിന്റെ ചെലവ് 978 കോടി രൂപയാണ്. ചാന്ദ്രപേടകവും ലാന്ററും റോവറും അടങ്ങുന്ന ചന്ദ്രയാൻ-2 ജി.എസ്.എൽ.വി. മാർക്ക് III വിക്ഷേപണ വാഹനം ഉപയോഗിച്ചാണ് വിക്ഷേപിച്ചിട്ടുള്ളത്. ചക്രങ്ങൾ ഘടിപ്പിച്ച റോവർ ചന്ദ്രോപരിതലത്തിലെ പാറയുടേയും മണ്ണിന്റേയും തത്സമയ രസതന്ത്രപഠനത്തിന് സഹായിക്കുന്നു. ഈ വിവരങ്ങൾ ചന്ദ്രയാൻ-2 പേടകത്തിന്റെ സഹായത്തോടെ ഭൂമിയിലേയ്ക്ക് അയക്കും. കഴിഞ്ഞ മെയ് മാസത്തിലാണ് വിക്ഷേപണം നടത്താൻ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ ഇസ്രയേലിന്റെ പര്യവേക്ഷണമായ ഫാൽകൺ ദൗത്യം ചന്ദ്രനിൽ ഇടിച്ചിറങ്ങി പരാജയപ്പെട്ടിരുന്നു. ഈ പരാജയം വിലയിരുത്തി കൂടുതൽ പരീക്ഷണങ്ങളും പ്രതിസന്ധി നേരിടാനുള്ള മാർഗങ്ങളും പഠിച്ചതിന് ശേഷമാണ് ചന്ദ്രയാൻ-2 ദൗത്യത്തെ വിക്ഷേപിക്കാനൊരുങ്ങുന്നത്.

ഊർജ്ജമായി ഒന്നിന്റെ വിജയം

2008 ഒക്ടോബർ 22 നാണ് ചാന്ദ്രയാൻ ഒന്ന് ദൗത്യം ഇന്ത്യ വിക്ഷേപിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും വിജയകരമായ ചാന്ദ്രദൗത്യങ്ങളിൽ ഒന്നായാണ് ചന്ദ്രയാൻ-1 വിലയിരുത്തപ്പെടുന്നത്. ചന്ദ്രനിലെ ജലസാന്നിധ്യം വ്യക്തമായി തെളിയിച്ചത് ചന്ദ്രയാൻ 1 നടത്തിയ നിരീക്ഷണത്തിലാണ്. 2009 ഓഗസ്റ്റ് 29ന് ഐഎസ്ആർഒയ്ക്ക് പേടകവുമായുള്ള ബന്ധം നഷ്ടമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP