Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202425Saturday

വെള്ളത്തിന്റെ സാന്നിധ്യമുൾപ്പെടെ പഠിക്കാൻ ഒരു ചാന്ദ്രദിനം; അതായത് ഭൂമിയിലെ 14 ദിവസം റോവറിന് ലഭിക്കും; എല്ലാം പെർഫെക്ട്... ധ്രുവരഹസ്യങ്ങൾ തേടി ചന്ദ്രയാൻ 3 ബുധൻ വൈകിട്ട് 6.04ന് സോഫ്റ്റ്ലാൻഡിങിന്; പ്രതിസന്ധിയുണ്ടായാൽ പ്ലാൻ ബിയും റെഡി; ജ്വലനം മുതലുള്ള 20 മിനിറ്റ് നിർണ്ണായകം; ഇന്ത്യ ശാസ്ത്ര നേട്ടത്തിന് തൊട്ടരികെ

വെള്ളത്തിന്റെ സാന്നിധ്യമുൾപ്പെടെ പഠിക്കാൻ ഒരു ചാന്ദ്രദിനം; അതായത് ഭൂമിയിലെ 14 ദിവസം റോവറിന് ലഭിക്കും; എല്ലാം പെർഫെക്ട്... ധ്രുവരഹസ്യങ്ങൾ തേടി ചന്ദ്രയാൻ 3 ബുധൻ വൈകിട്ട് 6.04ന് സോഫ്റ്റ്ലാൻഡിങിന്; പ്രതിസന്ധിയുണ്ടായാൽ പ്ലാൻ ബിയും റെഡി; ജ്വലനം മുതലുള്ള 20 മിനിറ്റ് നിർണ്ണായകം; ഇന്ത്യ ശാസ്ത്ര നേട്ടത്തിന് തൊട്ടരികെ

മറുനാടൻ മലയാളി ബ്യൂറോ

ബംഗ്ലൂരു: എല്ലാം പെർഫെക്ട്... ധ്രുവരഹസ്യങ്ങൾ തേടി ചന്ദ്രയാൻ 3 ബുധൻ വൈകിട്ട് 6.04ന് ചന്ദ്രനിൽ സോഫ്റ്റ്ലാൻഡ് ചെയ്യും. ദക്ഷിണ ധ്രുവത്തിലെ മാൻസിനസ് സി, സിം പെലിയസ് എൻ ഗർത്തങ്ങളുടെ മധ്യേയുള്ള സമതലത്തിലാണ് ലാൻഡിങ്. സോഫ്റ്റ് ലാൻഡിങ്ങിനുള്ള ജ്വലനംമുതലുള്ള 20 മിനിറ്റ് അത്യന്തം 'ഉദ്വേഗജനക'മായിരിക്കും. എന്തും സംഭവിക്കാവുന്ന അവസ്ഥ. പൂർണമായും സ്വയംനിയന്ത്രിത സംവിധാനത്തിലാകും ഈ സമയം പേടകം പ്രവർത്തിക്കുക. ഈ ഘട്ടം വിജയകരമായി പൂർത്തിയാകുമെന്നാണ് ഇന്ത്യൻ ശാസ്ത്ര ലോകത്തിന്റെ പ്രതീക്ഷ.

ഭൂഗുരുത്വാകർഷണത്തിലെ സങ്കീർണതയും ഗൗരവമായി കാണുന്നുണ്ട്. ദൗത്യം വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ് പറഞ്ഞു. സോഫ്റ്റ് ലാൻഡിങ്ങിനുള്ള എല്ലാ ഒരുക്കവും പൂർത്തിയായിട്ടുണ്ട്. ലാൻഡർ, റോവർ എന്നിവയിലെ ഉപകരണങ്ങളും സോഫ്റ്റ്‌വെയർ സംവിധാനങ്ങളുമെല്ലാം സുസജ്ജമാണ്- മലയാളിയായ സോമനാഥ് പറയുന്നു. തീർത്തും ആത്മവിശ്വാസത്തിലാണ് സോമനാഥും സംഘവും.

ഇന്ത്യയുടെ ആഭിമാന ചാന്ദ്രദൗത്യം ചന്ദ്രയാൻ-3 വിജയത്തിന് തൊട്ടരികെയാണ്. ഇന്ന് പേടകം ചന്ദ്രനിലിറങ്ങുന്നതോടെ ബഹിരാകാശ പര്യവേഷണ മേഖലയിൽ ഇന്ത്യ പുതുചരിത്രം കുതിക്കും. റഷ്യയുടെ ചാന്ദ്രദൗത്യമായ ലൂണ 25 തകർന്ന സാഹചര്യത്തിൽ ഇന്ത്യയുടെ ദൗത്യത്തെ ഉറ്റുനോക്കുകയാണ് ലോകം. ഇന്ന് ചന്ദ്രയാൻ 3 ഇറക്കാനായില്ലെങ്കിൽ 'പ്ലാൻ ബി'യും ഐഎസ്ആർഒ തയ്യാറാക്കിയിട്ടുണ്ട്. ലാൻഡർ മൊഡ്യൂളിന്റെ അവസ്ഥയും ചന്ദ്രനിലെ സാഹചര്യവും നോക്കിയാവും ലാൻഡിങ് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക.

ഇന്ന് തീരുമാനിച്ച പദ്ധതി പ്രകാരം വൈകിട്ട് 5.47 മുതൽ ചാന്ദ്രയിറക്കത്തിനുള്ള ജ്വലനം ആരംഭിക്കും. മണിക്കൂറിൽ 3600 കിലോമീറ്റർ വേഗത്തിൽ ചന്ദ്രന്റെ 30 കിലോമീറ്റർ അടുത്തേക്ക് എത്തുമ്പോഴായിരിക്കുമിത്. രണ്ടു ദ്രവ എൻജിൻ 11 മിനിറ്റ് തുടർച്ചയായി ജ്വലിപ്പിച്ചാകും റഫ് ബ്രേക്കിങ് ഘട്ടം പൂർത്തീകരിക്കുക. ഇതോടെ അതിവേഗം നിയന്ത്രണവിധേയമായി പേടകം 6-7 കിലോമീറ്റർ അടുത്തെത്തും. തുടർന്ന് മൂന്നു മിനിറ്റുള്ള ഫൈൻ ബ്രേക്കിങ് ഘട്ടത്തിനൊടുവിൽ ചരിഞ്ഞെത്തുന്ന പേടകത്തെ കുത്തനെയാക്കും. 800 മീറ്റർ മുകളിൽനിന്ന് അവസാനവട്ട നിരീക്ഷണം നടത്തി ലാൻഡർ നിശ്ചിത സ്ഥലത്തേക്ക് സോഫ്റ്റ് ലാൻഡിങ്ങിന് നീങ്ങും.

സെൻസറുകളുടെയും കാമറകളുടെയും സഹായത്താൽ അപകടം തിരിച്ചറിഞ്ഞ് മറ്റൊരു സ്ഥലത്ത് ഇറങ്ങാനുമാകും. പേടകത്തിലേക്ക് അപ്ലോഡ് ചെയ്ത കമാൻഡുകളും മറ്റു മാർഗനിർദേശങ്ങളും അനുസരിച്ചാകും നടപടി ക്രമങ്ങൾ. ലാൻഡിങ്ങിന് നാലു മണിക്കൂർമുമ്പുവരെ അപ്ലോഡിങ് തുടരും. പൊടിപടലം ഉയരുന്നത് പേടകത്തെ ബാധിക്കാതിരിക്കാൻ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ട്. നിലവിൽ ഇന്ന് വൈകിട്ട് 6.04 ന് ലാൻഡിങ് നടത്തുമെന്നാണ് ഐഎസ്ആർഒ അറിയിച്ചിരിക്കുന്നത്. എല്ലാ കണക്കുകൂട്ടലുകളും പിഴച്ചാലും ലാൻഡർ സോഫ്റ്റ്‌ലാൻഡ് ചെയ്യുമെന്ന് ഉറപ്പാണെന്ന് ഐഎസ്ആർഒ വ്യക്തമാക്കുന്നു.

ഏതെങ്കിലും പ്രത്യേക സാഹചര്യത്തിൽ ലാൻഡർ മൊഡ്യൂളിന് എന്തെങ്കിലും സംഭവിച്ചാൽ ലാൻഡിങ് മാറ്റി വെച്ചേക്കും. സാഹചര്യം അനുകൂലമാണെങ്കിൽ മാത്രമാണ് 30 കിലോമീറ്റർ ഉയരത്തിൽ നിന്ന് താഴേക്ക് ഇറക്കുക. മറിച്ചാണെങ്കിൽ ഓഗസ്റ്റ് 27നായിരിക്കും ലാൻഡിങ് നടക്കുക എന്നാണ് ഐഎസ്ആർഒ അറിയിക്കുന്നത്. ഓഗസ്റ്റ് 27 നാണ് ലാൻഡ് ചെയ്യുന്നതെങ്കിൽ ഇപ്പോൾ ഇറങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് നിന്ന് 400- 450 കിലോമീറ്റർ മാറിയാകും ലാൻഡ് ചെയ്യുക. ദൗത്യം പരാജയപ്പെടാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും എടുത്താണ് ചന്ദ്രയാൻ വിക്ഷേപിച്ചതെന്ന് ഐഎസ്ആർഒ പറയുന്നു.

ചന്ദ്രയാൻ രണ്ടിന് സംഭവിച്ച അവസാന നിമിഷത്തിലെ പാളിച്ച ചന്ദ്രയാൻ- 3 ന് സംഭവിക്കാതിരിക്കാൻ വിക്രം ലാൻഡറിന്റെ കാലുകൾക്ക് കൂടുതൽ ശക്തി നൽകിയിട്ടുണ്ട്. പരമാവധി വേഗത കുറച്ചാകും ലാൻഡർ ചന്ദ്രോപരിതലം തൊടുക. വിമാനത്തിന്റെ പത്തിരട്ടി വേഗത്തിൽ സഞ്ചരിക്കുന്ന പേടകത്തെ റഫ് ബ്രേക്കിങ് എന്ന പ്രക്രിയിലൂടെയാണ് വേഗത കുറക്കുക. സെക്കന്റിൽ 1-2 മീറ്റർ വേഗതയിലേക്ക് എത്തിച്ചാണ് പേടകത്തെ ഇറക്കുക. ഈ ഘട്ടത്തിലാണ് ചന്ദ്രയാൻ 2 പരാജയപ്പെട്ടത്. നിലവിൽ 25 കിലോമീറ്റർ വരെ കുറഞ്ഞ ദൂരം വരുന്ന ഏറ്റവും അടുത്ത ഭ്രമണപഥത്തിലാണ് പേടകം ചന്ദ്രനെ വലം വെക്കുന്നത്.

തകർന്നു പോയ ചന്ദ്രയാൻ രണ്ടിന്റെ ഓർബിറ്ററുമായി ചന്ദയാൻ 3 ന് ആശയവിനിമയ ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞെന്ന് ഐഎസ്ആർഒ അറിയിച്ചിരുന്നു. ചന്ദ്രയാൻ 3 ദൗത്യത്തിലെ ലാൻഡർ അയയ്ക്കുന്ന സന്ദേശങ്ങളും പരിശോധനാ ഫലങ്ങളും ഓർബിറ്റർ വഴിയായിരിക്കും കൺട്രോൾ സെന്ററിലെത്തുക. ചന്ദ്രയാൻ 3ന് സ്വന്തമായി ഓർബിറ്ററില്ല.ലാൻഡിങ്ങിന് ശേഷം പ്രഗ്യാൻ റോവർ വേർപെട്ട് ചന്ദ്രോപരിതലത്തിൽ പര്യവേഷണം നടത്തും. അശോകസ്തംഭവും ഇസ്‌റോയുടെ ചിഹ്നവും റോവർ ചന്ദ്രോപരിതലത്തിൽ കോറിയിടും.

വെള്ളത്തിന്റെ സാന്നിധ്യമുൾപ്പെടെ പഠിക്കാൻ ഒരു ചാന്ദ്രദിനം, അതായത് ഭൂമിയിലെ 14 ദിവസമാകും റോവറിന് ലഭിക്കുക. ചന്ദ്രയാൻ രണ്ടിന്റെ ഓർബിറ്റർ വഴിയാകും ലാൻഡറുമായി ആശയവിനിമയം നടത്തുന്നത്. സോഫ്റ്റ്‌ലാൻഡിങ്ങിന്റെ ചരിത്ര നിമിഷങ്ങൾ ലൈവ് സ്ട്രീമിങ് നടത്തുമെന്ന് ഐഎസ്ആർഒ അറിയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP