Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദിശ തെറ്റിയ ചന്ദ്രയാൻ സോഫ്റ്റ് ലാൻഡിങ് മറന്ന് ക്രാഷ് ലാൻഡിങ് നടത്തിയോ? ഉത്തരവുകൾ നൽകാനുള്ള സോഫ്റ്റ് വെയറിൽ അവസാന നിമിഷം പാളിച്ച പറ്റിയോ? ത്രസ്റ്റർ ജ്വലിക്കുന്നതിൽ വീഴ്ച പറ്റിയോ? ചന്ദ്രയാന് പറ്റിയത് ഈ മൂന്ന് വീഴ്ചകളിൽ ഒന്നെന്ന നിഗമനത്തിൽ ശാസ്ത്രലോകം; ക്രാഷ് ലാൻഡിങ് തിയറിയിൽ വിശ്വസിച്ച് നാസയടക്കമുള്ളവർ; 14 ദിവസത്തിനകം ചന്ദ്രയാൻ പുനർജനിക്കുമെന്ന് കഠിനമായി വിശ്വസിച്ച് ഐ എസ് ആർ ഒ ശാസ്ത്രജ്ഞരും

ദിശ തെറ്റിയ ചന്ദ്രയാൻ സോഫ്റ്റ് ലാൻഡിങ് മറന്ന് ക്രാഷ് ലാൻഡിങ് നടത്തിയോ? ഉത്തരവുകൾ നൽകാനുള്ള സോഫ്റ്റ് വെയറിൽ അവസാന നിമിഷം പാളിച്ച പറ്റിയോ? ത്രസ്റ്റർ ജ്വലിക്കുന്നതിൽ വീഴ്ച പറ്റിയോ? ചന്ദ്രയാന് പറ്റിയത് ഈ മൂന്ന് വീഴ്ചകളിൽ ഒന്നെന്ന നിഗമനത്തിൽ ശാസ്ത്രലോകം; ക്രാഷ് ലാൻഡിങ് തിയറിയിൽ വിശ്വസിച്ച് നാസയടക്കമുള്ളവർ; 14 ദിവസത്തിനകം ചന്ദ്രയാൻ പുനർജനിക്കുമെന്ന് കഠിനമായി വിശ്വസിച്ച് ഐ എസ് ആർ ഒ ശാസ്ത്രജ്ഞരും

മറുനാടൻ മലയാളി ബ്യൂറോ

ബംഗളുരു: വിക്രം ലാൻഡറിനെ കണ്ടെത്താനുള്ള പ്രയത്‌നത്തിലാണ് ഐഎസ് ആർഒ. കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. 14 ദിവസത്തേക്കാണ് ഇതിനുള്ള സമയം നീക്കി വച്ചിരിക്കുന്നത്. ചന്ദ്രയാൻ-2 ചന്ദ്രോപരിതലത്തിൽ സുരക്ഷിതമായി ഇറക്കാൻ കഴിയാത്തതിനു പിന്നിലെ ഡേറ്റ പരിശോധിച്ചു വരികയാണെന്ന് ഇസ്‌റോ പറയുമ്പോഴും ചർച്ച ചെയ്യപ്പെടുന്നത് 3 സാധ്യതകളാണ്. ചെറിയ കമ്യൂണിക്കേഷൻ തകരാർ ആയിരുന്നെങ്കിൽ സോഫ്റ്റ് ലാൻഡിങ്ങിനു ശേഷം ആശയ വിനിമയം പുനഃസ്ഥാപിക്കാൻ സാധിക്കുമായിരുന്നു. ഐഎസ്ആർഒ അതിനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്.

ദൗത്യത്തിന്റെ അന്തിമഘട്ടത്തിലുണ്ടായ വീഴ്ചയുടെ കാരണങ്ങളെക്കുറിച്ചു പഠിക്കാൻ പരാജയ വിശകലന സമിതി (എഫ്എസി) ഉടൻ രൂപീകരിക്കും. ഇതുവരെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇസ്‌റോ പ്രാഥമിക വിശകലനം നടത്തും. വിക്രം ലാൻഡറിനെ കണ്ടെത്താൻ 100 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ കറങ്ങുന്ന ചന്ദ്രയാൻ പേടകം (ഓർബിറ്റർ) ഉപയോഗിച്ച് ദക്ഷിണ ധ്രുവത്തിലെ ചിത്രങ്ങൾ പകർത്തും. ഇതുവരെയുള്ള ചാന്ദ്രദൗത്യങ്ങളിലെ ഏറ്റവുമധികം റെസല്യൂഷനുള്ള ക്യാമറയാണ് ചന്ദ്രയാൻ ഓർബിറ്ററിലുള്ളത്. ഈ ചിത്രങ്ങളുപയോഗിച്ച് ഇസ്‌റോയ്ക്കു വിക്രത്തെ കണ്ടെത്താം. അതിന്റെ സ്ഥാനമറിയാം; കേടുപാടുകൾ പറ്റിയിട്ടുണ്ടെങ്കിൽ അതിന്റെ വിവരങ്ങളുമറിയാം. ചന്ദ്രനെ വലംവയ്ക്കുന്ന നാസയുടെ ഓർബിറ്ററിൽ നിന്നുള്ള വിവരങ്ങളും ഉപയോഗപ്പെടുത്തും. ഈ വിവരങ്ങൾ കൂടി ലഭിച്ചശേഷം പരീക്ഷണശാലയിൽ, മാതൃകകൾ ഉപയോഗിച്ചുള്ള സിമുലേഷൻ ടെസ്റ്റ് നടത്തും. പരാജയ സാഹചര്യങ്ങൾ ഇതിനായി പുനഃസൃഷ്ടിക്കും. അതിന്റെ ഫലങ്ങൾ കൂടി വിശകലനം ചെയ്താകും അന്തിമ റിപ്പോർട്ട് തയാറാക്കുന്നത്.

ദിശ തെറ്റിയ ലാൻഡർ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തേണ്ടതിനു പകരം ക്രാഷ് ലാൻഡിങ് നടത്തിയിരിക്കാം. ചന്ദ്രന്റെ 2.1 കിലോമീറ്റർ അടുത്തെത്തിയ ലാൻഡറിനെ കുത്തനെ ഇറക്കാനായി ജ്വലനം നടത്തേണ്ടുന്ന ഘട്ടത്തിലാണ് സിഗ്‌നൽ നിലച്ചത്. ലാൻഡർ ഇടിച്ചിറങ്ങിയതിനു പിന്നാലെ ആശയവിനിമയം സംവിധാനം തകരാറിലായിട്ടുണ്ടാവണം. വീഴ്ചയുടെ ആഘാതത്തിൽ ആന്റിനകൾ തകരാനുള്ള സാധ്യതയും ഏറെയാണ്. ലാൻഡറിലെ പ്രോഗ്രം ചെയ്തുവച്ചിരുന്ന കാര്യങ്ങൾ ശരിയായ വിധത്തിൽ പ്രവർത്തിക്കാതിരിക്കാനും സാധ്യത. ക്രാഷ് ലാൻഡിങ് സംഭവിച്ചുവെന്നാണ് നാസയടക്കമുള്ള ശാസ്ത്ര സ്ഥാപനങ്ങളുടെ വിലയിരുത്തൽ.

ആശയവിനിമയം നിലച്ചതിനു പിന്നിൽ ലാൻഡറിന്റെ മധ്യഭാഗത്തായി സ്ഥാപിച്ചിരിക്കന്ന 800 ന്യൂട്ടൻ ത്രസ്റ്റർ ജ്വലിക്കുന്നതിലെ പാളിച്ചയാകാം. ലാൻഡർ സുരക്ഷിതമായി ഇറക്കാനുള്ള നിർണായക പങ്ക് 800 ന്യൂട്ടന്റെ 5 ത്രസ്റ്റർ എൻജിനുകൾക്കായിരുന്നു. ഇവയാണ് അവസാന15 മിനിറ്റിലെ ഇറക്കം നിയന്ത്രിച്ചത്. ചന്ദ്രനിൽ നിന്നു 30 കിലോമീറ്റർ അകലെ നിന്ന് 7.4 കിലോമീറ്റർ ഉയരത്തിലേക്ക് എത്തിച്ചത് വശങ്ങളിലുള്ള 800 ന്യൂട്ടന്റെ 4 ത്രസ്റ്ററുകളാണ്. തുടർന്ന് മധ്യത്തിലുള്ള 800 ന്യൂട്ടൺ ജ്വലിപ്പിച്ച് ലാൻഡിങ് സാധ്യമാക്കേണ്ടിയിരുന്നത്. 4 ത്രസ്റ്ററുകൾ എതിർദിശയിൽ ജ്വലിപ്പിച്ച് വേഗം കുറയ്ക്കുന്നതിനിടെ ദിശ തെറ്റിയിരിക്കാം. നടുക്കുള്ള ത്രസ്റ്റർ ജ്വലിപ്പിക്കുന്നതിനു മുൻപ് ഇടിച്ചിറങ്ങിയിരിക്കാം. .

സാധാരണ ഭ്രമണപഥം ഉയർത്തലിനു ഉപയോഗിക്കുന്ന 440 ന്യൂട്ടൻ ലാം എൻജിനുകളിൽ നിന്നു വ്യത്യസ്തമായി 800 ന്യൂട്ടൻ ത്രസ്റ്ററുകൾ ഇതാദ്യമായാണ് ഒരു ദൗത്യത്തിൽ ഉപയോഗിക്കുന്നത്. ത്രസ്റ്റ് നിയന്ത്രണവിധേയമായി കുറയ്ക്കാനാകും എന്നതാണ് ഇതിന്റെ പ്രത്യേകത.ജൂലായ് 22-നു വിക്ഷേപിച്ചയന്നുമുതൽ തുടർച്ചയായി 48 ദിവസം പ്രതീക്ഷയ്‌ക്കൊത്താണ് ചന്ദ്രയാൻ-2 മുന്നോട്ടുപോയത്. ഭ്രമണപഥമുയർത്തലും ചാന്ദ്രഭ്രമണപഥത്തിലെത്തിക്കലും ദിശ ക്രമീകരിക്കലും വിജയകരമായി നടത്തി. നാലുലക്ഷം കിലോമീറ്ററോളംതാണ്ടി ശനിയാഴ്ച പുലർച്ചെ 1.38-ന് ചന്ദ്രനിൽനിന്ന് 30 കിലോമീറ്റർ ഉയരത്തിലെത്തിയപ്പോഴാണ് ദക്ഷിണധ്രുവം ലക്ഷ്യമാക്കി 'വിക്രം' എന്നുപേരുള്ള ലാൻഡറിനെ ഇറക്കാനുള്ള നിർദ്ദേശം നൽകിയത്. നാലുഘട്ടങ്ങളിലായി നിയന്ത്രിച്ച് 1.53-ന് ദക്ഷിണധ്രുവത്തിൽ സാവധാനം ഇറക്കുകയായിരുന്നു ലക്ഷ്യം. ആദ്യഘട്ടത്തിൽ 10 മിനിറ്റുകൊണ്ട് മുൻനിശ്ചയിച്ചപ്രകാരം ചന്ദ്രന്റെ 7.4 കിലോമീറ്റർ മുകളിലെത്തിച്ചു. തൊട്ടടുത്തഘട്ടമായിരുന്നു ലാൻഡറിനെ കുത്തനെയിറക്കേണ്ട ഫൈൻ ലാൻഡിങ്. ഈ ശ്രമത്തിനിടെയാണ് പാളീച്ച സംഭവിച്ചത്.

ആശയവിനിമയം നഷ്ടമായ ലാൻഡർ കണ്ടെത്താനായി ഓർബിറ്ററിൽനിന്നു വേർപെട്ടശേഷം അതിൽനിന്നു ലഭിച്ച വിവരങ്ങൾ പരിശോധിക്കുകയാണ് ശാസ്ത്രജ്ഞർ. 10 മിനിറ്റുനേരത്തെ സുഗമസഞ്ചാരത്തിനുശേഷം നിർദിഷ്ടപാതയിൽനിന്നു തെന്നിപ്പോയ ലാൻഡറിന് എന്തുപറ്റിയെന്നു കണ്ടെത്തണം. ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങാനും ഗർത്തങ്ങളിൽപ്പെടാനും സാധ്യതയുണ്ട്. സുരക്ഷിതമായി ഇറങ്ങാനുള്ള സാധ്യത കുറവാണെന്നാണു നിഗമനം. ഏതായാലും ലാൻഡർ ചാന്ദ്രത്തറയിൽ ഇടിച്ചിറങ്ങിയോ? തകർന്നുവീണോ? എന്താണു സംഭവിച്ചതെന്നു പറയാൻ ഐഎസ്ആർഒയ്ക്കു കഴിഞ്ഞിട്ടില്ല. ചന്ദ്രന്റെ നൂറുകിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ സഞ്ചരിക്കുന്ന ഓർബിറ്ററിൽനിന്ന് ചന്ദ്രനെക്കുറിച്ചുള്ള നിർണായകവിവരങ്ങൾ ലഭിക്കുമെന്നാണു പ്രതീക്ഷ.

ഇതുവരെ ഒരുരാജ്യവും എത്തിയിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങാനാണ് ഇന്ത്യ ചന്ദ്രയാൻ-2 ദൗത്യം അയച്ചത്. ദൗത്യം പൂർത്തിയായില്ലെന്ന വിവരം ഐഎസ്ആർഒ ചെയർമാൻ ഡോ. കെ. ശിവൻ പ്രധാനമന്ത്രിയെയാണ് ആദ്യമറിയിച്ചത്. ലാൻഡറും അതിലുള്ള റോവറും (ചന്ദ്രോപരിതലത്തിൽ സഞ്ചരിച്ച് ഗവേഷണം നടത്തേണ്ടിയിരുന്ന ഉപകരണം) എവിടെയെന്നറിയില്ലെങ്കിലും ചന്ദ്രയാൻ-2 ദൗത്യം പരാജയപ്പെട്ടിട്ടില്ല. ഓർബിറ്റർ ഇപ്പോഴും സാധാരണപോലെ ചന്ദ്രനെ ചുറ്റുന്നതിനാൽ ദൗത്യത്തിന്റെ 95 ശതമാനവും വിജയിച്ചുവെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ചന്ദ്രനെക്കുറിച്ച് പഠിക്കുന്നതിനുള്ള എട്ട് പേലോഡുകൾ ഇതിലുണ്ട്. ചന്ദ്രനിലെ ജലസാന്നിധ്യം അളക്കാനും മൂലകങ്ങളും സാന്നിധ്യം പരിശോധിക്കാനുമുള്ളവയാണിവ. ഈ ഓർബിറ്റർ ഇനിയും ഏഴ് കൊല്ലത്തോളം ചന്ദ്രനെ ചുറ്റും.

ലാൻഡറും റോവറും ചന്ദ്രന്റെ മണ്ണിൽ രണ്ടാഴ്ചമാത്രം (ഒരു ചാന്ദ്രദിവസം) പര്യവേക്ഷണം നടത്താൻ ഉദ്ദേശിച്ചുള്ളതായിരുന്നു. ചന്ദ്രനെ ചുറ്റുന്ന ഓർബിറ്റർ ഒരു കൊല്ലം വിവരങ്ങൾ ശേഖരിക്കും. ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങളും അവിടത്തെ നേർത്ത അന്തരീക്ഷത്തെക്കുറിച്ചുള്ള വിവരങ്ങളും പ്രതീക്ഷിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP