Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോകത്തെ അസൂയപ്പെടുത്താൻ ഇന്ത്യ ഒരുങ്ങിയത് തൽക്കാലത്തേക്കെങ്കിലും വെറുതേയായി; വിക്ഷേപണത്തിന് 56 മിനിട്ട് മുൻപ് ചന്ദ്രയാൻ 2വിന്റെ കൗണ്ട് ഡൗൺ നിർത്തി വെച്ച് ഐഎസ്ആർഒ; ദ്രവീകൃത ഓക്‌സിജനും ഹൈഡ്രജനും നിറച്ച ശേഷം റോക്കറ്റിന്റെ പ്രവർത്തനക്ഷമതയിൽ സംശയം തോന്നിയതോടെ അടിയന്തരമായി സസ്‌പെൻഡ് ചെയ്ത് ഐഎസ്ആർഒ; രാഷ്ട്രപതി അടക്കം രാജ്യത്തെ അനേകം വിശിഷ്ടാതിത്ഥികൾ എത്തി കാത്തിരുന്നത് വെറുതേയായി; പുതിയ തീയതി നിശ്ചയിക്കുന്നതും പിന്നീട്

ലോകത്തെ അസൂയപ്പെടുത്താൻ ഇന്ത്യ ഒരുങ്ങിയത് തൽക്കാലത്തേക്കെങ്കിലും വെറുതേയായി; വിക്ഷേപണത്തിന് 56 മിനിട്ട് മുൻപ് ചന്ദ്രയാൻ 2വിന്റെ കൗണ്ട് ഡൗൺ നിർത്തി വെച്ച് ഐഎസ്ആർഒ; ദ്രവീകൃത ഓക്‌സിജനും ഹൈഡ്രജനും നിറച്ച ശേഷം റോക്കറ്റിന്റെ പ്രവർത്തനക്ഷമതയിൽ സംശയം തോന്നിയതോടെ അടിയന്തരമായി സസ്‌പെൻഡ് ചെയ്ത് ഐഎസ്ആർഒ; രാഷ്ട്രപതി അടക്കം രാജ്യത്തെ അനേകം വിശിഷ്ടാതിത്ഥികൾ എത്തി കാത്തിരുന്നത് വെറുതേയായി; പുതിയ തീയതി നിശ്ചയിക്കുന്നതും പിന്നീട്

മറുനാടൻ ഡെസ്‌ക്‌

ശ്രീഹരിക്കോട്ട: ലോകത്തെ തന്നെ ഇന്ത്യ അസൂയപ്പെടുത്തി നിന്ന നിമിഷങ്ങൾക്ക് താൽക്കാലികമായിട്ടാണെങ്കിലും തിശീല വീണ വിഷമത്തിലാണ് രാജ്യത്തെ ശാസ്ത്ര ലോകം. വിക്ഷേപണത്തിന് 56 മിനിട്ട് മുൻപ് ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമായ ചാന്ദ്രയാൻ 2 വിക്ഷേപണം മാറ്റിവെച്ചു. പേടകം വഹിച്ചിരുന്ന ജിഎസ്എൽവി മാർക്ക് 3 റോക്കറ്റിൽ തകരാർ കണ്ടെത്തിയതിന്റെ ഭാഗമായിട്ടാണ് മുൻകരുതൽ എന്നവണ്ണം വിക്ഷേപണം മാറ്റിവെച്ചത്. രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഉൾപ്പെടെ ചാന്ദ്രയാൻ 2 വിക്ഷേപണം കാണാനെത്തിയിരുന്നു. റോക്കറ്റിന്റെ ക്രയോജനിക് സ്റ്റേജിൽ ദ്രവ ഹൈഡ്രജനും ദ്രവ ഓക്‌സിജനും നിറച്ചതായി അറിയിപ്പു വന്നതിനു പിന്നാലെയായിരുന്നു കൗണ്ട് ഡൗൺ നിർത്തിവച്ചത്.

പേടകത്തിന്റെ വിക്ഷേപണം നിർത്തിവെക്കുന്നതിന് കാരണമായ സാങ്കേതിക തകരാർ എന്താണെന്ന് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല പേടകം വിക്ഷേപിക്കാനുള്ള പുതുക്കിയ തീയതി എപ്പോഴാണെന്ന് പിന്നീട് അറിയിക്കുമെന്നും ഐഎസ്ആർഒ വക്താവ് ഗുരുപ്രസാദ് പത്രസമ്മേളനത്തിൽ വ്യക്തമാക്കി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ ലോഞ്ച് പാഡിൽ നിന്ന് ജൂലൈ 15ന് പുലർച്ചെ 2.51ന് നടത്താൻ നിശ്ചയിച്ചിരുന്ന ചാന്ദ്രയാൻ 2 വിന്റെ വിക്ഷേപണം 56 മിനിറ്റും 24 സെക്കൻഡും ബാക്കി നിൽക്കെ കൗണ്ട് ഡൗൺ നിർത്തി വയ്ക്കാൻ മിഷൻ ഡയറക്ടർ വെഹിക്കിൾ ഡയറക്ടർക്ക് നിർദ്ദേശം കൊടുക്കുകയായിരുന്നു.

ഈ വർഷം ജനുവരിയിലാണ് വിക്ഷേപണം നടത്താൻ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ അവസാന ഘട്ട പരീക്ഷണങ്ങളിൽ കൃത്യത വരുത്തണമെന്ന നിർദ്ദേശം ശക്തമായതിന് പിന്നാലെയാണ് ദൗത്യം നീട്ടിവെച്ചത്. ഏപ്രിലിൽ വിക്ഷേപണം നടത്താൻ തീരുമാനിച്ചപ്പോഴും ലാൻഡറിൽ ചെറിയ തോതിൽ തകരാറുകൾ കണ്ടെത്തിയിരുന്നു. ഇസ്രയേലിന്റെ ചന്ദ്രനിലേക്കുള്ള വിക്ഷേപണം കൂടി പരാജയപ്പെട്ടതോടെ അനുകൂല സാഹചര്യങ്ങൾ വിലയിരുത്താനായി പിന്നീടുള്ള ശ്രമം. തുടർന്നാണു ജൂലൈയിൽ വിക്ഷേപണം നടത്താൻ തീരുമാനിച്ചത്. സെപ്റ്റംബർ ഏഴിനു പുലർച്ചെ ചന്ദ്രനിൽ ലാൻഡർ ഇറക്കാൻ സാധിക്കും വിധമായിരുന്നു വിക്ഷേപണം പദ്ധതിയിട്ടിരുന്നത്.

എന്നാൽ സാങ്കേതിക തകരാർ പരിഹരിച്ച് ഏറ്റവും അനുയോജ്യമായ ദിവസം കണ്ടെത്തിയാൽ മാത്രമേ അടുത്ത ലോഞ്ചിങ് സാധ്യമാകുകയുള്ളൂ. ഇതിന് നാളുകളെടുക്കുമെന്നാണ് അറിയുന്നത്. വിക്ഷേപണം മാറ്റി വെച്ചെങ്കിലും ചന്ദ്രയാൻ 2ന്റെ പ്രത്യേകതകളെ പറ്റി തന്നെയാണ് ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞർക്ക് പറയാനുള്ളത്.  'വിക്രം' ലാൻഡർ ചന്ദ്രനിലിറങ്ങും മുൻപുള്ള 15 മിനിറ്റ് അതീവ നിർണായകമാണെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. കെ.ശിവൻ. ഇത്രയും സങ്കീർണമായ ദൗത്യം ഐഎസ്ആർഒ ഏറ്റെടുക്കുന്നത് ഇതാദ്യമാണെന്നും അദ്ദേഹം പറഞ്ഞു.ചന്ദ്രമധ്യരേഖയിൽ നിന്ന് 70 ഡിഗ്രി തെക്കുഭാഗത്തായി മാൻസിനസ് സി, സിംപേലിയസ് എൻ എന്നീ ഗർത്തങ്ങൾക്കു നടുവിലുള്ള ഉയർന്ന സമതലത്തിലായിരിക്കും വിക്രത്തിന്റെ ചാന്ദ്രപ്രവേശം.

ഇറങ്ങുമ്പോഴുള്ള വേഗം സെക്കൻഡിൽ 2 മീറ്റർ. സാങ്കേതികമായി എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ 67 ഡിഗ്രി തെക്കുഭാഗത്തായി മറ്റൊരു സ്ഥലവും നിർണയിച്ചിട്ടുണ്ട്. തുടർന്ന് ലാൻഡറിന്റെ വാതിൽ തുറന്ന് പ്രഗ്യാൻ റോവർ ചന്ദ്രനെ തൊടും. സെക്കൻഡിൽ ഒരു സെന്റിമീറ്റർ വേഗത്തിൽ 500 മീറ്റർ സഞ്ചരിച്ചാകും പ്രഗ്യാൻ വിവരങ്ങൾ ശേഖരിക്കുക. ഇന്ത്യയുടെ ആദ്യ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ ഒന്നിൽ നാസ, യൂറോപ്യൻ സ്‌പേസ് ഏജൻസി ഉൾപ്പെടെയുള്ളവ സഹകരിച്ചിരുന്നുവെങ്കിൽ ഇപ്പോൾ ചന്ദ്രയാൻ 2ന്റെ കുതിപ്പ് പൂർണമായും ഇന്ത്യൻ സാങ്കേതികവിദ്യയിലാണ്. ജിഎസ്എൽവി മാർക്ക് 3 റോക്കറ്റ് മുതൽ റോവറിലെ ലേസർ ഇന്ത്യൂസ്ഡ് ബ്രേക്ഡൗൺ സ്‌പെക്ട്രോസ്‌കോപ് വരെ ഇന്ത്യൻ നിർമ്മിതം.

ഐഎസ്ആർഒയുടെ വിവിധ യൂണിറ്റുകൾക്കൊപ്പം വ്യവസായ സ്ഥാപനങ്ങളും സർവകലാശാലകളുമൊക്കെ ദൗത്യത്തിൽ പങ്കാളികളായി. അതുകൊണ്ടാണ് 978 കോടി രൂപ എന്ന കുറഞ്ഞ ചെലവിൽ ദൗത്യം പൂർത്തിയാക്കാൻ ഇന്ത്യയ്ക്കു കഴിയുന്നതും. ഹോളിവുഡ് സിനിമകൾക്കു വരുന്ന ചെലവിന്റെ പകുതിപോലും ഇന്ത്യയുടെ ചന്ദ്രപര്യവേക്ഷണ പദ്ധതിക്കില്ലെന്ന് അദ്ഭുതപ്പെടുന്നു വിദേശ മാധ്യമങ്ങൾ. ജിഎസ്എൽവി മാർക്ക് 3 റോക്കറ്റിനെ ബാഹുബലി എന്നു വിശേഷിപ്പിക്കുന്നത് വെറുതേയല്ല. 14 നില കെട്ടിടത്തിന്റെ ഉയരം. 640 ടൺ ഭാരം. അതായത് 64 ഹാച്ച്ബാക്ക് കാറുകൾ ഒന്നിനു മുകളിൽ ഒന്നായി അടുക്കിവച്ചു തൂക്കിനോക്കിയാലുള്ള ഭാരം.

ഓർബിറ്റർ (2379 കിലോ), ലാൻഡർ വിക്രം (1471 കിലോ) റോവർ പ്രഗ്യാൻ (27 കിലോ) എന്നിവ അടങ്ങുന്ന ചന്ദ്രയാൻ പേടകത്തിന് 3850 കിലോയാണു ഭാരം. വിക്ഷേപണ സമയത്ത് മാർക്ക് 3ന്റെ വേഗം മണിക്കൂറിൽ 1623 കിലോമീറ്റർ. 2 മിനിറ്റിൽ 43 കിലോമീറ്റർ ഉയരം പിന്നിടുമ്പോൾ വേഗം മണിക്കൂറിൽ 6307 കിലോമീറ്റർ ആകും. ചന്ദ്രയാൻ പേടകത്തെ ഭ്രമണപഥത്തിലെത്തിക്കുമ്പോഴുള്ള വേഗം മണിക്കൂറിൽ 37,094 കിലോമീറ്റർ. ദൗത്യത്തിന്റെ ഭാഗമായി ജിഎസ്എൽവി. മാർക്ക് മൂന്ന് കൊണ്ടുപോകാനിരുന്നത് പ്രധാനമായും മൂന്ന് ഉപകരണങ്ങളാണ്.1. ഓർബിറ്റർ-ചന്ദ്രനെ വലംവെക്കും. 2. ലാൻഡർ-ചന്ദ്രോപരിതലത്തിൽ ഇറങ്ങും. 3. റോബോട്ടിക് റോവർ-ഉപരിതലത്തിൽ പഠനം നടത്തും. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP