Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചൈത്ര തെരേസ ജോൺ സിപിഎം ഓഫീസിൽ റെയ്ഡ് നടത്തിയത് പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഡിവൈഎഫ്ഐ നേതാവിനെ സംരക്ഷിക്കാൻ എത്തിയ നേതാക്കൾ പൊലീസ് സ്റ്റേഷൻ ആക്രമിച്ചപ്പോൾ; പ്രതികൾ പാർട്ടി ഓഫിസിലുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് പരിശോധന; കാക്കി കുപ്പായക്കാർ തന്നെ ഒറ്റിയപ്പോൾ കുറ്റവാളികൾ രക്ഷപെട്ടു; പാർട്ടിക്കാരെ തൊട്ടപ്പോൾ നാഴികയ്ക്ക് നാൽപ്പതുവട്ടം സ്ത്രീസുരക്ഷയെ കുറിച്ച് പറയുന്ന മുഖ്യമന്ത്രിക്കും പൊള്ളി

ചൈത്ര തെരേസ ജോൺ സിപിഎം ഓഫീസിൽ റെയ്ഡ് നടത്തിയത് പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഡിവൈഎഫ്ഐ നേതാവിനെ സംരക്ഷിക്കാൻ എത്തിയ നേതാക്കൾ പൊലീസ് സ്റ്റേഷൻ ആക്രമിച്ചപ്പോൾ; പ്രതികൾ പാർട്ടി ഓഫിസിലുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് പരിശോധന; കാക്കി കുപ്പായക്കാർ തന്നെ ഒറ്റിയപ്പോൾ കുറ്റവാളികൾ രക്ഷപെട്ടു; പാർട്ടിക്കാരെ തൊട്ടപ്പോൾ നാഴികയ്ക്ക് നാൽപ്പതുവട്ടം സ്ത്രീസുരക്ഷയെ കുറിച്ച് പറയുന്ന മുഖ്യമന്ത്രിക്കും പൊള്ളി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മെഡിക്കൽകോളെജ് പൊലീസ് സ്റ്റേഷന് നേരെയുള്ള ഡിവൈഎഫ്‌ഐ കല്ലേറിനു പിന്നിലും അതേചൊല്ലിയുള്ള സിപിഎം ജില്ലാ കമ്മറ്റി ഓഫീസിലെ പൊലീസ് റെയിഡിനും, അതിനു നേതൃത്വം നൽകിയ ഡിസിപിയുടെ സ്ഥാനചലനത്തിനും ഒക്കെ വഴിവെച്ചത് ഒരു പോക്‌സോ കേസ്. സജീവ ഡിവൈഎഫ്‌ഐ പ്രവർത്തകരായ പ്രതികളെ ഈ കേസുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തതാണു ഡിവൈഎഫ്‌ഐയെ പ്രകോപിച്ചത്. സജീവ ഡിവൈഎഫ്‌ഐ പ്രവർത്തകരായ മെഡിക്കൽ കോളേജ് ഈറോഡ് കളത്തിൽ വീട്ടിൽ സജീവ്, ഇയാളുടെ അയൽവാസിയായ ശ്രീദേവ് എന്നിവരെയാണ് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. ബന്ധുവും അയൽവാസിയുമായ 17കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് ഇവർ അറസ്റ്റിലാകുന്നത്.

പെൺകുട്ടിയുടെ രക്ഷിതാക്കളാണ് പീഡനവിവരം വെളിപ്പെടുത്തി പരാതി നൽകിയത്. ഈ കേസിൽ അന്വേഷണം നടത്തിയ മെഡിക്കൽ കോളേജ് പൊലീസ് ബുധനാഴ്ച രാത്രിയാണ് പ്രതികളെ അറസ്റ്റ് ചെയ്യുന്നത്. പരാതിക്കാരി പരാതിയിൽ ഉറച്ചു നിന്നതോടെയാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇരയായ പെൺകുട്ടിയുടെ വീട്ടുകാരും അറസ്റ്റിലായവരും തമ്മിൽ കുടുംബ പ്രശ്‌നങ്ങൾ നിലനിൽക്കുന്നതായാണ് അറിയാൻ കഴിഞ്ഞത്. അതുകൊണ്ട് തന്നെ പരാതിയിൽ ഡിവൈഎഫ് ഐ നേതാക്കൾക്ക് സംശയം ബാക്കി നിന്നിരുന്നു. പക്ഷെ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് പരാതിയിൽ കാമ്പുണ്ടെന്നു കണ്ടതോടെ പ്രതികൾ ആരെന്നു നോക്കാതെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് വൈകിക്കാൻ ആയിരുന്നു ഡിവൈഎഫ്‌ഐ നേതാക്കൾ ശ്രദ്ധിച്ചത്. പക്ഷെ പൊടുന്നനെയുള്ള അറസ്റ്റ് ഇവരെ കുപിതരാക്കി.

പ്രതികൾ അറസ്റ്റിലായതോടെ ഡിവൈഎഫ്‌ഐ നേതാക്കൾ പ്രതികളെ കാണാൻ രാത്രി സ്റ്റേഷനിലേക്ക് ഇരച്ചു കയറുകയായിരുന്നു. ഡിവൈഎഫ്‌ഐക്കാർ അധികം പേർ ഉള്ളതിനാൽ ഓരോരുത്തരെയാണ് പൊലീസ് കയറ്റിവിട്ടത്. ഇത് ഡിവൈഎഫ്‌ഐ നേതാക്കൾ ചോദ്യം ചെയ്യുകയായിരുന്നു. പ്രശ്‌നം ഉണ്ടാകുമെന്നു സൂചന കിട്ടിയ പൊലീസ് തള്ളിക്കയറിയ ആളുകളെ മെല്ലെ ഗെയ്റ്റിലേക്ക് മാറ്റി. അതോടെ ഡിവൈഎഫ്‌ഐ നേതാക്കൾ മുദ്രാവാക്യം വിളി തുടങ്ങി. തുടർന്ന് സ്റ്റേഷന് നേരെ കല്ലേറ് നടക്കുകയും ചെയ്തു. കല്ലേറിൽ സ്റ്റേഷന്റെ ജനാല ചില്ല് തകരുകയും ചെയ്തിരുന്നു. ഇതോടെയാണ് സ്റ്റേഷൻ ആക്രമണക്കേസിലെ പ്രതികളെ തേടി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചത്. ഈ പ്രതികൾ സിപിഎം ജില്ലാ കമ്മറ്റി ഓഫീസിൽ ഒളിവിൽ താമസിക്കുന്നതായി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് വന്നതിനെ തുടർന്നാണ് ജില്ലാ കമ്മറ്റി ഓഫീസ് റെയ്ഡ് ചെയ്യാൻ ഡിസിപി . ചൈത്ര തെരേസ ജോൺ തയ്യാറായത്.

വൻ സമ്മർദ്ദം തന്നെ ഡിസിപിക്ക് നേരെ വന്നിരുന്നെങ്കിലും അവർ റെയ്ഡ് ഒഴിവാക്കാൻ തയ്യാറായില്ല. റെയ്ഡ് ഉറപ്പ് എന്നറിഞ്ഞതോടെ പ്രതികളെ സിപിഎം നേതൃത്വം രക്ഷപ്പെടുത്തി എന്നാണ് സൂചനകൾ. റെയ്ഡിൽ പക്ഷെ ആരെയും അറസ്റ്റ് ചെയ്യാൻ ഡിസിപിക്ക് കഴിഞ്ഞതുമില്ല. ഇതിനെ തുടർന്നാണ് സിപിഎം ജില്ലാ നേതൃത്വം നടപടികൾക്കായി സർക്കാരിൽ സമ്മർദ്ദം ചെലുത്തിയത്. റെയ്ഡ് കഴിഞ്ഞയുടൻ തന്നെ ഡിസിപിയെ മാറ്റാനുള്ള തീരുമാനവും പൊലീസ് നേതൃത്വം കൈക്കൊണ്ടു. മെഡിക്കൽ ലീവിലായിരുന്ന ഡിസിപി ആർ.ആദിത്യയെ ഉടൻ തന്നെ വിളിച്ചു വരുത്തിയാണ് ചൈത്ര തെരേസ ജോണിനു നൽകിയ ചുമതല ആദിത്യയ്ക്ക് തന്നെ തിരിച്ചേൽപ്പിച്ചത്. 21നു ശബരിമല ഡ്യൂട്ടി പൂർത്തിയാക്കിയ ആദിത്യ മെഡിക്കൽ അവധിയിലായിരുന്നു. ഈ അവധി റദ്ദാക്കി അദ്ദേഹത്തെ വിളിച്ചുവരുത്തിയാണ് ഡിസിപിയുടെ ചുമതല വീണ്ടും നൽകിയത്.

പക്ഷെ ഒരൊറ്റ റെയിഡിലൂടെ സിപിഎം നേതൃത്വത്തെ വിറപ്പിക്കാനും സർക്കാരിനെ സമ്മർദ്ദത്തിലാക്കാനും ചൈത്ര തെരേസ ജോണിനു കഴിഞ്ഞു. റെയ്ഡ് വഴി സിപിഎം നേതൃത്വത്തിനും ഡിവൈഎഫ്‌ഐ നേതൃത്വത്തിനും ഡിസിപി ഉണ്ടാക്കിയ മാനക്കേട് വരും നാളുകളിൽ സിപിഎം രാഷ്ട്രീയത്തിൽ പുകയുകയും ചെയ്യും. ഡിസിപി നടത്തിയ റെയിഡിനെ സിപിഎം നേതാക്കൾ ന്യായീകരിക്കുന്നില്ലെങ്കിലും ഡിവൈഎഫ്‌ഐ നേതാക്കൾ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ നടത്തിയ അതിക്രമത്തിൽ സിപിഎം നേതൃത്വത്തിൽ ഭിന്നത രൂക്ഷമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP