Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗാൽവാനിലെ കലി തീർക്കാൻ ചൈന ഒളിയമ്പു തീർക്കുന്നത് പാക്കിസ്ഥാനേയും നേപ്പാളിനേയും കൂട്ടുപിടിച്ച്; ലഡാക്ക് അതിർത്തിയിൽ ഇന്ത്യ-ചൈന സംഘർഷം യുദ്ധസമാനമായി നീങ്ങുമ്പോൾ കാശ്മീർ അതിർത്തിയിൽ പ്രകോപനവുമായി പാക്കിസ്ഥാൻ; ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വെടിയുതിർത്തി പാക് പ്രകോപനം; ഇന്ത്യൻ ഭൂപ്രദേശങ്ങളിൽ സൈനിക ക്യാമ്പ് നിർമ്മിക്കാൻ നേപ്പാളും; പിന്നിൽ ചൈനയുടെ കുതന്ത്രമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ; അതിർത്തിയിൽ സൈന്യം അതീവ ജാഗ്രതയിൽ

മറുനാടൻ ഡെസ്‌ക്‌

കാശ്മീർ: ലഡാക്കിലെ ഗാൽവാനിൽ ഇന്ത്യ-ചൈന സൈനികർ നേർക്കു നേർ എത്തിയതും ഇത് സംഘർഷത്തിലേക്ക് തിരിഞ്ഞതും ലോക രാജ്യങ്ങൾ വീക്ഷിച്ച് കൊണ്ടിരിക്കുകയായിരുന്നു. ഇന്ത്യൻ സൈനികരും ചൈനീസ് ലിബറേൻ ആർമിയുമായിട്ടുള്ള ഏറ്റുമുട്ടലിൽ 20 സൈനികരാണ് വീരമൃത്യു മരിച്ചത്. ശക്തമായ തിരിച്ചടി നൽകുമെന്ന് രാജ്യം പരഞ്ഞതിന് പിന്നാലെ നിയന്ത്രണരേഖയ്്ക്ക് സമീപം യുദ്ധവിമാനങ്ങൾ എത്തിച്ചാണ് വ്യോമ സേന തിരിച്ചടി നൽകിയത്. വ്യോമസേന മേധാവി ആർ.കെ.എസ്. ബധുരിയയും ലഡാക്കിൽ എത്തി സ്ഥിതിഗതികൾ വീക്ഷിച്ചിരുന്നു.

ഗാൽവാൻ തങ്ങളുടേതാണ് എന്ന് അവകാശപ്പെട്ടാണ് .ചൈന ഇപ്പോഴും ഇന്ത്യക്കെതിരെ പോർമുനമ്പിൽ നിൽക്കുന്നത്. അതേസമയം ഇന്ത്യയുടെ ശ്ത്രുരാജ്യങ്ങളെ കൂട്ട് ചേർത്ത് ഇന്ത്യക്കെതിരായ ഒളിപ്പോരിന് നീക്കം സജീവമാക്കുകയാണ് ചൈന. നയതന്ത്രപരമായ ചർച്ചകൾ ഇരുരാജ്യങ്ങളിലേയും വിദേശകാര്യമന്ത്രാലയങ്ങൾ നടത്തുമ്പോഴാണ് പാക്കിസ്ഥാനേയും, നേപ്പാളിനേയും അടക്കം ഒപ്പം ചേർത്ത് ചൈന ഇന്ത്യക്കെതിരായ ഒളിയമ്പ് പ്രയോഗിക്കുന്നത്.

ലഡാക്കിലെ യുദ്ധസമാനമായ സാഹചര്യങ്ങൾ തുടരുമ്പോഴും കാശ്മീർ അതിർത്തിയിൽ പാക് പ്രകോപനവും തീവ്രവാദ ആക്രമണഹ്ങളും തുടരുകയാണ്. ഇന്ന് രാവിലെ പാക്കിസ്ഥാന്റെ ഡ്രോൺ ഇന്ത്യൻ കരസേന കണ്ടെത്തി നശിപ്പിച്ചിരുന്നു. വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ ഇന്ത്യൻ സൈനിക പോസ്റ്റുകൾ ആക്രമിക്കുകയാണ്. ഇന്ത്യയോട് നേരിട്ട് പോരിന് ഇറങ്ങാൻ നേപ്പാളും തയ്യറായി കഴിഞ്ഞു.

പുതുക്കിയ നേപ്പാളിന്റെ ഭൂപടത്തിലെ ഇന്ത്യൻ പ്രദേശങ്ങൾ ഒപ്പം ചേർത്താണ് നേപ്പാൾ ഇന്ത്യയെ നാളുകളായി പ്രകോപിച്ചിരിക്കുന്നത്. എന്നാൽ ഇന്ന് ഇവിടേക്ക് സൈനിക താവളങ്ങൾ നിർമ്മിക്കാൻ നേപ്പാൾ തീരുമാനിച്ചതോടെ പിന്നിൽ ചൈനീസ് ഇടപെടലും തെളിയുകയാണ്. ബാരാമുള്ളയിലെ രാംപൂരിലാണ് കരാർ ലംഘനം നടത്തി പാക്കിസ്ഥാൻ പ്രകോപനം സൃഷ്ടിക്കുന്നത്. പാക്ക് വെടിവെപ്പിൽ നാല് നാട്ടുകാർക്ക് പരിക്കുപറ്റിയിട്ടുണ്ട്. സൈന്യം തിരിച്ചടിക്കുകയാണ്. ഈ വർഷം ഇതുവരെ 2027 തവണ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചെന്നാണ് കഴിഞ്ഞ ദിവസം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തത്.

അതേസമയം ജമ്മുകശ്മീരിലെ കത്വാ ജില്ലയിലെ ഹരിനഗർ സെക്ടറിൽ ഇന്ത്യ രാവിലെ വെടിവച്ചിട്ട പാക് ഡ്രോണിൽ ആയുധങ്ങളും കണ്ടെത്തി. അതിർത്തി സംരക്ഷണ സേനയാണ് പാക്കിസ്ഥാൻ ഡ്രോൺ വെടിവെച്ച് വീഴ്‌ത്തിയത്. അന്താരാഷ്ട്ര അതിർത്തിയിൽ നിന്നും 250 മീറ്റർ ഇന്ത്യൻ പ്രദേശത്തേക്ക് ഡ്രോൺ സഞ്ചരിച്ചതിനെ തുടർന്നാണ് വെടി വച്ചിട്ടത്. രാവിലെ 5.10 ഓടെയായിരുന്നു സംഭവം. ഒൻപത് റൗണ്ട് വെടിയുതിർത്തതിന് ശേഷമാണ് ഡ്രോൺ തകർന്ന് താഴെ വീണത്.

ഒരു എം 4 യുഎസ് നിർമ്മിത തോക്ക്, രണ്ട് മാഗസീനുകൾ, 60 റൗണ്ട് വെടിയുണ്ടകൾ, ഏഴ് ഗ്രനേഡുകൾ എന്നിവയാണ് ഡ്രോണിൽ നിന്നും കണ്ടെടുത്തത്. നേരത്തെ രജൗരിയിലും സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ചൈനയ്ക്ക് പിന്നാലെ പാക്കിസ്ഥാനും ഇന്ത്യയെ ആക്രമിക്കാൻ പദ്ധതി ആവിശ്കരിച്ചതോടെ അതിർത്തിയിൽ സൈന്യത്തിന് അതീവ അലർട്ടാണ്.

അതേ സമയം ഇന്ത്യൻ ഭൂപ്രദേശങ്ങൾ നേപ്പാൾ മാപ്പിൽ ഉൾപ്പെടുത്തിയാണ് പ്രകോപനം സൃഷ്ടിച്ചിരിക്കുന്നത്. ഇന്ത്യയുടെ മേഖലകൾ തങ്ങളുടേതായി അടയാളപ്പെടുത്തിയ പുതിയ ഭൂപടം ഭരണഘടനയുടെ ഭാഗമാക്കാനുള്ള ബില്ല് പാസാക്കിയതിന് പിന്നാലെ കാലാപാനിക്ക് സമീപം പട്ടാള ക്യാമ്പ് സ്ഥാപിക്കാനൊരുങ്ങി നേപ്പാൾ. ഉത്തരാഖണ്ഡിലെ ലിപുലേഖ്, കാലാപാനി, ലിംപയധുര എന്നീ പ്രദേശങ്ങളാണ് പുതിയ ഭൂപടത്തിൽ നേപ്പാൾ തങ്ങളുടേതായി അടയാളപ്പെടുത്തിയത്.

കാലാപാനി അതിർത്തി പ്രദേശത്ത് നേപ്പാൾ പട്ടാള മേധാവി പൂർണ ചന്ദ്ര ഥാപ്പ ബുധനാഴ്ച സന്ദർശനം നടത്തിയിരുന്നു. അതിർത്തിക്കടുത്ത് ഒരു സൈനിക ക്യാമ്പ് സ്ഥാപിക്കാൻ പോകുന്നുവെന്ന് നേപ്പാൾ വിദേശകാര്യ വകുപ്പ് ഡെപ്യൂപ്പി മേധാവി പറഞ്ഞു. 'ഇപ്പോൾ ഇവിടേക്ക് നേരിട്ട് റോഡില്ല. അതിനാൽ റോഡ് നിർമ്മിക്കാനുള്ള ചുമതല സൈന്യത്തിന് നൽകുന്നു. കലാപാനിക്കടുത്തുള്ള ചാങ്രുവിൽ ഞങ്ങൾ സായുധ പൊലീസ് സേനയുടെ അതിർത്തി പോസ്റ്റ് സ്ഥാപിച്ചു.

' അദ്ദേഹം പറഞ്ഞു.പുതിയ രാഷ്ട്രീയ ഭൂപടം ഭരണഘടനയുടെ ഭാഗമാക്കാനുള്ള ബില്ലിന് നേപ്പാൾ പാർലമെന്റിന്റെ ഉപരിസഭ ഏകകണ്ഠമായാണ് അംഗീകാരം നൽകിയത്. 57 വോട്ടുകൾ അനുകൂലമായി ലഭിച്ചപ്പോൾ ഒറ്റ വോട്ടും എതിരായി വന്നില്ല. അധോസഭയിൽ 258 എംപിമാരും ബില്ലിനെ അനുകൂലിച്ച് വോട്ടുചെയ്തിരുന്നു. പാർലമെന്റിന്റെ ഇരുസഭകളിലും ബിൽ പാസായതോടെ ഇനി പ്രസിഡന്റിനെ അംഗീകാരം മാത്രമേ ഇതിന് ലഭിക്കേണ്ടതുള്ളൂ.

നേപ്പാളിലെ ചൈനീസ് അംബാസിഡർ ഹു യാങ് കിയാണ് നീക്കത്തിന് പിന്നിൽ പ്രവർത്തിച്ചതെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ വൃത്തങ്ങൾ വാർത്താ ഏജൻസിയായ ഐഎഎൻഎസിനോട് പറഞ്ഞു. മൂന്ന് വർഷത്തോളം പാക്കിസ്ഥാനിലുണ്ടായിരുന്ന ഹു നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലിയുടെ വീട്ടിലും ഓഫീസിലും നിത്യസന്ദർശകൻ ആയിരുന്നുവെന്നും രഹസ്യാന്വേഷണ വൃത്തങ്ങൾ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP