Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

പേടിഎമ്മിനും സൊമാറ്റോയ്ക്കും ബിഗ് ബാസ്‌കറ്റിനും ചങ്കിടിപ്പ് കൂടുന്നു; ചൈനീസ് നിക്ഷേപങ്ങളെ നിലയ്ക്ക് നിർത്താൻ മോദി സർക്കാർ തീരുമാനിച്ചതോടെ സ്റ്റാർട്ട് അപ്പുകളുടെ കീശ ചോരും; അതിർത്തി പങ്കിടുന്ന അയൽരാജ്യങ്ങളിൽ നിന്ന് സർക്കാർ അനുമതി ഇല്ലാതെ നേരിട്ടുള്ള വിദേശ നിക്ഷേപം അരുതെന്ന ഏപ്രിലിലെ നയഭേദഗതി വയറ്റത്തടിച്ചത് ആലിബാബയെയും ടെൻസെന്റിനെയും പോലുള്ള കമ്പനികളുടെ

പേടിഎമ്മിനും സൊമാറ്റോയ്ക്കും ബിഗ് ബാസ്‌കറ്റിനും ചങ്കിടിപ്പ് കൂടുന്നു; ചൈനീസ് നിക്ഷേപങ്ങളെ നിലയ്ക്ക് നിർത്താൻ മോദി സർക്കാർ തീരുമാനിച്ചതോടെ സ്റ്റാർട്ട് അപ്പുകളുടെ കീശ ചോരും; അതിർത്തി പങ്കിടുന്ന അയൽരാജ്യങ്ങളിൽ നിന്ന് സർക്കാർ അനുമതി ഇല്ലാതെ നേരിട്ടുള്ള വിദേശ നിക്ഷേപം അരുതെന്ന ഏപ്രിലിലെ നയഭേദഗതി വയറ്റത്തടിച്ചത് ആലിബാബയെയും ടെൻസെന്റിനെയും പോലുള്ള കമ്പനികളുടെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കഴിക്കൻ ലഡാക്കിലെ അനിഷ്ട സംഭവങ്ങളുടെ തുടർച്ചയായി ഇന്ത്യയുമായുള്ള വ്യാപാര-വാണിജ്യബന്ധത്തിൽ ചൈനയ്ക്ക് ശക്തമായ തിരിച്ചടി ഏറ്റിരിക്കുകയാണ്. ഇതിന് പുറമേയാണ് അതിർത്തി പങ്കിടുന്ന രാജ്യങ്ങളുമായി നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് ഏപ്രിലിൽമുൻകൂർ അനുമതി കേന്ദ്ര സർക്കാർ നിർബന്ധമാക്കിയത്. കോവിഡ് 19 നെ തുടർന്ന് ഇന്ത്യയിലെ സ്ഥാപനങ്ങളെ അവസരം നോക്കി ചൈനീസ് കമ്പനികൾ അടക്കം ഏറ്റെടുക്കുന്ന പ്രവണത ഒഴിവാക്കാനാണ് പുതിയ നിബന്ധന കൊണ്ടുവന്നത്. ചൈന, ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ഭൂട്ടാൻ, നേപ്പാൾ, മ്യാന്മർ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളാണ് ഇന്ത്യയുമായി അതിർത്തി പങ്കിടുന്നത്. യഥാർത്ഥത്തിൽ ചൈനയെ ഒരുപാഠം പഠിപ്പിക്കാനാണ് ഈ നിബന്ധന കൊണ്ടുവന്നത്.

വ്യവസായ-ആഭ്യന്തര വാണിജ്യപ്രോത്സാഹന വകുപ്പാണ് ഏപ്രിലിൽ അതിർത്തി പങ്കിടുന്ന അയൽരാജ്യങ്ങൾക്ക് നേരിട്ടുള്ള വിദേശ നിക്ഷേപങ്ങൾ സർക്കാർ വഴിയല്ലാതെ പാടില്ലെന്ന് നിഷ്‌കർഷിച്ചത്. ഇതിനായി നേരിട്ടുള്ള വിദേശ നിക്ഷേപ നയത്തിൽ സർക്കാർ ഭേദഗതി വരുത്തിയിരുന്നു. നിലവിലുള്ളതോ ഭാവിയിൽ വരാവുന്നതോ ആയ എഫ്ഡിഐയുടെ ഉടമസ്ഥാവകാശം മാറ്റുന്നതിനാണ് സർക്കാർ അനുമതി അത്യാവശ്യമായത്. നയത്തിൽ മാറ്റം വന്നതോടെ, ചെറിയ നിക്ഷേപങ്ങൾക്ക് പോലും കേന്ദ്രസർക്കാരിന്റെ അനുമതി തേടണം. ഇത് ചൈനീസ് കമ്പനികൾക്ക് സൃഷ്ടിച്ച ബുദ്ധിമുട്ട് ചില്ലറയല്ല. നയത്തിൽ മാറ്റം വന്ന് ആറുമാസത്തിന് ശേഷവും നിക്ഷേപ പരിധി നിശ്ചിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ചെറിയ നിക്ഷേപത്തിനും അനുമതി ആവശ്യമായി വന്നിരുന്നു.

'സിഗ്നിഫിക്കന്റ് ബെനിഫിഷ്യൽ ഉടമസ്ഥത' യ്ക്ക് പരിധി നിശ്ചയിക്കാനുള്ള മുൻപദ്ധതി കേന്ദ്രസർക്കാർ ശനിയാഴ്ച വേണ്ടെന്ന് വച്ചു. ഇതോടെ നേരിട്ടുള്ള ചെറിയ ചൈനീസ് നിക്ഷേപങ്ങൾക്കും സർക്കാർ അനുമതി നിർബന്ധമായി വേണം. നേരത്തെ ഇത്് കള്ളപ്പണം തടയൽ നിയമപ്രകാരമുള്ള 25 ശതമാനമോ, കമ്പനി നിയമപ്രകാരമുള്ള 10 ശതമാനമോ ആക്കി പരിധി നിശ്ചയിക്കാൻ ആലോചിച്ചിരുന്നുവെങ്കിലും അത് വേണ്ടെന്ന് വച്ചു. ആറ് മാസത്തിന് ശേഷം പലവട്ടം ചർച്ചകൾ കഴിഞ്ഞതോടെയാണ് തീരുമാനം മാറ്റിയത്. മന്ത്രിസഭാ തീരുമാനങ്ങളിൽ ഏറ്റവും കൂടിയതോ, കുറഞ്ഞതോ ആയ പരിധി പരാമർശിക്കുന്നില്ല. അതുകൊണ്ട് തന്നെ അയൽ രാജ്യങ്ങളിൽ നിന്നുള്ള ചെറിയ നിക്ഷേപങ്ങൾക്കും അനുമതി ആവശ്യമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

മൂന്നാമതൊരു രാജ്യം വഴി അതായത് സിംഗപ്പൂർ, മൗറീഷ്യസ് തുടങ്ങിയവയിലൂടെ ഇന്ത്യൻ വിപണിയിൽ ചൈനീസ് കമ്പനികളുടെ കടന്നുകയറ്റം തടയാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ചൈനീസ് നിക്ഷേപമുള്ള പേടിഎം, സോമാറ്റോ മുതൽ ബിഗ് ബാസ്‌കറ്റ് വരെയുള്ള സ്റ്റാർട്ടപ്പുകളെ ഇത് ബാധിച്ചേക്കും. ഇതുകൂടാതെ സർക്കാർ അനുമതിക്കായി അനവധി പദ്ധതികളാണ് കാത്തുകെട്ടിക്കിടക്കുന്നത്.

വാണിജ്യ-വ്യവസായ-ഊർജ്ജ-ടെലികോം മന്ത്രാലയങ്ങൾ പിന്തുടരേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കാൻ മന്ത്രിതലസമിതി ഈയാഴ്ച യോഗം ചേർന്നിരുന്നു. ഈ മാർഗ്ഗനിർദ്ദേശങ്ങൾ മന്ത്രാലയങ്ങളെ സഹായിക്കാൻ മാത്രം ഉദ്ദേശിച്ചുള്ളവയാണ്. നിർബന്ധമായി പാലിക്കേണ്ടവയല്ല എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. വിദേശനിക്ഷേപത്തിന് സർക്കാർ അനുമതിയെന്ന നിർദ്ദേശം മുൻപ് പാക്കിസ്ഥാനും ബംഗ്ലാദേശിനും മാത്രമായിരുന്നു ബാധകം. അതിർത്തി സംഘർഷം രൂക്ഷമായതോടെ ചൈനയേയും ഇതിന്റെ പരിധിയിൽ കൊണ്ടുവന്നു. നിക്ഷേപത്തിനു പുറമേ, നിലവിൽ വാങ്ങിയ ഓഹരികൾ ഇന്ത്യയുടെ അതിർത്തി പങ്കിടുന്ന ഏതെങ്കിലും ഒരു രാജ്യത്തെ കമ്പനിക്ക് വിൽക്കുന്നതിനും കൈമാറുന്നതിനും സർക്കാർ അനുമതി ആവശ്യമാണ്.

അടുത്ത ഏതാനും ദിവസങ്ങൾക്കം മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാവും. ഇതിൽ ഹോങ്കോങ്ങിൽ നിന്നു നേരിട്ടുള്ള വിദേശ നിക്ഷേപവും ഉൾപ്പെടും. തായ് വാനിൽ നിന്നുള്ള നിക്ഷേപങ്ങളെ അനുമതിയിൽ നിന്ന് ഒഴിവാക്കുമെന്നും കേൾക്കുന്നുണ്ട്. ഭാവിയിൽ ഈ നയങ്ങളിൽ വെള്ളം ചേർക്കാതിരിക്കാൻ സർക്കാൻ നിയമപരമായ ചില മാറ്റങ്ങളും രാഷ്ട്രീയതലത്തിൽ ആലോചിക്കുന്നുണ്ട്. നേരിട്ടുള്ള വിദേശ നിക്ഷേപം നിയന്ത്രിക്കുന്ന കമ്പനി നിയമം, ഫെമ എന്നിവയിലാണ് ഭേദഗതി വരുത്തുന്നത്. എഫ്ഡിഐയിലെ എല്ലാ ഭേദഗതികളും ഫെമയ്ക്ക് കീഴിലാണ് വിജ്ഞാപനം ഇറക്കുന്നത്. ലഡാക്ക് അതിർത്തിയിലെ സംഘർഷത്തെ തുടർന്നാണ് നിക്ഷേപ ഒഴുക്ക് നിയന്ത്രിക്കാൻ നീക്കം തുടങ്ങിയത്. ഇന്ത്യൻ സ്റ്റാർട്ട് അപ്പ് കമ്പനികളിൽ ടെൻസെന്റ്, ആലിബാബ എന്നീ കമ്പനികളുടെ വർദ്ധിച്ച് വരുന്ന സ്വാധീനവും പുതിയ നിയമഭേദഗതിക്ക് കാരണമായി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP