Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202323Saturday

കെ ഫോൺ പദ്ധതിക്കായി ചൈനയിൽ നിർമ്മിച്ച ഒപ്റ്റിക്കൽ ഫൈബർ കേബിൾ വാങ്ങിയത് അസ്വാഭാവികം; മേക്ക് ഇൻ ഇന്ത്യ മാനദണ്ഡം പാലിക്കണമെന്ന ടെണ്ടർ വ്യവസ്ഥ മറികടന്നു; പദ്ധതിയുമായി ബന്ധപ്പെട്ടവർ വിശദീകരിക്കണമെന്ന് രാജീവ് ചന്ദ്രശേഖർ; ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ നിയന്ത്രിക്കുമെന്നും കേന്ദ്രമന്ത്രി

കെ ഫോൺ പദ്ധതിക്കായി ചൈനയിൽ നിർമ്മിച്ച ഒപ്റ്റിക്കൽ ഫൈബർ കേബിൾ വാങ്ങിയത് അസ്വാഭാവികം; മേക്ക് ഇൻ ഇന്ത്യ മാനദണ്ഡം പാലിക്കണമെന്ന ടെണ്ടർ വ്യവസ്ഥ മറികടന്നു; പദ്ധതിയുമായി ബന്ധപ്പെട്ടവർ വിശദീകരിക്കണമെന്ന് രാജീവ് ചന്ദ്രശേഖർ; ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ നിയന്ത്രിക്കുമെന്നും കേന്ദ്രമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സംസ്ഥാന സർക്കാരിന്റെ കെ ഫോൺ പദ്ധതിക്കായി മേക്ക് ഇൻ ഇന്ത്യ മാനദണ്ഡം പാലിക്കാതെ ചൈനയിൽ നിർമ്മിച്ച ഒപ്റ്റിക്കൽ ഫൈബർ കേബിൾ വാങ്ങിയതിൽ അസ്വാഭാവിതയെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇന്ത്യയിൽ നിരവധി കമ്പനികൾ കേബിൾ ഉൽപാദിപ്പിക്കുന്ന സാഹചര്യത്തിൽ എന്തിനാണ് ചൈനയിൽനിന്നും വാങ്ങിയതെന്ന് പദ്ധതിയുമായി ബന്ധപ്പെട്ടവരാണ് വിശദീകരിക്കേണ്ടതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ഇതുവരെ പദ്ധതിയുമായി ബന്ധപ്പെട്ട് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു

കെ ഫോൺ പദ്ധതിക്ക് വേണ്ടി കേബിളിട്ടതിൽ ഗുരുതര ക്രമക്കേട് എജിയുടെ ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്. മേക്ക് ഇൻ ഇന്ത്യ മാനദണ്ഡം പാലിക്കണമെന്ന ടെണ്ടർ വ്യവസ്ഥ മറികടന്ന് ചൈനീസ് കമ്പനിയിൽ നിന്ന് ഉത്പന്നം വാങ്ങിയത്. മാത്രമല്ല ഗുണമേന്മ ഉറപ്പിക്കാൻ കഴിഞ്ഞില്ലെന്നും പരാമർശമുണ്ട്. കേബിളിങ് ജോലികൾ ഏറ്റെടുത്ത എൽഎസ് കേബിൾസ് എന്ന സ്വകാര്യ കമ്പനിക്ക് അനർഹമായ സഹായം കെ ഫോൺ ചെയ്തു കൊടുത്തെന്നും കണ്ടെത്തലുണ്ട്

ഇന്ത്യൻ നിർമ്മിത ഉത്പന്നമായിരിക്കണമെന്ന ടെണ്ടർ വ്യവസ്ഥ മറികടന്നാണ് എസ്എസ് കേബിൾ എന്ന സ്വകാര്യ കമ്പനി കെ ഫോൺ പദ്ധതിക്ക് കേബിളിറക്കിയത്. OPGW കേബിളിന്റെ പ്രധാന ഘടകമായ ഒപ്റ്റിക്കൽ യൂണിറ്റ് വാങ്ങിയത് ടിജിജി എന്ന ചൈനീസ് കമ്പനിയിൽ നിന്നാണ്. കേബിളിന്റ ആകെ വിലയുടെ 70 ശതമാനത്തോളം വരുന്ന ഉത്പന്നം ചൈനയിൽ നിന്ന് ഇറക്കിയതിനാൽ ഇത് ഇന്ത്യൻ നിർമ്മിത ഉത്പന്നത്തിന്റെ പരിധിയിൽ വരില്ല.

മാത്രമല്ല ഈ കേബിളിന് ഗുണനിലവാരമില്ലെന്ന് പദ്ധതി പങ്കാളിയായ കെഎസ്ഇബി 2019 ൽ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. OPGW കേബിൾ നിർമ്മിക്കാൻ എൽഎസ് കേബിളിന്റെ പ്ലാന്റിൽ സാങ്കേതിക സൗകര്യം ഇല്ലെന്നും ഉന്നതതല ഉദ്യോഗസ്ഥ സംഘത്തിന്റെ പരിശോധന ആവശ്യമാണെന്നും കെഎസ്ഇബി നിലപാടെടുത്തു.

എന്നാൽ പദ്ധതി നടത്തിപ്പുകാരായ കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എൽഎസ് കേബിളിനെ കയ്യയച്ച് സഹായിച്ചു. ടെണ്ടർ മാനദണ്ഡം മറികടന്ന് പ്രവർത്തിക്കാൻ അനുമതി നൽകി. രണ്ട് ഇന്ത്യൻ കമ്പനികൾ OPGW കേബിളുകൾ നിർമ്മിക്കുന്നുണ്ട്. ഇവരിൽ നിന്ന് വാങ്ങിയില്ലെന്ന് മാത്രമല്ല 220 കെവി ലൈനിന് കെഎസ്ഇബി വാങ്ങുന്ന കേബിളിന്റെ ആറ് മടങ്ങ് വില അധികം എൽഎസ് കേബിൾസ് ഈടാക്കിയിട്ടുമുണ്ട്.

അതേ സമയം 'ഡിജിറ്റൽ പൗരന്മാർക്ക്' യാതൊരു ബുദ്ധിമുട്ടും സൃഷ്ടിക്കാത്ത വിധം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അനുബന്ധ പ്രവർത്തനങ്ങളെ കേന്ദ്ര സർക്കാർ നിയന്ത്രിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇന്റർനെറ്റ് മുഖാന്തരമുള്ള കുറ്റകൃത്യങ്ങളും വിധ്വംസക പ്രവർത്തനങ്ങളും വർധിച്ചുവരുന്നതായി കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കീഴിൽ കഴിഞ്ഞ ഒൻപതു വർഷത്തിനിടെ ഡിജിറ്റൽ മേഖലയിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി രാജീവ് ചന്ദ്രശേഖർ.

''ഇന്റർനെറ്റ് കേന്ദ്രീകരിച്ചുള്ള കുറ്റകൃത്യങ്ങളും മറ്റു വിധ്വസംക പ്രവർത്തനങ്ങളും വളരെയധികം വർധിച്ചിട്ടുണ്ട്. ഡിജിറ്റൽ പൗരന്മാരെ ബുദ്ധിമുട്ടിക്കുന്ന വിധത്തിലുള്ള ഒരു പ്രവൃത്തിയും സർക്കാർ അനുവദിക്കില്ല. നിലവിൽ 85 കോടി ഇന്ത്യക്കാർ ഇന്റർനെറ്റ് ഉപയോഗിക്കുന്നുണ്ട്. 2025 ആകുമ്പോഴേയ്ക്കും ഇത് 120 കോടിയായി ഉയരും' മന്ത്രി പറഞ്ഞു.

ദുരുദ്ദേശ്യത്തോടെ വ്യക്തികളുടെ അനുവാദമില്ലാതെ അവരുടെ ചിത്രങ്ങളും മറ്റു വിശദാംശങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുന്ന പ്രവണത കൂടുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി. ക്രമസമാധാനവുമായി ബന്ധപ്പെട്ട വിഷയം കൈകാര്യം ചെയ്യുന്നത് സംസ്ഥാന സർക്കാരുകളാണ്. അതുകൊണ്ട് സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള ശക്തമായ നിയമങ്ങൾ ആവിഷ്‌കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

രാജ്യത്ത് ഇന്റർനെറ്റ് കണക്ടിവിറ്റി വളരെയധികം വ്യാപിച്ചുകഴിഞ്ഞെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അതുകൊണ്ടു തന്നെ, സൈബറിടത്തിൽ ആളുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കേന്ദ്ര സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. വ്യക്തി വിവര സംരക്ഷണ ബിൽ ഉടൻ തന്നെ പാർലമെന്റിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP