Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോക്ക് ഡൗൺ കാരണം രാജ്യത്തെ എഴുപത് ശതമാനം ജനങ്ങളും പട്ടിണിയിൽ; ഇരുപത് ലക്ഷം കോടി പ്രഖ്യാപിച്ചിട്ടും ഒരു രൂപ പോലും അക്കൗണ്ടിലേക്കും എത്തുന്നില്ല; വരുമാനം പൂർണമായും നിലച്ച സംസ്ഥാനങ്ങളെയും പാക്കേജ് ഗൗനിക്കുന്നില്ല; വിദ്യാഭ്യാസ ലോൺ പോലും അനുവദിക്കാത്ത ബാങ്കുകൾ എങ്ങനെ ഈടില്ലാത്ത വായ്പ നൽകും; കേന്ദ്ര ഉത്തേജക പാക്കേജ് ഉപരിതല സ്പർശിയെന്ന് വർഗീസ് ജോർജ് മറുനാടനോട്

ലോക്ക് ഡൗൺ കാരണം രാജ്യത്തെ എഴുപത് ശതമാനം ജനങ്ങളും പട്ടിണിയിൽ; ഇരുപത് ലക്ഷം കോടി പ്രഖ്യാപിച്ചിട്ടും ഒരു രൂപ പോലും അക്കൗണ്ടിലേക്കും എത്തുന്നില്ല; വരുമാനം പൂർണമായും നിലച്ച സംസ്ഥാനങ്ങളെയും പാക്കേജ് ഗൗനിക്കുന്നില്ല; വിദ്യാഭ്യാസ ലോൺ പോലും അനുവദിക്കാത്ത ബാങ്കുകൾ എങ്ങനെ ഈടില്ലാത്ത വായ്പ നൽകും;  കേന്ദ്ര  ഉത്തേജക പാക്കേജ് ഉപരിതല സ്പർശിയെന്ന് വർഗീസ് ജോർജ് മറുനാടനോട്

എം മനോജ് കുമാർ

 തിരുവനന്തപുരം: കൊറോണ കാലത്തെ അതിജീവിക്കാൻ കേന്ദ്രം പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പാക്കേജ് ഉപരിതല സ്പർശിയായി കടന്നു പോവുകയാണെന്ന് എൽജെഡി ദേശീയ ജനറൽ സെക്രട്ടറി വർഗീസ് ജോർജ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധനമന്ത്രി നിർമല സീതാരാമനും പ്രഖ്യാപിച്ച പാക്കെജുകളിലെ പ്രഖ്യാപനം സാധാരണക്കാരനിലേക്ക് കടന്നു വരുന്നില്ലെന്നും ഇത് മുഴുവൻ കണക്കിലെ കളികൾ മാത്രമെന്നും വർഗീസ് ജോർജ് മറുനാടനോട് പറഞ്ഞു. ആകാംക്ഷയോടെയാണ് ഉത്തേജക പാക്കേജിനെ ജനങ്ങൾ വീക്ഷിച്ചത്. പട്ടിണിയിലും ദുരിതത്തിലും ആണ്ടിരിക്കെ ആശ്വാസധനം തങ്ങളുടെ കൈകളിൽ എത്തുമെന്ന് അവർ കരുതി. പക്ഷെ ഒരു രൂപ പോലും ജനങ്ങളുടെ കയ്യിൽ നേരിട്ട് എത്തുന്നില്ല. അതുകൊണ്ട് തന്നെ പാക്കേജിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. ഇത്തരം സാമ്പത്തിക പാക്കേജുകൾക്കൊണ്ട് ഒരു പ്രയോജനവുമില്ലാത്ത അവസ്ഥയാണ് വന്നു ഭവിച്ചിരിക്കുന്നത്. ഈ സാമ്പത്തിക പാക്കേജിൽ കാർഷിക കടങ്ങൾ എഴുതി തള്ളുമെന്ന് ജനം പ്രതീക്ഷിച്ചിരുന്നതാണ്. പക്ഷെ ഒരു രൂപയുടെ കടം പോലും എഴുതി തള്ളിയിട്ടില്ല.

സാമ്പത്തിക പാക്കേജ് സാധാരണക്കാരന്റെ ജീവിതത്തെ സ്പർശിക്കാതെ കടന്നുപോവുകയാണ്. ആശ്വാസധനമായി ഒരു നിശ്ചിത തുകയെങ്കിലും ലഭിക്കുമെന്നാണ് ജനങ്ങൾ കരുതിയത്. ബിജെപി മാനിഫെസ്റ്റോയിൽ പറഞ്ഞത് ഒരു കുടുംബത്തിനു മിനിമം വരുമാനം ഉറപ്പാക്കുമെന്നാണ്. എന്നാൽ ഈ കാര്യം കൊറോണ സമയത്ത് പോലും അവർ വിസ്മരിച്ചു. സാധാരണക്കാരന്റെ വാങ്ങൽ ശേഷി കൂട്ടുന്നതിനുള്ള ഒരു പദ്ധതിയുമില്ല. രാജ്യത്തെ ജനസംഖ്യയിൽ എഴുപത് ശതമാനം പേരും കൃഷിക്കാരാണ്. കടബാധ്യതയിൽ കഴിയുന്നത് ഈ കൃഷിക്കാരാണ്. കൊറോണ കാലത്ത് പോലും ഒരു രൂപ കടം പോലും എഴുതി തള്ളിയിട്ടില്ല. ആശ്വാസ പാക്കേജുകൾ ആശ്വാസം നൽകാത്ത അനുഭവമാണ് നൽകുന്നത്.

ഇൻഡോ-പാക്ക് വിഭജനം നടന്ന ശേഷമുള്ള ഏറ്റവും വലിയ ദുരിതമാണ് കൊറോണ കാലത്ത് ജനങ്ങൾ അനുഭവിക്കുന്നത്. സംസ്ഥാനങ്ങളിൽ നിന്ന് സംസ്ഥാനങ്ങളിലേക്കുള്ള ജനങ്ങളുടെ തിരിച്ചു പോക്ക് വലിയ പ്രശ്‌നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഇവരിൽ പലർക്കും ജോലിയും വീടും വരുമാനവുമില്ലാത്തവരാണ്. പേരിന് ഒരു കുടിൽ മാത്രമാണ് ഉള്ളത്. മെട്രോകളിൽ ജോലി ചെയ്ത് ഉള്ള വരുമാനം കൊണ്ടാണ് ഇവർ ജീവിച്ചിരുന്നത്.വരുമാനമില്ലതെ ഈ ജനങ്ങൾ പട്ടിണികൊണ്ട് മരണം വരിക്കും. ഭൂരഹിത കൃഷിക്കാരും ഗ്രാമീണരും പട്ടിണിയിലാണ്. ബാങ്കുകളിൽ നിന്നുള്ള ലോൺ ലഭിക്കുമെന്ന് കേന്ദ്രം പറയുന്നു. ഈടില്ലാതെ ബാങ്കുകൾ ലോണുകൾ അനുവദിക്കില്ല. എന്തെങ്കിലും കാരണം പറഞ്ഞു തിരികെ അയക്കും. ബാങ്കുകൾ പഴയപടി ധനികരെ മാത്രമാണ് സ്വീകരിക്കുന്നത്. സർക്കാർ എന്തൊക്കെ പറഞ്ഞാലും ഈട് നൽകാതെ ലോൺ ബാങ്കുകൾ നൽകില്ല. കേരളത്തിൽ നഴ്‌സിങ് പ്രവേശനം ലഭിച്ച ഉയർന്ന മാർക്കുള്ള കുട്ടികൾക്ക് പോലും ബാങ്കുകൾ എഡ്യുക്കേഷൻ ലോൺ അനുവദിച്ചില്ല. ബാങ്കുകളിൽ നിന്നും പലിശ രഹിത വായ്പ ലഭിക്കും എന്നുള്ളത് മിഥ്യാധാരണയാണ്.

സംസ്ഥാനങ്ങളെ കണക്കിലെടുക്കാത്ത പാക്കേജ് ആണിത്. കൊറോണ വ്യാപനത്തെതുടർന്നും ലോക്ക് ഡൗൺ ആയതുകാരണവും സംസ്ഥാനങ്ങൾ കടത്തിലാണ്. വരുമാനം നിലച്ചിരിക്കുന്ന അവസ്ഥയാണിത്. കൊറോണ ചികിത്സയുടെ ബാധ്യത മുഴുവൻ സംസ്ഥാനങ്ങൾക്കാണ്. കേന്ദ്രം ഒന്നും സംസ്ഥാനങ്ങൾക്ക് കൊറോണ കാര്യത്തിൽ നൽകിയിട്ടില്ല. കൊറോണ ബാധിച്ച കേരളം, തമിഴ്‌നാട്, ബംഗാൾ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾക്ക് കേന്ദ്രം സ്‌പെഷ്യൽ പാക്കേജ് നൽകേണ്ടതാണ്. ഒരു സംസ്ഥാനത്തിനും ഒരു സ്‌പെഷ്യൽ പാക്കേജും നൽകിയിട്ടില്ല. 20 ലക്ഷം കോടിക്കുള്ള ശ്രോതസ് ചോദിച്ചപ്പോൾ നിർമലാ സിതാരാമൻ ഒഴിഞ്ഞു മാറുകയാണ് ചെയ്തത്. സാമ്പത്തിക പാക്കേജ് കൃഷിക്കാർക്കോ വ്യവസായികൾക്കോ ചെറുകിടക്കാർക്കോ തൊഴിലാളികൾക്കൊ ഒരാശ്വാസവും നൽകുന്നില്ല. ഇത് കണക്കിലെ കളികൾ മാത്രമാണ്. ദാരിദ്ര്യം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് ഒരു നിശ്ചിത പ്രതിമാസ വരുമാനം പണം ആയി തന്നെ നൽകണം. എന്നാലേ ഉത്തേജക പാക്കേജ് കൊണ്ട് സാധാരണക്കാരനു ഗുണം ലഭിക്കൂ-വർഗീസ് ജോർജ് പറഞ്ഞു.

മൊത്തം ഇരുപത് ലക്ഷം കോടിയുടെ പാക്കേജാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ഈ പാക്കേജിലെ തുക രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ പത്ത് ശതമാനം വരുമെന്നും ഇന്ത്യയെ സ്വയം പര്യാപ്തമാക്കാനുള്ള പദ്ധതിയുടെ അടിസ്ഥാനമായി മാറുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇതിനു തൊട്ടു പിറകെയാണ് നിർമല സീതാരാമന്റെ പ്രഖ്യാപനങ്ങൾ വന്നത്. ഈടില്ലാതെ വായ്പകൾ നൽകുന്നതിനു മൂന്നുലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്. അതിന്റെ തുടർച്ചയായാണ് വഴിയോരക്കച്ചവടക്കാർക്ക് 5000 കോടി രൂപയുടെ വായ്പ ഒരുമാസത്തിനകം നൽകുമെന്നു നിർമല സീതാരാമൻ ഇന്നു പ്രഖ്യാപിച്ചത്.

പ്രവർത്തന മൂലധനമായി ഓരോരുത്തർക്കും 10,000 രൂപ വീതം നൽകും. 50 ലക്ഷം വഴിയോരക്കച്ചവടക്കാർക്ക് ഇതിന്റെ ഗുണം ലഭിക്കും. കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് കൂടുതൽ വായ്പ നൽകും. കർഷകർക്ക് നബാർഡ് വഴി 30,000 കോടി നൽകും. ചെറുകിടനാമമാത്ര കർഷകർക്ക് വായ്പ നൽകാൻ 30,000 കോടി രൂപ കൂടി നൽകും. 2.5 കോടി കർഷകരെ കൂടി കിസാൻ ക്രെഡിറ്റ് കാർഡിന്റെ പരിതിയിൽ കൊണ്ടുവരും. മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ പദ്ധതിയുടെ കീഴിലാക്കും. പലിശ ഇളവുകളോടു കൂടിയുള്ള വായ്പയാണ് കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി വഴി നൽകി വരുന്നത്. കോവിഡ് പ്രതിസന്ധി നേരിടാനുള്ള 20 ലക്ഷം കോടി രൂപയുടെ പാക്കേജിന്റെ രണ്ടാം ഘട്ട പ്രഖ്യാപനത്തിലാണ് നിർമല സിതാരാമൻ ഇക്കാര്യങ്ങൾ വിശദീകരിച്ചത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP