Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗൂഗിൾ അങ്ങനെ കടുംപിടുത്തം പിടിച്ചാൽ ശരിയാവില്ല; ഭാരത് മാട്രിമണി അടക്കം 10 ഇന്ത്യൻ ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തതിൽ കേന്ദ്രസർക്കാർ ഇടപടൽ; തിങ്കളാഴ്ച ഗുഗിൾ പ്രതിനിധികളുമായി ചർച്ചയെന്ന് ഐടി മന്ത്രി അശ്വിനി വൈഷ്ണവ്; സേവന ഫീസ് തർക്കത്തിൽ ഗൂഗിളിന് പിടിവാശിയെന്ന് സ്റ്റാർട്ടപ്പുകൾ

ഗൂഗിൾ അങ്ങനെ കടുംപിടുത്തം പിടിച്ചാൽ ശരിയാവില്ല; ഭാരത് മാട്രിമണി അടക്കം 10 ഇന്ത്യൻ ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തതിൽ കേന്ദ്രസർക്കാർ ഇടപടൽ; തിങ്കളാഴ്ച ഗുഗിൾ പ്രതിനിധികളുമായി ചർച്ചയെന്ന് ഐടി മന്ത്രി അശ്വിനി വൈഷ്ണവ്; സേവന ഫീസ് തർക്കത്തിൽ ഗൂഗിളിന് പിടിവാശിയെന്ന് സ്റ്റാർട്ടപ്പുകൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സേവന ഫീസ് തർക്കത്തിൽ 10 ഇന്ത്യൻ കമ്പനികളുടെ ആപ്പുകൾ പ്ലേസ്‌റ്റോറിൽ നിന്ന് ഗൂഗിൾ നീക്കിയ സംഭവത്തിൽ കേന്ദ്രസർക്കാർ ഇടപെട്ടു. ബില്ലിങ് നയങ്ങളിലെ പ്രശ്‌നങ്ങൾ ഒത്തുതീർപ്പാക്കാൻ, ഗുഗിൾ പ്രതിനിധികളെ തിങ്കളാഴ്ച ചർച്ചയ്ക്ക് ക്ഷണിച്ചതായി ഐടി മന്ത്രി അശ്വിൻ വൈഷ്ണവ് എൻഡി ടിവിയെ അറിയിച്ചു.

സേവന ഫീസ് സംബന്ധിച്ച തർക്കത്തെ തുടർന്ന് ഭാരത് മാട്രിമോണി അടക്കമുള്ള പ്രമുഖ മാട്രിമോണി ആപ്പുകളടക്കം പ്ലേസ്റ്റോറിൽ നിന്ന് ഗൂഗിൾ നീക്കിയിരുന്നു. 10 ഇന്ത്യൻ കമ്പനികളുടെ ആപ്പുകളാണ് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കിയത്. സേവന ഫീസ് പേയ്‌മെന്റുകൾ സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങൾക്കിടയിലാണ് ഈ നീക്കം.

രാജ്യത്ത് വളരെ വിപുലമായി വളരുന്ന സ്റ്റാർട്ട് അപ് അന്തരീക്ഷമുണ്ടെന്നും അത്തരം കമ്പനികളുടെ താൽപര്യങ്ങൾ സംരക്ഷിക്കേണ്ടത് നിർണായകമാണെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ, ഗൂഗിൾ ന്യായമായ സമീപനം സ്വീകരിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ഭാരത് മാട്രിമോണി, ക്രിസ്റ്റ്യൻ മാട്രിമോണി, മുസ്ലിം മാട്രിമോണി, ജോഡി എന്നിവയാണ് പ്ലേസ്റ്റോറിൽ നിന്ന് ഡിലീറ്റ് ചെയ്തത്. ഇന്ത്യയിലെ ഇന്റർനെറ്റ് ഉപഭോക്താക്കൾക്ക് കനത്ത തിരിച്ചടിയാണ് ഗൂഗിളിന്റെ നീക്കമെന്ന് മാട്രിമോണിയൽ കമ്പനി സ്ഥാപകൻ മുരുഗവേൽ പ്രതികരിച്ചു. 'ഞങ്ങളുടെ ആപ്പുകൾ ഓരോന്നായി ഇല്ലാതാക്കുന്നു. എല്ലാ മുൻനിര മാട്രിമോണി സേവനങ്ങളും ഇല്ലാതാക്കപ്പെടും എന്നാണ് ഇതിനർത്ഥം' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്താണ് പ്രശ്‌നം?

ഇൻ ആപ്പ് ഇടപാടുകളിൽ 11 മുതൽ 26 ശതമാനം വരെ സേവന ഫീസ് ഏർപ്പെടുത്താനുള്ള ഗൂഗിളിന്റെ തീരുമാനത്തെ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ ചെറുത്തതിനെ ചൊല്ലിയാണ് തർക്കം ഉടലെടുത്തത്. നേരത്തെ 15 ശതമാനം മുതൽ 30 ശതമാനം വരെ ഈടാക്കുന്ന രീതി ഒഴിവാക്കാൻ രാജ്യത്തെ ആന്റിട്രസ്റ്റ് അധികൃതർ ഉത്തരവിട്ടതിന് ശേഷമാണ് ഗൂഗിളിന്റെ പുതിയ നടപടി. തങ്ങൾക്ക് കിട്ടുന്ന സേവന ഫീസ് ആൻഡ്രോയിഡിന്റെയും പ്ലേസ്‌റ്റോർ ആപ്പുകളുടെയും വികസനത്തിനും പ്രോത്സാഹനത്തിനും മുടക്കുന്നുണ്ടെന്നാണ് ഗൂഗിളിന്റെ ന്യായം. ജനുവരിയിലും, ഫെബ്രുവരിയിലുമായി വന്ന സുപ്രീം കോടതി ഉത്തരവുകളും പുതിയ ഫീസ് ഈടാക്കാനോ, അതല്ലെങ്കിൽ ആപ്പുകൾ നീക്കം ചെയ്യാനോ അനുവദിക്കുന്ന തരത്തിലായിരുന്നു. ഗൂഗിൾ പ്ലേ സ്റ്റോർ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന 200,000ലധികം ഇന്ത്യൻ ഡെവലപ്പർമാരിൽ 3% മാത്രമേ സേവന ഫീസ് നൽകേണ്ടതുള്ളൂ.

ഭാരത് മാട്രിമോണി ആപ്പ് പ്രവർത്തിപ്പിക്കുന്ന ഇന്ത്യൻ കമ്പനികളായ മാട്രിമോണി ഡോട്കോം, സമാന ആപ്പായ ജീവൻസതി പ്രവർത്തിപ്പിക്കുന്ന ഇൻഫോ എഡ്ജ് എന്നിവയ്ക്ക് പ്ലേ സ്റ്റോർ നിയമങ്ങൾ ലംഘിച്ചതിന് ആൽഫബെറ്റ് ഇങ്കിന്റെ യൂണിറ്റ് നോട്ടീസ് അയച്ചു. നോട്ടീസ് പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കാമെന്നാണ് രണ്ടു കമ്പനികളും തീരുമാനിച്ചിരിക്കുന്നത്. സംഭവത്തിനു ശേഷം മാട്രിമോണി ഡോട്കോമിന്റെ ഓഹരികൾ 2.7 ശതമാനം ഇടിഞ്ഞു. ഇൻഫോ എഡ്ജ് 1.5 ശതമാനവും ഇടിവ് രേഖപ്പെടുത്തി.

ഗൂഗിളിന്റെ നടപടി മാട്രിമണി ആപ്പുകളിൽ മാത്രം ഒതുങ്ങുന്നതല്ല. ഗൂഗിളിൽ നിന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നും പ്ലേ സ്റ്റോർ നയങ്ങൾ പാലിക്കുന്നുണ്ടെന്നും നൗക്കരി ആപ്പിന്റെ മാതൃസ്ഥാപനമായ ഇൻഫോ എഡ്ജ് സ്ഥാപകൻ സഞ്ജീവ് ബിഖ്ചന്ദാനി പറഞ്ഞു. ഞങ്ങളുടെ പക്കൽ ഗൂഗിളിന്റെ തീർപ്പുകൽപ്പിക്കാത്ത ഇൻവോയ്‌സുകളൊന്നുമില്ല. എല്ലാത്തിനും കൃത്യസമയത്ത് പണം നൽകിയിട്ടുണ്ട്. അദ്ദേഹം പറഞ്ഞു. റിയൽ എസ്റ്റേറ്റ് സർച്ച് പ്ലാറ്റ്‌ഫോമായ 99 ഏക്കേഴ്‌സും നീക്കം ചെയ്യപ്പെട്ടവയിൽ പെടുന്നു. 10 കമ്പനികളുടെ ആപ്പുകൾ നീക്കം ചെയ്യുകയാണെന്ന് പറഞ്ഞ ഗൂഗിൾ, നീക്കം വിശദമായി വിവരിക്കുന്ന ഒരു ബ്ലോഗ് പോസ്റ്റിൽ ആരുടെയും പേര് നൽകിയില്ല.

ഗൂഗിളിന്റെ പ്രതികരണം

ആൽഫബറ്റിന്റെ അനുബന്ധ കമ്പനിയായ ഗൂഗിൾ തങ്ങളുടെ നടപടികളെ ന്യായീകരിച്ചു. ഈ ആപ്പ് ഡവലപ്പമാർക്ക് മൂന്നുവർഷത്തിലധികം സമയം നൽകി. സുപ്രീം കോടതി വിധിക്ക് ശേഷവും മൂന്നുആഴ്ച നൽകി. ചില ഡവലപ്ർമാർക്ക് മാത്രം ഫീസിൽ ഇളവ് അനുവദിക്കുന്ന പരിപാടി നടപ്പില്ലെന്നാണ് ഗൂഗിളിന്റെ നിലപാട്. കേന്ദ്രസർക്കാർ ഇടപെട്ടതോടെ സമവായം ഉരുത്തിരിയുമെന്ന പ്രകീക്ഷയിലാണ് സ്റ്റാർട്ടപ്പുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP