Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

പ്രവാസികളെ വേണ്ടെന്ന് പറഞ്ഞ കേന്ദ്ര സർക്കാർ പ്രവാസികളുടെ മൃതദേഹങ്ങളേയും അപമാനിക്കുന്നു; ചരക്ക് വാഹനത്തിൽ മൃതദേഹങ്ങൾ വേണ്ടെന്ന് കേന്ദ്രം; റാസൽഖൈമയിൽ നിന്നും കയറ്റി വിട്ട രണ്ട് മലയാളികളുടെ മൃതദേഹങ്ങൾ ചെന്നൈ എയർപോർട്ടിൽ അനാഥ പ്രേതങ്ങളായി കിടക്കുന്നു; അനുമതി ഇല്ലാത്തതിനാൽ കുവൈറ്റ് എയർപോർട്ടിലും രണ്ട് മലയാളി മൃതദേഹങ്ങൾ

പ്രവാസികളെ വേണ്ടെന്ന് പറഞ്ഞ കേന്ദ്ര സർക്കാർ പ്രവാസികളുടെ മൃതദേഹങ്ങളേയും അപമാനിക്കുന്നു; ചരക്ക് വാഹനത്തിൽ മൃതദേഹങ്ങൾ വേണ്ടെന്ന് കേന്ദ്രം; റാസൽഖൈമയിൽ നിന്നും കയറ്റി വിട്ട രണ്ട് മലയാളികളുടെ മൃതദേഹങ്ങൾ ചെന്നൈ എയർപോർട്ടിൽ അനാഥ പ്രേതങ്ങളായി കിടക്കുന്നു; അനുമതി ഇല്ലാത്തതിനാൽ കുവൈറ്റ് എയർപോർട്ടിലും രണ്ട് മലയാളി മൃതദേഹങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്:കൊറോണ പേടിയിൽ പ്രവാസികളെ വേണ്ടെന്ന് പറഞ്ഞ കേന്ദ്രസർക്കാർ പ്രവാസികളുടെ മൃതദേഹങ്ങളേയും അപമാനിക്കുന്നു. ചരക്ക് വിമാനങ്ങളിൽ പ്രവാസികളുടെ മൃതദേഹം കയറ്റി അയക്കേണ്ടെന്ന് പറഞ്ഞാണ് പ്രവാസികളെ സർക്കാർ വീണ്ടും അപമാനിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ഈ തീരമാനത്തിന് പിന്നാലെ വിവിധ എയർപോർട്ടുകളിൽ നിരവധി മലയാളികളുടേതടക്കം അനേകം ഇന്ത്യക്കാരുടെ മൃതദേഹങ്ങളാണ് അനാഥ പ്രേതം പോലെ കിടക്കുന്നത്. ഇതോടെ വിദേശത്ത് മരിച്ച പ്രിയപ്പെട്ടവരെ അവസാനമായി ഒരു നോക്ക കാണാൻ പോലും ആകാതെ അലറി കരയുകയാണ് നാട്ടിലെ ബന്ധുക്കൾ.

ഇന്ത്യയിൽ നിന്നെത്തുന്ന ചരക്കുവിമാനങ്ങളിൽ ഗൾഫ് നാടുകളിൽനിന്ന് പ്രവാസികളുടെ മൃതദേഹങ്ങൾ അയക്കുന്നതിനും കേന്ദ്ര സർക്കാരിന്റെ വിലക്ക് വന്നതോടെയാണ് വിദേശത്ത് മരിക്കുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് തടസ്സമായത്്. റാസൽഖൈമയിൽ നിന്നും കയറ്റി വിട്ട രണ്ട് മലയാളികളുടെ മൃതദേഹങ്ങൾ ചെന്നൈ എയർപോർട്ടിൽ അനാഥ പ്രേതങ്ങളായി കിടക്കുകയാണ്. അനുമതി ഇല്ലാത്തതിനാൽ കുവൈറ്റ് എയർപോർട്ടിലും രണ്ട് മലയാളി മൃതദേഹങ്ങൾ സർക്കാരിന്റെ കനിവും കാത്ത് നാടണയാനായി കാത്തു കിടക്കുന്നുണ്ട്. നാടിന്റെ നട്ടെല്ലായ പ്രവാസികൾക്കാണ് ഇപ്പോൾ സ്വന്തം മണ്ണിൽ ശവസംസ്‌ക്കാരം എന്ന അന്ത്യാഭിലാഷത്തിന് പോലും വഴിയൊരുക്കാതെ സർക്കാർ കണ്ണടച്ച് ഇരുട്ടാക്കുന്നത്.

അടിയന്തരാവശ്യങ്ങളുള്ള പ്രവാസികൾക്കുവേണ്ടി പ്രത്യേക വിമാനങ്ങൾ ഏർപ്പെടുത്തണമെന്ന മുറവിളി ശക്തമാകുന്നതിനിടയിലാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനും സർക്കാർ വിലക്ക് ഏർപ്പെടുത്തിയത്. കഴിഞ്ഞദിവസം ദുബായിൽ നിന്ന് എമിറേറ്റ്സ് വിമാനത്തിൽ ചെന്നൈയിലേക്കയച്ച രണ്ട് മൃതദേഹങ്ങൾ വീട്ടുകാർക്ക് വിട്ടുകൊടുക്കാനായിട്ടില്ല. മൃതദേഹങ്ങൾ ചൈന്നെ വിമാനത്താവളത്തിലെ കാർഗോ വിഭാഗത്തിൽ ഉറ്റവരെ കാത്തു കിടക്കുകയാണ് ഇപ്പോഴും. ഇറക്കിയ വിമാനം ദുബായിൽ തിരിച്ചെത്തിയിട്ടും ഈ മൃതദേഹങ്ങൾ ബന്ധുക്കളെ എത്തിക്കാനുള്ള യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

റാസൽഖൈമയിൽ മരിച്ച പ്രവാസിയുടെ മൃതദേഹം തിരുവനന്തപുരത്തേക്ക് അയക്കാനായി എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി ദുബായ് വിമാനത്താവളത്തിൽ എത്തിച്ചപ്പോഴാണ് പുതിയ വിലക്കിനെക്കുറിച്ച് അറിയുന്നത്. കുവൈത്തിൽ മരിച്ച മാവേലിക്കര സ്വദേശി വർഗീസ് ജോർജ്, കോഴിക്കോട് മണിയൂർ സ്വദേശി വിനോദ് എന്നിവരുടെ മൃതദേഹങ്ങൾ കുവൈത്ത് വിമാനത്താവളത്തിൽ എത്തിച്ചപ്പോഴും ഇത് ആവർത്തിച്ചു. മൃതദേഹങ്ങൾ കയറ്റാൻ പാടില്ലെന്ന നിർദ്ദേശമുണ്ടെന്നാണ് വിമാനക്കമ്പനി അധികൃതർ പറഞ്ഞത്. ഇതോടെ വിദേശത്ത് മരിച്ച ഉറ്റവരെ അവസാനമായി ഒരു നോക്ക് കാണാൻ പോലും ആകാത്തതിന്റെ സങ്കടക്കടലിൽ ആയിരിക്കുകയാണ് നാട്ടിലുള്ള പ്രിയപ്പെട്ടവർ. ഒരായുസ്സ് മുഴുവനും നാടിനും വീടിനും വേണ്ടി ചോര നീരാക്കിയ പ്രവാസികൾക്കാണ് ഒടുവിൽ ഇത്തരം ഒരു ഗതി വന്നിരിക്കുന്നത്.

മൃതദേഹം നാട്ടിലെത്തിക്കുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി ഇതിന് ആവശ്യമാണെന്നാണ് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ എല്ലാ വിമാനത്താവളങ്ങളിലേക്കും വാക്കാൽ നിർദ്ദേശം നൽകിയിരിക്കുന്നത്. എന്നാൽ ഈ നടപടി താത്കാലികമാണെന്നും മൃതദേഹങ്ങൾ കൊണ്ടുവരുന്നത് സംബന്ധിച്ച മാർഗരേഖ തയ്യാറാക്കുന്നതിനായുള്ള നടപടിക്രമത്തിന്റെ ഭാഗമായാണ് വിലക്കെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ പറയുന്നു.

ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്ര വിമാന സർവീസുകളെല്ലാം നിശ്ചലമായതോടെയാണ് ഗൾഫ് നാടുകളിൽ മരിക്കുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കാനുള്ള വഴികളെല്ലാം അടഞ്ഞത്. പല മൃതദേഹങ്ങളും ഉറ്റവർക്ക് അവസാനമായൊന്ന് കാണാൻപോലും അവസരം ലഭിക്കാതെ ഗൾഫ് മണ്ണിൽ സംസ്‌കരിക്കപ്പെടുകയാണ്. അതിനിടെയാണ് ചെറിയൊരു ആശ്വാസമായി ഇന്ത്യയിൽനിന്ന് എത്തുന്ന ചരക്കുവിമാനങ്ങൾ തിരിച്ചുപോകുമ്പോൾ മൃതദേഹങ്ങളും കയറ്റിയയക്കാൻ അനുമതിയായത്. അതനുസരിച്ച് നിത്യവും രണ്ടും മൂന്നും മൃതദേഹങ്ങൾ ഇന്ത്യയിലെ പല നഗരങ്ങളിലേക്കും കൊണ്ടുപോകാനായി. പൂർണമായും അണുവിമുക്തമാണെന്ന സർട്ടിഫിക്കറ്റുമായാണ് ഗൾഫ് നാടുകളിൽനിന്നുള്ള മൃതദേഹങ്ങൾ നാട്ടിലേക്ക് അയച്ചുകൊണ്ടിരുന്നത്.

ഇന്നലെ നടന്ന മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിലും പ്രവാസികളുടെ വിമാനം ചരക്ക് വിമാനത്തിൽ കയറ്റി നാട്ടിലെത്തിക്കുന്നതിനെ കുറിച്ച് പിണറായി വിജയൻ പറഞ്ഞിരുന്നു. ഇഥിന് കേന്ദ്രത്തിന്റെ അനുമതി തേടുമെന്നാണ് പിണറായി വിജയൻ വ്യക്തമാക്കിയത്. എന്നാൽ പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്ന കാര്യത്തിലും കടുംപിടുത്തത്തിലാണ് പ്രധാനമന്ത്രി. ഇതോടെ സ്വന്തം വീടിന് വേണ്ടി രാപകൽ ഇല്ലാതെ കഷ്ടപ്പെട്ട വർഷങ്ങളായി ഉറ്റവരെ ഒരു നോക്ക് കാണാൻ പോലും സാധിക്കാത്ത മണലാരണ്യങ്ങളിൽ കിടന്ന് പണിയെടുത്തവരാണ് ഒടുവിൽ ആ രാജ്യത്ത് തന്നെ അനാഥ പ്രേതം പോലെ മണ്ണടിയുന്നത്. ഇതു പല കോണിൽ നിന്നും എഥിർപ്പ് ശക്തമായിട്ടും കേന്ദ്ര സർക്കാർ തങ്ങളുടെ തീരുമാനത്തിൽ നിന്നും പിന്നോട്ട് പോകാതെ പ്രവാസികളുടെ മൃതദേഹത്തെ പോലും അപമാനിക്കുന്ന നടപടിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP