Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വിവിധ മന്ത്രാലയങ്ങളിലായി ഒഴിഞ്ഞു കിടക്കുന്നത് 6,83,823 തസ്തികകൾ; റയിൽവെയിൽ നിയമനം നടത്താത്തത് 3,03,911 തസ്തികകളിലും സേനയിൽ 3,11,063 ഒഴിവുകളും; കേന്ദ്രീയ വിദ്യാലയത്തിൽ മാത്രം വേണ്ടത് 6688 അദ്ധ്യാപകരെയും; തൊഴിലിനായി എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്ത് 4.29 കോടി യുവാക്കൾ കാത്തിരിക്കുമ്പോൾ ഇന്ത്യയിൽ എങ്ങും നിയമന നിരോധനം

വിവിധ മന്ത്രാലയങ്ങളിലായി ഒഴിഞ്ഞു കിടക്കുന്നത് 6,83,823 തസ്തികകൾ; റയിൽവെയിൽ നിയമനം നടത്താത്തത് 3,03,911 തസ്തികകളിലും സേനയിൽ 3,11,063 ഒഴിവുകളും; കേന്ദ്രീയ വിദ്യാലയത്തിൽ മാത്രം വേണ്ടത് 6688 അദ്ധ്യാപകരെയും; തൊഴിലിനായി എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്ത് 4.29 കോടി യുവാക്കൾ കാത്തിരിക്കുമ്പോൾ ഇന്ത്യയിൽ എങ്ങും നിയമന നിരോധനം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധി രാജ്യത്ത് രൂക്ഷമെന്ന് റിപ്പോർട്ടുകൾ. സർക്കാർ ഖജനാവിൽ പണമില്ലാത്തത് ചെറുപ്പക്കാരെയാണ് കൂടുതലായി ബാധിക്കുന്നത്. തൊഴിലസവരങ്ങൾ പുതുതായി സൃഷ്ടിക്കപ്പെടാത്തതും ഉള്ള തസ്തികകളിൽ നിയമനങ്ങൾ നടത്താത്തതും യുവാക്കൾക്ക് വെല്ലുവിളിയാകുന്നു. കേന്ദ്രസർക്കാരിനു കീഴിലുള്ള വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലുമായി പത്തു ലക്ഷത്തിലധികം തസ്തികകളിൽ കഴിഞ്ഞ രണ്ടുവർഷമായി നിയമനം നടക്കുന്നില്ല. സാമ്പത്തികപ്രതിസന്ധി കാരണമാണ് ഒഴിവുകൾ നികത്താത്തതെന്നാണ് ഉദ്യോഗസ്ഥവൃത്തങ്ങൾ നൽകുന്ന സൂചന. വിവിധ മന്ത്രാലയങ്ങളിലായി 6,83,823 ഒഴിവുകളും, റെയിൽവേയിൽ 3,03,911 തസ്തികകളും സേനയിൽ 3,11,063 തസ്തികകളും, കേന്ദ്രീയവിദ്യാലയത്തിൽ 6688 തസ്തികകളുമാണ് നിയമനം നടത്താതെ ഒഴിഞ്ഞ് കിടക്കുന്നത്.

രാജ്യമാകെ 4.29 കോടി യുവാക്കൾ എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ചുകളിൽ തൊഴിലിനായി രജിസ്റ്റർ ചെയ്ത് കാത്തിരിക്കുമ്പോഴാണ് കേന്ദ്രസർക്കാരിന്റെ നിയമന നിരോധനം. കേരളത്തിൽ മാത്രം 34.99 ലക്ഷം തെഴിൽ രഹിതരാണ് എംപ്ലോയ്‌മെന്റുകളിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത്. റെയിൽവേ ഉൾപ്പെടെയുള്ള 73 മന്ത്രാലയങ്ങളിലായി 2018 ഫെബ്രുവരി വരെ 6,83,823 ഒഴിവുകളാണുണ്ടായിരുന്നത്. ഇതിൽ 25,544 സംവരണ സീറ്റുകളാണ്. ഒ.ബി.സി.-10,859, പട്ടികജാതി-7782, പട്ടികവർഗം-6903 എന്നിങ്ങനെയാണിത്. സംവരണ വിഭാഗങ്ങളിലെ ഒഴിവുകൾ നികത്താൻ ശ്രമം നടക്കുന്നുണ്ട്. ഇപ്പോൾ യഥാക്രമം 1773, 1713, 2530 ഒഴിവുകളാണ് ബാക്കിയുള്ളത്.

2019 മാർച്ച് വരെ റെയിൽവേയിൽ 3,03,911 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ ഒഴിവുകൾ നികത്തിയിട്ടില്ല. 36,436 പേരുടെ നിയമനങ്ങൾ അന്തിമഘട്ടത്തിലാണെങ്കിലും മറ്റ് ഒഴിവുകളിലേക്കുള്ള നിയമന നടപടികൾ വൈകുകയാണ്. കേന്ദ്രീയ വിദ്യാലയങ്ങളിലും ഐ.ഐ.ടി. പോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒട്ടേറെ ഒഴിവുകൾ നികത്താതെ കിടപ്പുണ്ട്. 40 കേന്ദ്രീയവിദ്യാലയങ്ങളിലായി 6688-ഉം ഇഗ്‌നോയിൽ 190-ഉം അദ്ധ്യാപക ഒഴിവുകളാണ് കഴിഞ്ഞമാസം വരെ റിപ്പോർട്ടുചെയ്തത്. 23 ഐ.ഐ.ടി.കളിലായി 3709 അദ്ധ്യാപക ഒഴിവുകളുമുണ്ട്.

പ്രതിരോധമേഖലയിൽ മൂന്നു ലക്ഷത്തിലധികം ഒഴിവുകളുണ്ട്. കര, നാവിക, വ്യോമസേനകളിലായി 3,11,063 ഒഴിവുകളാണുള്ളത്. യൂണിഫോമിതര തസ്തികകളിൽ ഗസറ്റഡ് ഓഫീസർമാരുടെ 3782, ഓഫീസർമാരുടെ 34,289, ഡ്രൈവർമാരുൾപ്പെടെയുള്ള മറ്റു ജോലിക്കാരുടെ 2,01,669 ഒഴിവുകളാണ് നികത്തേണ്ടത്. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇതു വൈകുമെന്ന സൂചന സംയുക്തസേനാ മേധാവിയായി ചുമതലയേറ്റ സന്ദർഭത്തിൽ ജനറൽ ബിപിൻ റാവത്ത് നൽകിയിരുന്നു.

മിക്ക മന്ത്രാലയങ്ങളിലും രണ്ടു വർഷത്തോളമായി നിയമനം പേരിനുമാത്രമാണ്. സ്ഥിരനിയമനം നൽകുന്നതിനുപകരം ക്ലാർക്ക്, അറ്റൻഡർ തസ്തികകൾ പുറംകരാർ നൽകുകയാണിപ്പോൾ. ബ്രൈറ്റ് ഹെവൻ, വിന്റേജ് പോലുള്ള കമ്പനികൾക്കാണ് വിവിധ മന്ത്രാലയങ്ങളിലെ തൊഴിൽ പുറംകരാർ നൽകിയിട്ടുള്ളത്. 10,000 മുതൽ 18,000 വരെ രൂപയാണ് ഇവർ ശമ്പളം നൽകുന്നത്. അതും മാസം പകുതി ആവുമ്പോൾ മാത്രമാണ് നൽകുന്നതെന്ന് പരാതിയുണ്ട്. കേന്ദ്രസർക്കാർ ജോലി എന്ന പ്രതിച്ഛായ ലഭിക്കുന്നതിനാലാണ് മിക്കവരും ചെറിയ ശമ്പളത്തിനു പിടിച്ചു നിൽക്കുന്നതെന്ന് ഗ്രാമവികസനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇന്ത്യ തൊഴിൽരഹിരായ ചെറുപ്പക്കാരുടെ രാജ്യമായി മാറിക്കൊണ്ടിരിക്കുകയാണ് എ്ന്ന റിപ്പോർട്ടുകൾ പുറത്ത് വന്നുകൊണ്ടിരിക്കെ തന്നെയാണ് ഇത്രയധികം തസ്തികകളും ഒഴിഞ്ഞ് കിടക്കുന്നത്. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമി പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ ഡിസംബറിൽ രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് 7.7 ശതമാനമാണ്. നവംബറിൽ ഇത് 7.4 ശതമാനമായിരുന്നു.

നഗര പ്രദേശങ്ങളിൽ തൊഴിൽ ഇല്ലാത്തവരുടെ നിരക്ക് 8.91 ശതമാനം ആണ്. കഴിഞ്ഞ രണ്ടു പാദങ്ങളിലെ ഇന്ത്യയുടെ ജിഡിപി വളർച്ച അഞ്ച് ശതമാനത്തിൽ താഴെയായതും തൊഴിലില്ലായ്മാ നിരക്ക് ഉയർത്തി. ഗ്രാമ പ്രദേശങ്ങളിൽ 7.13 ശതമാനമാണ് തൊഴിലില്ലായ്മാ നിരക്ക്. നവംബറിൽ ഇത് 6.82 ശതമാനം മാത്രമായിരുന്നു. ത്രിപുര, ഹരിയാന, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ആണ് ഏറ്റവും കൂടുതൽ തൊഴിലില്ലായ്മാ നിരക്കുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP