Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

ഇസ്‌ലാം നിഷദ്ധമാക്കിയ ആത്മഹത്യ എന്ന കടുംകൈ ചെയ്യാൻ ഉറച്ച മതപണ്ഡിതനായ ചെമ്പരിക്ക ഖാദി തയ്യാറാവുമോ; ബന്ധുക്കളുടെയും കേരളത്തിലെ എം പിമാരുടെയും പരാതി മുഖവിലയ്ക്കെടുത്ത് അമിത്ഷാ; ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും സിബിഐ രണ്ടുതവണയും ആത്ഹത്യയാണെന്ന് എഴുതിത്ത്ത്ത്തള്ളിയ കേസിൽ സിബിഐ പുനരന്വേഷണം നടത്തും; നടപടി കാസർകോട് എം പി രാജ്‌മോഹൻ ഉണ്ണിത്താൻ നടത്തിയ പരിശ്രമങ്ങൾക്കൊടുവിൽ; ചെമ്പരിക്ക ഖാദിയുടെ മരണത്തിൽ മൂന്നാംതവണയും നേരറിയാൻ സിബിഐ!

ഇസ്‌ലാം നിഷദ്ധമാക്കിയ ആത്മഹത്യ എന്ന കടുംകൈ ചെയ്യാൻ ഉറച്ച മതപണ്ഡിതനായ ചെമ്പരിക്ക ഖാദി തയ്യാറാവുമോ; ബന്ധുക്കളുടെയും കേരളത്തിലെ എം പിമാരുടെയും പരാതി മുഖവിലയ്ക്കെടുത്ത് അമിത്ഷാ; ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും സിബിഐ രണ്ടുതവണയും ആത്ഹത്യയാണെന്ന് എഴുതിത്ത്ത്ത്തള്ളിയ കേസിൽ സിബിഐ പുനരന്വേഷണം നടത്തും; നടപടി കാസർകോട് എം പി രാജ്‌മോഹൻ ഉണ്ണിത്താൻ നടത്തിയ പരിശ്രമങ്ങൾക്കൊടുവിൽ; ചെമ്പരിക്ക ഖാദിയുടെ മരണത്തിൽ മൂന്നാംതവണയും നേരറിയാൻ സിബിഐ!

മറുനാടൻ ഡെസ്‌ക്‌

കാസർകോട്: ഒരിക്കൽ അന്വേഷിച്ച് റിപ്പോർട്ട് നൽകിയ കേസിൽ പുനരന്വേഷണം നടത്തുകയെന്നത് സിബിഐയെ സംബന്ധിച്ചടത്തോളം തീർത്തും അപൂർവമായ നടപടിയാണ്. എന്നാൽ രണ്ടുതവണ സിബിഐ അന്വേഷണം നടന്ന കേസിൽ വീണ്ടും പുനരന്വേഷണം എന്നത് അപൂർവങ്ങളിൽ അപൂർവവും. എന്നാൽ കാസർകോട്ടെ മതപണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന ഉപാധ്യക്ഷനുമായ ചെമ്പരിക്ക ഖാദിയെന്ന് സി.എം അബ്ദുല്ല മുസ്ലിയാരുടെ ദുരൂഹ മരണത്തിൽ ഈ ചരിത്രം വഴിമാറുകയാണ്. കേസിൽ പുനരന്വേഷണത്തിന് സിബിഐ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഉറപ്പു നൽകിയതായി കാസർകോട് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ അറിയിച്ചു.രണ്ട് തവണ സിബിഐ അന്വേഷണം ഉണ്ടായെങ്കിലും ഇത് തൃപ്തികരമല്ല എന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും നിലപാട്. ഈ സാഹചര്യത്തിലാണ് കേസ് പുനരന്വേഷിക്കാനുള്ള തീരുമാനം.

Stories you may Like

2010 ഫെബ്രുവരി 15ന് രാവിലെ 6.50നാണ് സി എം അബ്ദുല്ല മുസ്ല്യാരുടെ മൃതദേഹം വീട്ടിൽ നിന്നു മാറി 900 മീറ്റർ അകലെയുള്ള ചെമ്പരിക്ക കടപ്പുറത്തുനിന്ന് 40 മീറ്റർ അകലെ പൊങ്ങിക്കിടക്കുന്ന നിലയിൽ കണ്ടത്. ചെമ്പരിക്ക ഖാസിയുടേത് ആത്മഹത്യ തന്നെയെന്ന നിലപാടിൽ പൊലീസ് അന്വേഷണം അവസാനിപ്പിച്ചു. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ സിബിഐയും പൊലീസ് കണ്ടെത്തൽ ശരിവെക്കുകയായിരുന്നു.എന്നാൽ കുടുംബാംഗങ്ങളും സമസ്ത കേരള ജംഇയത്തുൽ ഉലമയും ഈ പൊലീസ് കണ്ടെത്തൽ തള്ളി നിഷ്പക്ഷമായ ഒരു അന്വേഷണത്തിനായി സമരപാതയിലായിരുന്നു.

ആദ്യം അന്വേഷിച്ച ബേക്കൽ പൊലിസും പിന്നീട് അന്വേഷിച്ച ക്രൈം ബ്രാഞ്ചും അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുൻപ് സിബിഐ അന്വേഷണം ഏറ്റെടുത്തിരുന്നു. മുസ്‌ലിയാർ, കിഴൂർ കടപ്പുറത്തെ പാറയുടെ മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തതാണ് എന്ന നിഗമനത്തിലാണ് സിബിഐയും എത്തിച്ചേർന്നത്. ഇതിനെ എറണാകുളം സിജെഎം കോടതി നിശിതമായി വിമർശിച്ചിരുന്നു. സിബിഐ യുടെ രണ്ടാമത്തെ റിപ്പോർട്ടിൽ, മരണം ആത്മഹത്യയാണ് എന്നതിന് തെളിവില്ലെങ്കിലും വിദഗ്ധാഭിപ്രായം അനുസരിച്ച് സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിൽ മരണം ആത്മഹത്യയാണ് പ്രസ്താവിച്ചു. ഈ റിപ്പോർട്ട് സ്ഥിതീകരിക്കാനാവില്ലെന്ന് പ്രഖ്യാപിച്ച് പത്തു വർഷമായി കാസർകോട് നിവാസികൾ പുനരന്വേഷണം ആവശ്യപ്പെട്ട് സമരം നടത്തി വരുകയായിരുന്നു.

രണ്ടാമത്തെ സിബിഐ അന്വേഷണത്തിൽ പുതുച്ചേരി ജിപ്‌മെർ മെഡിക്കൽ കോളേജിലെ സൈക്യാട്രി വിഭാഗത്തിലെ ഡോക്ടർമാരുടെ അവലംബിച്ചാണ് നേതൃത്വത്തിൽ ബന്ധുക്കളുടേയും, സമരസമിതി പ്രവർത്തകരുടേയും വിശദമായ മൊഴി രേഖപ്പെടുത്തിയത്. മനഃശാസ്ത്ര വിദഗ്ദ്ധർ തന്നെയാണ് മുൻകൂട്ടി തയ്യാറാക്കിയ ചോദ്യങ്ങൾ ചോദിച്ചത്. ഈ മൊഴികൾ കൂടുതൽ വിശദമായ പരിശോധനയക്ക് വിധേയമാക്കി.
മരണത്തിന് മുമ്പുള്ള ദിവസങ്ങളിലെ ഖാസിയുടെ മാനസിക അവസ്ഥ അറിയാനുള്ള ശ്രമവും അന്വേഷണസംഘം നടത്തി. ഖാസിയുടെ മൃതദേഹം കണ്ടെത്തിയ ചെമ്പരിക്ക കടൽത്തിരത്തെ പാറക്കെട്ടും അന്വേഷണ സംഘം വിശദമായി പരിശോധിച്ചിരുന്നു. ഇതൊക്കെ കണക്കിലെടുത്താണ് ഖാസിയുടെ മരണം ആത്മഹത്യയാണെന്ന നിഗമനത്തിൽ എല്ലാ അന്വേഷണ സംഘങ്ങളും എത്തിയത്. എന്നാൽ ഇസ്‌ലം നിഷിദ്ധമാക്കിയ ആത്മഹത്യ എങ്ങനെയാണ് ആ മത പണ്ഡിതനായ മൗലവി ചെയ്യുക എന്നാണ് ബന്ധുക്കളും നാട്ടുകാരും അനുയായികളും ചോദിക്കുന്നത്. മാത്രമല്ല ചില മതമൗലിക വാദ ഗ്രൂപ്പുകളിൽനിന്ന് മൗലവിക്ക് ഭീഷണി ഉണ്ടായിരുന്നതായും ചിലർ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ അസുഖം മൂലമുണ്ടായ പ്രശനങ്ങളാണ് ചെമ്പരിക്ക ഖാസിയുടെ മനോനിലയിൽ മാറ്റമുണ്ടാക്കിയതെന്നാണ് രണ്ടാമത്തെ സിബിഐ ടീം വിലയിരുത്തിയത്. എന്നാൽ ബന്ധുക്കളും നാട്ടുകാരും ഇത് അംഗീകരിച്ചില്ല. ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കാസർകോട് എം പി രാജ്‌മോഹൻ ഉണ്ണിത്താൻ നടത്തിയ ശ്രമമാണ് മൂന്നാമത്തെയും സിബിഐ അന്വേഷണത്തിന് വഴിയൊരുക്കിയത്.

ഇതു സംബന്ധിച്ച രാജ്‌മോഹൻ ഉണ്ണിത്താൻ എം പിയുടെ പോസ്റ്റ് ഇങ്ങനെയാണ്.

ഞാൻ കാസർകോട് പാർലിമെന്റ് മണ്ഡലത്തിൽ മത്സരിക്കാനെത്തിയപ്പോൾ പ്രമുഖ ഇസ്ലാമിക പണ്ഡിതനും ,ചെമ്പരിക്ക ഖാസിയുമായ ഇങ അബ്ദുള്ള മൗലവിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹത്തിന്റെ ബന്ധുക്കളും ശിഷ്യന്മാരും അനിയായികളും എന്നോട് പറഞ്ഞിരുന്നു. എന്നെ നിങ്ങൾ എംപിയായി തെരെഞ്ഞെടുത്താൽ ഞാൻ ആത്മാർത്ഥമായി പുനരന്വേഷണത്തിന് എനിക്ക് കഴിയുംവിധം ശ്രമിക്കുമെന്ന് അവർക്ക് വാക്ക് കൊടുത്തിരുന്നു. കാസർഗോട്ടെ ഒപ്പ് മരച്ചോട്ടിലെ ആക്ഷൻ കമ്മിറ്റിയുടെ സമരപന്തലും ഖാസിയുടെ ഭവനവും സന്ദർശിച്ചിരുന്നു. പിന്നീട് എംപി ആയപ്പോൾ ആക്ഷൻ കമ്മിറ്റിയുടെ നിരവധിയായ സമര സദസ്സുകളിൽ പ്രസംഗിക്കുകയും പുനരന്വേഷണത്തിന് ആവശ്യമായ ഇടപെടൽ നടത്തുമെന്നും വീണ്ടുമറിയിച്ചു.പിന്നീട് കേരളത്തിലെ 19 യുഡിഎഫ് എംപിമാരുടെ ഒപ്പുകൾ ശേഖരിച്ച് നിവേദനം തയ്യാറാക്കി പ്രസ്തുത നിവേദനം കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ.അമിത്ഷാക്ക് ഇന്ന് നൽകുകയുണ്ടായി ബഹു.കോൺഗ്രസ്സ് പാർലമെന്റ് ചീഫ് വിപ്പ് ശ്രീ.കൊടിക്കുന്നിൽ സുരേഷും എന്നോടൊപ്പം ഉണ്ടായിരുന്നു. നിവേദനത്തിലെ ഉള്ളടക്കം ശ്രദ്ധയോടെ കേട്ട ശ്രീ.അമിത് ഷാ സിബിഐ അന്വേഷണം പ്രഖ്യാപിക്കാമെന്ന് എനിക്ക് ഉറപ്പ് നൽകി.ഖാസിയുടെ ശിഷ്യരോടും ബന്ധുക്കളോടും വിശിഷ്യ കാസർഗോട്ടെ ജനങ്ങളോടും നൽകിയ വാക്ക് പാലിക്കാൻ കഴിഞ്ഞതിൽ തികഞ്ഞ ചാരിതാർത്ഥ്യം എനിക്ക് ഉണ്ട്. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP