Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ട്രെയിൻ ഡ്രൈവർക്ക് റെയിൽവെ ക്ലീൻ ചിറ്റ് നൽകിയതോടെ, സിഗ്നലിങ്ങിൽ അട്ടിമറി നടന്നതായി സംശയം; പ്രധാന ലൈനിൽ സിഗ്നൽ ഒന്നുകൊടുത്ത ശേഷം പിൻവലിച്ചതായി കണ്ടെത്തിയതോടെ അട്ടിമറി തള്ളി കളയാതെ റെയിൽവെ; ഒഡിഷ ട്രെയിൻ ദുരന്തത്തിൽ സിബിഐ അന്വേഷണം

ട്രെയിൻ ഡ്രൈവർക്ക് റെയിൽവെ ക്ലീൻ ചിറ്റ് നൽകിയതോടെ, സിഗ്നലിങ്ങിൽ അട്ടിമറി നടന്നതായി സംശയം; പ്രധാന ലൈനിൽ സിഗ്നൽ ഒന്നുകൊടുത്ത ശേഷം പിൻവലിച്ചതായി കണ്ടെത്തിയതോടെ അട്ടിമറി തള്ളി കളയാതെ റെയിൽവെ; ഒഡിഷ ട്രെയിൻ ദുരന്തത്തിൽ സിബിഐ അന്വേഷണം

മറുനാടൻ മലയാളി ബ്യൂറോ

 ന്യൂഡൽഹി: ഒഡിഷയിൽ 275 പേരുടെ മരണത്തിന് ഇടയാക്കിയ ട്രെയിൻ ദുരന്തം സിബിഐ അന്വേഷിക്കും. റെയിൽവെ ബോർഡാണ് ഇക്കാര്യം ശുപാർശ ചെയ്തതെന്ന് റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. ട്രെയിൻ അപകടത്തിന് പിന്നാലെ പ്രതിപക്ഷം വിമർശനം ശക്തമാക്കിയതോടെയും അട്ടിമറി സംശയിക്കുന്നതും കണക്കിലെടുത്താണ് സിബിഐ അന്വേഷണം. രക്ഷാപ്രവർത്തനം പൂർത്തിയായി എന്ന് അറിയിച്ച അശ്വിനി വൈഷ്ണവ്, .റെയിൽവേ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവർത്തികൾ തുടരുകയാണെന്നും അറിയിച്ചു. ട്രാക്കുമായി ബന്ധപ്പെട്ട പ്രവർത്തികൾ പൂർത്തിയായിയെന്നും വയറിങ് ജോലികളാണ് ഇപ്പോൾ നടക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പ്രധാന ലൈനിലൂടെ വന്ന കൊറോമാൻഡൽ എക്സ്‌പ്രസ് ഇരുമ്പയിര് നിറച്ച ചരക്ക് തീവണ്ടി നിർത്തിയിട്ടിരുന്ന ലൂപ് ലൈനിലേക്ക് കടന്നിരുന്നു. ട്രെയിൻ നമ്പർ 12841 ( കൊറോമാൻഡൽ) ന് സിഗ്നൽ ഒന്ന് കൊടുത്ത ശേഷം പിൻവലിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇത് അട്ടിമറിയാണെന്നും സംശയിക്കുന്നു. ഈ ക്രിമിനൽ പ്രവത്തിക്ക് പിന്നിലുള്ളവരെ തിരിച്ചറിഞ്ഞതായും റെയിൽവെ മന്ത്രി പറഞ്ഞു. ഇലക്ടോണിക് ഇന്റർലോക്കിങ്ങൽ വരുത്തിയ വ്യതിയാനമാണ് അട്ടിമറി സംശയിക്കാൻ കാരണം. റെയിൽവെക്കുള്ളിൽ നിന്നോ പുറത്തുനിന്നോ ഉള്ള അട്ടിമറി തള്ളിക്കളഞ്ഞിട്ടില്ല.

പച്ച സിഗ്നൽ കിട്ടിയ ശേഷമാണ് ട്രെയിൻ മുന്നോട്ടുകുതിച്ചതെന്ന് കൊറോമാൻഡൽ എക്സ്‌പ്രസിന്റെ ഡ്രൈവർ. സിഗ്നൽ തെറ്റിക്കുകയോ, അമിതവേഗത്തിലോ ആയിരുന്നില്ല ട്രെയിൻ. ഒഡിഷ ബാലസോർ അപകടത്തിൽ, റെയിൽവെയുടെ വിശദീകരണം വന്നപ്പോൾ, ഒരുട്രെയിൻ മാത്രമാണ് കൂട്ടിയിടിച്ചതെന്ന് ഊന്നി പറഞ്ഞു. മൂന്നുട്രെയിനുകൾ കൂട്ടിയിടിച്ചിട്ടില്ലെന്നും കൊറോമാൻഡൽ എക്സ്‌പ്രസ് മാത്രമാണ് അപകടത്തിൽ പെട്ടതെന്നും ബഹനഗ ബസാർ സ്റ്റേഷനിലെ ദുരന്തത്തെ കുറിച്ച് റെയിൽവേ ബോർഡ് അംഗം ജയ വർമ സിൻഹ അറിയിച്ചു.

എന്തോ കാരണത്താൽ ആ ട്രെയിൻ അപകടത്തിൽ പെട്ടു. ലൂപ്പ് ലൈനിൽ ഇരുമ്പയിരു നിറച്ചുകിടന്നിരുന്ന ചരക്കുതീവണ്ടിയലേക്കാണ് കൊറോമാൻഡൽ ഇടിച്ചുകയറിയത്. നല്ല ഭാരമുണ്ടായിരുന്നതുകൊണ്ട് തന്നെ ചരക്കുതീവണ്ടി ആ ആഘാതം താങ്ങി. കൊറോമാൻഡലിന്റെ കോച്ചുകൾ മൂന്നാമത്തെ ട്രാക്കിലേക്ക് തെറിച്ചുവീഴുകയും, ഹൗറയിൽ നിന്ന് നല്ല വേഗത്തിൽ വരികയായിരുന്ന ട്രെയിനിന്റെ ഏതാനും കോച്ചുകളിലേക്ക് ഇടിച്ചുകയറുകയും ചെയ്തു. എൽഎച്ച്ബി കോച്ചുകളുള്ള ട്രെയിനാണ്. ഇത്തരം കോച്ചുകൾ ഒരിക്കലും തലകീഴായി മറിയില്ല. അപകടത്തിന്റെ ആഘാതം കൂടിയത് ഇരുമ്പയിര് നിറച്ച ചരക്കുതീവണ്ടിയിൽ ഇടിച്ചതു കൊണ്ടാണ്. .

ഷാലിമാർ-ചെന്നൈ സെൻട്രൽ കൊറോമാൻഡൽ ചെന്നൈയിൽ നിന്ന് ഹൗറയിലേക്കും, ബെംഗളൂരു-ഹൗറ സൂപ്പർ ഫാസ്റ്റ് എക്സ്‌പ്രസ് ഹൗറയിൽ നിന്നും വരികയായിരുന്നു. ഇരുമെയിൻ ലൈനുകളിലും സിഗ്നൽ പച്ചയായിരുന്നു. കൊറോമാൻഡൽ, 128 കിലോമീറ്റർ വേഗത്തിലും, ഹൗറ 126 കിലോമീറ്റർ വേഗത്തിലുമായിരുന്നു. ഈ റൂട്ടിലെ വേഗ പരിധി 130 കിലോമീറ്ററാണ്. അതുകൊണ്ട് അമിതവേഗത്തിലായിരുന്നു ട്രെയിനുകൾ എന്ന പ്രചാരണത്തിൽ കഴമ്പില്ലെന്ന് ജയ വർമ സിൻഹ പറഞ്ഞു. ചരക്കുതീവണ്ടി പാളം തെറ്റിയില്ല. ഗുഡ്‌സ് ട്രെയിനിൽ ഇരുമ്പയിരായതിനാൽ, പരമാവധി ആഘാതം ഏറ്റതുകൊറോമാൻഡലിനാണ്. ഇതാണ് കൂടുതൽ മരണത്തിലേക്കും പരിക്കുകളിലേക്കും നയിച്ചത്. കൊറൊമാൻഡൽ, യശ്വന്ത്പൂർ എക്സ്‌പ്രസിന്റെ അവസാന രണ്ടുകോച്ചുകളിലാണ് ഇടിച്ചത്.

അപകടമുണ്ടായ സ്‌റ്റേഷനിൽ ആകെ നാല് ട്രാക്കുകളാണുള്ളത്. അതിൽ രണ്ടെണ്ണം നേരെയുള്ള മെയിൻ ലൈനുകളാണ്. ഈ ട്രാക്കുകളിൽ ട്രെയിനുകൾ നിർത്താറില്ല. ശേഷിക്കുന്ന രണ്ടു ലൈനുകൾ ലൂപ് ലൈനുകളാണ്. ഈ സ്റ്റേഷനിൽ ട്രെയിനുകൾ നിർത്തേണ്ടി വന്നാൽ ലൂപ് ലൈനുകളാണ് അതിനായി തിരഞ്ഞെടുക്കുക. അപകടം നടക്കുന്ന സമയത്ത് ഇരു ദിശകളിലേക്കുമായി രണ്ട് മെയിൽ എക്സ്‌പ്രസ് ട്രെയിനുകളാണ് സ്റ്റേഷനിലൂടെ കടന്നുപോയിരുന്നത്.' ജയ വർമ വിശദീകരിച്ചു. അപകടം സംഭവിച്ച സ്റ്റേഷനിലെ പ്രധാന ട്രാക്കുകൾ രണ്ടും നടുവിലാണ്. ഇവയുടെ രണ്ടു വശത്തായിട്ടാണ് ലൂപ് ലൈനുകൾ. അപകട സമയത്ത്, ഇവിടെ രണ്ട് ചരക്കുതീവണ്ടികൾ ട്രെയിനുകൾ ഇരുവശത്തായുള്ള ലൂപ്പ് ലൈനുകളിൽ പിടിച്ചിട്ടിരുന്നു.

ഒരു സിഗ്നൽ പ്രശ്‌നം ഉണ്ടായതായി കണ്ടുപിടിച്ചെങ്കിലും, വിശദ വിവരങ്ങൾ കൂടുതൽ അന്വേഷണത്തിലേ വ്യക്തമാകുകയുള്ളു. ഇത് വേഗത്തിൽ വന്ന തീവണ്ടികളായതുകൊണ്ട് പ്രതികരിക്കാനുള്ള സമയം വളരെ കുറച്ചാണ് കിട്ടിയത്. സിഗ്നലിങ് പ്രശ്‌നം ഉണ്ടായെങ്കിലും. അത് പരാജയം എന്ന് വിളിക്കാനാവില്ലെന്നും ജയ സിൻഹ പറഞ്ഞു. നേരത്തെ ഇലക്രോണിക് ഇന്റർലോക്കിങ് സിസ്റ്റത്തിലെ പ്രശ്‌നമാണ് കാരണമെന്ന് റെയിൽവെ മന്ത്രി പറഞ്ഞിരുന്നു.

അതേസമയം, ട്രെയിൻ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഒഡിഷ പൊലീസ് മുന്നറിയിപ്പ് നൽകി. ട്രെയിൻ അപകടത്തിന് വർഗീയ നിറം നൽകാൻ ചിലർ ഗൂഢനീക്കങ്ങൾ നടത്തുന്നുവെന്നും അത്തരക്കാർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP