Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202002Wednesday

സിബിഐക്ക് കടിഞ്ഞാണിടാൻ മുഖ്യമന്ത്രിയെ പിന്തുണച്ച് സിപിഐ; സിബിഐ വി മുരളീധരന്റെ കുടുംബ സ്വത്തല്ലെന്നും കാനത്തിന്റെ വിമർശനം; കേരളത്തിന്റെ ഇടപെടൽ നിയമപരമായി മാത്രമെന്ന് മന്ത്രി എ കെ ബാലൻ; 'സിബിഐയെ വിലക്കാനുള്ള തീരുമാനം അധാർമികം, മുഖ്യമന്ത്രിയെ രക്ഷിക്കാൻ ശ്രമം' എന്ന് ചെന്നിത്തലയും

സിബിഐക്ക് കടിഞ്ഞാണിടാൻ മുഖ്യമന്ത്രിയെ പിന്തുണച്ച് സിപിഐ; സിബിഐ വി മുരളീധരന്റെ കുടുംബ സ്വത്തല്ലെന്നും കാനത്തിന്റെ വിമർശനം; കേരളത്തിന്റെ ഇടപെടൽ നിയമപരമായി മാത്രമെന്ന് മന്ത്രി എ കെ ബാലൻ; 'സിബിഐയെ വിലക്കാനുള്ള തീരുമാനം അധാർമികം, മുഖ്യമന്ത്രിയെ രക്ഷിക്കാൻ ശ്രമം' എന്ന് ചെന്നിത്തലയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിബിഐ അടക്കമുള്ള കേന്ദ്ര ഏജൻസികൾ വിവിധ കേസുകളിലായി സംസ്ഥാനസർക്കാരിനെ വളയുന്നതിനിടെ ഇത് തടയാനുള്ള രാഷ്ട്രീയ നീക്കം ഊർജ്ജിതമാക്കാൻ തന്നെ സിപിഎം നീക്കം. മഹാരാഷ്ട്ര, പശ്ചിമബംഗാൾ ഉൾപ്പടെയുള്ള സംസ്ഥാനങ്ങളുടെ ചുവടുപിടിച്ച്, സംസ്ഥാനത്ത് സിബിഐയ്ക്ക് കേസെടുക്കുന്നതിൽ പൊതുഅനുമതി നൽകിയത് പിൻവലിക്കുന്ന കാര്യം പരിഗണിക്കണമെന്നാണ് സിപിഎം സർക്കാരിനോട് ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെ സർക്കാർ തലത്തിലും നടപടികൾ തുടങ്ങിയിരികക്യാണ്. ഇക്കാര്യത്തിൽ അന്തിമതീരുമാനം മുഖ്യമന്ത്രിയുടേതാകുമെന്ന് നിയമമന്ത്രി എ കെ ബാലൻ പ്രതികരിച്ചു.

ഏജൻസികൾ രാഷ്ട്രീയലാക്കോടെ പ്രവർത്തിക്കുന്നതുകൊണ്ടാണ് ഇത്തരത്തിലൊരു നീക്കം ആലോചിക്കേണ്ടി വന്നതെന്നും എ കെ ബാലൻ പറഞ്ഞു. സിപിഐയും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാറിന് പിന്തുണയുമായി രംഗത്തുണ്ട്. കേന്ദ്രഏജൻസികൾക്ക് സംസ്ഥാനത്തിന്റെ അനുമതിയോടെ മാത്രമേ ഒരു കേസിൽ അന്വേഷണം നടത്താനാകൂ എന്ന നിലപാടിലേക്ക് നീങ്ങുന്ന കാര്യം ആലോചിക്കുന്നതിൽ സിപിഎമ്മിനും സർക്കാരിനും സിപിഐയുടെ നിരുപാധിക പിന്തുണ നൽകി. സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രനാണ് തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ടപ്പോൾ നിലപാട് വ്യക്തമാക്കിയത്. ഇത് പാടില്ലെന്ന് പറയാൻ കേന്ദ്രമന്ത്രി വി മുരളീധരന്റെ കുടുംബസ്വത്തല്ല സിബിഐയെന്നും കാനം പറഞ്ഞു.

സംസ്ഥാനം ആവശ്യപ്പെടുന്ന പല കേസുകളും അവർ ഏറ്റെടുക്കാത്ത സാഹചര്യമാണ്. എന്നാൽ അതല്ലാത്ത പല കേസുകളും അവർ ഏറ്റെടുക്കുന്നുമുണ്ട്. സിബിഐയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന ആക്ഷേപം സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ട്. സംസ്ഥാനത്തിന്റെ അറിവോടെ മാത്രമേ, അന്വേഷിക്കാൻ പാടൂ. രാഷ്ട്രീയമായി പുകമറ സൃഷ്ടിക്കാനാണ് ഇപ്പോൾ ഏജൻസികൾ ശ്രമിക്കുന്നത്. ഇക്കാര്യത്തിൽ നിയമപരമായ പരിശോധനകൾ ആവശ്യമാണ്, ഇത് സർക്കാരിനെ അറിയിച്ചെന്നും, തുറന്ന ചർച്ച ആവശ്യപ്പെട്ടെന്നും സിപിഐ പറയുന്നു. സിബിഐ ഒരു അന്വേഷണ ഏജൻസിയാണെന്നും അതിനാൽത്തന്നെ കേസന്വേഷണത്ത എതിർക്കുന്നുമില്ലെന്നും കോടിയേരിക്ക് പിന്നാലെ കാനവും ആവർത്തിക്കുന്നു. എന്നാൽ സംസ്ഥാനസർക്കാരിന്റെ അനുമതി ആവശ്യമാണെന്നും കാനം.

സംസ്ഥാനം സിബിഐ അന്വേഷണത്തെ എതിർക്കുന്നതിന് പിന്നിൽ രാഷ്ട്രീയ അഴിമതികൾ പുറത്ത് വരുമെന്ന ഭയമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരനന്റെ പ്രസ്താവന തള്ളി എ കെ ബാലൻനും രംഗത്തുവന്നു. മുരളീധരന് എന്തും പറയാമെന്നും നിയമപരമായി മാത്രമാണ് സംസ്ഥാനത്തിന്റെ ഇടപെടലെന്നും നിയമ മന്ത്രി പറയുന്നു. ഏത് ഏജൻസിയെയും സർക്കാർ സ്വാഗതം ചെയ്യുന്നുവെന്നും, നിയമവിരുദ്ധമായി ഇടപെടുമ്പോൾ മാത്രമാണ് സർക്കാർ അത് ചോദ്യം ചെയ്യുന്നതെന്നും എ കെ ബാലൻ വിശദീകരിച്ചു.

പൊലീസ് ആക്ട് ഭേദഗതിയിൽ മാധ്യമങ്ങൾക്കു എതിരെ ഒരു നീക്കവുമില്ലെന്നും അപകീർത്തി പ്രചരണം തടയാൻ മാത്രമാണ് ഭേദഗതിയെന്നും ബാലൻ പറഞ്ഞു. സ്ത്രീകൾക്ക് ഉപകാരപ്പെടാനാണ് നീക്കമെന്നാണ് വിശദീകരണം. മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന എന്തെങ്കിലും നിയമത്തിൽ ഉണ്ടെങ്കിൽ പരിശോധിക്കാൻ തയ്യാറാണെന്നും മന്ത്രി പറഞ്ഞു. എവിടെ എങ്കിലും എന്തെങ്കിലും കണ്ടാണ് പ്രതിപക്ഷ നേതാവ് വിമർശിക്കുന്നതെന്നും മന്ത്രി പരിഹസിച്ചു.

അതേസമയം സിബിഐ കേസെടുക്കുന്നത് വിലക്കാനുള്ള തീരുമാനം അധാർമികമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു ലൈഫ് കേസിൽ മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് ഈ തീരുമാനമെന്ന് ചെന്നിത്തല ആരോപിച്ചു. രാഷ്ട്രീയ പ്രേരിതമായ കേസുകളിലാണ് മറ്റ് സംസ്ഥാനങ്ങളിൽ സിബിഐയെ വിലക്കുന്നത്. എന്നാൽ ലൈഫ് അഴിമതിക്കേസാണെന്ന് ചെന്നിത്തല പറഞ്ഞു.

'മുഖ്യമന്ത്രി തന്നെയാണ് പ്രധാനമന്ത്രിക്ക് കത്തെഴുതി സ്വർണ്ണക്കടത്തടമുള്ള കേസുകൾ കേന്ദ്ര അന്വേഷിക്കണ ഏജൻസി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത്. അന്വേഷണം മുഖ്യമന്ത്രിയിലേക്ക് നീങ്ങുന്നുവെന്ന് വന്നപ്പോഴാണ് സിപിഎമ്മിന് ഹാലിളകിയത്. സിപിഎമ്മിന്റെ ആജ്ഞ അനുസരിച്ചു പ്രവർത്തിക്കുന്ന സിപിഐയും ഇതിനെ പിന്താങ്ങുന്നു. ഇത് ജനത്തോടുള്ള വെല്ലുവിളിയാണെന്നും അഴിമതിക്കേസ് അന്വേഷിക്കേണ്ടെന്ന തീരുമാനം ആത്മഹത്യാപരമാണ്. അഴിമതി മൂടിവയ്ക്കാനുള്ള വലിയ ശ്രമത്തിന്റെ ഭാഗമാണ് ഈ തീരുമാനം'. അതിനാണ് മുഖ്യമന്ത്രിയും ഇടത് മുന്നണിയും ശ്രമിക്കുന്നത്. തീരുമാനത്തിൽ നിന്നും സർക്കാർ പിന്മാറണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ഡൽഹി സ്‌പെഷ്യൽ പൊലീസ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമപ്രകാരമാണ് സിബിഐ കേസുകൾ അന്വേഷിക്കുന്നത്. ഓരോ സംസ്ഥാനത്തും അന്വേഷണത്തിന് അതത് സംസ്ഥാനങ്ങളുടെ സമ്മതം സിബിഐയ്ക്ക് ആവശ്യമുണ്ട്. കേരളം ഉൾപ്പടെ മിക്ക സംസ്ഥാനങ്ങളും ഇതിനായി പൊതു അനുമതി മുൻകൂട്ടി നൽകിയതാണ്. ഇത് പിൻവലിക്കണമെന്ന് സിപിഎം ആവശ്യപ്പെടുന്നു.

ലൈഫ് പദ്ധതിയിൽ സിബിഐ അന്വേഷണം വന്നപ്പോൾ ഇത് നിയന്ത്രിക്കുന്ന കാര്യത്തിൽ ഓർഡിനൻസ് കൊണ്ടുവരികയോ, ഈ അനുമതി പിൻവലിക്കുകയോ ചെയ്യണമെന്ന തരത്തിലുള്ള ചർച്ച പാർട്ടിക്കകത്തും, സർക്കാർ തലത്തിലും ഉയർന്ന് വന്നിരുന്നതാണ്. എന്നാൽ അപ്പോഴത് മോശം പ്രതിച്ഛായയുണ്ടാക്കുമെന്ന് കണക്കുകൂട്ടിയ സർക്കാർ, സിബിഐ അന്വേഷണം മതിയെന്ന് തൽക്കാലം തീരുമാനിക്കുകയായിരുന്നു, എന്നാൽ പിന്നീടങ്ങോട്ട് കേന്ദ്രഏജൻസികൾ വിവിധ കേസുകൾ ഏറ്റെടുത്ത് അന്വേഷണം തുടങ്ങിയപ്പോഴാണ്, സംസ്ഥാനത്തിന്റെ അനുമതി ഓരോ കേസും പരിശോധിച്ച് മാത്രം നൽകിയാൽ മതിയെന്ന നിലപാടിലേക്ക് പോകാൻ സർക്കാരും പാർട്ടിയും പോയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP