Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ചീഫ് ജസ്റ്റീസും ചേർന്ന് നിയമിക്കുന്ന സിബിഐ ഡയറക്ടറെ രണ്ട് വർഷം തികയും മുമ്പ് മാറ്റിയത് ചട്ടവിരുദ്ധം; റാഫേൽ വിവാദത്തിൽ പെടാതിരിക്കാൻ കേന്ദ്രം കാട്ടിയ അതിസാഹസം വിനയാകും; സെൻകുമാർ കേസിന് സമാനമായ സാഹചര്യത്തിൽ സുപ്രീംകോടതി തീരുമാനം കേന്ദ്ര നിലപാടിന് എതിരായാൽ സിബിഐ കൂട്ടിൽ നിന്നും പുറത്ത് ചാടും; തെരഞ്ഞെടുപ്പിന് മുമ്പ് റാഫേലിന്റെ രഹസ്യ ഇടപാടുകൾ പുറംലോകം അറിഞ്ഞേക്കും

പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ചീഫ് ജസ്റ്റീസും ചേർന്ന് നിയമിക്കുന്ന സിബിഐ ഡയറക്ടറെ രണ്ട് വർഷം തികയും മുമ്പ് മാറ്റിയത് ചട്ടവിരുദ്ധം; റാഫേൽ വിവാദത്തിൽ പെടാതിരിക്കാൻ കേന്ദ്രം കാട്ടിയ അതിസാഹസം വിനയാകും; സെൻകുമാർ കേസിന് സമാനമായ സാഹചര്യത്തിൽ സുപ്രീംകോടതി തീരുമാനം കേന്ദ്ര നിലപാടിന് എതിരായാൽ സിബിഐ കൂട്ടിൽ നിന്നും പുറത്ത് ചാടും; തെരഞ്ഞെടുപ്പിന് മുമ്പ് റാഫേലിന്റെ രഹസ്യ ഇടപാടുകൾ പുറംലോകം അറിഞ്ഞേക്കും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സിബിഐയെ കൂട്ടിൽ നിന്ന് പുറത്തിറക്കുന്ന വിധി സുപ്രീംകോടതിയിൽ നിന്നുണ്ടാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. ഇതിനുള്ള സാധ്യതയാണ് ഇപ്പോൾ തെളിയുന്നത്. റാഫേൽ ഇടപാടിൽ കേന്ദ്ര സർക്കാരിന് വലിയ തിരിച്ചടിയായും അത് മാറും. ഫ്രാൻസുമായുള്ള റാഫേൽ കരാർ പുറംലോകത്ത് എത്താനുള്ള സാധ്യതകളാണ് സിബിഐയിലെ തമ്മിലടികൾ തുറന്നിടുന്നത്.

ഡൽഹി സ്‌പെഷൽ പൊലീസ് എസ്റ്റാബ്‌ളിഷ്‌മെന്റ് നിയമമാണ് സിബിഐക്കു ബാധകമായിട്ടുള്ളത്. അതനുസരിച്ച്, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് എന്നിവരുൾപ്പെട്ട ഉന്നതാധികാര സമിതിയാണ് സിബിഐ ഡയറക്ടറെ തീരുമാനിക്കുന്നത്. 2 വർഷമാണു കാലാവധി. അതു പൂർത്തിയാക്കുംമുൻപ് മാറ്റണമെങ്കിൽ ഉന്നതാധികാര സമിതിയുടെ അനുവാദം വേണമെന്നു നിയമത്തിൽ വ്യക്തമായി പറയുന്നു. വർമയെ മാറ്റാൻ നടപടിയെടുത്തത് കേന്ദ്ര വിജിലൻസ് കമ്മിഷനാണ്. കമ്മിഷനു സിബിഐയുടെ മേൽനോട്ടമുണ്ടെങ്കിലും സിബിഐ ഡയറക്ടറെ നിയമിക്കുന്നതിലും മാറ്റുന്നതിനും അധികാരമില്ല. ഇതാണ് കേന്ദ്ര സർക്കാരിന് വിനയാകുന്നത്. അതുകൊണ്ട് തന്നെ അലേക് വർമ്മയെ താമസിയാതെ സിബിഐ ഡയറക്ടറായി സുപ്രീംകോടതി നിയോഗിച്ചേക്കും. ഇതോടെ കേന്ദ്രവും സിബിഐയും തമ്മിലെ അകലവും കൂടും. റാഫേലിൽ സത്യസന്ധമായ അന്വേഷണത്തിന് ഇത് സാഹചര്യവും ഒരുക്കുമെന്നാണ് വിലയിരുത്തൽ.

Stories you may Like

മുൻ ഡിജിപി: ടി.പി.സെൻകുമാറിന്റെ കേസിൽ സംസ്ഥാന സർക്കാർ പെട്ടതുപോലൊരു വെട്ടിലാണ് സിബിഐ ഡയറക്ടർ വിഷയത്തിൽ ഇപ്പോൾ കേന്ദ്ര സർക്കാർ പെട്ടിരിക്കുന്നത്. 2 വർഷം കാലാവധിയുള്ളയാളെ കാലാവധി തികയും മുൻപ് മാറ്റിയെന്നതാണ് 2 കേസിലെയും അടിസ്ഥാന വിഷയം. അലോക് വർമയെ സിബിഐ ഡയറക്ടർ സ്ഥാനത്തുനിന്നു മാറ്റിയിട്ടില്ല, അവധിയിൽ പോകാൻ നിർദേശിച്ചതേയുള്ളു എന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. മാറ്റുന്നതും അവധിയിൽ പ്രവേശിപ്പിക്കുന്നതും ഫലത്തിൽ ഒന്നുതന്നെയെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തൽ. കേന്ദ്രത്തിൽ കാബിനറ്റ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, പ്രതിരോധ സെക്രട്ടറി, വിദേശകാര്യ സെക്രട്ടറി. ഇന്റലിജൻസ് ബ്യൂറോയുടെയും റിസർച്ച് ആൻഡ് അനാലിസിസ് വിങ് (റോ) എന്നിവയുടെ ഡയറക്ടർമാർ എന്നിവരെ 2 വർഷ കാലാവധിയിലാണ് നിയമിക്കുന്നത്. ഇവരെ മാറ്റുന്നതിന് സർക്കാരിനു ഭരണപരമായ തീരുമാനമെടുക്കാം. എന്നാൽ, സിബിഐ ഡയറക്ടറുടെ കാര്യത്തിൽ അങ്ങനെ എക്‌സിക്യൂട്ടിവ് ഉത്തരവിലൂടെ നടപടി പറ്റില്ലെന്നതാണ് വസ്തുത. ഇത് അറിയാമായിരുന്നിട്ടും റാഫേലിലെ പ്രശ്‌നങ്ങളാണ് അലോക് വർമ്മയെ പുറത്ത് നിർത്താൻ കാരണമെന്നാണ് വിലയിരുത്തൽ.

സിിഐ ഡയറക്ടർ സ്ഥാനത്തുനിന്നു നീക്കം ചെയ്യപ്പെട്ട അലോക് വർമയെക്കുറിച്ചുള്ള ആരോപണങ്ങളിൽ രണ്ടാഴ്ചയ്ക്കകം അന്വേഷണം പൂർത്തിയാക്കണമെന്നു കേന്ദ്ര വിജിലൻസ് കമ്മിഷനു (സിവിസി) സുപ്രീം കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. സുപ്രീം കോടതി മുൻ ജഡ്ജി എ.കെ. പട്‌നായിക്കിന്റെ മേൽനോട്ടത്തിലായിരിക്കും അന്വേഷണം. 10 ദിവസമെന്നാണ് ആദ്യം നിർദേശിച്ചതെങ്കിലും സർക്കാരിന്റെ അഭ്യർത്ഥനപ്രകാരം സമയം നീട്ടിനൽകുകയായിരുന്നു. ഡയറക്ടറുടെ താൽക്കാലികച്ചുമതലയിലുള്ള എം.നാഗേശ്വര റാവു നയപരവും സുപ്രധാനവുമായ തീരുമാനങ്ങളെടുക്കുന്നതു വിലക്കി. ഇതോടെ രണ്ടാഴ്ച കഴിയുമ്പോൾ അലോക് വർമ്മ ഡയറാക്ടറായി എത്തുന്ന സാഹചര്യമാണ് ഉല്‌ളത്.

ഹവാല കേസിൽ മൊയിൻ ഖുറേഷിയെ ചോദ്യം ചെയ്യാതിരിക്കാൻ 2 കോടി രൂപ വാങ്ങി, ഐആർസിടിസി കേസിൽനിന്ന് രാകേഷ് സക്‌സേന എന്നയാളെ ഒഴിവാക്കാൻ ശ്രമിച്ചു, ലാലു പ്രസാദ് യാദവിന്റെ വീട്ടിൽ പരിശോധന നടത്തേണ്ടെന്നു നിർദേശിച്ചു തുടങ്ങിയവയാണ് അലോക് വർമയ്‌ക്കെതിരെ സർക്കാർ ഉന്നയിക്കുന്ന ആരോപണങ്ങൾ. തന്നെ മാറ്റിയതിനെതിരെ അലോക് വർമ നൽകിയ ഹർജിയും സിബിഐയിലെ അഴിമതികളിൽ പ്രത്യേക സംഘത്തിന്റെ അന്വേഷണം ആവശ്യപ്പെട്ട് കോമൺ കോസ് എന്ന സംഘടനയും നൽകിയ ഹർജിയുമാണു ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജഡ്ജിമാരായ സഞ്ജയ് കിഷൻ കൗൾ, കെ.എം.ജോസഫ് എന്നിവരുടെ ബെഞ്ച് പരിഗണിക്കുന്നത്. തനിക്കെതിരെയുള്ള കേസിനെതിരെ സിബിഐ മുൻ സ്‌പെഷൽ ഡയറക്ടർ രാകേഷ് അസ്താന നൽകിയ ഹർജി എപ്പോൾ പരിഗണിക്കുമെന്നു വ്യക്തമാക്കാൻ കോടതി വിസമ്മതിച്ചു.

അഴിമതി നടത്തിയതിന് സിബിഐ സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താന, ഹൈദ്രാബാദിൽ നിന്നുള്ള വ്യവസായി സതീഷ് സന ബാബു എന്നിവർക്കെതിരെ സിബിഐ കേസെടുത്തിരുന്നു. ഇതേ തുടർന്ന് രാകേഷ് അസ്താനയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിജിലൻസ് കമ്മിഷൻ സിബിഐ ഡയറക്ടർ അലോക് വർമ്മയ്ക്ക് കത്ത് നൽകി. അസ്താന സ്പെഷ്യൽ ഡയറക്ടർ സ്ഥാനത്ത് തുടർന്നാൽ അന്വേഷണം നിഷ്പക്ഷമായി നടത്താൻ കഴിയില്ലെന്നും കേന്ദ്ര വിജിലൻസ് കമ്മിഷൻ വ്യക്തമാക്കിയിരുന്നു. ഇതോടെ അസ്താനയ്ക്ക് സ്ഥാനം പോയി. തൊട്ടു പിറകെയാമ് സിബിഐ ഡയറക്ടറേയും മാറ്റിയത്. രാകേഷ് അസ്താനക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതിനിടെയാണ് കേന്ദ്ര സർക്കാരിന്റെ ഇടപെടൽ. പ്രധാനമന്ത്രി മോദിയുടെ വിശ്വസ്തനായിന്നു അസ്താന.

റാഫേൽ കേസ് അട്ടിമറിക്കാൻ അസ്താന ശ്രമിച്ചെന്നും അതിനെ അലോക് വർമ്മ തടഞ്ഞുവെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതോടെയാണ് സിബിഐയിൽ അടി തുടങ്ങിയതെന്നാണ് സൂചന. അതുകൊണ്ട് തന്നെ കോടതി ഇടപെടലിലൂടെ അലോക് വർമ്മ തിരിച്ചെത്തിയാൽ മോദിക്ക് അത് തിരിച്ചടിയാണ്. റാഫേലിലെ കേസും സുപ്രീംകോടതിയുടെ പരിഗണനയിലാണ്. രേഖകൾ കോടതിക്ക് നൽകാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതിലും അന്വേഷണം നടക്കാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ അലോക് വർമ്മ സിബിഐയുടെ തലപ്പത്ത് തുടരുന്നത് തടയാനായിരുന്നു സിബിഐയിലെ കേന്ദ്ര ഇടപെടലെന്നാണ് ഉയരുന്ന വാദം.

അതി സുപ്രധാന മന്ത്രാലയങ്ങളുടെയും ഏജൻസികളുടെയും ചുമതലയുള്ള സെക്രട്ടറിമാരെ ഒഴിവാക്കണമെങ്കിൽ, അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെടുക, രാജിവയ്ക്കാനോ നേരത്തെ വിരമിക്കാനോ ആവശ്യപ്പെടുക തുടങ്ങിയ രീതികളാണ് സർക്കാർ സ്വീകരിക്കാറുള്ളത്. വിദേശകാര്യ സെക്രട്ടറിസ്ഥാനത്തുനിന്ന് സുജാത സിങ്ങിനെ മാറ്റിയപ്പോൾ, അവർ സർവീസ് പൂർത്തിയാകും മുൻപ് വിരമിക്കാൻ തീരുമാനിച്ചു. ആഭ്യന്തര സെക്രട്ടറിയായിരുന്ന അനിൽ ഗോസ്വാമി ശാരദ ചിട്ടിഫണ്ട് കേസിൽ അവിഹിതമായി ഇടപെട്ടു എന്ന് ആരോപണമുണ്ടായപ്പോൾ, രാജിവയ്ക്കാൻ സർക്കാർ നിർദേശിച്ചു. ആഭ്യന്തര സെക്രട്ടറിയായിരുന്ന കേരള കേഡർ ഉദ്യോഗസ്ഥൻ എൽ.സി.ഗോയലിനെ പദവിയിൽ 7 മാസമായപ്പോൾ ഒഴിവാക്കാൻ സർക്കാർ നീക്കം തുടങ്ങി.

വൈകാതെ അദ്ദേഹം സർവീസ് മതിയാക്കി, സ്വയം വിരമിച്ചു. എന്നാൽ അലോക് വർമ്മ ഇതിന് വഴങ്ങാത്തതു കൊണ്ട് അദ്ദേഹത്തെ തന്ത്രപരമായി ഒഴിവാക്കി. ഇതോടെ അലോക് വർമ്മയും കേന്ദ്ര സർക്കാരും തമ്മിലെ അകലവും കൂടി. ഏപ്രിലിലാകും ലോക്‌സഭാ തെരഞ്ഞെടുപ്പ്. അതിന് മുമ്പ് റാഫേലിൽ തെളിവ് പുറത്തുവരാനുള്ള സാധ്യതയാണ് സിബിഐയിലെ പോര് സംജ്ജാതമാക്കിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP