Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

ഗൾഫ് വ്യവസായിയായ സുന്ദർ മേനോൻ രാത്രിയിൽ ഫ്‌ലാറ്റിൽ കയറി അക്രമിച്ചത് എംബിഎ വിദ്യാർത്ഥിനിയെ; ഉന്നത സ്വാധീനത്തിൽ രക്ഷപ്പെടാനാവില്ലെന്ന് ഉറപ്പായപ്പോൾ ഗൾഫിലേക്ക് മുങ്ങി; ജാമ്യാപേക്ഷ കോടതിയും തള്ളിയതോടെ ഒത്തു തീർപ്പിനുള്ള ശ്രമം തകൃതി; പത്മശ്രീ വരെ നേടിയ വിവാദ വ്യവസായിയുടെ പണം വാങ്ങിയ പത്രപ്രവർത്തകരും കൈവിട്ടു

ഗൾഫ് വ്യവസായിയായ സുന്ദർ മേനോൻ രാത്രിയിൽ ഫ്‌ലാറ്റിൽ കയറി അക്രമിച്ചത് എംബിഎ വിദ്യാർത്ഥിനിയെ; ഉന്നത സ്വാധീനത്തിൽ രക്ഷപ്പെടാനാവില്ലെന്ന് ഉറപ്പായപ്പോൾ ഗൾഫിലേക്ക് മുങ്ങി; ജാമ്യാപേക്ഷ കോടതിയും തള്ളിയതോടെ ഒത്തു തീർപ്പിനുള്ള ശ്രമം തകൃതി; പത്മശ്രീ വരെ നേടിയ വിവാദ വ്യവസായിയുടെ പണം വാങ്ങിയ പത്രപ്രവർത്തകരും കൈവിട്ടു

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: വിദ്യാർത്ഥിനിയെ വീട്ടിൽ കയറി ആക്രമിക്കുകയും കുടുംബത്തെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന കേസിൽ പത്മശ്രീ നേടി വ്യവസായിയായ സുന്ദർ മേനോൻ കുടുങ്ങുന്നു. അറസ്റ്റ് ഒഴിവാക്കാനുള്ള ഒത്തുകളി കോടതി ഇടപെടലോടെ പൊളിഞ്ഞു. ഇതോടെ വിദേശത്ത് നിന്ന് നാട്ടിലെത്തിയാൽ പത്മശ്രീ ജേതാവ് അഴിക്കുള്ളിലാകുമെന്ന് ഉറപ്പായി. ഇതോടെ പരാതിക്കാരുമായി ഒത്തുതീർപ്പ് ശ്രമവും തുടങ്ങി. അതിനിടെ പാസ്‌പോർട്ടിൽ വ്യാജ വിവരങ്ങൾ നൽകിയ കേസും സുന്ദർ മോനോന് കടുത്ത വെല്ലുവിളിയാവുകയാണ്.

യുവതിയെ തല്ലിയ കേസിൽ കേസിൽ സുന്ദർ മേനോന്റെ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയിരുന്നു. ഈ മാസം ഏഴിന് രാത്രിയിലാണ് തൃശൂർ പാട്ടുരായ്ക്കലിലെ ദാമോദർ അപ്പാർട്ട്‌മെന്റ്‌സിൽ താമസിക്കുന്ന മറൈൻ എൻജിനിയർ വേണുഗോപാലിന്റെ മകളും എം.ബി.എ വിദ്യാർത്ഥിയുമായ പാർവതിയെ സുന്ദർമേനോൻ വീട് കയറി ആക്രമിച്ചത്. പാർവതിയുടെ പരാതിയിൽ ഈസ്റ്റ് പൊലീസ് ജാമ്യമില്ലാത്ത വകുപ്പനുസരിച്ച് കേസെടുത്തതോടെ സുന്ദർ മേനോൻ രാജ്യം വിട്ടു. ഈ മാസം 11ന് മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചു. വാദം കേൾക്കുന്നതിനിടെ സർക്കാർ അഭിഭാഷകൻ പ്രതിക്ക് അനുകൂലമായി വാദിച്ചത് വിവാദങ്ങൾക്കിട നൽകിയിരുന്നു. ഇതും കോടതിയെ സ്വാധീനിച്ചില്ല. ഇതോടെ ഹൈക്കോടതിയിൽ ജാമ്യാപേക്ഷയുമായി പോകേണ്ട അവസ്ഥയാണുള്ളത്. എന്നാൽ കേസിന്റെ സ്വഭാവം അനുസരിച്ച് ഹൈക്കോടതിയും ജാമ്യം നൽകാനിടയില്ല. കീഴ് കോടതിയുടെ പരാമർശങ്ങളും ഇതിന് കാരണമാണ്.

Stories you may Like

നിയമത്തിന് മുന്നിൽ പത്മശ്രീ പുരസ്‌കാര ജേതാവും സാധാരണക്കാരനും ഒരു പോലെയാണെന്ന് ജഡ്ജി ആനി ജോൺ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിന് ശേഷം പ്രതി സുന്ദർ മേനോൻ രാജ്യം വിട്ടു. ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാദ്ധ്യതയുണ്ട്. വാദി ഭാഗത്തിന്റെ വാദങ്ങൾ ഗൗരവമുള്ളതാണെന്നും കോടതി നിരീക്ഷിച്ചു. ഇതുസംബന്ധിച്ച് പാർവതി സിറ്റി പൊലീസ് കമ്മിഷണർക്കും ഡയറക്ടർ ജനറൽ ഒഫ് പ്രൊസിക്യൂഷനും പരാതി നൽകിയിരുന്നു. 23നാണ് ജാമ്യഹർജിയിൽ വാദം പൂർത്തിയായത്. പണക്കൊഴുപ്പിൽ എല്ലാം അനുകൂലമാക്കാനായിരുന്നു സുന്ദർമോനോന്റെ ശ്രമം. അതാണ് പൊളിയുന്നത്. ഇതിനൊപ്പം ഈ വാർത്ത മാദ്ധ്യമങ്ങളും വലിയ പ്രാധാന്യത്തോടെ നൽകി. തൃശൂരിൽ നിരവധി മാദ്ധ്യമ പ്രവർത്തകരുമായി സുന്ദർ മോനോന് അടുത്ത ബന്ധമുണ്ടായിരുന്നു. തൃശൂർ പ്രസ് ക്ലബ്ബ് സുന്ദർ മേനോന് സ്വീകരണം നൽകിയത് പണം വാങ്ങിയാണെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിന്റെ കരുത്തിലായിരുന്നു അക്രമവും മറ്റും. വിവാദങ്ങളെ അടുത്തിടെ പത്മശ്രീ ലഭിച്ച തന്നോടുള്ള വ്യക്തിവൈരാഗ്യം മൂലം തേജോവധം ചെയ്യാൻ കെട്ടിച്ചമച്ചതാണെന്ന് വിശദീകരിച്ചിരുന്ന സുന്ദർമേനോന് ജാമ്യം റദ്ദാക്കൽ തിരിച്ചടിയാണ്.  മാദ്ധ്യമപ്രവർത്തകരുമായുള്ള ബന്ധം കാരണം വാർത്ത വരില്ലെന്നും കരുതി. എന്നാൽ ജാമ്യം നിഷേധിച്ച വാർത്ത മിക്ക പത്രങ്ങളും പ്രാധാന്യത്തോടെ നൽകി.

തൃശൂർ നഗരത്തിൽ കുന്നത്ത് ലെയ്‌നിൽ ദാമോദർ അപ്പാർട്‌മെന്റിൽ താമസിക്കുന്ന താഴേക്കോട് വേണുഗോപാലിന്റെ മകൾ പാർവതിക്കാണു മർദനമേറ്റത് മദ്യ ലഹരിയിൽ വീട്ടിൽ രാത്രി അതിക്രമിച്ച് കയറി വിദ്യാർത്ഥിനിയെ ആക്രമിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്‌തെന്നാണ് പരാതി. തൃശൂർ പാട്ടുരായ്ക്കലിലെ ദാമോദർ അപ്പാർട്ട്‌മെന്റ്‌സിൽ താമസിക്കുന്ന മറൈൻ എൻജിനിയർ വേണുഗോപാലിന്റെ മകളും എം.ബി.എ വിദ്യാർത്ഥിനിയുമായ പാർവതിയാണ് (23) പരാതിക്കാരി. വലതു കൈയ്ക്ക് പരിക്കേറ്റ പാർവതിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിതാവിനോടുള്ള വൈരാഗ്യം കാരണമാണ് ആക്രമണമെന്നാണ് പരാതി. ഈസ്റ്റ് പൊലീസ് ഉടൻ സ്ഥലത്തെത്തി അയൽവാസികളിൽനിന്നു മൊഴിയെടുത്തു. കുറ്റം ചെയ്യാനുള്ള ലക്ഷ്യത്തോടെ വീട്ടിൽ അതിക്രമിച്ചു കയറൽ, സ്ത്രീയെ ദേഹോപദ്രവം ഏൽപിക്കൽ, അന്യായമായി തടഞ്ഞുവയ്ക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണു കേസെടുത്തിരിക്കുന്നത്. രണ്ടു വകുപ്പുകൾ ജാമ്യമില്ലാത്തവയായിരുന്നു. ഇതാണ് പത്മശ്രീ ജേതാവിന് വിനയായത്.

പാർവതിയുടെ പരാതി ഇങ്ങനെ: കോളിങ് ബെൽ അടിക്കുന്നത് കേട്ട് വാതിൽ തുറന്നപ്പോൾ സുന്ദർ മേനോനായിരുന്നു പുറത്ത്. കൂടെ മറ്റൊരാളുമുണ്ടായിരുന്നു. ക്ഷണിക്കാതെ വീട്ടിനകത്തേക്ക് കയറി. അച്ഛൻ ഇവിടെയില്ലെന്ന് പറഞ്ഞപ്പോൾ കുടുംബത്തോടെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. മൊബൈലിൽ രംഗം ചിത്രീകരിക്കുന്നുണ്ടെന്ന് കരുതി കൈത്തണ്ടയിൽ കയറിപ്പിടിച്ച് തള്ളി. ആക്രമണത്തിൽ കൈ കുത്തി താഴെ വീണ് പരിക്കേറ്റു. ഭയപ്പാടിലായതോടെ അകത്തെ മുറിയിൽ കയറി കതകടച്ചു. താഴെ കുടിവെള്ളം ശേഖരിക്കാൻ പോയ അമ്മയെ ഫോണിൽ വിളിച്ച് വിവരം പറഞ്ഞു. ബഹളം കേട്ട് താഴെയുള്ള വീട്ടുകാരും വന്നു. എല്ലാവരുടെയും മുമ്പിൽ വച്ച് സുന്ദർ മേനോൻ വീണ്ടും ഭീഷണി മുഴക്കി. കൂടെയുണ്ടായിരുന്നയാളും അയൽവാസികളും നിർബന്ധിച്ച് അവിടെ നിന്ന് കൊണ്ടു പോവുകയായിരുന്നുവെന്നും പാർവതി പറഞ്ഞു. ക്ഷേത്ര ഭരണസമിതിയിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ കഴിഞ്ഞ ദിവസം സുന്ദർ മേനോൻ ഭീഷണിപ്പെടുത്തിയതായി വേണുഗോപാലും പരാതിപ്പെട്ടു.

വ്യത്യസ്ത പേരുകളിൽ പാസ്‌പോർട്ടുകൾ എടുത്തെന്ന പരാതിയിൽ കുറച്ചു ദിവസം മുൻപ് സുന്ദർമേനോനെതിരെ കേസെടുത്തിരുന്നു. വ്യത്യസ്ത പേരുകളിൽ വ്യാജരേഖകൾ ചമച്ച് സാമ്പത്തിക ഇടപാടുകളും വാഹന രജിസ്‌ട്രേഷനും നടത്തിയെന്ന പരാതിയിൽ കോടതി നിർദ്ദേശ പ്രകാരമായിരുന്നു പ്രവാസി വ്യവസായി കൂടിയായ സുന്ദർ മേനോന് എതിരേ ഈസ്റ്റ് പൊലീസ് കേസെടുത്തത്. വ്യത്യസ്ത പേരുകളിൽ സുന്ദർ മേനോൻ സ്വന്തമാക്കിയ പാസ്‌പോർട്ടുകൾ, വാഹന രജിസ്‌ട്രേഷൻ രേഖകൾ, ഖത്തറിലെ ബിസിനസ് സർട്ടിഫിക്കറ്റ് തുടങ്ങി 18 രേഖകളുടെ പകർപ്പ് എന്നിവ ഈ കേസിലും ശക്തമായ തെളിവുകയാണ്. നിയമാനുസൃതമല്ലാത്ത രീതിയിൽ പേരുകൾ മാറ്റി വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സുന്ദർമേനോൻ സമൂഹത്തിനു തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഒരു വ്യക്തി ഒരു പേരിൽ മാത്രമേ പാസ്‌പോർട്ട് ഉപയോഗിക്കാവൂ എന്ന ഇന്ത്യൻ പാസ്‌പോർട്ട് നിയമത്തിനു വിരുദ്ധമായി സുന്ദര സുബ്രഹ്മണ്യൻ, സുന്ദർ അടിയാട്ട് മേനോൻ എന്നീ പേരുകളിൽ സുന്ദർ മേനോൻ പാസ്‌പോർട്ട് നേടിയിട്ടുണ്ടെന്നാണ് പരാതി.

2005 ൽ സുന്ദര സുബ്രഹ്മണ്യൻ എന്ന പേരിൽ പാസ്‌പോർട്ടെടുത്ത കൊച്ചിയിൽ നിന്നു തന്നെയാണ് സുന്ദർ അടിയാട്ട് മേനോൻ എന്ന പേരിൽ രണ്ടാമത്തെ പാസ്‌പോർട്ടും സ്വന്തമാക്കിയത്. ഖത്തറിലെ ഇന്ത്യൻ എംബസിയിൽ നിന്ന് 2015 ൽ ഈ പാസ്‌പോർട്ട് പുതുക്കിയതിന്റെ തെളിവുകളും ബാലസുബ്രഹ്മണ്യൻ കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവാദ എത്തിയത്. ഖത്തറിലെ സൺ ഇന്റർനാഷണൽ ട്രേഡിങ് ആൻഡ് ട്രാൻസ്‌പോർട്ട് കമ്പനിയുടെ പാർട്ണറായ സുന്ദർ മേനോൻ രജിസ്‌ട്രേഷനുവേണ്ടി ഉപയോഗിച്ചിരിക്കുന്ന പേര് തെക്കെ അടിയാട്ട് സുന്ദർ മേനോൻ എന്നാണ്. സുന്ദർ മേനോന്റെ ഉടമസ്ഥതയിലുള്ള കാറുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നതും വ്യത്യസ്ത പേരുകളിലായിരുന്നു. 2014 ൽ പത്മ പുരസ്‌കാരത്തിനായി കേന്ദ്ര സർക്കാരിന് അപേക്ഷ നൽകിയത് ടി.എ. സുന്ദർ മേനോൻ എന്ന പേരിലാണ്. 2015 ൽ സുന്ദർ മേനോൻ എന്ന പേരിലും 2016 ൽ സുന്ദർ ആദിത്യ മേനോൻ എന്ന പേരിലും അപേക്ഷ നൽകിയെന്നും ആരോപണമുണ്ട്. 2016ൽ പത്മശ്രീ ലഭിച്ചു.

യു എ ഇ, ഖത്തർ, ഇന്ത്യ എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന സൺ ഗ്രൂപ് ഇന്റർനാഷണലിന്റെ ചെയർമാനായ സുന്ദർ മേനോന് വ്യവസായി എന്ന നിലയിലല്ല, ജീവകാരുണ്യപ്രവർത്തകനും സാംസ്‌കാരിക പ്രവർത്തകനും എന്ന നിലയിലാണ് പത്മശ്രീ പുരസ്‌കാരം നേടിയെടുത്തത്. സുന്ദർ മേനോൻ 1985ലാണ് സൺ ഗ്രൂപ്പ് ഇന്റർനാഷണലിന് തുടക്കമിട്ടത്. മേനോന്റെ നേതൃത്വത്തിലുള്ള സൺ ചാരിറ്റബിൾ ട്രസ്റ്റ് സാമൂഹിക,ജീവകാരുണ്യപ്രവർത്തനങ്ങളിൽ ഏറെ സജീവമാണ്. പ്രധാനമന്ത്രി മോദിയുടെ സ്വഛ്ഭാരത് മിഷന്റെ ഭാഗമായി തൃശൂർ മൽസ്യമാർക്കറ്റിൽ മാലിന്യനിർമ്മാർജനത്തിള്ള ഇൻസിനറേറ്ററും സൺ ഗ്രുപ്പ് സ്ഥാപിച്ചു. തൃശൂർ പൂരത്തിന്റെ മുഖ്യസംഘാടകനും എലിഫന്റ് വെൽഫെയർ ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ഭാരവാഹിയുമാണ് സുന്ദർ മേനോൻ. ഊർജോൽപാദനം, മറൈൻ ഫ്യൂവൽസ്, എണ്ണ പര്യവേക്ഷണം, കെട്ടിട നിർമ്മാണം, സിനിമ ടെലിവിഷൻ വ്യവസായം എന്നീ മേഖലകളിലാണ് സൺ ഗ്രൂപ്പ് പ്രവർത്തിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP