Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

ഫെയ്‌സ് ബുക്കിൽ അസഭ്യം കലർന്ന പോസ്റ്റ് ഇട്ട സമയത്ത് ഫെയ്‌സ് ബുക്ക് ഉപയോഗിച്ചയാൾക്കെതിരെ കേസ് എന്ന് എഫ് ഐ ആർ; ഹാക്ക് ചെയ്തുവെന്ന എംഎൽഎയുടെ പരാതിയിലും അന്വേഷണം; മദ്യത്തിന് സെസ് ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനത്തിനെതിരെ വി.ഡി.സതീശനിട്ട പോസ്റ്റിനു താഴെയുള്ള അശ്ലീല കമന്റുകളിലെ വിവാദത്തിന് പുതിയ മാനം; കുടുങ്ങുക വിഡി സതീശനോ ഹാക്കറോ? കൗതുകത്തോടെ മലയാളികൾ

ആർ പീയൂഷ്

കൊച്ചി: ഫെയ്‌സ് ബുക്ക് വഴി പൊതു പ്രവർത്തകനെയും കുടുംബത്തെയും അപമാനിച്ചു എന്ന വി.ഡി സതീശൻ എംഎ‍ൽഎയ്‌ക്കെതിരെയുള്ള പരാതിയിൽ പൊലീസ് കേസെടുത്തു. പറവൂർ മന്നം സ്വദേശിയായ പൊതു പ്രവർത്തകന്റേയും ഭാര്യ, അമ്മ എന്നിവരുടെ പരാതികളിലാണ് പറവൂർ പൊലീസ് എംഎ‍ൽഎക്കെതിരെ കേസെടുത്തത്.

സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന സ്‌ക്രീൻ ഷോട്ടുകൾ വ്യാജമാണെന്നും തന്റെ ഫെയ്‌സ് ബുക്ക് അക്കൗണ്ട് ആരോ ഹാക്ക് ചെയ്തിരുന്നു എന്നും എംഎ‍ൽഎ പരാതി നൽകിയിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ പറവൂർ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ പരാതിക്കാർ സമർപ്പിച്ച സ്‌ക്രീൻഷോട്ട് വ്യാജമല്ലെന്ന് തെളിഞ്ഞതിനെ തുടർന്നാണ് കേസെടുത്തത്.

കോടതി അനുമതിയോടെ ഐ.പി.സി 120 ഒ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഫെയ്‌സ് ബുക്കിൽ അസഭ്യം കലർന്ന പോസ്റ്റ് ഇട്ട സമയത്ത് ഫെയ്‌സ് ബുക്ക് ഉപയോഗിച്ചയാൾക്കെതിരെയാണ് കേസ് എന്നാണ് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

തന്റെ ഫെയ്‌സ് ബുക്ക് അക്കൗണ്ട് ആ സമയം മറ്റാരോ ഹാക്ക് ചെയ്തു എന്ന എംഎ‍ൽഎയുടെ പരാതി പൊലീസിന് ലഭിച്ചതിനാലാണിത്. ആ സമയം ആരാണോ ഫെയ്‌സ് ബുക്ക് ഉപയോഗിച്ച് കമന്റ് ചെയ്തത്, അതായത് വി.ഡി സതീശനാണോ അതോ ഹാക്കറാണോ അവർക്കെതിരെയാണ് കേസ്. ഇത് തുടരന്വേഷണത്തിൽ മാത്രമേ തെളിയൂ.

മദ്യത്തിന് സെസ് ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനത്തിനെതിരെ വി.ഡി.സതീശനിട്ട പോസ്റ്റിനു താഴെ പരാതിക്കാരൻ കമന്റ് ചെയ്തിരുന്നു. ഈ കമന്റിനു താഴെ സതീശൻ മറുപടി നൽകിയത് അസഭ്യവർഷമാണെന്ന് വ്യക്തമാക്കുന്ന സ്‌ക്രീൻഷോട്ടുകളാണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചത്. സലാമിന്റെ ഭാര്യയെയും മാതാവിനെയും വളരെ മോശമായ വാക്കുകൾ കൊണ്ട് അപമാനിക്കുകയായിരുന്നു. ഈ കമന്റിന്റെ സ്‌ക്രീൻ ഷോട്ട് വ്യാപകമായി സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ കടുത്ത വിമർശനമുയർന്നു. കമന്റ് വിവാദമായതോടെ അൽപ്പ സമയത്തിന് ശേഷം ഡിലീറ്റ് ചെയ്യുകയും ചെയ്തു.

തുടർന്ന് വി.ഡി സതീശൻ കമന്റ് വ്യാജമാണെന്ന വാദവുമായി രംഗത്തെത്തി. ആരോപണമുയർന്നതിനു പിന്നാലെ തനിക്കെതിരെ സൈബർ സഖാക്കൾ നടത്തുന്ന ആക്രമണമാണിതെന്ന് വി.ഡീ.സതീശൻ പ്രതികരിച്ചിരുന്നു. പ്രചരിക്കുന്ന സ്‌ക്രീൻഷോട്ടുകൾ തന്റേത് അല്ലെന്നും സൈബർ സഖാക്കൾ വ്യാജ പ്രചാരണം നടത്തുകയാണെന്നും സതീശൻ പറഞ്ഞിരുന്നു. തന്റെ ജീവിതത്തിൽ ഇതുവരെ ഉപയോഗിക്കാത്ത വാക്കുകളാണ് സ്‌ക്രീൻഷോട്ടിലേതെന്നും സതീശൻ പറഞ്ഞു. സൈബർ കുറ്റകൃത്യം ആയതുകൊണ്ട് അതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നുമാണ് എംഎൽഎ മൂന്ന് ആഴ്ച മുൻപ് പറഞ്ഞത്.

എന്നാൽ സ്‌ക്രീൻ ഷോട്ടുകൾ ശാസ്ത്രീയ പരിശോധന നടത്താമെന്ന് സൈബർ സഖാക്കൾ വെല്ലു വിളിച്ചു. ഇതോടെ തന്റെ ഫെയ്‌സ് ബുക്ക് അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത് അശ്ലീല കമന്റ് പോസ്റ്റ് ചെയ്തു എന്ന് പൊലീസിൽ പരാതി പെടുകയായിരുന്നു. ഫെയ്‌സ് ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് ആരോ നടത്തിയ ഗൂഢാലോചനാണ് ഇതിന് പിന്നിലെന്ന് കാട്ടി എംഎ‍ൽഎ നൽകിയ പരാതിയിലും പൊലീസ് കേസെടുത്തിട്ടുണ്ട്. ആസമയം ആരൊക്കെയാണ് എംഎ‍ൽഎയുടെ അക്കൗണ്ട് ഇുയോഗിച്ചതെന്ന വിവരമാണ് സൈബർ സെൽ ശേഖരിച്ചു കൊണ്ടിരിക്കുന്നത്.

ഈ വിവരങ്ങൾ ലഭിച്ചാലുടൻ തന്നെ സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടു വരാനാകും എന്ന് പ്രതീക്ഷയിലാണ് പൊലീസ്. ഏതായാലും വലിയ രാഷ്ട്രീയ മാനമുള്ള കേസിലാണ് പൊലീസ് അന്വേഷണത്തിന് ഒരുങ്ങുന്നത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP