Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദുരിതങ്ങൾക്ക് കാരണം കണ്ണൂർ എസ്‌പിയുടെ നിർദ്ദേശമെന്ന് തലക്കെട്ടിട്ട് വാർത്ത നൽകിയത് മാതൃഭൂമി; പൊലീസ് നടപടിയെ തുടർന്നു ആംബുലൻസുകൾക്ക് പരിയാരം യാത്ര അസാധ്യമായി എന്ന് റിപ്പോർട്ട് ചെയ്ത് മനോരമ; മാതൃഭൂമിയുടെ സ്‌കീൻഷോട്ട് സഹിതം വാർത്ത കൊടുത്ത മറുനാടനെതിരെ കേസും! മാതൃഭൂമി, മനോരമ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ജനങ്ങളിൽ എത്തിയത് നിങ്ങളുടെ വാർത്തയാണ് എന്നും മറുനാടനോട് പ്രതികരിച്ച് കണ്ണൂർ എസ് പിയും; കൊറോണക്കാലത്തെ കണ്ണൂർ പൊലീസിന്റെ നടപടി വിവാദത്തിൽ

ദുരിതങ്ങൾക്ക് കാരണം കണ്ണൂർ എസ്‌പിയുടെ നിർദ്ദേശമെന്ന് തലക്കെട്ടിട്ട് വാർത്ത നൽകിയത് മാതൃഭൂമി; പൊലീസ് നടപടിയെ തുടർന്നു ആംബുലൻസുകൾക്ക് പരിയാരം യാത്ര അസാധ്യമായി എന്ന് റിപ്പോർട്ട് ചെയ്ത് മനോരമ; മാതൃഭൂമിയുടെ സ്‌കീൻഷോട്ട് സഹിതം വാർത്ത കൊടുത്ത മറുനാടനെതിരെ കേസും! മാതൃഭൂമി, മനോരമ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ജനങ്ങളിൽ എത്തിയത് നിങ്ങളുടെ വാർത്തയാണ് എന്നും മറുനാടനോട് പ്രതികരിച്ച് കണ്ണൂർ എസ് പിയും; കൊറോണക്കാലത്തെ കണ്ണൂർ പൊലീസിന്റെ നടപടി വിവാദത്തിൽ

എം മനോജ് കുമാർ

കണ്ണൂർ: കണ്ണൂരിലെ അതിർത്തി അടച്ചു എന്ന വാർത്ത നൽകിയതിന്റെ പേരിൽ മനോരമയ്ക്കും മാതൃഭൂമിക്കും എതിരെ കേസ് രജിസ്റ്റർ ചെയ്യുമെന്ന് കണ്ണൂർ എസ്‌പി യതീഷ് ചന്ദ്ര. കണ്ണൂരിലെ അതിർത്തി അടച്ചു എന്ന വാർത്ത നൽകിയതിന്റെ പേരിൽ മറുനാടനെതിരെ കേസ് രജിസ്റ്റർ ചെയ്ത സാഹചര്യം ചൂണ്ടിക്കാട്ടി മറുനാടനോട് സംസാരിക്കുകയായിരുന്നു യതീഷ് ചന്ദ്ര. മാതൃഭൂമി ഈ രീതിയിൽ വാർത്ത നൽകിയതായി പറഞ്ഞു മാതൃഭൂമി വാർത്തയുടെ സ്‌ക്രീൻ ഷോട്‌സ് അടക്കം വാർത്ത നൽകിയ തങ്ങൾക്ക് നേരെ മാത്രം എന്തുകൊണ്ട് എന്ന ചോദ്യത്തിനു മറുപടിയായാണ് മാതൃഭൂമിക്കും മനോരമയ്ക്കും എതിരെ സമാന വകുപ്പുകൾ പ്രകാരം കേസ് എടുക്കുമെന്ന് യതീഷ് ചന്ദ്ര വ്യക്തമാക്കിയത്. മാതൃഭൂമി, മനോരമ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ജനങ്ങളിൽ എത്തിയത് നിങ്ങളുടെ വാർത്തയാണ് എന്നുമാണ് യതീഷ് ചന്ദ്ര മറുനാടനോട് പറഞ്ഞത്. കണ്ണൂർ-കാസർകോട് അതിർത്തി അടച്ചു എന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്തു എന്ന കാര്യമാണ് നിങ്ങളുടെ വാർത്ത എന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. മാതൃഭൂമി വാർത്ത നൽകിയ സാഹചര്യത്തിൽ മാതൃഭൂമിക്കെതിരെയും മനോരമ വാർത്ത വന്നതിനാൽ മനോരമയ്ക്ക് എതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്യും-യതീഷ് ചന്ദ്ര പറഞ്ഞു.

കണ്ണൂർ-കാസർകോട് അതിർത്തി അടച്ചു എന്നുള്ളത് തെറ്റായ വാർത്തയാണ്. കണ്ണൂര് അതിർത്തി പൊലീസ് അടച്ചിട്ടില്ല. നൂറോളം ആളുകൾ അവിടെ നിന്ന് എത്തുന്നതും ഇവിടെ നിന്ന് കാസർകോടെയ്ക്ക് പോകുന്നതുമാണ്. ഈ വാർത്ത വന്നപ്പോൾ നാട്ടുകാർ പാനിക്കായി. കണ്ണൂർ ജില്ലയിൽ വലിയ പ്രശ്‌നങ്ങളായി. ഞങ്ങൾക്ക് വിശദീകരണം നൽകേണ്ടി വന്നു. ആ രീതിയിൽ അതിർത്തി അടയ്ക്കാൻ കഴിയില്ല. ചെറിയ ചെറിയ വഴികൾ ഉണ്ട്. ഈ വഴികളിൽ പൊലീസ് കയർ കെട്ടി. ആംബുലൻസ് വന്നാൽ പൊലീസുകാർ കയർ അഴിച്ച് കടത്തിവിടും. ആ രീതിയിൽ വാർത്ത വന്നത് ക്ഷീണമായി. മറുനാടന് എതിരെ കേസ് രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ ഇതേ കേസുകൾ മാതൃഭൂമിക്കും മനോരമയ്ക്കും എതിരെ എടുക്കും-യതീഷ് ചന്ദ്ര മറുനാടനോട് പറഞ്ഞു. കൊറോണ സാഹചര്യത്തിൽ നിങ്ങൾ വാർത്തയുടെ കാര്യത്തിൽ സഹായിക്കണം. ആളുകൾക്ക് പരിഭ്രാന്തിയുണ്ടാകുന്ന രീതിയിൽ വാർത്ത നൽകരുത്. യതീഷ് ചന്ദ്ര പറഞ്ഞു. പൊലീസ് നടപടികളെ മാധ്യമങ്ങൾ പിന്തുണയ്ക്കുന്നെന്നും ഒട്ടനവധി വാർത്തകൾ ഈ കാര്യത്തിൽ നൽകുന്നുണ്ടെന്നും പറഞ്ഞപ്പോൾ അത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും യതീഷ് ചന്ദ്ര പറഞ്ഞു.

രണ്ട് ദിവസം മുമ്പാണ് കണ്ണൂരിലെ അതിർത്തി അടച്ച് കാസർകോടിനെ അകറ്റി നിർത്തിയെന്ന വാർത്ത മറുനാടനിൽ എത്തിയത്. കണ്ണൂരിന് പോലും കാസർകോടിനെ പേടി; പിന്നെ എങ്ങനെ കർണ്ണാടകയെ കുറ്റം പറയാനാവും? കണ്ണൂരും കാസർകോടുമായുള്ള അതിർത്തികൾ എല്ലാം കല്ലും മണ്ണുമിട്ട് അടച്ച് യതീഷ് ചന്ദ്ര; അതിർത്തിയിൽ കാവലുള്ള പൊലീസുകാരോട് റോഡ് അടയ്ക്കാൻ നിർദ്ദേശിച്ചത് എസ് പി നേരിട്ട്; പെട്ടുപോയത് അവശ്യ സർവ്വീസുകാരും ആരോഗ്യ പ്രവർത്തകരും; എസ് പിയുടെ ഉത്തരവ് ലംഘിക്കാനാവില്ലെന്ന് പ്രതിഷേധക്കാരോട് പൊലീസിന്റെ മറുപടിയും; കാസർകോടിനെ കണ്ണൂരും ഒറ്റപ്പെടുത്തുമ്പോൾ-എന്ന തലവാചകത്തിൽ പ്രത്യക്ഷപ്പെട്ട വാർത്തയ്ക്കുള്ളിൽ ഇത് റിപ്പോർട്ട് ചെയ്തത് മാതൃഭൂമിയാണെന്ന് വ്യക്തമായി പറയുന്നുണ്ട്. ഓൺലൈനിലെ മാതൃഭൂമിയിലെ വാർത്തയുടെ സ്‌ക്രീൻ ഷോട്ടുമുണ്ട്. മാതൃഭൂമിയുടെ വാർത്തയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് പ്രസിദ്ധീകരിക്കുക മാത്രമാണ് മറുനാടൻ ചെയ്തതെന്നും വാർത്തയ്ക്കുള്ളിൽ വ്യക്തമാണ്. അതായത് ഉറവിടം കൃത്യമായി പറഞ്ഞുള്ള വാർത്ത. ഏപ്രിൽ അഞ്ചിന് തന്നെ സമാനമായ വാർത്ത മനോരമയിലും എത്തി. എന്നാൽ വ്യാജ പ്രചണരണത്തിന് കള്ളക്കേസ് മറുനാടൻ മലയാളിക്ക് എതിരെ മാത്രവും. ഇതാണ് ഇപ്പോൾ കണ്ണൂർ എസ്‌പി തിരുത്തിയത്. മാതൃഭൂമി വാർത്ത നൽകിയെന്ന പേരിലുള്ള വാർത്തയാണ് എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് കണ്ണൂർ എസ്‌പി പറഞ്ഞത്.

ഇതു സംബന്ധിച്ച് കണ്ണൂർ പൊലീസ് ഫേസ്‌ബുക്കിൽ ഒരു പോസ്റ്റിട്ടു. കണ്ണൂർ ജില്ലയിൽ ജില്ലാ അതിർത്തി റോഡുകൾ പൊലീസ് അടച്ചു എന്ന വാർത്ത വ്യാജമെന്ന തലവചാകത്തോടെയാണ് ആണ് അത്. കണ്ണൂർ : കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഉള്ള ലോക്ക് ഡൗണുമായി ബന്ധപ്പെട്ട കണ്ണൂർ ജില്ലയുടെ അതിർത്തി പ്രദേശങ്ങളിലെ റോഡുകൾ പൊലീസ് അടച്ചിട്ടു എന്ന വ്യാജവർത്തക്കെതിരെ പൊലീസ് നടപടി ആരംഭിച്ചു. സർക്കാരും പൊലീസും അനുശാസിക്കുന്ന അത്യാവശ്യ സർവ്വീസുകൾ ഇപ്പോഴും നടക്കുന്നുണ്ട്. പൊതുജനങ്ങളെ ഭീതിപ്പെടുത്തുന്ന ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കാൻ ജില്ലാ പൊലീസ് മേധാവി ശ്രീ യതിഷ് ചന്ദ്ര IPS എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും നിർദ്ദേശം നല്കിയിട്ടുണ്ട്. അത്യാവശ്യ സർവ്വീസുകളായ ആശുപത്രി, പാൽ, പത്രം, ചരക്കു ഗതാഗതം, എന്നിവ പൊലീസ് പരിശോധനയോടെ കടത്തിവിടുന്നുണ്ട്. പൊലീസ് തന്നെ മുൻകൈ എടുത്തു മരുന്നുകളും മറ്റ് അത്യാവശ്യ സാധനങ്ങളും മറ്റ് ജില്ലകളിൽ നിന്നും അതിവേഗം ആവശ്യക്കാരിൽ എത്തിച്ചു നല്കുന്നുമുണ്ട്. ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് ഈ ദുരന്ത കാലഘട്ടത്തിൽ ഈ സമൂഹത്തോട് ചെയ്യുന്ന മനുഷ്യത്വരഹിതമായ പ്രവർത്തിയാണ്. ദയവായി സഹകരിക്കുക...-ഇതാണ് ആ പോസ്റ്റ്. ഇന്നലെ മൂന്ന് മണിയോടെയാണ് ഈ പോസ്റ്റ് കണ്ണൂർ പൊലീസിന്റെ ഫെയ്സ് ബുക്ക് പേജിൽ എത്തുന്നത്. എന്നാൽ ഇതിനു താഴെ വന്ന കമന്റിൽ ചിലർ മാതൃഭൂമിയെ ഉദ്ധരിച്ചു നൽകിയ വാർത്തയുടെ ലിങ്ക് ഉണ്ട്. ഇതിനൊപ്പം മാതൃഭൂമി വാർത്തും മനോരമയുടെ വാർത്തയും ചിലർ കമന്റായി നൽകുന്നുണ്ട്. പക്ഷെ ഇത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് എസ്‌പി പറഞ്ഞത്.

ഏപ്രിൽ അഞ്ചിനാണ് മാതൃഭൂമി കണ്ണൂരിലെ റോഡ് അടയ്ക്കൽ വാർത്ത നൽകുന്നത്. കണ്ണൂർ എസ്‌പി. യതീഷ് ചന്ദ്ര പെരിങ്ങോം സ്റ്റേഷൻ പരിധിയിൽ ശനിയാഴ്ച വൈകുന്നേരം സന്ദർശിച്ചിരുന്നു. ജില്ല അതിർത്തിയിൽ കാവൽ നിൽക്കുന്ന പൊലീസുകാരോട് റോഡ് കല്ലിട്ട് അടയ്ക്കാൻ നിർദ്ദേശിക്കുകയായിരുന്നു. രാവിലെ കാസർകോട് ജില്ലയിലെ ചിറ്റാരിക്കാൽ, വെള്ളരിക്കുണ്ട് ഭാഗങ്ങളിലേക്ക് സേവനം ചെയ്യാൻ പോയ ആരോഗ്യ വകുപ്പ് ജീവനക്കാരും വനിതാ ജീവനക്കാരും അവശ്യ സർവീസ് ജീവനക്കാരായ ട്രഷറി, സിവിൽ സപ്ലൈസ് ജീവനക്കാരും മടങ്ങിവന്നപ്പോൾ റോഡിൽ കല്ലിട്ട് അടച്ച നിലയിലായിരുന്നുവെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്തത്. കല്ലും മണ്ണുമിട്ട് ഒരു റോഡും കേരളം അടയ്ക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് മാതൃഭൂമിയിലെ വാർത്ത മറുനാടനും നൽകിയത്. മറുനാടൻ വാർത്ത വൈറലായതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രശ്നത്തിൽ ഇടപെട്ടു. ഇതോടെ തടസ്സങ്ങൾ മാറ്റിയെന്നാണ് സൂചന.

ഏപ്രിൽ അഞ്ചിന് വന്ന വാർത്തയിൽ കണ്ണൂർ പൊലീസ് അന്ന് മൗനത്തിലായിരുന്നു. ഫെയ്സ് ബുക്ക് പേജിൽ പോലും വ്യാജ വാർത്തയെന്ന പ്രതികരണം നടത്തിയില്ല. ഏപ്രിൽ അഞ്ചിന് തന്നെ മനോരമയിലും വാർത്ത എത്തിയിരുന്നു. ഗുരുതര ആരോപണങ്ങളാണ് മനോരമ വാർത്തയിൽ ഉണ്ടായിരുന്നത്. കണ്ണൂർ- കാസർകോട് അതിർത്തികളിൽ കൂടുതൽ റോഡുകൾ അടച്ചു. മംഗളൂരു വഴി തടഞ്ഞതോടെ പ്രയാസത്തിലായ മലയോരത്തെ ആംബുലൻസുകൾക്ക് ഇനി പരിയാരം മെഡിക്കൽ കോളജിലേക്കു പോകാനും ഇതോടെ പ്രയാസമായി. കണ്ണൂർ- കാസർകോട് അതിർത്തി കിണർമുക്കിൽ കല്ലും ടാർ വീപ്പയും ഉപയോഗിച്ചാണ് കണ്ണൂർ പൊലീസ് റോഡ് പൂർണമായും അടച്ചത്. പുളിങ്ങോം പാലാവയൽ പാലം വഴിയുള്ള ഗതാഗതവും തടഞ്ഞു. ഗതാഗതം ദേശീയപാത കാലിക്കടവ് വഴി മാത്രമേ അനുവദിക്കൂ.-ഇങ്ങനെയാണ് മനോരമ റിപ്പോർട്ട് ചെയ്തത്.

കിലോമീറ്ററുകൾ അധികം സഞ്ചരിച്ചു വേണം മലയോരത്തെ രോഗികളെയും കൊണ്ടുള്ള ആംബുലൻസുകൾക്ക് ഇനി പരിയാരം മെഡിക്കൽ കോളജിലെത്താൻ. പാലാവയലിൽനിന്ന് പുളിങ്ങോം ഭാഗത്തേക്കു പോകാനുള്ള സൗകര്യവും പുളിങ്ങോം പാലം അടച്ചതോടെ ഇല്ലാതായി. പാലാവയലിലെ ജനങ്ങൾ പുളിങ്ങോം പിഎച്ച്സിയെയാണ് ആശ്രയിക്കുന്നത്. പാലം അടച്ചതോടെ ഇതുവഴിയുള്ള യാത്ര അസാധ്യമായി. ഇനി ചെറുപുഴ വഴി കറങ്ങി വേണം ഈ പ്രദേശത്തുകാർ ചികിത്സയ്ക്കായി ആശുപത്രിയിലെത്താൻ-ഇങ്ങനെയാണ് വാർത്ത അവസാനിക്കുന്നത്. അതായത് ആരോഗ്യ പ്രവർത്തകരേയും ആംബുലിൻസിനും പോലും പൊലീസ് വഴി നൽകിയില്ലെന്ന് വ്യക്തമാക്കുന്ന വാർത്തയായി മനോരമയിലേതും മാറി. പക്ഷെ കേസ് വന്നത് മറുനാടന് നേരെ മാത്രമാണ്. മംഗലാപുരത്തേക്കുള്ള ദേശീയ പാത കർണ്ണാടക അടച്ചത് കേരളത്തിൽ വലിയ പ്രതിഷേധമായി മാറിയിരുന്നു. റോഡ് കല്ലും മണ്ണും ഇട്ട് അടയ്ക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന വാദം കേരളം ഉയർത്തി. റോഡുകളിലൂടെ ചുറ്റിക്കറങ്ങേണ്ടി വന്നതു കൊണ്ട് 10ഓളം ജീവനുകളാണ് കേരളത്തിൽ പൊലിഞ്ഞത്. ഇതിന് സമാനമായ സാഹചര്യമാണ് കാസർകോടുമായുള്ള അതിർത്തിയിൽ കണ്ണൂർ പൊലീസും ഉണ്ടാക്കിയതെന്ന് മനോരമയുടെ വാർത്തയിലും വ്യക്തമാണ്.

മറുനാടൻ ഏപ്രിൽ 5ന് നൽകിയ വാർത്തയുടെ പൂർണ്ണരുപം(മാതൃഭൂമിയുടെ സ്‌ക്രീൻ ഷോട്ടും വാർത്തയ്ക്കൊപ്പമുണ്ടായിരുന്നു)

കണ്ണൂരിന് പോലും കാസർകോടിനെ പേടി; പിന്നെ എങ്ങനെ കർണ്ണാടകയെ കുറ്റം പറയാനാവും? കണ്ണൂരും കാസർകോടുമായുള്ള അതിർത്തികൾ എല്ലാം കല്ലും മണ്ണുമിട്ട് അടച്ച് യതീഷ് ചന്ദ്ര; അതിർത്തിയിൽ കാവലുള്ള പൊലീസുകാരോട് റോഡ് അടയ്ക്കാൻ നിർദ്ദേശിച്ചത് എസ് പി നേരിട്ട്; പെട്ടുപോയത് അവശ്യ സർവ്വീസുകാരും ആരോഗ്യ പ്രവർത്തകരും; എസ് പിയുടെ ഉത്തരവ് ലംഘിക്കാനാവില്ലെന്ന് പ്രതിഷേധക്കാരോട് പൊലീസിന്റെ മറുപടിയും; കാസർകോടിനെ കണ്ണൂരും ഒറ്റപ്പെടുത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കാസർകോട്ടുകാർക്ക് മംഗലുരുവിലേക്ക് മാത്രമല്ല, ഇനി കണ്ണൂരിലേക്കും വരാനാകില്ല. കൊറോണ ഭീതിയിൽ കണ്ണൂരിലേക്കുള്ള അതിർത്തികളും അടച്ചു പൂട്ടി. കാങ്കോൽ ആലപ്പടമ്പ്, പെരിങ്ങോം പഞ്ചായത്തുകളും കാസർകോട് ജില്ലയുമായി ബന്ധിക്കുന്ന എല്ലാ റോഡുകളും ശനിയാഴ്ച വൈകുന്നേരം കല്ലിട്ടടച്ചതോടെ ആരോഗ്യപ്രവർത്തകരും അവശ്യ സേവനം ചെയ്യുന്നവരും വിഷമത്തിലാണ്.

കാസർകോട് 152 കൊറോണ രോഗികളാണുള്ളത്. കണ്ണൂരിൽ 50ഉം. കേരളത്തിലെ 306 കേസുകളിൽ പകുതിയും കാസർകോടാണ്. കർണ്ണാടകയിൽ 144 കേസുകളാണ് ആകെയുള്ളത്. അതിൽ കൂടുതൽ കാസർകോടുണ്ട്. ഈ സാഹചര്യത്തിലാണ് കാസർകോടുമുള്ള അതിർത്തി അടച്ചതെന്നാണ് കർണ്ണാടകയുടെ വാദം. ഇതിന് കൂടുതൽ കരുത്ത് പകരുന്നതാണ് കണ്ണൂരിലെ അതിർത്തി അടയ്ക്കലും. വൈറസ് വ്യാപനം തടയാനുള്ള ഉത്തമ മാർഗ്ഗമായി കണ്ണൂരിന് പോലും റോഡ് മൂടൽ തോന്നി എന്നതാണ് വസ്തുത. ഇതോടെ കർണ്ണാടകയെ ഇനി എങ്ങനെ കുറ്റം പറയുമെന്ന ചോദ്യമാണ് സജീവമാകുന്നത്.

കണ്ണൂർ എസ്‌പി. യതീഷ് ചന്ദ്ര പെരിങ്ങോം സ്റ്റേഷൻ പരിധിയിൽ ശനിയാഴ്ച വൈകുന്നേരം സന്ദർശിച്ചിരുന്നു. ജില്ല അതിർത്തിയിൽ കാവൽ നിൽക്കുന്ന പൊലീസുകാരോട് റോഡ് കല്ലിട്ട് അടയ്ക്കാൻ നിർദ്ദേശിക്കുകയായിരുന്നു. രാവിലെ കാസർകോട് ജില്ലയിലെ ചിറ്റാരിക്കാൽ, വെള്ളരിക്കുണ്ട് ഭാഗങ്ങളിലേക്ക് സേവനം ചെയ്യാൻ പോയ ആരോഗ്യ വകുപ്പ് ജീവനക്കാരും വനിതാ ജീവനക്കാരും അവശ്യ സർവീസ് ജീവനക്കാരായ ട്രഷറി, സിവിൽ സപ്ലൈസ് ജീവനക്കാരും മടങ്ങിവന്നപ്പോൾ റോഡിൽ കല്ലിട്ട് അടച്ച നിലയിലായിരുന്നുവെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്തത്. ഇതോടെയാണ് ഈ വാർത്ത പുറംലോകത്ത് ചർച്ചയാത്.

കാസർകോടിന്റെ അതിർത്തി കർണ്ണാടക മണ്ണിട്ടാണ് മൂടിയതെങ്കിൽ ഇവിടെ കല്ലിട്ട് അടയ്ക്കുന്നു. അതായത് കണ്ണൂരിന് പോലും കാസർകോടിനെ പേടിയാകുകയാണ്. കണ്ണൂരിലേക്ക് കോവിഡ് പടർന്നതിന് കാരണം കാസർകോടാണെന്ന വിലയിരുത്തൽ സജീവമാണ്. അതുകൊണ്ടാണ് റോഡ് അടയ്ക്കുന്നത്. നേരത്തെ വിലക്ക് ലംഘിച്ച് പുറത്തിറങ്ങിയവർക്ക് ഏത്തമിടൽ ശിക്ഷ വിധിച്ച യതീഷ് ചന്ദ്ര കണ്ണൂരിനെ രക്ഷിക്കാൻ അതിശക്തമായ നിലപാടാണ് എടുക്കുന്നത്. കർണ്ണാടകക്കാരനായ ഈ പൊലീസ് ഉദ്യോഗസ്ഥന്റെ നടപടിയും കാസർകോടിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിട്ടുണ്ട്. കാസർകോട് തീർത്തും ഒറ്റപ്പെടുകയാണ്. അതിർത്തി അടത്ത കർണ്ണാടകയുടെ നടപടി സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

അതിനിടെയാണ് കണ്ണൂരും കാസർകോടിന്റെ അതിർത്തി അടച്ചത്. ഏറെ ബുദ്ധിമുട്ടുകൾ ഇതു കാരണം ഉണ്ടാകുന്നുണ്ട്. ആരോഗ്യ പ്രവർത്തകരും പ്രതിസന്ധിയിലാണ്. കാങ്കോൽ, കരിവെള്ളൂർ, പയ്യന്നൂർ, പുത്തൂർ ഭാഗങ്ങളിലുള്ളവർ കിണർമുക്കിൽ മണിക്കൂറുകളോളം കുടുങ്ങി. വെളിച്ചംതോട്, കിണർമുക്കിൽ എല്ലാ ഭാഗത്തും ചെങ്കല്ലിട്ട് റോഡ് പൂർണമായും അടച്ചതോടെ വനിതാ ജീവനക്കാരടക്കം വിഷമത്തിലായി. എസ്‌പി.ടെ ഉത്തരവ് മറികടക്കാൻ സാധിക്കില്ലന്ന് പൊലീസ് പറഞ്ഞു. ചില ജീവനക്കാർ വാഹനം വഴിയിൽ വെച്ച് നടക്കാൻ തുടങ്ങിയെന്നും മാതൃഭൂമി പറയുന്നു

അവശ്യ സേവനത്തിന് വീട്ടിൽ നിന്നിറങ്ങിയ ജീവനക്കാരെ ബുദ്ധിമുട്ടിച്ച പൊലീസിന്റെ നടപടിയിൽ വ്യാപക പ്രതിഷേധമാണുള്ളത്. എന്നാൽ ഇതു മാത്രമേ കണ്ണൂരിലേക്ക് കോവിഡ് ഇനിയും എത്താതിരിക്കാൻ വഴിയെന്നാണ് എസ് പിയുടെ പക്ഷം. കൊറോണ നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ 10 തദ്ദേശ സ്ഥാപനങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവിട്ടിരുന്നു. കൂടുതൽ കൊവിഡ് 19 കേസുകൾ റിപോർട്ട് ചെയ്യപ്പെട്ട തലശ്ശേരി സബ് ഡിവിഷനിലെ മൂന്ന് നഗരസഭകളിലും ഏഴ് പഞ്ചായത്തുകളിലുമാണ് കേരള പകർച്ചവ്യാധി നിയമ പ്രകാരം കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഏപ്രിൽ നാലിന് ഇറക്കിയ ഉത്തരവ് പ്രകാരം കൂത്തുപറമ്പ്, തലശ്ശേരി, പാനൂർ മുനിസിപ്പിലാറ്റികളിലും മൊകേരി, ചൊക്ലി, പാട്യം, ചിറ്റാരിപ്പറമ്പ്, കതിരൂർ, പന്ന്യന്നൂർ, കോട്ടയം മലബാർ പഞ്ചായത്തുകളിലും നിയന്ത്രണങ്ങൾ നിലവിൽ വന്നിരുന്നു.

ഇതുപ്രകാരം, അടിയന്തര സാഹചര്യങ്ങളിലല്ലാതെ ജനങ്ങളുടെ സഞ്ചാരം ഇവിടങ്ങളിൽ വിലക്കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലുമുൾപ്പെടെ മൂന്നിലധികം ആളുകൾ കൂടിനിൽക്കരുത്, അവശ്യസാധനങ്ങൾ വീട്ടിലെത്തിച്ചുകൊടുക്കാൻ തദ്ദേശ സ്ഥാപനങ്ങൾ സംവിധാനമൊരുക്കണം, വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ ആരോഗ്യ പ്രവർത്തകർ സന്ദർശിച്ച് പ്രതിദിന റിപോർട്ട് ജില്ലാ കലക്ടർക്ക് സമർപ്പിക്കണം, പൊലീസ് ഉദ്യോഗസ്ഥരും ഹോം ഐസൊലേഷനിൽ കഴിയുന്നവരുടെ വീടുകളിൽ സന്ദർശനം നടത്തണം, കൊവിഡ് 19 ബാധിതർ താമസിച്ച വീടുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങൾ ഫയർ ആൻഡ് റെസ്‌ക്യൂ ഉദ്യോഗസ്ഥർ അണുവിമുക്തമാക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കി. ഉത്തരവ് ലംഘിക്കുന്നത് കേരള എപ്പിഡെമിക് ഡിസീസ്(കൊവിഡ് 19) റെഗുലേഷൻസ് 2020ലെ 51 മുതൽ 60 വരെയുള്ള വകുപ്പുകൾ പ്രകാരം രണ്ടുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും ഉത്തരവ് വ്യക്തമാക്കി.

കൊറോണയുടെ സാമൂഹ്യവ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പ്രദേശങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്ന് അവലോകന യോഗത്തിൽ ജില്ലാ കലക്ടർ വ്യക്തമാക്കി. ജില്ലയിൽ ഇതുവരെ 52 കോവിഡ് 19 പോസിറ്റീവ് കേസുകൾ റിപോർട്ട് ചെയ്യപ്പെട്ടെങ്കിലും അവയെല്ലാം വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവർക്കായിരുന്നു. എന്നാൽ ഇവരിലേറെ പേരും തലശ്ശേരി സബ് ഡിവിഷൻ പരിധിയിൽപെട്ട സ്ഥലങ്ങളിൽ നിന്നായതിനാൽ സാമൂഹ്യ വ്യാപനത്തിന്റെ സാധ്യത നിലനിൽക്കുന്നുണ്ട്. ഇത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് ശക്തമായ നടപടികൾ സ്വീകരിക്കുന്നത്. നിയന്ത്രണങ്ങളുമായി പ്രദേശങ്ങളിലെ എല്ലാ ജനങ്ങളും പൂർണമായി സഹകരിക്കണമെന്ന് ജില്ലാ കലക്ടർ അഭ്യർത്ഥിച്ചു.

ജില്ലയിൽ കൊവിഡ് 19 സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയ 1102 പ്രൈമറി കോൺടാക്റ്റുകളെ ഇതിനകം കണ്ടെത്താനായിട്ടുണ്ട്. 1320 സെക്കന്ററി കോൺടാക്റ്റുകളെയും കണ്ടെത്തി. നിസാമുദ്ദീനിൽ നിന്നെത്തിയവരിൽ സാംപിൾ പരിശോധനയ്ക്കു വിധേയരായ 11 പേരുടെയും ഫലം നെഗറ്റീവാണെന്ന് ഡിഎംഒ ഡോ. കെ നാരായണ നായിക് അറിയിച്ചു. ഒരാളുടെ കൂടി സാംപിൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇനിയും ആളുകൾ ഉണ്ടോ എന്നും പരിശോധിക്കുന്നു. ഈ സാഹചര്യത്തിലാണ് അതിർത്തി അടച്ച് കോവിഡിൽ നിന്നും കണ്ണൂരിന് രക്ഷയൊരുക്കാനുള്ള എസ് പി യതീഷ് ചന്ദ്രയുടെ ശ്രമം.

ഏപ്രിൽ അഞ്ചിന് മാതൃഭൂമി കൊടുത്ത വാർത്തയുടെ പൂർണ്ണ രൂപം

എസ്‌പി. യതീഷ്ചന്ദ്രയുടെ നിർദ്ദേശപ്രകാരം ജില്ലാ അതിർത്തി റോഡുകൾ അടച്ചു
ദുരിതത്തിലായി ആരോഗ്യപ്രവർത്തകർ

പെരിങ്ങോം: കാങ്കോൽ ആലപ്പടമ്പ്, പെരിങ്ങോം പഞ്ചായത്തുകളും കാസർകോട് ജില്ലയുമായി ബന്ധിക്കുന്ന എല്ലാ റോഡുകളും ശനിയാഴ്ച വൈകുന്നേരം കല്ലിട്ടടച്ചതോടെ ആരോഗ്യപ്രവർത്തകരും അവശ്യ സേവനം ചെയ്യുന്നവരും വിഷമത്തിലായി. കണ്ണൂർ എസ്‌പി. യതീഷ് ചന്ദ്ര പെരിങ്ങോം സ്റ്റേഷൻ പരിധിയിൽ ശനിയാഴ്ച വൈകുന്നേരം സന്ദർശിച്ചിരുന്നു. ജില്ല അതിർത്തിയിൽ കാവൽ നിൽക്കുന്ന പൊലീസുകാരോട് റോഡ് കല്ലിട്ട് അടയ്ക്കാൻ നിർദ്ദേശിക്കുകയായിരുന്നു. രാവിലെ കാസർകോട് ജില്ലയിലെ ചിറ്റാരിക്കാൽ, വെള്ളരിക്കുണ്ട് ഭാഗങ്ങളിലേക്ക് സേവനം ചെയ്യാൻ പോയ ആരോഗ്യ വകുപ്പ് ജീവനക്കാരും വനിതാ ജീവനക്കാരും അവശ്യ സർവീസ് ജീവനക്കാരായ ട്രഷറി, സിവിൽ സപ്ലൈസ് ജീവനക്കാരും മടങ്ങിവന്നപ്പോൾ റോഡിൽ കല്ലിട്ട് അടച്ച നിലയിലായിരുന്നു. കാങ്കോൽ, കരിവെള്ളൂർ, പയ്യന്നൂർ, പുത്തൂർ ഭാഗങ്ങളിലുള്ളവർ കിണർമുക്കിൽ മണിക്കൂറുകളോളം കുടുങ്ങി. വെളിച്ചംതോട്, കിണർമുക്കിൽ എല്ലാ ഭാഗത്തും ചെങ്കല്ലിട്ട് റോഡ് പൂർണമായും അടച്ചതോടെ വനിതാ ജീവനക്കാരടക്കം വിഷമത്തിലായി. എസ്‌പി.ടെ ഉത്തരവ് മറികടക്കാൻ സാധിക്കില്ലന്ന് പൊലീസ് പറഞ്ഞു. ചില ജീവനക്കാർ വാഹനം വഴിയിൽ വെച്ച് നടക്കാൻ തുടങ്ങി. അവശ്യ സേവനത്തിന് വീട്ടിൽ നിന്നിറങ്ങിയ ജീവനക്കാരെ ബുദ്ധിമുട്ടിച്ച പൊലീസിന്റെ നടപടിയിൽ വ്യാപക പ്രതിഷേധമാണുള്ളത്.

ഏപ്രിൽ അഞ്ചിന് തന്നെ മനോരമയിൽ എത്തിയ വാർത്ത

കണ്ണൂർ- കാസർകോട് അതിർത്തികളിൽ റോഡുകൾ അടച്ചു; ആശ്രയം ദേശീയപാത
മനോരമ ലേഖകൻ

കാസർകോട് ന്മ കണ്ണൂർ- കാസർകോട് അതിർത്തികളിൽ കൂടുതൽ റോഡുകൾ അടച്ചു. മംഗളൂരു വഴി തടഞ്ഞതോടെ പ്രയാസത്തിലായ മലയോരത്തെ ആംബുലൻസുകൾക്ക് ഇനി പരിയാരം മെഡിക്കൽ കോളജിലേക്കു പോകാനും ഇതോടെ പ്രയാസമായി. കണ്ണൂർ- കാസർകോട് അതിർത്തി കിണർമുക്കിൽ കല്ലും ടാർ വീപ്പയും ഉപയോഗിച്ചാണ് കണ്ണൂർ പൊലീസ് റോഡ് പൂർണമായും അടച്ചത്. പുളിങ്ങോം പാലാവയൽ പാലം വഴിയുള്ള ഗതാഗതവും തടഞ്ഞു. ഗതാഗതം ദേശീയപാത കാലിക്കടവ് വഴി മാത്രമേ അനുവദിക്കൂ.

കിലോമീറ്ററുകൾ അധികം സഞ്ചരിച്ചു വേണം മലയോരത്തെ രോഗികളെയും കൊണ്ടുള്ള ആംബുലൻസുകൾക്ക് ഇനി പരിയാരം മെഡിക്കൽ കോളജിലെത്താൻ. പാലാവയലിൽനിന്ന് പുളിങ്ങോം ഭാഗത്തേക്കു പോകാനുള്ള സൗകര്യവും പുളിങ്ങോം പാലം അടച്ചതോടെ ഇല്ലാതായി. പാലാവയലിലെ ജനങ്ങൾ പുളിങ്ങോം പിഎച്ച്സിയെയാണ് ആശ്രയിക്കുന്നത്. പാലം അടച്ചതോടെ ഇതുവഴിയുള്ള യാത്ര അസാധ്യമായി. ഇനി ചെറുപുഴ വഴി കറങ്ങി വേണം ഈ പ്രദേശത്തുകാർ ചികിത്സയ്ക്കായി ആശുപത്രിയിലെത്താൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP