Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

വയനാട്ടിൽ രാഹുൽ ​ഗാന്ധിയുടെ പ്രസം​ഗം പരിഭാഷപ്പെടുത്തി താരമായ സഫയുടെ ചിത്രമുപയോ​ഗിച്ച് ബിജെപി എംഎൽഎയുടെ വ്യാജപ്രചരണം: ഡൽഹിയിലെ പ്രക്ഷോഭങ്ങൾക്ക് പിന്നിൽ ആരാണെന്ന് നമുക്കറിയാം എന്ന് അടികുറിപ്പോടെ ചിത്രം ട്വീറ്ററിൽ’: പ്രതിഷേധം ഉയർന്നതോടെ പോസ്റ്റ് മുക്കി തടിയൂരിയ എംഎൽഎക്കെതിരെ നടപടിയെടുത്ത് പൊലീസ്

വയനാട്ടിൽ രാഹുൽ ​ഗാന്ധിയുടെ പ്രസം​ഗം പരിഭാഷപ്പെടുത്തി താരമായ സഫയുടെ ചിത്രമുപയോ​ഗിച്ച് ബിജെപി എംഎൽഎയുടെ വ്യാജപ്രചരണം: ഡൽഹിയിലെ പ്രക്ഷോഭങ്ങൾക്ക് പിന്നിൽ ആരാണെന്ന് നമുക്കറിയാം എന്ന് അടികുറിപ്പോടെ ചിത്രം ട്വീറ്ററിൽ’: പ്രതിഷേധം ഉയർന്നതോടെ പോസ്റ്റ് മുക്കി തടിയൂരിയ എംഎൽഎക്കെതിരെ നടപടിയെടുത്ത് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭങ്ങളെയും മലപ്പുറത്ത് രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി താരമായ കരുവാരക്കുണ്ട് സ്‌കൂളിലെ സഫ ഫെബിന്റെ ചിത്രം ഉപയോഗിച്ച് എൻ.ഡി.എ എംഎ‍ൽഎയുടെ വ്യാജപ്രചരണം.

ഡൽഹി ബിജെപി എംഎൽഎ മഞ്ജീന്ദർ സിങ് സിർസ. നിലമ്പൂർ കരുവാരക്കുണ്ട് ഗവ. എച്ച്‌എസ്‌എസിലെ പ്ലസ് ടു വിദ്യാർത്ഥിനി സഫയും രാഹുൽ ഗാന്ധിയും ഒന്നിച്ചുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് മഞ്ജീന്ദറിന്റെ വ്യാജ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. ബിജെപി ടിക്കറ്റിൽ 2017ലെ ഉപതിരഞ്ഞെടുപ്പിൽ അകാലിദൾ നേതാവായ മഞ്ജീന്ദർ ജയിച്ചത്. നിയമസഭാ വെബ്സൈറ്റിലടക്കം ബിജെപി എംഎൽഎയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഡൽഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റും രജൗറി ഗാർഡൻ എംഎൽഎയുമാണ് മഞ്ജീന്ദർ. ചിത്രം വൻ വിവാദമായതോടെ മഞ്ജീന്ദർ ട്വീറ്റ് നീക്കം ചെയ്തു. മലപ്പുറത്തെ ചടങ്ങിനിടെ സഫ രാഹുൽ ഗാന്ധിക്കൊപ്പം നിൽക്കുന്ന ചിത്രവും ഡൽഹിയിൽ പൗരത്വ ബില്ലിനെതിരെ നടക്കുന്ന പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന പെൺകുട്ടിയുടെ ചിത്രവുമാണ് ട്വീറ്റിലുള്ളത്.

സഫയും പ്രക്ഷോഭത്തിലെ പെൺ‌കുട്ടിയും ഒന്നാണെന്ന തരത്തിലാണ് ട്വീറ്റ്. ‘ഇപ്പോൾ നമുക്കറിയാം ഡൽഹിയിലെ പ്രക്ഷോഭങ്ങൾക്ക് പിന്നിൽ ആരാണെന്ന്’- മഞ്ജീന്ദർ കുറിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചിത്രം ഉപയോഗിച്ച് വ്യാജപ്രചാരണം നടത്തിയെന്നാരോപിച്ച് നിരവധി പേർ ട്വിറ്ററിൽ‌ മഞ്ജീന്ദറിനെതിരെ രംഗത്തുവന്നു. പലരും ട്വീറ്റ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മഞ്ജീന്ദറിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ട്വിറ്റിൽ കേരള മുഖ്യമന്ത്രിയെയും കേരള പൊലീസിനെയും മെൻഷൻ ചെയ്യുന്നവരും ഉണ്ട്.

കൂടാതെ എംഎൽഎക്കെതിരെ നിയമനടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സഫയുടെ പിതാവ് രം​ഗത്തെത്തിയിരുന്നു. മഞ്ജീന്ദർ സിങ് സിർസ മകൾക്കെതിരെ വ്യാജപ്രചാരണം നടത്തുന്നുവെന്നും ഇത് തനിക്കും വിദ്യാർത്ഥിനിയായ തന്റെ മകൾക്കും തങ്ങളുടെ കുടുംബത്തിനും മാനഹാനി ഉണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പരാതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഒപ്പം ഇത് തുടർജീവിതത്തിനു തടസം സൃഷ്ടിക്കുമെന്നും തങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി നേരിടേണ്ടി വരുമോ എന്ന് ഭയപ്പെടുകയാണെന്നും പരാതിയിൽ പറയുന്നു.

കരുവാരകുണ്ട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കെട്ടിടോദ്ഘാടനത്തിന് എത്തിയ രാഹുലിനൊപ്പം വേദിയിൽ നിൽക്കുന്ന സഫയുടെ ചിത്രങ്ങളും ഡൽഹിയിലെ പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന മറ്റൊരു പെൺകുട്ടിയുടെ ചിത്രവുമാണ് രണ്ടും ഒരാളാണന്നു തെറ്റിദ്ധരിപ്പിക്കും വിധം ട്വീറ്റ് ചെയ്തത്.

രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി കേരളജനതയുടെ മുന്നിലെ താരമാണ് സഫ ഫെബിൻ. കരുവാരക്കുണ്ട് കിഴക്കേത്തല മദ്രസയിലെ കുഞ്ഞുമൊയ്‌ദീൻ ഉസ്‌താദിന്റെയും സാറായുടെയും മകളായ സഫ നിലമ്ബൂർ കരുവാരകുണ്ട് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ് സഫ. സ്‌കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യാനാണ് വയനാട് എംപിയായ രാഹുൽ ഗാന്ധി എത്തിയത്. കെ.സി.വേണുഗോപാലായിരുന്നു രാഹുലിന്റെ പ്രസംഗം തർജമ ചെയ്യേണ്ടിയിരുന്നത്. എന്നാൽ രാഹുൽ ഗാന്ധി സദസിലേക്ക് നോക്കി ആരെങ്കിലും തന്റെ പ്രസംഗം പരിഭാഷപ്പെടുത്തുമോയെന്ന് പെട്ടെന്ന് ചോദിച്ചു.

രാഹുലിന്റെ ചോദ്യം കേട്ടതും സഫ കൈ ഉയർത്തി. ഉടൻ തന്നെ സഫയോട് വേദിയിലേക്ക് വരാൻ രാഹുൽ ആവശ്യപ്പെട്ടു. വേദിയിലെത്തിയ സഫ ഇംഗ്ലീഷിലുള്ള രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തുക എന്ന ഉത്തരവാദിത്തം വളരെ ഭംഗിയായി നിർവഹിച്ചു. തന്റെ മുന്നിലിരിക്കുന്നത് വിദ്യാർത്ഥികളായതിനാൽ വളരെ ലളിതമായ ഭാഷയാണ് രാഹുൽ ഉപയോഗിച്ചത്. അത്രത്തോളം ലളിതമായി തന്നെ രാഹുലിന്റെ പ്രസംഗം സഫ മലയാളത്തിൽ പരിഭാഷപ്പെടുത്തുകയും ചെയ്തു. വലിയ കയ്യടിയോടെയാണ് സഫയുടെ പരിഭാഷയെ സഹപാഠികൾ സ്വീകരിച്ചതും.

വിവാ​ദങ്ങൾ വിട്ടൊഴിയാത്ത എംഎൽഎയാണ് മഞ്ജീന്ദർ സിങ് സിർസ, നേരത്തെ രാജ്യം കണ്ട ഏറ്റവും വലിയ വംശഹത്യാ ആസൂത്രകൻ രാജീവ് ഗാന്ധിയാണെന്ന വിവാദപരാമർശമുയർത്തി സിർസ രംഗത്തെത്തിയിരുന്നു. നമ്പർ വൺ അഴിമതിക്കാരനായാണ് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി മരിച്ചതെന്ന നരേന്ദ്ര മോദിയുടെ പരാമർശത്തിന് പിന്നാലെയാണ് അകാലിദളും രാജീവ് ഗാന്ധിക്കെതിരെ രംഗത്ത് വന്നിരുന്നത്. ഇന്ദിരാ ഗാന്ധി വധത്തിന് ശേഷമുണ്ടായ സിഖ് കൂട്ടക്കൊലയെ സൂചിപ്പിച്ചാണ് മഞ്ജീന്ദർ സിങ് സിർസയുടെ അന്ന് നടത്തിയ ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP