Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

'മിന്നൽ മുരളി'യുടെ സെറ്റ് പൊളിച്ച സംഭവത്തിൽ അഞ്ച് അഖില ഹിന്ദു പരിഷത്ത് പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്; പ്രതികളെ ഉടൻ പിടികൂടും, പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയെന്നും ആലുവ റൂറൽ എസ്‌പി; പട്ടാപ്പകൽ ഒരു ക്രിമിനൽ പ്രവൃത്തി നടത്താനും അതേക്കുറിച്ച് അഭിമാന പുരസ്സരം പേരും ഫോട്ടോയും ഫോൺ നമ്പറുമൊക്കെ വച്ച് പ്രചരണം നടത്താനും നേതൃത്വം നൽകിയ ഈ ക്രിമിനലുകൾക്കെതിരെയാണ് യുഎപിഎ ചുമത്തേണ്ടതെന്ന് വി ടി ബൽറാമും; കേരള ജനത ശക്തമായി പ്രതികരിക്കണമെന്ന് ഫെഫ്ക്ക

'മിന്നൽ മുരളി'യുടെ സെറ്റ് പൊളിച്ച സംഭവത്തിൽ അഞ്ച് അഖില ഹിന്ദു പരിഷത്ത് പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്; പ്രതികളെ ഉടൻ പിടികൂടും, പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയെന്നും ആലുവ റൂറൽ എസ്‌പി; പട്ടാപ്പകൽ ഒരു ക്രിമിനൽ പ്രവൃത്തി നടത്താനും അതേക്കുറിച്ച് അഭിമാന പുരസ്സരം പേരും ഫോട്ടോയും ഫോൺ നമ്പറുമൊക്കെ വച്ച് പ്രചരണം നടത്താനും നേതൃത്വം നൽകിയ ഈ ക്രിമിനലുകൾക്കെതിരെയാണ് യുഎപിഎ ചുമത്തേണ്ടതെന്ന് വി ടി ബൽറാമും; കേരള ജനത ശക്തമായി പ്രതികരിക്കണമെന്ന് ഫെഫ്ക്ക

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കാലടിയിൽ മിന്നൽ മുരളി സിനിമയുടെ സെറ്റ് പൊളിച്ച സംഭവത്തിൽ കേസടുത്തു പൊലീസ്. ക്രിസ്ത്യൻ ദേവാലയത്തിന്റെ സെറ്റ് പൊളിച്ച അഖില ഹിന്ദു പരിഷത്തിന്റെ അഞ്ച് പ്രവർത്തകർക്കെതിരെയാണ് പെരുമ്പാവൂർ പൊലീസ് കേസെടുത്തത്. സംഭവത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. വർഗീയശക്തികൾക്ക് അഴിഞ്ഞാടാനുള്ള മണ്ണല്ല കേരളമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇതിന് പിന്നാലെയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

സെറ്റ് തകർത്ത സംഭവം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ആലുവ റൂറൽ എസ്‌പി വ്യക്തമാക്കി. പ്രതികളെ ഉടൻ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് ശിവരാത്രി ആഘോഷസമിതിയും സിനിമാ സംഘടനകളും പൊലീസിൽ പരാതി നൽകിയിരുന്നു. ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച സെറ്റാണ് തകർത്തത്. കൊവിഡ് കാരണം ഷൂട്ടിങ് മുടങ്ങിയതിനാലാണ് ആ സെറ്റ് അവിടെ നിന്ന് പോയത്. 'അതാണ് രാഷ്ട്രീയ ബജ്‌റംഗ്ദൾ എന്നൊരു കൂട്ടര് തകർത്തത്. അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത് നേതാവെന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാളാണ് അത് പുറത്തറിയിച്ചത്', സെറ്റ് അവിടെയുള്ളതുകൊണ്ട് മതവികാരം വ്രണപ്പെടുത്തിയെന്നാണ് പറയുന്നത്. ഏത് മതവികാരമാണ് വ്രണപ്പെടുത്തുന്നതെന്നായിരുന്നു വിഷയത്തിൽ മുഖ്യമന്ത്രി ചോദിച്ചത്.

മിന്നൽ മുരളി സിനിമയുടെ സെറ്റ് രാഷ്ട്രീയ ബജ്റംഗ് ദൾ പൊളിച്ചുകളഞ്ഞതിനെതിരെ കാലടി ശിവരാത്രി സമിതിയും പരാതി നൽകിയിരുന്നു. തങ്ങളുടെ അനുമതി വാങ്ങിയ ശേഷമാണ് സെറ്റ് നിർമ്മിച്ചതെന്നും വർഗീയവൽക്കരിക്കാനുള്ള ശ്രമമാണ് ചിലർ നടത്തുന്നതെന്നും കാലടി ശിവരാത്രി സമിതി പറഞ്ഞു. മിന്നൽ മുരളി സിനിമയുടെ സെറ്റ് രാഷ്ട്രീയ ബജ്റംഗ് ദൾ പൊളിച്ചുകളഞ്ഞതിനെതിരെ വ്യാപക പ്രതിഷേധമുയരുകയാണ്. ഒരു സിനിമാ സെറ്റിനോട് പോലും എന്തിനാണ് ഇത്രയ്ക്കും അസഹിഷ്ണുതയെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം. വ്യാപക പ്രതിഷേധം പ്രവർത്തിക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. മിന്ന്ൽ മുരളിയുടെ അണിയറ പ്രവർത്തകരും സിനിമാരംഗത്തുള്ളവരുമൊക്കെ വിഷയത്തിൽ്പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്.

അതേസമയം കാലടി മണപ്പുറത്ത് സജ്ജമാക്കിയ 'മിന്നൽ മുരളി' ചലച്ചിത്രത്തിന്റെ കൂറ്റൻ സെറ്റ് തകർത്ത സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ കടുത്ത വിമർശനവുമായ വി.ടി.ബൽറാം എംഎൽഎയും രംഗത്തെത്തി.സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിലൂടെയാണ് ബൽറാം പ്രതിഷേധം അറിയിച്ചത്.

ബൽറാമിന്റെ കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:

'പട്ടാപ്പകൽ ഗൗരവതരമായ ഒരു ക്രിമിനൽ പ്രവൃത്തി നടത്താനും അതേക്കുറിച്ച് അഭിമാന പുരസ്സരം ഇതേപോലെ പേരും ഫോട്ടോയും ഫോൺ നമ്പറുമൊക്കെ വച്ച് പ്രചരണം നടത്താനും മതവിദ്വേഷം പ്രചരിപ്പിക്കാനും സംഘ് പരിവാർ തീവ്രവാദികൾക്ക് കേരളത്തിന്റെ മണ്ണിൽ ആത്മവിശ്വാസമുണ്ടാകുന്നു എന്നത് പിണറായി വിജയന്റെ ഭരണത്തിൽ ഈ നാട് എവിടെ വരെ എത്തിച്ചേർന്നു എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ്. പുസ്തകം വായിക്കുന്ന വിദ്യാർത്ഥികൾക്കെതിരെയല്ല, ഇതുപോലുള്ള ക്രിമിനലുകൾക്കെതിരെയാണ് യുഎപിഎ ചുമത്തി കേസെടുക്കേണ്ടത്.'

വലിയ ചുറ്റികകൾ കൊണ്ട് സെറ്റ് അടിച്ചുതകർക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഹിന്ദു പരിഷത്ത് കേരളം ജനറൽ സെക്രട്ടറി ഹരി പാലോടാണ് സെറ്റ് തകർത്ത പ്രവർത്തകരെ അഭിനന്ദിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്. ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന 'മിന്നൽ മുരളി'യിൽ സൂപ്പർ ഹീറോ കഥാപാത്രമായാണ് ടൊവീനോ എത്തുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ നേരത്തെ വയനാട്ടിൽ പൂർത്തിയായിരുന്നു. ആലുവ മണപ്പുറത്ത് രണ്ടാംഘട്ട ചിത്രീകരണം ആരംഭിക്കാനിരിക്കെയാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. ക്ഷേത്രം അധികൃതരിൽ നിന്നും എല്ലാ വകുപ്പുകളിൽ നിന്നും അനുമതി വാങ്ങിയാണ് കാലടി മണപ്പുറത്ത് സെറ്റ് ഇട്ടതെന്ന് നിർമ്മാതാവ് അറിയിച്ചു. 45 ലക്ഷം രൂപയോളം മുടക്കിയാണ് ഇവർ സെറ്റ് നിർമ്മിച്ചത്.

മിന്നൽ മുരളി എന്ന ചിത്രത്തിന്റെ സെറ്റ് തകർത്ത സംഭവത്തിൽ ശക്തമായ പ്രതിഷേധമറിയിച്ച് മലയാള സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയും രംഗത്തെത്തി. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നീതി നടപ്പിലാക്കുന്നതിനായി സത്വര നിയമനടപടികൾക്ക് ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകണമെന്ന് അഭ്യർത്ഥിക്കുന്നതായും ഫെഫ്ക ഭാരവാഹികൾ പറഞ്ഞു

മിന്നൽ മുരളിക്ക് വേണ്ടി വലിയ തയ്യാറെടുപ്പുകളോടെ കാലടി മണപ്പുറത്ത് ലക്ഷങ്ങൾ മുടക്കി സെറ്റ് പൂർത്തിയാക്കി ക്ലൈമാക്‌സ് ചിത്രീകരണം ആരംഭിക്കുമ്പോഴാണ് കൊവിഡ് വ്യാപിക്കുന്നതും കേന്ദ്ര, കേരള സർക്കാരുകളുടെ നിർദേശ പ്രകാരം ഷൂട്ടിം?ഗ് താത്കാലികമായി നിർത്തിവയ്ക്കുന്നതും. സർക്കാർ നിർദേശങ്ങൾ പൂർണമായും പാലിച്ച്, കേരള കൃഷി വകുപ്പിന്റെയും കാലടി ഗ്രാമ പഞ്ചായത്തിന്റെയും ക്ഷേത്ര ഭരണ സമിതിയുടെയും അനുവാദം വാങ്ങി, പണമടച്ച്, വളരെയേറെ സഹകരിച്ച ക്ഷേത്ര ഭരണസമിതിക്ക് വാടക നൽകിയുമാണ് പ്രസ്തുത സ്ഥലത്ത് സെറ്റ് നിർമ്മിച്ചത്. വൻ മുതൽമുടക്കോടെ പൂർത്തിയാക്കിയ സെറ്റ് ചില സാമൂഹിക ദ്രോഹികൾ യാതൊരു കാരണവുമില്ലാതെ ഇന്നലെ രാത്രി പൊളിച്ചുകളഞ്ഞിരിക്കുകയാണ്.

കേരളീയ പൊതുസമൂഹം നാളിതുവരെ ഒന്നിച്ച് നിന്ന് പൊരുതി നേടിയ എല്ലാ സാമൂഹിക നേട്ടങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് ഈ സാമൂഹിക വിരുദ്ധർ നടത്തിയ അനീതിക്കെതിരെ ശക്തമായി പ്രതികരിക്കണമെന്ന് കേരളത്തിലെ ജനങ്ങളോട് ആവശ്യപ്പെടുകയാണെന്നും ഫെഫ്ക പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP