Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പിണറായി കൂട്ടക്കൊലയെ രാഷ്ട്രീയ ആയുധമാക്കി മാറ്റാൻ ഉറച്ച് ബിജെപി വനിതാ സംഘടന; കൊലക്കേസ് പ്രതി സൗമ്യ സിപിഎം ലോക്കൽ കമ്മിറ്റി അംഗമാണെന്ന് ചിത്രീകരിച്ച് ഫെയ്സ് ബുക്ക് പോസ്റ്റുവഴി പ്രചാരണം നടത്തിയത് വനിതാ നേതാവ്: സൗമ്യയെ രാഷ്ട്രീയ ആയുധമാക്കിയുള്ള ബിജെപിയുടെ കളിയിൽ മഹിളാ മോർച്ച നേതാവ് ലസിത പാലക്കലിനെതിരെ കേസെടുത്ത് ധർമ്മടം പൊലീസ്

പിണറായി കൂട്ടക്കൊലയെ രാഷ്ട്രീയ ആയുധമാക്കി മാറ്റാൻ ഉറച്ച് ബിജെപി വനിതാ സംഘടന; കൊലക്കേസ് പ്രതി സൗമ്യ സിപിഎം ലോക്കൽ കമ്മിറ്റി അംഗമാണെന്ന് ചിത്രീകരിച്ച് ഫെയ്സ് ബുക്ക് പോസ്റ്റുവഴി പ്രചാരണം നടത്തിയത് വനിതാ നേതാവ്: സൗമ്യയെ രാഷ്ട്രീയ ആയുധമാക്കിയുള്ള ബിജെപിയുടെ കളിയിൽ മഹിളാ മോർച്ച നേതാവ് ലസിത പാലക്കലിനെതിരെ കേസെടുത്ത് ധർമ്മടം പൊലീസ്

രഞ്ജിത് ബാബു

കണ്ണൂർ: പിണറായി കൂട്ടക്കൊലയും രാഷ്ട്രീയ ആയുധമാക്കാൻ ബിജെപി. വനിതാ സംഘടന. കൊലക്കേസ് പ്രതി സൗമ്യ സിപിഎം. ലോക്കൽ കമ്മിറ്റി അംഗമാണെന്ന് ചിത്രീകരിച്ച് ഫെയ്സ് ബുക്ക് പോസ്റ്റുവഴി പ്രചാരണം നടത്തിയ ബിജെപി. വനിതാ നേതാവിനെതിരെ പൊലീസ് കേസെടുത്തു. സിപിഎം. പിണറായി ലോക്കൽ സെക്രട്ടറി കക്കോത്ത് രാജൻ നൽകിയ പരാതിയിൽ മഹിളാ മോർച്ച നേതാവ് ലസിത പാലക്കലിനെതിരെയാണ് ധർമ്മടം പൊലീസ് കേസെടുത്തിട്ടുള്ളത്.

ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ പ്രകോപനം സൃഷ്ടിച്ചതിന് ഇന്ത്യൻ ശിക്ഷാ നിയമം 153 പ്രകാരവും മറ്റുള്ളവർക്ക് ശല്യം ഉണ്ടാക്കും വിധം ക്രമസമാധാന ലംഘനമുണ്ടാക്കിയതിന് 120 (ഒ) പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. അതേസമയം മാതാപിതാക്കളേയും മകളേയും വിഷം കൊടുത്തുകൊലപ്പെടുത്തിയ കേസിൽ സൗമ്യയെ വിശദമായി ചോദ്യം ചെയ്യാൻ അന്വേഷണ സംഘം വീണ്ടും കസ്റ്റഡിൽ വാങ്ങും. നാളെ അതിനുള്ള അപേക്ഷ തലശ്ശേരി കോടതിയിൽ നൽകും.

സൈബർസെല്ലിന് കൈമാറിയ സൗമ്യയുടെ മൊബൈൽ ഫോണിലെ വിവരങ്ങൾകൂടി പരിശോധിച്ച് ചോദ്യം ചെയ്യാനാണ് അന്വേഷണസംഘം ആലോചിക്കുന്നത്. രാസപരിശോധന ഫലവും കുറ്റസമ്മതമൊഴിയും സാഹചര്യതെളിവുകളുമാണ് അന്വേഷണത്തിൽ പ്രധാനമായും കണ്ടെത്താനായത്. മൊബൈൽ ഫോണിൽനിന്നുള്ള വിവരങ്ങളും തുടരന്വേഷണത്തിൽ നിർണായകമാവും.

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ശ്വാസംകിട്ടാതെ പിടയുന്ന മകളുടെ ദൃശ്യം അടുപ്പമുള്ള ഒരു യുവാവിന് സൗമ്യ അയച്ചതായുള്ള സൂചനയും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്. മകൾ ഛർദിക്കുന്ന ദൃശ്യം വാട്സ്ആപ്പിൽ അയച്ചിരുന്നതായി സഹോദരി സന്ധ്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മരിച്ചുകൊണ്ടിരിക്കുന്ന മകളുടെ ദൃശ്യങ്ങൾ ആർക്കൊക്കെ അയച്ചുവെന്നത് മൊബൈൽഫോൺ ഡീകോഡ് ചെയ്തു പരിശോധിക്കുമ്പോൾ കൂടുതൽ വ്യക്തമാവും.

ഐശ്വര്യ മരിച്ചതിനുശേഷം കൈയിൽനിന്ന് എലിവിഷത്തിന്റെ കുപ്പി വാങ്ങി നശിപ്പിച്ചതായി സൗമ്യയുടെ കുറ്റസമ്മതമൊഴിയിൽ പരാമർശിക്കുന്ന സുഹൃത്ത് സുശീലന് ഏതെങ്കിലും വിധത്തിൽ സംഭവവുമായി ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. സൗമ്യയുടെ കൈയിൽനിന്ന് പിടിച്ചുവാങ്ങിയ എലിവിഷമടങ്ങിയ കുപ്പി പുറത്തുകളയുകയാണ് ചെയ്തതെന്നും ഐശ്വര്യയെ കൊലപ്പെടുത്താൻ ഇതുപയോഗിച്ചതായി തനിക്ക് അറിയില്ലെന്നുമാണ് സുഹൃത്ത് പൊലീസിനോട് വിശദീകരിച്ചത്. സൗമ്യയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങിയുള്ള ചോദ്യംചെയ്യലിൽ ഇതും പൊലീസ് വിശദമായി അന്വേഷിക്കും. വിഷമടങ്ങിയ കുപ്പി വീട്ടുപറമ്പിലെ പൈപ്പ് കമ്പോസ്റ്റിൽ നിന്നാണ് പൊലീസ് കണ്ടെടുത്തത്.

കണ്ണൂർ വനിതാ സ്‌പെഷൽ ജയിലിലാണ് സൗമ്യ ഇപ്പോഴുള്ളത്. സൗമ്യയുടെ ഫോൺവിളികളുടെ വിശദാംശങ്ങൾ ഞെട്ടിക്കുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തി. കാമുകന്മാരെ ബന്ധപ്പെടുന്നതിനോടൊപ്പം കേസിന്റെ വിശദാംശങ്ങളറിയാൻ സൗമ്യ നടത്തിയ ഫോൺവിളികളുടെ വിശദാശംങ്ങൾ അന്വേഷണ സംഘത്തിനു ലഭിച്ചു. അമ്മ മരിച്ചു രണ്ടാം ദിവസമാണ് അമ്മയുടെ പേരിലെടുത്ത ബാങ്ക് വായ്പയുടെ വിശദാംശങ്ങളറിയാൻ സൗമ്യ സഹകരണ ബാങ്ക് മാനേജറെ വിളിച്ചത്. വിളിയുടെ യാഥാർഥ ഉദ്ദേശ്യം ലോൺ എഴുതിത്ത്തള്ളുമോ എന്നറിയുകയായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചോയെന്നറിയാൻ സൗമ്യ നിരവധി തവണ ധർമ്മടം പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചിരുന്നു. തന്നെ സംശയിക്കുന്നുണ്ടോ എന്ന് മനസ്സിലാക്കാനായിരുന്നു അത്.

മകൾ ഐശ്വര്യയെ കൊലപ്പെടുത്തിയ കേസിൽ സൗമ്യയുടെ അറസ്റ്റ് തിങ്കളാഴ്ച രേഖപ്പെടുത്തും. ജയിലിൽവെച്ച് അറസ്റ്റുചെയ്യാൻ കോടതി അന്വേഷണസംഘത്തിന് അനുമതി നൽകി. ഐശ്വര്യയുടെ മരണം സംബന്ധിച്ച് ധർമടം പൊലീസ് സ്റ്റേഷനിലെ കേസിൽ കൊലക്കുറ്റം ചേർത്ത് കോടതിക്ക് റിപ്പോർട്ട് നൽകി. അമ്മ കമല, അച്ഛൻ കുഞ്ഞിക്കണ്ണൻ എന്നിവരുടെ മരണത്തിൽ പ്രതിയായ സൗമ്യ ഇതോടെ മകളെ കൊലപ്പെടുത്തിയ കേസിലും പ്രതിയായി.

സൗമ്യയുമായുള്ള ബന്ധത്തിന്റെ പേരിൽ ചോദ്യംചെയ്യാൻ വിളിപ്പിച്ച നാലുപേരെയും വിട്ടയച്ചു. മകളെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയശേഷം കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. മൊബൈൽഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും കൃത്യത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും അന്വേഷണസംഘം കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞു. പ്രതിയുടെ ജീവന് ഭീഷണിയുണ്ടെന്നും തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.

സൗമ്യയുടെ അച്ഛൻ കുഞ്ഞിക്കണ്ണൻ, അമ്മ കമല, മകൾ ഐശ്വര്യ എന്നിവരാണ് പല സമയങ്ങളിലായി ഒരേ രീതിയിൽ മരിച്ചത്. ഛർദിയെത്തുടർന്നായിരുന്നു മൂവരുടെയും മരണം. ആറു കൊല്ലം മുമ്പ് ഇളയമകൾ മരിച്ചത് അസുഖം മൂലമാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സൗമ്യയുടെ മുൻഭർത്താവ് കൊല്ലം കൊടുങ്ങല്ലൂർ സ്വദേശി കിഷോറിനെ ചോദ്യം ചെയ്തശേഷം അന്വേഷണസംഘം വിട്ടയച്ചു. ഇവരുടെ ഇളയമകൾ കീർത്തന മരിച്ചസംഭവത്തിൽ ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നതിന്റെയും തന്നെ കൊല്ലാൻ വിഷം നൽകിയെന്ന സൗമ്യയുടെ മൊഴിയുടെയും അടിസ്ഥാനത്തിലായിരുന്നു കിഷോറിനെ ചോദ്യംചെയ്തത്. തെളിവൊന്നും കണ്ടെത്താനാകാത്തതിനെ തുടർന്നാണ് വിട്ടയച്ചത്. കിഷോറിനെക്കുറിച്ച് കൊടുങ്ങല്ലൂരിൽ തുടരന്വേഷണം നടത്താനും തീരുമാനിച്ചു. വഴിവിട്ടജീവിതത്തിന് തടസ്സമാകുമെന്ന് കണ്ടതോടെയാണ് ആദ്യം മകളെയും പിന്നീട് മാതാവിനെയും പിതാവിനെയും കൊലപ്പെടുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP