Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വരയിലൂടെ ചിന്തയുണർത്തുന്ന ആശാന്മാർക്ക് ഇത് എന്തു പറ്റി? ജനറൽ ബോഡി വിളിച്ച് എല്ലാം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് 56 അംഗങ്ങളുടെ കത്ത്; സെക്രട്ടറിയെ പുറത്താക്കാനുള്ള നീക്കത്തിനെതിരെ കോടതി ഇടപെടലും; അക്കാദമിക്കൊരാസ്ഥാനം സഫലമാക്കാൻ വേണ്ടി മാത്രമാണ് പ്രായാധിക്യം പോലും വകവയ്ക്കാതെ നീങ്ങുന്നതെന്ന് സുകുമാറും: കേരളാ കാർട്ടൂൺ അക്കാദമിയിൽ പോര് ശക്തം

വരയിലൂടെ ചിന്തയുണർത്തുന്ന ആശാന്മാർക്ക് ഇത് എന്തു പറ്റി? ജനറൽ ബോഡി വിളിച്ച് എല്ലാം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് 56 അംഗങ്ങളുടെ കത്ത്; സെക്രട്ടറിയെ പുറത്താക്കാനുള്ള നീക്കത്തിനെതിരെ കോടതി ഇടപെടലും; അക്കാദമിക്കൊരാസ്ഥാനം സഫലമാക്കാൻ വേണ്ടി മാത്രമാണ് പ്രായാധിക്യം പോലും വകവയ്ക്കാതെ നീങ്ങുന്നതെന്ന് സുകുമാറും: കേരളാ കാർട്ടൂൺ അക്കാദമിയിൽ പോര് ശക്തം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളാ കാർട്ടൂൺ അക്കാദമിയിലെ തമ്മിലടി പുതിയ തലത്തിലേക്ക്. ജനറൽ ബോഡി വിളിക്കണമെന്നും ചെയർമാന്റെ ഏകാധിപത്യ നടപടികൾക്കെതിരെ ചർച്ച വേണമെന്നും ആവശ്യപ്പെട്ട് 56 അംഗങ്ങൾ ജനറൽ സെക്രട്ടറിക്ക് കത്ത് നൽകി. അതിനിടെ ജനറൽ സെക്രട്ടറിയുമായി ആലോചിച്ച് മാത്രമേ നിർണ്ണായക തീരുമാനങ്ങൾ എടുക്കാവൂവെന്ന് കോടതിയുടെ നിർദ്ദേശവും സുകുമാറിന് കിട്ടി. കേരള കാർട്ടൂൺ അക്കാദമി സെക്രട്ടറി സുധീർനാഥ്, വൈസ് ചെയർമാൻ ബി സഞ്ജീവ്, ട്രഷറർ ജയരാജ് വെള്ളൂർ എന്നിവർക്കെതിരെ പുറത്താക്കുന്നതിന് ചെയർമാന് കഴിയുകയുമില്ല. അക്കാദമിയിൽ തൽസ്ഥിതി തുടരണമെന്നാണ് കോടതിയുടെ നിർദ്ദേശം.

കാർട്ടൂൺ അക്കാദമിയിൽ തുടക്കം മുതലുള്ള ഏകപക്ഷീയവും വിഭാഗീയവുമായ പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുന്നുവെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. ചെയർമാൻ ആഹ്വാനം ചെയ്ത ചികിത്സാ സഹായ ധന സമാഹരണം, സെക്രട്ടറിയും നിരവധി അംഗങ്ങളും അറിയാതെ അക്കാദമി യോഗങ്ങളും പരിപാടികളും നടക്കുന്നു, ഔദ്യോഗിക ഇ മെയിലിന് പകരം മറ്റൊരു ഇമെയിൽ ഐഡി ഉണ്ടാക്കി അതിലൂടെ കത്തിടപാടുകൾ നടത്തുന്നു, എറണാകുളം ജില്ലയിൽ അക്കാദമി ലോഗോയും പേരും ദുരുപയോഗം ചെയ്ത് അക്കാദമി അറിയാതെ കാർട്ടൂൺ കളരിക്കായി കുട്ടികളിൽ നിന്ന് പണം പിരിച്ചു-ഇങ്ങനെ നീളുന്നു ചെയർമാനെതിരായ പരാതികൾ. എന്നാൽ സംഘടനയെ പിളർത്താൻ സെക്രട്ടറി ഗൂഢനീക്കങ്ങൾ നടത്തുകയാണെന്നാണ് സുകമാറിന്റെ ആരോപണം. സെക്രട്ടറി പൊതുയോഗം വിളിക്കുന്നത് അതിനാണെന്നും സുകുമാർ പറയുന്നു. അങ്ങനെ സെക്രട്ടറിയും ചെയർമാനും രണ്ടു വഴിക്കാണ് നീങ്ങുന്നത്. ഇതിനിടെയാണ് 56 പേർ ജനറൽ ബോഡി വിളിക്കണമെന്ന ആവശ്യവുമായി സെക്രട്ടറിക്ക് കത്ത് നൽകിയത്.

സെക്രട്ടറി സുധീർ നാഥ് അംഗങ്ങൾക്ക് അയച്ച കത്ത് പുറത്തായതോടെയാണ് കാർട്ടൂൺ അക്കാദമിയിലെ പ്രശ്നം പുറംലോകത്ത് എത്തിയത്. കേരള കാർട്ടൂൺ അക്കാദമിയുടെ തിരഞ്ഞെടുക്കപ്പെട്ട സെക്രട്ടറിയാണ് ഞാൻ. എക്കാലത്തും അംഗങ്ങളുടെ താൽപര്യങ്ങൾക്കായി പ്രവർത്തിക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ അതിനെല്ലാം വലിയ രീതിയിൽ തടസം വന്നിരിക്കുന്നു. അക്കാദമി വിഭാഗീയതയുടെ കൂടാരമായി എന്ന സത്യം എല്ലാവരേയും അറിയിക്കാനാണ് ഈ കത്ത് എഴുതുന്നത്. രണ്ടു മുന്നണികൾ മത്സരിക്കുന്നു. ചിലർ ജയിക്കുന്നു. തുടർന്ന് ഭരണം സുഗമമായി നടക്കുകയാണ് വേണ്ടത്. എത്രയോ സംഘടനകൾ അങ്ങനെയുണ്ട്. പക്ഷേ ഇവിടെ നേരെ മറിച്ചാണ്. അക്കാദമിയിലെ ഈ വിഭാഗിയ പ്രവർത്തനങ്ങൾക്ക് എല്ലാം നേതൃത്യം നൽകുന്നത് നമ്മളെല്ലാം ബഹുമാനിച്ചിരുന്ന മുതിർന്ന കാർട്ടൂണിസ്റ്റ് സുകുമാറാണെന്നത് പകൽ പോലെ യഥാർത്ഥ്യമാണ്-സുധീർനാഥ് കത്തിൽ പറയുന്നു.

കേരള കാർട്ടൂൺ അക്കാദമി തിരഞ്ഞെടുപ്പിൽ ഒരു വിഭാഗത്തിന്റെ നേതാവായി പ്രവർത്തനം തുടങ്ങിയ മുതിർന്ന കാർട്ടൂണിസ്റ്റ് സുകുമാർ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്, 101 വോട്ടിൽ ഉണ്ണിക്കൃഷ്ണനേക്കാൾ ഒരു വോട്ട് കുടുതൽ. ഞാനും ഒരു വോട്ടിന് ജയിച്ചതാണ്. പക്ഷേ, എന്നോട് തോറ്റയാളെ മുന്നണി കൺവീനർ എന്ന സാങ്കൽപിക കസേരയിൽ പ്രതിഷ്ഠിച്ചു കൊണ്ടാണ് അദ്ദേഹം ഈ നീക്കങ്ങൾ തുടങ്ങിയതെന്നും വിശദീകരിച്ചിരുന്നു. കേരള കാർട്ടൂൺ അക്കാദമിയുടെ ഒരു അടിയന്തിര നിർവ്വാഹക സമിതി യോഗം തിരുവനന്തപുരത്ത് ചെയർമാന്റെ അധ്യക്ഷതയിൽ നടന്നതായി പലരും പറഞ്ഞ് അറിഞ്ഞു. എന്നെ യോഗം ചേരുന്ന വിവരം അറിയിച്ചിട്ടില്ലെന്ന സുധീർ നാഥിന്റെ മറ്റൊരു കത്തും ചർച്ചയായി. ഇപ്പോൾ, മറ്റൊരു അടിയന്തിര എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗം കൊച്ചിയിൽ നവംബർ 18ന് നടക്കുമെന്ന് അറിയുന്നു. ഈ വിവരം കാണിച്ച് ചെയർമാൻ അയച്ച കത്ത് കിട്ടിയിട്ടുണ്ട്. സെക്രട്ടറിയായ എന്നോടോ , ട്രഷററിനോടോ ആലോചിക്കുക പോലും ചെയ്യാത്ത നടപടി പ്രതിഷേധാർഹമാണ്-ഇങ്ങനേയും സുധീർനാഥ് വിശ്വസിച്ചിരിക്കുന്നു.

സെക്രട്ടറിയായ എനിക്കും വൈസ് ചെയർമാനായ ശ്രീ. ബി.സജ്ജീവിനു ട്രഷറർ ശ്രീ.ജയരാജ് വെള്ളൂരിനും എതിരെ വസ്തുതകൾക്ക് നിരക്കാത്ത കാര്യങ്ങൾ ആരോപിച്ച് പുറത്താക്കുന്നതിനു മുന്നോടിയായി കാരണം കാണിക്കൽ നോട്ടീസും നൽകി. അക്കാദമി ചെയർമാൻ നടത്തുന്ന രീതി തുടരുന്നത് അത്യന്തം നിർഭാഗ്യകരമാണ് എന്ന് പറയേണ്ടതില്ലല്ലോ. ഈ സാഹചര്യത്തിൽ നിങ്ങൾ ഏൽപ്പിച്ച സംഘടനാപരമായ കടമ നിറവേറ്റാനായി നിയമപരമായി പോകുന്നതിന് ഞാൻ നിർബന്ധിതനായി. തൽസ്ഥിതി തുടരാൻ കോടതി എനിക്ക് അനുകൂലമായി വിധിച്ചിരിക്കുന്നുവെന്നും എക്‌സിക്യൂട്ടീവ് അംഗങ്ങളെ സുധീർനാഥ് അറിയിച്ചിട്ടുണ്ട്. പല ആരോപണ പ്രത്യാരോപണങ്ങൾ മൂലം കാർട്ടൂൺ അക്കാദമിയുടെ പ്രവർത്തനം സുഗമമല്ലെന്നും, അത് നല്ല രീതിയിലാക്കാൻ കാര്യങ്ങൾ ചർച്ച ചെയ്യാൻ അക്കാദമിയുടെ ഒരു പൊതുയോഗം ഉടൻ വിളിച്ചു ചേർക്കണമെന്നും 56 അംഗങ്ങൾ രേഖാമൂലം ആവശ്യപ്പെട്ടിരിക്കുന്ന കാര്യവും എക്‌സിക്യൂട്ടീവിനെ അറിയിച്ചു. ഇതിനിടെയിലും ജനറൽ ബോഡി വിളിക്കാതെ ഏകപക്ഷീയ നിലപാടാണ് സുകുമാർ എടുക്കുന്നതെന്നാണ് ആരോപണം.

അതിനിടെ കേരള കാർട്ടൂൺ അക്കാദമി, കുട്ടികളുടെ കാർട്ടൂൺ കളരികൾക്കു പ്രാധാന്യം കൊടുത്തുകൊണ്ടു സംസ്ഥാനത്തുടനീളം പ്രോഗ്രാമുകൾ നടത്തുവാനായി വലിയ ശ്രമങ്ങൾ നടത്തികൊണ്ടിരിക്കുകയാണ്. ഒപ്പം കാർട്ടൂൺ ജാലകം വാർഷികപതിപ്പിന്റെ അണിയറജോലികളും പുരോഗമിക്കുകയാണ്. എന്നാൽ ഈ വിഷയങ്ങൾക്കപ്പുറം അക്കാദമിയിൽ പുതിയ ഭരണസമിതി നിലവിൽ വന്നശേഷം സെക്രട്ടറി മാത്രം ഈ ആരോഗ്യകരമായ സംവിധാനത്തെ തകിടം മറിക്കാനുള്ള ശ്രമങ്ങളിലാണ് തുടക്കം മുതലേ ഏർപ്പെട്ടു വന്നിട്ടുള്ളതെന്ന് സുകുമാറും ആരോപിക്കുന്നു. അസത്യ പ്രചരണങ്ങളും, വ്യാജ ആരോപണങ്ങളും, മെയിലുകളിലൂടെയും, ഓൺലൈൻ മഞ്ഞപത്രങ്ങളിലൂ ടെയും, ഒരു പ്രധാന മലയാളം പത്രത്തിലൂടെയുമെല്ലാം എന്നെയും, അതിലൂടെ അക്കാദമിയെയും പൊതു സമൂഹത്തിനു മുന്നിൽ പല തവണ കരിവാരിതേക്കുവാൻ അദ്ദേഹം മുഖ്യപങ്കു വഹിച്ചെങ്കിലും ഇതേ വരെ ഞാനൊരു പ്രതികരണത്തിനു മുതിർന്നിട്ടില്ല. ഇപ്പോഴും മുതിരുന്നില്ല. സമയമാവുമ്പോ തീർച്ചയായും എല്ലാത്തിനും മറുപടി പറയുമെന്നാണ് സുകുമാർ പറയുന്നത്.

അക്കാദമിയുടെ ചരിത്രത്തിൽ ആദ്യമായി കാർട്ടൂൺ അക്കാദമിയെ ഒന്നാം പ്രതിയായും, എന്നെ രണ്ടാം പ്രതിയുമാക്കി സെക്രട്ടറി സുധീർനാഥ് കേസു കൊടുത്തിരിക്കുന്ന വിവരം ഏവരേയും അറിയിക്കുന്നതായി വ്യക്തമാക്കി അംഗങ്ങൾക്ക് സുകുമാർ കത്തും അയച്ചു. അക്കാദമിയുടെ നിയമാവലിയുടെ പരിധിക്കകത്തു നിന്നു കൊണ്ട് സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തുന്ന ഏതൊരംഗത്തിനെതിരെയും ചെയർമാൻ എന്ന നിലക്ക് കൈക്കൊള്ളുന്ന 'വിശദീകരണം ചോദിക്കൽ' മാത്രമേ സെക്രട്ടറിയോടും നടത്തിയിട്ടുള്ളു. അതിന് മാന്യമായ രീതിയിൽ ഒരു വിശദീകരണം നൽകുന്നതിനു പകരം, കുറെ അസത്യങ്ങൾ കോർത്തിണക്കി, കോടതിയെപ്പോലും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ഒരു ' സത്യവാങ്മൂലം' നൽകി എറണാകുളം മുൻസിഫ്കോടതിയിൽ ഒരു കേസ് കൊടുത്തിരിക്കുകയാണ് അദ്ദേഹംമെന്ന് സുകുമാർ പറയുന്നു. അക്കാദമിക്കൊരാസ്ഥാനം ഉണ്ടാകണമെന്നുള്ള ഒരൊറ്റ ആഗ്രഹം സഫലമാക്കാൻ വേണ്ടി മാത്രം പ്രായാധിക്യം പോലും വകവയ്ക്കാതെ മുൻപോട്ടു വന്ന എനിക്കു തുടക്കം മുതലേ തിക്താനുഭവങ്ങളുടെ പെരുമഴയെയാണ് നേരിടേണ്ടിവന്നതെന്നും വിശദീകരിക്കുന്നു.

ഞാൻ പലതും ക്ഷമിച്ചതു എന്റെ പ്രായവും എനിക്കെതിരെ പ്രവർത്തിച്ചവരുടെ പ്രായവും കണക്കിലെടുത്താണ്. എന്നാൽ പലരും അതൊരു അവസരമായി ഉപയോഗിച്ചു. ഒടുവിൽ ഒരു സംഘടനയിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കോടതിക്കേസുമായി. ഇത്തരം നടപടികൾ വച്ചുപൊറുപ്പിക്കാനാവാത്തതാണെന്ന നിലപാടാണ് സുകുമാർ എടുക്കുന്നത്. ഇതോടെ തീർത്തും പൊട്ടിത്തെറിയുടെ വക്കിൽ കാർട്ടൂൺ അക്കാദമി എത്തുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP