Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാഹനമായാലും മൊബൈലായാലും നമ്പർ വിട്ടൊരു കളിയില്ല; ലക്ഷങ്ങൾ മുടക്കിയാലും ആഗ്രഹിച്ച നമ്പർ തന്റേതാക്കും; 19 ലക്ഷം രൂപ മുടക്കി കെഎൽ 01 സിബി 1 സ്വന്തമാക്കിയ ബാലഗോപാലെന്ന വ്യവസായിയെ പരിചയപ്പെടാം

വാഹനമായാലും മൊബൈലായാലും നമ്പർ വിട്ടൊരു കളിയില്ല; ലക്ഷങ്ങൾ മുടക്കിയാലും ആഗ്രഹിച്ച നമ്പർ തന്റേതാക്കും; 19 ലക്ഷം രൂപ മുടക്കി കെഎൽ 01 സിബി 1 സ്വന്തമാക്കിയ ബാലഗോപാലെന്ന വ്യവസായിയെ പരിചയപ്പെടാം

അരുൺ ജയകുമാർ

തിരുവനന്തപുരം: ഇഷ്ട വാഹനം വാങ്ങുക എന്നത് ഏതൊരാളുടേയും വലിയ ആഗ്രഹമായിരിക്കും. ലക്ഷങ്ങളും കോടികളും കൊടുത്ത് ഇഷ്ടപെട്ട വാഹനം വാങ്ങുകയും പിന്നീട് അത്തരം വാഹനങ്ങളുടെ ശേഖരം തന്നെ സൂക്ഷിക്കുകയും ചെയ്യുന്ന നിരവധിപേരുടെ കഥകൾ നാം കേട്ടിട്ടുണ്ട്. ഇഷ്ട വാഹനത്തിനൊപ്പം തന്നെ ഇഷ്ടപെട്ട നമ്പർ സ്വന്തമാക്കാൻ മത്സരിക്കുന്നവരും കുറവല്ല. ഇഷ്ട നമ്പർ സ്വന്തമാക്കാനായി 19 ലക്ഷം രൂപ മുടക്കി റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ് തിരുവനന്തപുരം സ്വദേശിയും പ്രമുഖ വ്യവസായിയുമായ കെ എസ് ബാലഗോപാൽ. തിരുവനന്തപുരം ആർടിഒക്ക് കീഴിൽ പുതിയ വാഹനത്തിന് കെഎൽ 01 സിബി 1 എന്ന നമ്പർ ലഭിക്കുന്നതിനായാണ് ബാലഗോപാൽ ഇത്രയും വലിയ തുക മുടക്കിയത്. ഇഷ്ട നമ്പർ ഇനിയും സ്വന്തമാക്കാൻ ശ്രമിക്കുമെന്നും ഇതേച്ചൊല്ലി പ്രചരിക്കുന്ന വാർത്തകൾ ശരിയല്ലെന്നും ബാലഗോപാൽ മറുനാടനോട് പറഞ്ഞു.

പുതിയ വാഹനത്തിനായി നമ്പറിന് ഇത്രയും തുക മുതലാക്കാനിടയായ സാഹചര്യത്തെക്കുറിച്ച് ബാലഗോപാൽ തന്നെ വിശദീകരിച്ചു. ഒന്നേമുക്കാൽ കോടി രൂപ ചെലവാക്കിയാണ് ടൊയാട്ട ലാന്റ്ക്രൂയിസർ വാഹനം വാങ്ങിയത്. ഇറക്കുമതി ചെയ്ത വാഹനത്തിനായി ഏറ്റവും അനുയോജ്യമായ നമ്പർ ഒന്നാണെന്ന് തോന്നിയതുകൊണ്ടാണ് അതു വാങ്ങിയത്. ഇതിനു മുൻപ് വാങ്ങിയ എല്ലാ വാഹനങ്ങളും ഫാൻസി നമ്പർ നേടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ നമ്പർ ലഭിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. നിലവിൽ തന്നെ നാല് വാഹനങ്ങൾക്ക് ഒന്ന് എന്ന നമ്പർ സ്വന്തമാക്കിയിട്ടുണ്ട് അത്കൊണ്ടാണ് ഇപ്പോൾ വാങ്ങിയ വാഹനത്തിനും അതേ നമ്പർ സ്വന്തമാക്കിയത്.

ചെറുപ്പം മുതലേ വാഹനങ്ങളോടുള്ള ഭ്രമം തന്നെയാണ് പിന്നീട് വാഹനങ്ങളുടെ നമ്പറിലേക്കും മറിയതെന്നും ബാലഗോപാൽ പറയുന്നു. താൻ ലേലം വിളക്കുന്നതിനൊപ്പം തന്നെ ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു വ്യവസായിയും ലേലത്തിൽ കനത്ത വെല്ലുവിളിയുയർത്തിയതുകൊണ്ടാണ് ഉയർന്ന തുകയ്ക്ക് ലേലം ഉറപ്പിച്ചത്. 12 ലക്ഷം രൂപ വരെ വ്യവസായിയും വിളിച്ചെങ്കിലും പിന്നീട് അവിടെ നിന്നും താൻ നേരെ 18 ലക്ഷത്തിലേക്ക് പോവുകയും ലേലം അവസാനിപ്പിക്കുകയുമായിരുന്നു. കെഎൽ 01 സിഎ 1 എന്ന നമ്പറിന് വേണ്ടി ശ്രമിച്ചുവെന്ന വാർത്തകൾ തെറ്റാണെന്നും അതിന് താൻ ശ്രമിക്കുകയോ അപേക്ഷിക്കുകയോ ചെയ്തിട്ടില്ലെന്നും ബാലഗോപാൽ പറയുന്നു.

താൻ സി ബി 1 എന്ന നമ്പർ സ്വന്തമാക്കാൻ ആദ്യം ശ്രമിച്ചപ്പോൾ ആർടിഒ അപേക്ഷ സ്വീകരിച്ചില്ല. അവർക്ക് ഉണ്ടായ ചില തെറ്റിദ്ധാരണയാണ് അതിന് പിന്നിലെന്നും അല്ലാതെ സി എ 1 സ്വന്തമാക്കാൻ ശ്രമിച്ചതുകൊണ്ടാണ് എന്നൊക്കെ പറയുന്നത് ശരില്ലെന്നും ബാലഗോപാൽ പറയുന്നു.സി എ 1 സ്വന്തമാക്കിയത് വ്യവസായി എം എ യൂസഫലിയായിരുന്നു. 1 നമ്പറിന് വേണ്ടി അപേക്ഷിച്ച അന്ന് 7,9,99 എന്നീ നമ്പറുകളാണ് പരിഗണിച്ചതെന്നും മുകളിൽ നിന്നുള്ള നിർദ്ദേശപ്രകാരമാണ് ഒന്ന് അന്നേ ദിവസം ഒഴിവാക്കിയതെന്നും ആർടിഒ ഉദ്യോഗസ്ഥർ പറഞ്ഞു. ഉച്ചയ്ക്ക് ശേഷം വിളിച്ച് അപേക്ഷ സ്വീകരിച്ചതായി അറിയിക്കുകയും ചെയ്തു.

ആർടിഒ ഉദ്യോഗസ്ഥർക്ക് ആരോ നൽകിയ വിവരങ്ങളാണ് തെറ്റിദ്ധാരണയുണ്ടാക്കിയതെന്നും ബാലഗോപാൽ പറയുന്നു.വാഹന നമ്പർ സ്വന്തമാക്കാനായി ഒത്തുകളിക്കുന്ന ആളാണ് എന്നായിരുന്നു തെറ്റിദ്ധാരണ. ഇന്നേവരെ ഒത്തുകളി നടത്തിയിട്ടില്ല. ഇഷ്ട നമ്പർ സ്വന്തമാക്കാനായി 12 വർഷമായി ലേലത്തിൽ പങ്കെടുക്കുന്നു. ഈ കാലയളവിൽ സർക്കാരിലേക്കു ലേലത്തുകയായി മാത്രം 40 ലക്ഷത്തോളം രൂപ സർക്കാരിലേക്ക് നൽകിയിട്ടുണ്ട്. അത് എങ്ങനെ ഒത്തുകളിയായെന്ന് മനസ്സിലായില്ലെന്നും ബാലഗോപാൽ പറയുന്നു.

തലസ്ഥാന നഗരത്തിൽ തന്നെ ഫാൻസി നമ്പരുകൾ സ്വന്തമാക്കുന്ന ലേലത്തിന് തുടക്കംകുറിച്ചതും അത്തരം ഒരു ട്രെൻഡ് തുടങ്ങിവെച്ചതും ബാലഗോപാലാണ്. 2004ൽ ഒരു ബെൻസ് കാർ വാങ്ങിയപ്പോൾ എകെ 1 എന്ന നമ്പർ സ്വന്തമാക്കിയത് 3 ലക്ഷത്തോളം രൂപ ചെലവാക്കിയിട്ടാണ്. അതിന് ശേഷമാണ് നമ്പറുകൾ ലേലം വിളിക്കുന്നത് കേരളത്തിൽ ഒരു ട്രെൻഡായത്. ഫാൻസി നമ്പറുകളോടുള്ള താൽപര്യമെന്താണെന്ന് ചോദിച്ചാൽ അത് തനിക്ക് അറിയില്ലെന്നാണ് ബാലഗോപാലിന്റെ മറുപടി.

വണ്ടി നമ്പറുകളിൽ മാത്രമൊതുങ്ങുന്നില്ല ബാലഗോപാലിന്റെ താൽപര്യം. തന്റെ പക്കലുള്ള മൊബൈൽ നമ്പറുകൾക്കും ഫാൻസി നമ്പർ സ്വന്തമാക്കിയിട്ടുണ്ട് ഈ വ്യവസായി. 0 മുതൽ 9 വരെയുള്ള എല്ലാ ഒരേ നമ്പർ സീരിയസും ബാലഗോപാലിന്റെ കൈവശമുണ്ട്.തന്റെ ഇത്തരം ഭ്രമം ഒരു ഭ്രാന്താണെന്നാണ് ബാലഗോപാൽ തന്നെ പറയുന്നത്. വാഹനങ്ങളോടുള്ള ബാലഗോപാലിന്റെ ഭ്രമത്തിന് കുട്ടിക്കാലത്ത് തുടക്കമായതാണ്. ചെറുപ്പം മുതൽ അച്ഛന്റെ സഹോദരിമാർ ഒക്കെ വീട്ടിൽ വരുന്ന സമയത്ത് അവരുടെ വാഹനങ്ങൾ കണ്ട് തുടങ്ങിയ ഭ്രമമാണ്. അക്കാലത്ത് തന്നെ അവർക്കൊക്കെ ബെൻസ് ഒക്കെ ഉണ്ട്. അന്ന് ആ വണ്ടികളിൽ തൊടുകയും ഒക്കെ ചെയ്യുമ്പോൾ 2-ാം ക്ലാസിലും മൂന്നാം ക്ലാസിലുമൊക്കെ പഠിക്കുമ്പോൾ ഡ്രൈവർമാർ തല്ലിയിട്ടുണ്ട്. അന്ന് മുതൽ കാർ ഒരു ആവേശമായിരുന്നു.

ആദ്യത്തെ ബെൻസ് സ്വന്തമാക്കിയ 1996ൽ കൈവശം അതിനുള്ള പണം പോലുമില്ലായിരുന്നു. ആഭരണം വിറ്റും ഉള്ള പണം മുഴുവനുമെടുത്തുമാണ് ബെൻസിന് വലിയ പ്രചാരമൊന്നും കേരളത്തിലില്ലാതിരുന്നപ്പോൾ സ്വന്തമാക്കിയത്. എറണാകുളത്ത് സിബി 1 നമ്പർ സ്വന്തമാക്കിയത് മോഹൻലാലായിരുന്നു. ഒരു ലക്ഷം രൂപ മാത്രം മുടക്കിയാണ് ലാൽ അത് സ്വന്തമാക്കിയത്. മോഹൻലാൽ എല്ലാവരും ഇഷ്ടപ്പെടുന്ന മനുഷ്യനായതുകൊണ്ട് ആരും ലേലം വിളിക്കില്ല അതാണ് അങ്ങനെ കുറഞ്ഞ് വിലയിൽ ലഭിക്കുന്നത്.

തന്നെ സംബന്ധിച്ചിടത്തോളം അടുത്ത മിത്രവും സിനിമാ താരവുമായ കെ ബി ഗണേശ്‌കുമാർ ഒഴികെ ആർക്കെതിരെയും ലേലത്തിന് പോകുമെന്നും ബാലഗോപാൽ പറയുന്നു. സിബി 1 സ്വന്തമാക്കണമെന്നുള്ളത് വല്ലാത്ത ആവേശമായിരുന്നു. ദൈവമനുഗ്രഹിച്ചാൽ ഇനിയും വാഹനങ്ങൾ വാങ്ങുമെന്നും എല്ലാത്തിനും ഫാൻസി നമ്പർ തന്നെ സ്വന്തമാക്കുമെന്നും ബാലഗോപാൽ പറയുന്നു. അപൂർവ്വ ഇനത്തിലുള്ള പല വസ്തുക്കളുമുണ്ട് ബാലഗോപാലിന്റെ കസ്റ്റഡിയിൽ. പ്രമുഖ കാർ നിർമ്മാതാക്കളായ പോർഷെ പുറത്തിറക്കിയ 1000 മൊബൈൽ ഫോണുകളിലൊന്നും ബാലഗോപാലിന്റെ കൈവശമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP