Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

സ്വയം മരണത്തിലേക്ക് പറന്നിറങ്ങിയപ്പോഴും മനസ്സാന്നിധ്യത്തോടെ കൂടെയുള്ളവരുടെ ജീവനുകൾ കാത്ത ക്യാപ്റ്റന് സല്യൂട്ട്! ഗിയർ ബോക്‌സിലെ തകരാർ തിരിച്ചറിഞ്ഞതോടെ ആകാശത്ത് വട്ടമിട്ട് പറന്ന് ഇന്ധനം പരമാവധി ഒഴിവാക്കി; സാങ്കേതിക തകരാർ തിരിച്ചറിഞ്ഞ് നിലത്തിറക്കൽ; മഴയിൽ തെന്നിമാറിയപ്പോഴും പറന്നുയരാത്തത് ജനവാസ കേന്ദ്രം മുന്നിലെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ്; കരിപ്പൂരിൽ വൻ ദുരന്തം ഒഴിവാക്കിയത് യുദ്ധവിമാനങ്ങളെ അടക്കം നിയന്ത്രിച്ച ക്യാപ്ടൻ ഡിവി സാഥെ; വലിയ ദുരന്തം ഒഴിവാക്കിയത് ഈ മനക്കരുത്ത്

സ്വയം മരണത്തിലേക്ക് പറന്നിറങ്ങിയപ്പോഴും മനസ്സാന്നിധ്യത്തോടെ കൂടെയുള്ളവരുടെ ജീവനുകൾ കാത്ത ക്യാപ്റ്റന് സല്യൂട്ട്! ഗിയർ ബോക്‌സിലെ തകരാർ തിരിച്ചറിഞ്ഞതോടെ ആകാശത്ത് വട്ടമിട്ട് പറന്ന് ഇന്ധനം പരമാവധി ഒഴിവാക്കി; സാങ്കേതിക തകരാർ തിരിച്ചറിഞ്ഞ് നിലത്തിറക്കൽ; മഴയിൽ തെന്നിമാറിയപ്പോഴും പറന്നുയരാത്തത് ജനവാസ കേന്ദ്രം മുന്നിലെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ്; കരിപ്പൂരിൽ വൻ ദുരന്തം ഒഴിവാക്കിയത് യുദ്ധവിമാനങ്ങളെ അടക്കം നിയന്ത്രിച്ച ക്യാപ്ടൻ ഡിവി സാഥെ; വലിയ ദുരന്തം ഒഴിവാക്കിയത് ഈ മനക്കരുത്ത്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: സ്വയം മരണത്തിലേക്ക് പറന്നിറങ്ങിയപ്പോഴും മനസ്സാന്നിധ്യത്തോടെ, ധീരതയോടെ കൂടെയുള്ളവരുടെ ജീവനുകൾ കാത്ത ക്യാപ്റ്റന് സല്യൂട്ട്! ഇതാണ് കരിപ്പൂരിൽ ഇടിച്ചിറങ്ങിയ വിമാനം പറത്തിയ ക്യാപ്ൻ ഡിവി സാഥെയെ കുറിച്ച് സഹപ്രവർത്തകർക്ക് പറയാനുള്ളത്. വെല്ലുവിളികളേറെയുള്ള കരിപ്പൂരിലെ ടേബിൾ ടോപ്പ് വിമാനത്താവളം പോലെയുള്ള നിരവധിയിടങ്ങളിലേക്ക് ഇതിന് മുമ്പും വിമാനങ്ങൾ അതീവവൈദഗ്ധ്യത്തോടെ പറത്തിയിറക്കിയ വൈമാനികനായിരുന്നു ക്യാപ്ൻ ഡിവി സാഥെ. അവിശ്വസനീയ ദുരന്തത്തിലേക്ക് വിമാനത്തെ പറത്തിയിറക്കിയ സാഥെ ഒഴിവാക്കിയത് വിലയ ദുരന്തമായിരുന്നു.

ഒരു കുന്നിന്മുകളിലാണ് കരിപ്പൂർ വിമാനത്താവളം. 2700 മീറ്റർ റൺവേ. രണ്ടറ്റത്തും താഴ്ച. കനത്ത മഴ പെയ്യുന്നതിനിടെയാണ് വൈകീട്ട് ഏഴരയോടെ പൈലറ്റ് ഡി വി സാഥെ ലാൻഡിങിന് ശ്രമിക്കുന്നു. ആദ്യ ശ്രമത്തിൽ ലാൻഡിങ് നടന്നില്ല. രണ്ടാം ശ്രമത്തിൽ പിഴച്ചുവെന്നതാണ് സത്യം. റൺവേ കാണാതായതാകും പ്രശ്‌ന കാരണമെന്ന വിലയിരുത്തൽ സജീവമാണ്. സത്യം അറിയാൻ ബ്ലാക് ബോക്‌സ് കണ്ടത്തേണ്ടി വരും. അപ്പോഴും ഇന്ത്യൻ വ്യോമയാന വിദഗ്ദ്ധർ ആരും വൈമാനികന്റെ പിഴവായി ഈ അപകടത്തെ വിലയിരുത്തൻ തയ്യാറല്ല. വിമാനം പറത്തിയ ക്യാപ്റ്റൻ ഡി വി സാഥേയുടെ ചങ്കുറപ്പാണ് ഇതിന് കാരണം. പിഴവുകൾക്ക് ഈ പൈലറ്റിന് സാധ്യത കുറവാണെന്നാണ് ഏവരും ഒരേ സ്വരത്തിൽ പറയുന്നത്.

യുദ്ധ വിമാനങ്ങൾ പറത്തി പരിചയ സമ്പന്നനായ എയർഫോഴ്‌സിലെ സ്‌ക്വാഡ്രൺ ലീഡറായിരുന്നു സാഥെ. അതി കഠിന സാഹചര്യങ്ങളെ പോലും നേരിടാൻ മനക്കരുത്ത് നേടിയ പൈലറ്റ്. വ്യോമസേനയിൽ നിന്ന് വിരമിച്ച ശേഷം വിമാനങ്ങളോടുള്ള സ്‌നേഹം കാരണം പെൻഷൻ തുക വാങ്ങി വീട്ടിലേക്ക് ഒതുങ്ങാത്ത വൈമാനികൻ. ഈ വൈമാനികനെയാണ് ഈ ദുരന്തത്തിലൂടെ രാജ്യത്തിന് നഷ്ടമായത്. അതുകൊണ്ട് തന്നെ പൈലറ്റിന്റെ പിഴവിന് അ്പ്പുറത്തേക്കുള്ള തകരാറുകൾ ഉണ്ടായിരുന്നിരിക്കാം എന്നാണ് ചർച്ചകൾ. വിമാനത്തിനുണ്ടായ സാങ്കേതിക പ്രശ്‌നങ്ങൾ തിരിച്ചറിഞ്ഞാകാം ലാൻഡിങ് എന്നാണ് വിലയിരുത്തൽ. ഇതിനിടെയിലും പരമാവധി ജീവനുകൾ സാഥെ രക്ഷിച്ചെടുത്തുവെന്നാണ് സോഷ്യൽ മീഡിയയിൽ വ്യോമയാന വിദഗ്ദ്ധർ പങ്കുവയ്ക്കുന്ന വികാരം.

ലാൻഡിങ് ഗിയറുകൾ പ്രവർത്തിക്കുന്നുണ്ടായിരുന്നില്ലായിരിക്കാം. മൂന്നാം ശ്രമത്തിലാകും വിമാനം ലാൻഡ് ചെയ്തിട്ടുണ്ടാവുക. വലത് ചിറക് പിളർന്നിട്ടുണ്ടാകാം. 190 യാത്രക്കാരുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പൈലറ്റിന് വീരമൃത്യു-ഇങ്ങനെ മാത്രമാണ് സാഥെ അടുത്തറിയാവുന്നവർക്ക് കരിപ്പൂരിലെ ദുരന്തത്തെ കാണാനാകുന്നുള്ളൂ. വ്യോമ സേനയിലെ അതികഠിനമായ പരിശീലന മുറകളിലൂടെ മാനസിക കരുത്തുള്ള വൈമാനികനായിരുന്നു അദ്ദേഹം. ലാൻഡിംഗിന് ശ്രമിച്ച ശേഷം വിമാനത്തിന് നിയന്ത്രണം കിട്ടിയിരുന്നില്ല. ഈ സാഹചര്യത്തിൽ വീണ്ടും പറന്നുയരാൻ ശ്രമിക്കുക സ്വാഭാവികമാണ്. അങ്ങനെയെങ്കിൽ വിമാനം കുറച്ചു കൂടി ഉയർന്ന് നിലത്ത് പതിക്കുമായിരുന്നു. ഇത് ദുരന്തത്തെ ജനവാസ കേന്ദ്രത്തിൽ എത്തിക്കുമായിരുന്നു. ഇവിടെയാണ് സാഥെയുടെ മനക്കരുത്തിനെ ഏവരും പ്രകീർത്തിക്കുന്നത്.

സാങ്കേതിക തകരാർ തിരിച്ചറിഞ്ഞിട്ടും വിമാനത്തെ അപകടം കുറയ്ക്കുന്ന തരത്തിൽ ലാൻഡ് ചെയ്യിപ്പിച്ചു. പൊട്ടിത്തെറി ഒഴിവാക്കിയത് പോലും ഈ മികവാണെന്നാണ് വിലയിരുത്തുന്നത്. റൺവേയുടെ പകുതി പിന്നിട്ട ശേഷമാണ് പുറകുവശത്തെ ചക്രങ്ങൾ നിലംതൊട്ടത്. അവിടെ നിന്ന് 25 മീറ്റർ മാറിയ ശേഷം മുൻ ചക്രവും. കൈവിട്ടുപോയെന്ന് മനസ്സിലാക്കിയപ്പോൾ നിയന്ത്രിക്കാൻ ക്യാപ്റ്റൻ അവസാന ശ്രമം നടത്തി. മഴയായതിനാൽ അത് നടന്നില്ല. വിമാനം റൺവേയിൽ നിന്ന് തെന്നിമാറി പുറത്തേക്ക്. 35 അടി താഴ്ചയിലേക്ക് കുത്തനെ വീണു. രണ്ടായി പിളർന്നു. ലാൻഡിങ് പല തവണ കറങ്ങിയ ശേഷമായിരുന്നുവെന്ന് യാത്രക്കാർ തന്നെ പറയുന്നു.

മംഗളുരു വിമാനദുരന്തത്തിൽ വിമാനം പൂർണമായും കത്തിയമർന്നിരുന്നു. ഇന്ധനം കത്തിയതിനാലാണ് ഇതെന്ന് പിന്നീട് കണ്ടെത്തി. ഇത് ഒഴിവാക്കാനാണ് ഇന്ധനം പൂർണമായും തീർത്ത് ലാൻഡിംഗിന് പൈലറ്റ് സാഥേ ശ്രമിച്ചത് എന്നാണ് സൂചന. ഒപ്പം കൈകോർത്ത് കോ പൈലറ്റ് ക്യാപ്റ്റൻ അഖിലേഷ് കുമാറും കൂടെ നിന്നു. അതായത് വിമാനം ആദ്യ ലാൻഡിംഗിന് ശ്രമിച്ചപ്പോൾ തന്നെ ഗിയർബോക്‌സിലെ പ്രശ്‌നം ക്യാപ്ടൻ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടാണ് വീണ്ടും പറന്നുയർന്ന് പരമാവധി ഇന്ധനം ഉപയോഗിച്ച് തീർത്തത്. ഇന്ധനം പരമാവധി തീർന്നെന്ന് ഉറപ്പാക്കിയ ശേഷം വീണ്ടും ലാൻഡിങ്. 35 അടി താഴ്ചയിലേക്ക് വീണിട്ടും വിമാനം കത്തിയമരാത്തത് ഇന്ധനം കുറവായതു കൊണ്ട് മാത്രമായിരുന്നു. ഇവിടെയാണ് പൈലറ്റിന്റെ ഇടപെടൽ വ്യക്തമാകുന്നത്.

പരമാവധി ജീവനുകൾ കാത്തുകൊണ്ടാണ് സാഥെ വിമാനമിറക്കിയത്. കനത്ത മഴയായതിനാൽ വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയത് കണക്കുകൂട്ടലുകൾ വീണ്ടും തെറ്റിച്ചിരിക്കാമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. എന്താണ് സംഭവിച്ചതെന്ന് യഥാർത്ഥത്തിൽ മനസ്സിലാക്കാൻ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സടക്കം ലഭിക്കേണ്ടി വരും. അപകടം നടന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥരും നാട്ടുകാരും ഓടിയെത്തി പൈലറ്റിനെ പുറത്തിറക്കിയപ്പോഴേക്ക് തന്നെ അദ്ദേഹത്തിന് ബോധമുണ്ടായിരുന്നില്ലെന്ന് രക്ഷാപ്രവർത്തകർ പറയുന്നു. കോ പൈലറ്റ് അഖിലേഷ് കുമാർ ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ മരിച്ചു.

എയർ ഇന്ത്യയിലെത്തും മുമ്പ്, വ്യോമസേനയിലെ വിദഗ്ധ വൈമാനികരിലൊരാളായിരുന്നു ക്യാപ്റ്റൻ ഡി വി സാഥേ. മുപ്പത് വർഷത്തോളം ഫ്‌ളൈയിങ് എക്‌സ്പീരിയൻസുള്ള അതിവിദഗ്ധൻ. നാഷണൽ ഡിഫൻസ് അക്കാഡമിയിലെ പൂർവ വിദ്യാർത്ഥിയായിരുന്നു ക്യാപ്റ്റൻ സാഥെ. ഹൈദരാബാദ് എയർ ഫോഴ്‌സ് അക്കാഡമിയിൽ നിന്ന് 1981 പുറത്തിറങ്ങിയത് സ്വോർഡ് ഓഫ് ഓണർ ബഹുമതി സ്വന്തമാക്കിയാണ്. ദീർഘകാലം വ്യോമസേനയിൽ യുദ്ധവിമാനങ്ങൾ പറത്തി. 22 വർഷത്തിന് ശേഷം സ്വയം വിരമിക്കുമ്പോൾ സ്‌ക്വാഡ്രൺ ലീഡറായിരുന്നു.

എയർ ഇന്ത്യയിൽ ചേരുന്നതിന് മുമ്പ് ഹിന്ദുസ്ഥാൻ ഏയ്‌റോനോട്ടിക്കൽ ലിമിറ്റഡിൽ എക്‌സിപെരിമെന്റൽ ടെസ്റ്റ് പൈലറ്റായിരുന്നു. എയർ ഇന്ത്യയിൽ എയർബസ് 310 പറത്തിയതിന് ശേഷമാണ് എയർ ഇന്ത്യ എക്സ്‌പ്രസിൽ ബോയിങ് 737-ന്റെ പൈലറ്റായത്. ബഹുമിടുക്കനായ വൈമാനികനായാണ് സാഥെ അറിയപ്പെട്ടിരുന്നത്. സാത്തേയുടെ രണ്ട് മക്കളും ഐഐടിയിൽ വിദ്യാർത്ഥികളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP