Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാന്റർബറി ആർച്ച് ബിഷപ്പിന്റെ കേരള സന്ദർശനത്തിനെതിരെ സി എസ് ഐയിലെ വിമത വിഭാഗം രംഗത്ത്; ആർച്ച് ബിഷപ്പിനെ സംസ്ഥാന അതിഥിയാക്കാനുള്ള തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വൽസൻ തമ്പു അടക്കമുള്ളവരുടെ കത്ത്; സഭയിലെ അഴിമതി മറയ്ക്കാനെന്ന് ആരോപണം; ബ്രിട്ടന്റെ ആത്മീയ ആചാര്യന്റെ വരവ് വിവാദത്തിൽ

കാന്റർബറി ആർച്ച് ബിഷപ്പിന്റെ കേരള സന്ദർശനത്തിനെതിരെ സി എസ് ഐയിലെ വിമത വിഭാഗം രംഗത്ത്; ആർച്ച് ബിഷപ്പിനെ സംസ്ഥാന അതിഥിയാക്കാനുള്ള തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വൽസൻ തമ്പു അടക്കമുള്ളവരുടെ കത്ത്; സഭയിലെ അഴിമതി മറയ്ക്കാനെന്ന് ആരോപണം; ബ്രിട്ടന്റെ ആത്മീയ ആചാര്യന്റെ വരവ് വിവാദത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : കാന്റർബറി ആർച്ച് ബിഷപ്പിന്റെ ഭാരത സന്ദർശനത്തിനെതിരേ സി.എസ്‌ഐ. സഭയിൽ പ്രതിഷേധം. ആംഗ്ലിക്കൻ സഭയുടെ പരമാധ്യക്ഷനും ഇംഗ്ലണ്ടിലെ സഭയുടെ തലവനുമായ കാന്റർബറി ആർച്ച് ബിഷപ്പ് മോസ്റ്റ് റവ. ജസ്റ്റിൻ വെൽബിയുടെ സന്ദർശനത്തിനെതിരേയാണ് സഭയിലെ ഒരു വിഭാഗം എതിർശബ്ദം ഉയർത്തുന്നത്. സഭയിൽ നടക്കുന്ന അഴിമതി പുറത്തുവരുന്നതുമൂലമുണ്ടാകുന്ന പേരുദോഷം മാറ്റാനും മുഖംമിനുക്കാനുമുള്ള വേദിയാക്കി ആർച്ച് ബിഷപ്പിന്റെ സ്വീകരണം മാറ്റാനാണ് സഭാധികൃതരുടെ ശ്രമമെന്നാണ് ആക്ഷേപം.

കാന്റർബറി ആർച്ച് ബിഷപ്പിനെ സംസ്ഥാന അതിഥിയായി സ്വീകരിക്കരുതെന്ന് ആവശ്യപ്പെട്ട് സി.എസ്‌ഐ. സ്റ്റേക്ക് ഹോൾഡേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. നിവേദനത്തിൽ പ്രമുഖ വൈദികനും സെന്റ് സ്റ്റീഫൻസ് കോളേജ് മുൻ പ്രിൻസിപ്പലുമായ ഡോ.വത്സൻ തമ്പു അടക്കമുള്ളവർ ഒപ്പിട്ടിട്ടുണ്ട്. ഫണ്ട് ക്രമക്കേടുകൾക്ക് സി.എസ്‌ഐ. മുൻ മോഡറേറ്റർ ബിഷപ്പ് 40 ദിവസത്തോളം ജയിലിലായിരുന്നു. മറ്റൊരു വിരമിച്ച ബിഷപ്പിന്റെ വീട് അടക്കം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കാരക്കോണം മെഡിക്കൽ കോളേജിലെ പ്രവേശനവുമായി ബന്ധപ്പെട്ടും ആരോപണം ഉയർന്നിരുന്നു. സമാന ആരോപണങ്ങൾ വേറെയുമുണ്ട്. ഈ സാഹചര്യത്തിൽ വലിയ പണം ചെലവഴിച്ച് ആർച്ച് ബിഷപ്പിന് സ്വീകരണമൊരുക്കുന്നത് ശരിയല്ലെന്നാണ് സിഎസ്‌ഐ സഭയിലെ ഒരു വിഭാഗത്തിന്റെ വാദം.

സി എസ് ഐ സഭയിൽ നടക്കുന്ന അഴിമതി പുറത്തുവരുന്നതുമൂലമുണ്ടാകുന്ന പേരുദോഷം മാറ്റാനും മുഖംമിനുക്കാനുമുള്ള വേദിയാക്കി ആർച്ച് ബിഷപ്പിന്റെ സ്വീകരണം മാറ്റാനാണ് സഭാധികൃതരുടെ ശ്രമമെന്നാണ് മുഖ്യമന്ത്രിക്ക് നൽകുന്ന പരാതിയിൽ പറയുന്ന്. എന്നാൽ പ്രശ്നങ്ങൾ ആർച്ച് ബിഷപ്പിന്റെ സന്ദർശനവുമായി കൂട്ടിക്കുഴയ്‌ക്കേണ്ടെന്ന് സഭയും പറയുന്നു. സി.എസ്‌ഐ. സഭയിലെ ചില പ്രശ്നങ്ങളുടെ പേരിൽ കാന്റർബറി ആർച്ച് ബിഷപ്പിന്റെ സന്ദർശനം വിവാദമാക്കേണ്ട കാര്യമില്ല. സഭയിലെ പ്രശ്നങ്ങൾ അതിനായുള്ള സഭാവേദികളിലാണ് ചർച്ച ചെയ്യേണ്ടത്. ആർച്ച് ബിഷപ്പിന്റെ സന്ദർശനം ഇതുമായി കൂട്ടിക്കുഴയ്ക്കരുത്. ചർച്ച് ഓഫ് ഇംഗ്ലണ്ടുമായും കാന്റർബറി ആർച്ച് ബിഷപ്പുമായും സഭക്ക് നൂറ്റാണ്ടുകളായുള്ള ബന്ധമുണ്ട്. അദ്ദേഹത്തെ ആദരവോടെയും അർഹിക്കുന്ന ബഹുമാനത്തോടെയും സ്വീകരിക്കേണ്ട ഉത്തരവാദിത്വം സഭക്കുണ്ട്. സഭാവേദികളിൽ പ്രശ്നങ്ങൾ ഉന്നയിക്കാനും ചർച്ച ചെയ്യാനുമാണ് അഭിപ്രായ വ്യത്യാസമുള്ളവർ തയാറാകേണ്ടതെന്ന് സി.എസ്‌ഐ. ദക്ഷിണകേരള മഹായിടവക സെക്രട്ടറി ഡോ. റോസ്ബിസ്റ്റ് പറയുന്നു.

കാന്റർബറി ആർച് ബിഷപ് ജസ്റ്റിൻ വെൽബി സെപ്റ്റംബർ ആദ്യവാരമാണ് ഇന്ത്യയിൽ എത്തുന്നത്. ഓഗസ്റ്റ് 31 ന് കൊച്ചിയിൽ എത്തുന്ന ബിഷപ് കോട്ടയത്തെ സിഎസ്ഐ ആസ്ഥാനം സന്ദർശിച്ച് വിവിധ ചടങ്ങുകളിൽ പങ്കെടുക്കും. സെപ്റ്റംബർ രണ്ടിന് തിരുവല്ലയിൽ മാർത്തോമ്മാ സഭാ ആസ്ഥാനവും സന്ദർശിക്കാൻ പരിപാടിയുണ്ട്. സെപ്റ്റംബർ ഒന്നിന് കോട്ടയത്ത് ഞായറാഴ്ച ആരാധനയിൽ മുഖ്യ കാർമികത്വം വഹിക്കും. സി എസ് ഐ സഭയാണ് എല്ലാ പരിപാടികളും ഏകോപനം ചെയ്യുന്നത്. രണ്ടിന് ബെംഗളൂരുവിലെ സെന്റ് മാർക്സ് കത്തീഡ്രൽ സന്ദർശിച്ച ശേഷം ആന്ധ്രപ്രദേശിലെ മേഡക് ഭദ്രാസനത്തിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. 

കേരള സന്ദർശന വേളയിൽ കുമരകത്തു താമസിക്കാനാണു സാധ്യത. പത്‌നി കരോലിനും ഒപ്പമുണ്ടാകും. ജസ്റ്റിൻ വെൽബി (63) 102ാമത്തെ കാന്റർബറി ആർച് ബിഷപ്പാണ്. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്രസിന്റെ ഉപദേശക സമിതിയിൽ അംഗമാകുന്ന ഏക ആത്മീയ നേതാവായ ആർച് ബിഷപ് ജസ്റ്റിൻ വെൽബി ഗ്രന്ഥകർത്താവ് കൂടിയാണ്. ലോകത്തെ 165 രാജ്യങ്ങളിലായി 8.5 കോടിയിലേറെ വിശ്വാസികളുള്ള ആഗോള ആംഗ്ലിക്കൻ സഭയുടെ ആസ്ഥാനമായ ലണ്ടനിലെ കാന്റർബറി പ്രവിശ്യയുടെ ആസ്ഥാന ബിഷപ്. ആറാം നൂറ്റാണ്ടു മുതൽ നിലവിലുള്ള പദവിയാണിത്. ഏകദേശം 105 ബിഷപുമാർ ഇതുവരെ ഈ സ്ഥാനം വഹിച്ചിട്ടുണ്ട്.

ബ്രിട്ടിഷ് ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്ന പദവിയാണിത്. ഭരണതലത്തിൽ സഭയ്ക്ക് സ്വാധീനം ഏറെയുള്ളതിനാൽ രാജ്ഞിക്കു വേണ്ടി ബ്രിട്ടനിലെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സഭാസമിതിയാണു രാജ്യത്തിന്റെ ആത്മീയ ആചാര്യ സ്ഥാനം വഹിക്കുന്ന കാന്റർബറി ആർച് ബിഷപിനെ തിരഞ്ഞെടുക്കുന്നത്. 1980 മുതൽ 1991 വരെ റോബർട് റൺസിയും തുർന്ന് 2002 വരെ ജോർജ് കേറിയും 2002 മുതൽ 2012 വരെ റോവൻ വില്യംസുമായിരുന്നു അടുത്ത കാലങ്ങളിൽ സഭയെ നയിച്ച ആർച് ബിഷപുമാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP