Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202109Thursday

കാസർഗോട്ടെ സ്ഥലങ്ങളുടെ പേരുമാറ്റുമെന്ന പ്രചാരണം അടിസ്ഥാനരഹിതം; പിന്നിൽ ഗൂഢോദ്ദേശ്യമുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ; മുഖ്യമന്ത്രിയുടെ വിശദീകരണം വിഷയത്തിൽ യദ്യുരപ്പ ഇടപെട്ടുവെന്ന വാർത്തക്ക് പിന്നാലെ; പ്രചരണം തള്ളി ജില്ലാ കല്കടറും

കാസർഗോട്ടെ സ്ഥലങ്ങളുടെ പേരുമാറ്റുമെന്ന പ്രചാരണം അടിസ്ഥാനരഹിതം; പിന്നിൽ ഗൂഢോദ്ദേശ്യമുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ;  മുഖ്യമന്ത്രിയുടെ വിശദീകരണം വിഷയത്തിൽ യദ്യുരപ്പ ഇടപെട്ടുവെന്ന വാർത്തക്ക് പിന്നാലെ; പ്രചരണം തള്ളി ജില്ലാ കല്കടറും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കാസർഗോഡ് അതിർത്തിയിലെ ചില സ്ഥലങ്ങളുടെ പേര് മാറ്റാൻ നീക്കം നടക്കുന്നുവെന്ന വിവാദത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരത്തിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇല്ലാത്ത കാര്യം എങ്ങനെ വാർത്തയാക്കാം എന്നതിന്റെ ഉത്തമഉദാഹരണമാണിതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അതിർത്തിയിലെ ഏതെങ്കിലും ഗ്രാമത്തിന്റെ പേര് മാറ്റുന്നതിനെക്കുറിച്ച് സംസ്ഥാന സർക്കാർ ആലോചിച്ചിട്ട് പോലുമില്ല. എങ്ങനെയാണ് ഇങ്ങനെയുള്ള വാർത്ത വരുന്നത് എന്നറിയില്ല. ഇത്തരമൊരു കാര്യം ആശ്ചര്യകരമാണ്. നമ്മുടെ നാട്ടിൽ അനാവശ്യ പ്രശ്‌നം സൃഷ്ടിക്കാനുള്ള എന്തോ ഗൂഢ ഉദ്ദേശത്തിന്റെ ഭാഗമായിട്ടാവാം അത്തരം വാർത്ത പ്രചരിക്കുന്നത്. ഈ വിഷയത്തിൽ ഒരു കത്തും തനിക്ക് കിട്ടിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രസ്തുത വാർത്ത തള്ളിക്കൊണ്ട് നേരത്തെ ജില്ലാ കലക്ടറും രംഗത്തെത്തിയിരുന്നു.സ്ഥലപ്പേരുകൾ മാറ്റുമെന്നത് അസംബന്ധമെന്ന് ജില്ലാ കളക്ടർ സജിത് ബാബു പ്രതികരിച്ചു. സർക്കാർതലത്തിൽ ഇത്തരമൊരു നീക്കം ഉണ്ടായിട്ടില്ലെന്ന് മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്‌റഫും വ്യക്തമാക്കി. പ്രചാരണത്തിന് പിന്നിൽ ബിജെപിയാണെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.കന്നഡ സ്ഥലപ്പേരുകൾ മാറ്റാൻ ഒരു നീക്കവും സർക്കാർ തലത്തിൽ ഇല്ലെന്ന് വ്യക്തമാക്കിയ എകെഎം അഷ്‌റഫ് പ്രചാരണത്തിന് പിന്നിൽ ചില ആളുകളുടെ ഗൂഢ നീക്കമുണ്ടെന്ന് ആരോപിച്ചു. വ്യാജ വാർത്ത ബിജെപി നേതാക്കൾ ട്വീറ്റ് ചെയ്ത് വലുതാക്കുകയാണെന്നും കെ സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ദുരുദ്ദേശപരമാണെന്നും അഷ്‌റഫ് ആരോപിച്ചു.

സർക്കാർ തലത്തിൽ ഒരു ഫയൽ പോലും ഇതുമായി ബന്ധപ്പെട്ടില്ലെന്നും ഒരു ആലോചനയേ ഇല്ലെന്നും ജില്ലാ കളക്ടറും വ്യക്തമാക്കുന്നു. ഇല്ലാത്ത കാര്യത്തെ പറ്റി ഔദ്യോഗിക പ്രതികരണം നടത്താനില്ലെന്നാണ് ജില്ലാ കളക്ടറുടെ നിലപാട്. ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്നതിൽ നിന്ന് മാധ്യമങ്ങളടക്കം ബന്ധപ്പെട്ടവർ പിന്മാറണമെന്നും സജിത്ബാബു ആവശ്യപ്പെട്ടു.

മഞ്ചേശ്വരം വില്ലേജിലെ പത്തോളം സ്ഥലപേരുകൾ മലയാള വൽകരിക്കാൻ കേരളം നടപടികൾ തുടങ്ങിയെന്നായിരുന്നു പ്രചരണം.വിവിധ പ്രാദേശിക സംഘടനകളും മറ്റും മുഖ്യമന്ത്രി യദ്യുരപ്പയെ കണ്ട് വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് കേരളം തീരുമാനത്തിൽ നിന്നും പിന്മാറണമെന്നും ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കത്തയക്കുമെന്നും യദ്യുരപ്പ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ മുൻ കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി നീക്കത്തിനെതിരെ കേരള മുഖ്യമന്ത്രിക്ക് കത്തയക്കുക വരെ ചെയ്തു. തുടർന്ന് കർണാടക സാംസ്‌കാരിക മന്ത്രി അരവിന്ദ് ലിംബാവലിയും വിവിധ കന്നഡ സംഘടനകളും സമാന ആവശ്യമുന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇല്ലാ വാർത്ത വിവാദമാകുന്നതിനിടെയാണ് ഇങ്ങനെയൊരു നീക്കമേ ഇല്ലെന്ന് വ്യക്തമാക്കി കേരളം രംഗത്തെത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP