Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോക് ഡൗൺ കാലത്തും പൊലീസുകാർക്ക് സ്നേഹം വിളമ്പി ഷാജി; എന്നും പൊലീസുകാർക്ക് ചായയും ഇളനീരുമെത്തിച്ചിരുന്ന തെങ്ങു കയറ്റ തൊഴിലാളിക്ക് പരിക്കേറ്റത് ഇളനീരിടാൻ തെങ്ങിൽ കയറിയപ്പോൾ; തെങ്ങിൽ നിന്നു വീണ ഷാജിക്ക് സഹായവുമായി സിറ്റി പൊലീസ് കമ്മീഷണറും പൊലീസുകാരും

ലോക് ഡൗൺ കാലത്തും പൊലീസുകാർക്ക് സ്നേഹം വിളമ്പി ഷാജി; എന്നും പൊലീസുകാർക്ക് ചായയും ഇളനീരുമെത്തിച്ചിരുന്ന തെങ്ങു കയറ്റ തൊഴിലാളിക്ക് പരിക്കേറ്റത് ഇളനീരിടാൻ തെങ്ങിൽ കയറിയപ്പോൾ; തെങ്ങിൽ നിന്നു വീണ ഷാജിക്ക് സഹായവുമായി സിറ്റി പൊലീസ് കമ്മീഷണറും പൊലീസുകാരും

കെ വി നിരഞ്ജൻ

കോഴിക്കോട്: തെങ്ങുകയറ്റ തൊഴിലാളിയാണ് ഷാജി. കോട്ടക്കടവ് പാലത്തിനടുത്ത് ചെറിയൊരു ചായക്കടയും ഇദ്ദേഹം നടത്തിയിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ കട താൽക്കാലികമായി അടച്ചുപൂട്ടി. തെങ്ങുകയറ്റ തൊഴിലും ഇല്ലാതായോടെ വരുമാനമാർഗവും അടഞ്ഞു. എന്നാലും മനുഷ്യസ്നേഹിയായ ഷാജി തന്റെ വീടിനടുത്ത് കോവിഡ് കാലത്ത് ജോലി ചെയ്യുന്ന പൊലീസുകാർക്ക് ആശ്വാസമായി. തിരിച്ച് ഒന്നും പ്രതീക്ഷിക്കാതെ എന്നും കോട്ടക്കടവ് പാലത്തിനടുത്ത് പിക്കറ്റ് പോസ്റ്റിൽ ജോലി ചെയ്യുന്ന പൊലീസുകാർക്ക് ചായയും പലഹാരങ്ങളും ഇളനീരും എത്തിച്ചു നൽകും. മഴയത്തും പൊരിവെയിലുത്തും ജോലി ചെയ്തു കഷ്ടപ്പെടുന്ന പൊലീസുകാർക്ക് തന്നാലാവുന്ന ഒരു സഹായം. സ്വയം തെങ്ങിൽ കയറി ഇളനീരിട്ട് അതുമായാണ് രാവിലെയുള്ള വരവ്. വൈകീട്ട് ചായയും പലഹാരങ്ങളുമുണ്ടാക്കി വീണ്ടുമെത്തും. മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന കോട്ടക്കടവ് പാലത്തിന് അപ്പുറത്തുള്ള മലപ്പുറത്തെ പൊലീസുകാർക്കും ഇപ്പുറത്ത് ജോലി ചെയ്യുന്ന കോഴിക്കോട്ടെ പൊലീസുകാർക്കും രാവിലെയും വൈകുന്നേരവും ലോക് ഡൗണിന് ശേഷം എന്നും ഷാജി ഇളനീരും ചായയും എത്തിച്ചു നൽകിയിരുന്നു.

വളരെ കഷ്ടപ്പെട്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ആളാണ് ഷാജിയെന്ന് മനസ്സിലാക്കിയതോടെ പൊലീസുകാർ ഇയാളെ പരമാവതി നിരുത്സാഹപ്പെടുത്താൻ നോക്കി. തെങ്ങുകയറ്റ ജോലിയും ഇല്ല, ചായക്കടയും അടച്ചിട്ടിരിക്കുന്നു. വരുമാനമില്ലാതായിട്ട് നാളുകൾ ഏറെയായി. ഈ പ്രയാസങ്ങൾക്കിടയിലും ചായയുമായെത്തുന്ന ഷാജിയെ പലപ്പോഴും പൊലീസുകാർ തടയാൻ നോക്കിയിട്ടുണ്ട്. അപ്പോഴെല്ലാം ഷാജിക്ക് പറയാൻ മറുപടിയുണ്ടായിരുന്നു. കൊറോണയുടെ നാളുകളാണ്. വെയിലും മഴയും സഹിച്ച് ഞങ്ങൾക്കെല്ലാവർക്കും വേണ്ടിയാണ് പൊലീസുകാരും ആരോഗ്യവകുപ്പ് ജീവനക്കാരും കഠിനമായി ജോലി ചെയ്യുന്നത്. അപ്പോൾ അവർക്ക് എന്തെങ്കിലും ചെയ്തില്ലെങ്കിൽ പിന്നെ മനുഷ്യനാണ് എന്നു പറഞ്ഞു നടക്കണോ എന്നതായിരുന്നു ഷാജിയുടെ മറുചോദ്യം. ഈ ചോദ്യത്തിലൂടെ മനസ്സു നിറയെ നന്മയുള്ള ഷാജി പൊലീസുകാരെ നിശബ്ദരാക്കി. ചായയും തന്ന് ഷാജി പോകുമ്പോൾ അദ്ദേഹത്തിന്റെ പഴയ സ്കൂട്ടറിൽ നിന്നും അന്തരീക്ഷത്തിലേക്ക് പടർന്ന പുകയ്ക്ക് മനം മടുപ്പിക്കുന്ന മണമായിരുന്നില്ല. പകരം സഹജീവി സ്നേഹത്തിന്റെ ഹൃദ്യമായ ഗന്ധമായിരുന്നുവെന്നാണ് ഒരു പൊലീസുകാരൻ തന്നെ ഫേസ് ബുക്കിൽ കുറിച്ചത്.

ഇതിനിടയിലായിരുന്നു ആ ദുരന്തമുണ്ടായത്. ഒരു ദിവസം ഇളനീരിടാൻ തെങ്ങിൽ കയറിയ ഷാജിക്ക് മരത്തിൽ നിന്ന് വീണ് പരിക്കേറ്റു. ഷാജിയുടെ ചായയും കൊണ്ടുള്ള പതിവ് വരവ് മുടങ്ങിയപ്പോഴാണ് പൊലീസുകാർ ആളെപ്പറ്റി അന്വേഷിക്കുന്നത്. വീണ് പരിക്കേറ്റു എന്ന് അറിഞ്ഞതോടെ മലപ്പുറത്തും കോഴിക്കോട്ടുമുള്ള പൊലീസുകാർ കോട്ടക്കടവ് നിറകൈത കോട്ടക്കടുത്തുള്ള ഷാജി പള്ളിത്തറയുടെ വീട്ടിലേക്ക് സഹായവുമായി എത്തുകയാണ്. വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങളും ചികിത്സാ സഹായവുമെല്ലാമായാണ് പൊലീസുകാർ എത്തുന്നത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ ഉൾപ്പെടെയുള്ളവർ ഷാജിക്ക് സഹായം കൈമാറി. ദുരന്ത സമയത്ത് പ്രയാസപ്പെട്ട് ജോലി ചെയ്യുമ്പോൾ ഷാജിയെപ്പോലുള്ളവരുടെ നല്ല മനസ്സ് കാണാതിരിക്കാനാവില്ലെന്നാണ് പൊലീസുകാർ പറയുന്നത്. അതുകൊണ്ട് തന്നെ ജോലിയുടെ തിരക്കുകൾക്കിടയിലും അവരെല്ലാം തങ്ങൾക്കാവുന്ന സഹായവുമായി ഷാജിയുടെ വീട്ടിലേക്ക് എത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP