Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റൺവേ ഉണരാൻ ഇനി രണ്ടുമാസം കൂടി; എയർപോർട്ട് അഥോറിറ്റിയുടെ കാലിബ്രേഷൻ വിമാനം പറന്നിറങ്ങി; സിവിൽ ഏവിയേഷന്റെ അന്തിമഘട്ട പരിശോധനയും പൂർത്തിയാവുന്നതോടെ എല്ലാം വേഗത്തിലാകുമെന്ന് കിയാൽ; കണ്ണൂരിന്റെ സ്വപ്‌നങ്ങൾ യാഥാർഥ്യത്തിലേക്ക്

റൺവേ ഉണരാൻ ഇനി രണ്ടുമാസം കൂടി; എയർപോർട്ട് അഥോറിറ്റിയുടെ കാലിബ്രേഷൻ വിമാനം പറന്നിറങ്ങി; സിവിൽ ഏവിയേഷന്റെ അന്തിമഘട്ട പരിശോധനയും പൂർത്തിയാവുന്നതോടെ എല്ലാം വേഗത്തിലാകുമെന്ന് കിയാൽ; കണ്ണൂരിന്റെ സ്വപ്‌നങ്ങൾ യാഥാർഥ്യത്തിലേക്ക്

രഞ്ജിത്ത് ബാബു

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡോണിയർ വിമാനമിറങ്ങി. ഇൻസ്ട്രമെന്റൽ ലാന്റിംങ് സിസ്റ്റത്തിന്റെ കൃത്യത പരിശോധിക്കുന്നതിന് വേണ്ടിയാണ് എയർപോർട്ട് അഥോറിറ്റിയുടെ കാലിബ്രേഷൻ വിമാനം ഇന്ന് ഉച്ച തിരിഞ്ഞ് 4.35 ഓടെ പറന്നിറങ്ങിയത്. രണ്ട് മണിയോടെ കണ്ണൂരിൽ വിമാനമിറങ്ങുമെന്നും മൂന്ന് മണിക്കൂറോളം ആകാശത്ത് വട്ടമിട്ട് പറക്കുമെന്നുമായിരുന്നു അറിയിപ്പ്. എന്നാൽ ഡൽഹിയിൽ നിന്നും പുറപ്പെട്ട് ഹൈദരാബാദ് വഴി കണ്ണൂരിലെത്തുമ്പോഴേക്കും സമയം വൈകിയിരുന്നു. അതിനാൽ ഒരു റൗണ്ട് ആകാശത്ത് വട്ടമിട്ട് പറന്നശേഷം വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു. നാളെ രാവിലെ മുതൽ കാലിബ്രേഷൻ വിമാനത്തിന്റെ പരിശോധന തുടരും.

പൂനയിലെ അന്തരീക്ഷ വിജ്ഞാന വിഭാഗത്തിലെ (ഐ.എം. ഡി.) ഉദ്യോഗസ്ഥരും വിമാനത്താവളത്തിലെത്തിയിട്ടുണ്ട്. കാലാവസ്ഥാ നിരീക്ഷണത്തിനുള്ള ഉപകരണങ്ങൾ അടുത്ത ദിവസം തന്നെ വിമാനത്താവളത്തിലെത്തും. കാറ്റ്, മഴ, വെയിൽ, അന്തരീക്ഷ ഊഷ്മാവ്, ആർദ്രത എന്നിവയെല്ലാം തിട്ടപ്പെടുത്താനുള്ള ഉപകരണങ്ങൾ അതിലടങ്ങിയിരിക്കും. കണ്ണൂർ വിമാനത്താവളത്തിന് സെപ്റ്റംബർ പകുതിയോടെ അന്തിമ ലൈസൻസ് അനുവദിക്കും. കഴിഞ്ഞ ഫെബ്രുവരിയിൽ പരീക്ഷണ പറക്കലിന്റെ ഭാഗമായി ഡോണിയർ വിമാനം കണ്ണൂരിലെത്തിയിരുന്നു. ഡി.വി.ഒ. ആർ. ഉപകരണ പരിശോധനക്കായിരുന്നു വിമാനമെത്തിയത്.

എന്നാൽ സിഗ്‌നൽ പരിധിയിൽ വിമാനം വട്ടമിട്ട് പറക്കുകയായിരുന്നു. ഇന്നെത്തിയ വിമാനം റൺവേയിൽ തന്നെയാണ് ഇറക്കിയത്. ഔദ്യോഗിക പരിശോധന നാളെ ഉച്ചക്ക് മുമ്പ് തന്നെ പൂർത്തീകരിക്കാനാണ് സാധ്യത. കാലാവസ്ഥ അനുകൂലമായായാൽ രാവിലെ 10 മണിക്ക് തന്നെ പരിശോധന ആരംഭിക്കും. ഒരാഴ്‌ച്ച മുമ്പ് കാലവർഷക്കെടുതിയുടെ ഭാഗമായി ദുരിതാശ്വാസ പ്രവർത്തനത്തിന് നാവിക സേനയുടെ വിമാനം മൂന്ന് തവണ കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയിരുന്നു. കാലിബ്രേഷൻ വിമാനത്തിന്റെ പരിശോധന പൂർത്തിയായാൽ സിവിൽ ഏവിയെഷന്റെ അന്തിമഘട്ട പരിശോധന നടത്തും.

വിമാനത്താവളം സജ്ജമാകുന്നതോടെ ഗൾഫ് രാജ്യങ്ങളിലെയും മലേഷ്യ, സിംഗപ്പൂർ, ശ്രീലങ്ക എന്നിവിടങ്ങളിലെയും വിമാനക്കമ്പനികൾ കണ്ണൂരിലേക്കു സർവീസ് നടത്താൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 15 വിമാനക്കമ്പനികളാണ് ആദ്യഘട്ടത്തിൽ കണ്ണൂരിൽനിന്നു സർവീസ് നടത്താൻ താൽപര്യം അറിയിച്ചത്. ഹജ് യാത്രക്കാർ ഏറ്റവും കൂടുതൽ മലബാറിൽ നിന്നാണെങ്കിലും കോഴിക്കോട് വിമാനത്താവളത്തിൽനിന്നു നിലവിൽ ഹജ് വിമാനങ്ങളില്ല. വലിയ വിമാനമിറങ്ങാനുള്ള പരിമിതിയാണു തടസ്സം. കണ്ണൂരിൽ വലിയ വിമാനങ്ങൾക്കു പറന്നിറങ്ങാൻ സാധിക്കുംവിധം വിശാലമായ റൺവേയുള്ളതിനാൽ ഹജ് യാത്രയ്ക്കു കണ്ണൂരിനെ പരിഗണിക്കുന്നതിനു തടസ്സമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP