Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കാലിക്കറ്റ് യൂണിവേഴ്സിറ്റി വിസി നിയമനം വിവാദം: പ്രതിപക്ഷം പ്രത്യക്ഷ സമരത്തിലേക്ക്; കെഎസ്‌യു ജില്ലാവൈസ് പ്രസിഡന്റ് ഉപവാസം തുടങ്ങി; തിങ്കളാഴ്ച വള്ളിക്കുന്ന് എംഎൽഎ പി അബ്ദുൽ ഹമീദ് മാസ്റ്ററും സമരത്തിലേക്ക്; സംഘപരിവാർ നോമിനിയെ കാലിക്കറ്റ് സർവ്വകലാശാലയിൽ വിസിയായി നിയമിക്കാൻ അനുവദിക്കില്ലെന്ന് സമരക്കാർ; തീരുമാനമെടുക്കാതെ ഗവർണർ

കാലിക്കറ്റ് യൂണിവേഴ്സിറ്റി വിസി നിയമനം വിവാദം: പ്രതിപക്ഷം പ്രത്യക്ഷ സമരത്തിലേക്ക്; കെഎസ്‌യു ജില്ലാവൈസ് പ്രസിഡന്റ് ഉപവാസം തുടങ്ങി; തിങ്കളാഴ്ച വള്ളിക്കുന്ന് എംഎൽഎ പി അബ്ദുൽ ഹമീദ് മാസ്റ്ററും സമരത്തിലേക്ക്; സംഘപരിവാർ നോമിനിയെ കാലിക്കറ്റ് സർവ്വകലാശാലയിൽ വിസിയായി നിയമിക്കാൻ അനുവദിക്കില്ലെന്ന് സമരക്കാർ; തീരുമാനമെടുക്കാതെ ഗവർണർ

ജാസിം മൊയ്തീൻ

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ്ചാൻസലർ നിയമനം വൈകുന്നത് സംബന്ധിച്ച് പ്രതിപക്ഷ സംഘടനകൾ പ്രത്യക്ഷ സമരത്തിലേക്ക്. ആദ്യ ഘട്ടമായി ഇന്ന് കെഎസ്‌യു മലപ്പുറം ജില്ലാവൈസ്പ്രസിഡണ്ട് ടിപി അസ്താഫ് ഉപവാസമിരുന്നു. തിങ്കളാഴ്ച വള്ളിക്കുന്ന് എംഎൽഎ പി അബ്ദുൽ ഹമീദ് മാസ്റ്ററുടെ നേതൃത്വത്തിൽ യൂണിവേഴ്സിറ്റി കവാടത്തിനുമുന്നിൽ സമരമാരംഭിക്കുമെന്നും പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ വിസി നിയമനത്തെചൊല്ലിയുള്ള തർക്കം രൂക്ഷമായിരിക്കുകയാണ്. നേരത്തെ സെർച്ച് കമ്മറ്റിയുടെ തീരുമാനപ്രകാരം നിർദ്ദേശിക്കപ്പെട്ടിരുന്ന ലിസ്റ്റിൽ നിന്നും നിയമനം നടത്താതെ ഗവർണർ തീരുമാനം വൈകിപ്പിച്ചതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. കാലിക്കറ്റ് വിസി നിയമനം സംബന്ധിച്ച ഉത്തരവ് വൈകിപ്പിച്ച് സർക്കാർ നാമനിർദ്ദേശം ചെയ്ത കെ എം സീതിയുടെ നിയമനത്തിന് ഗവർണർ തടയിടുകയായിരുന്നു.

നിയമനം സംബന്ധിച്ച ഗവർണറുടെ തീരുമാനം വൈകിയതോടെ അറുപത് വയസ് തികഞ്ഞ കെ എം സീതി വൈസ് ചാൻസിലർ പദവിക്ക് അയോഗ്യനായി മാറി. ലിസ്റ്റ് ഗവർണർക്ക് സമർപ്പിച്ച സമയത്ത് കെഎം സീതിക്ക് 60 വയസ്സ് തികഞ്ഞിരുന്നില്ല. എന്നാൽ ഗവർണർ തീരുമാനം വൈകിപ്പിച്ചതോടെ കെഎം സീതിയുടെ പ്രായപരിധി അവസാനിക്കുകയായിരുന്നു. ഇതോടെ യൂണിവേഴ്സിറ്റി സ്റ്റാറ്റിയൂട്ട് പ്രകാരം അദ്ദേഹം വിസി സ്ഥാനത്തിന് അനർഹനാവുകയായിരുന്നു. ഡോ.സീതിയെ തന്നെ വിസിയാക്കാനായി കാലിക്കറ്റ് സർവകലാശാലയുടെ സ്്റ്റിയാറ്റിയൂട്ട് ഭേദഗതിചെയ്ത് 60 വയസ്സെന്ന പ്രായപരിധി 65 ആയി ഉർത്തുന്നതിനെ സംബന്ധിച്ചും സർക്കാർ ആലോചിക്കുന്നുണ്ട്. എന്നാൽ ഇത് കോടതിയിൽ ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യതയും സർക്കാർ മുന്നിൽ കാണുന്നു. ബിജെപി -ആർഎസ്എസ് താൽപര്യങ്ങളനുസരിച്ചാണ് ഗവർണർ തീരുമാനം വൈകിപ്പിച്ചതെന്ന് സർക്കാറും പ്രതിപക്ഷ സംഘടനകളും ഒരുപോലെ ആരോപിക്കുന്നു.

രണ്ട് ലിസ്റ്റുകളാണ് നിലവിലുണ്ടായിരുന്നത്. ഒന്ന് സർക്കാർ നൽകിയതും മറ്റൊന്ന് യുജിസി പ്രതിനിധി നിർദ്ദേശിച്ചതും. സർക്കാർ ലിസ്റ്റിൽ എംജി സർവ്വകലാശാല സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസിൽ നിന്നുള്ള കെഎം സീതി, എംജി സർവ്വകലാശാലയിലെ നിലവിലെ പിവിസി അരവിന്ദകുമാർ, കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ ജയരാജ് എന്നിവരായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ കെഎം സീതിയുടെ പ്രായപരിധി അവസാനിച്ചതിനാൽ തന്നെ അദ്ദേഹത്തിന്റെ സാധ്യതയും അവസാനിച്ചിരിക്കുന്നു.

യുജിസി പ്രതിനിധിയായ ജെഎൻയു വിസി ഡോ. ജഗദീഷ് കുമാർ സമർപ്പിച്ച പട്ടികയിലുള്ളതാകട്ടെ കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനായ ഡോ. സിഎ ജയപ്രകാശ്, കാലിക്കറ്റ് യൂണിവേഴ്സ്റ്റിയിലെ അദ്ധ്യാപകനായിരുന്ന എംവി നാരായണൻ എന്നിവരാണ്. കെഎം സീതിയുടെ പ്രായപരിധി വർദ്ധിച്ചതിനാൽ അടുത്ത ലിസ്റ്റിലെ ഒന്നാംപേരുകാരനായ സിഎ ജയപ്രകാശിനാണ് ഇനി സാധ്യതയുള്ളത്. എന്നാൽ അദ്ദേഹം ബിജെപി അനുകൂലിയായതിനാൽ അദ്ദേഹത്തിന്റെ നിയമനം അംഗീകരിക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷ സംഘടനകളുള്ളത്. അതേ സമയം കെഎം സീതിക്ക് പകരം അദ്ദേഹം ഉൾപ്പെട്ട ലിസ്റ്റിലുണ്ടായിരുന്ന മറ്റു രണ്ടുപേരിൽ ആരെയെങ്കിലും നിയമിക്കണമെന്നാണ് സർക്കാർ നിലപാട്.

കാലിക്കറ്റ് വിസി നിയമനത്തിനായുള്ള സേർച്ച് കമ്മറ്റിയിലെ യുജിസി പ്രതിനിധിയായ ജെഎൻയു വൈസ് ചാൻസലർ ഡോ ജഗദീഷ് കുമാറിനെ മുൻ നിർത്തിയായിരുന്നു തുടക്കം മുതൽ ബിജെപിയുടെ കരുനീക്കങ്ങൾ. കെ എം സീതിക്ക് മുൻഗണനയുള്ള പാനൽ ചീഫ് സെക്രട്ടറിയും ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ വി കെ രാമചന്ദ്രനും സെർച്ച് കമ്മറ്റിയിൽ മുന്നോട്ട് വെച്ചപ്പോൾ ഡോ സി എ ജയപ്രകാശിന് മുൻഗണന നൽകിയായിരുന്നു യുജിസി പ്രതിനിധിയുടെ നീക്കം. ഇതിന് പിന്നിൽ ബിജെപി,ആർഎസ്എസ് ചരടു വലികളാണെന്ന് തിരിച്ചറിഞ്ഞതോടെ സർക്കാർ താൽപര്യം മന്ത്രി കെ ടി ജലീൽ ഗവർണറെ നേരിൽ കണ്ട് ബോധ്യപ്പെടുത്തി.

മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ചില ആശവിനിമയങ്ങൾ ഉണ്ടായി. എന്നാൽ ഗവർണർ തീരുമാനം വൈകിച്ചതോടെ കെ എം സീതി 60 വയസെന്ന പ്രായപരിധിയിൽ എത്തുകയും ചെയ്തു. ഇടതു സഹയാത്രികനായ കെ എം സീതിയുടെ നിയമനത്തിന് ആദ്യ ഘട്ടത്തിൽ ഗൗരവമായ ഇടപെടലുകൾ ഉണ്ടായില്ലെന്ന വിമർശനവും ഉയരുന്നുണ്ട്. നിലവിൽ ആറുമാസമായി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ വിസിയില്ലാത്ത അവസ്ഥയാണ്. മലയാളം യൂണിവേഴ്സിറ്റി വൈസ്ചാൻസിലർ അനിൽ വള്ളത്തോളിനാണ് താത്കാലിക ചുമതല നൽകിയിരിക്കുന്നത്. എന്നാൽ സുപ്രധാനമായ പല ഫയലുകളിലും തീർപ്പുകൽപ്പിക്കാൻ സ്ഥിരം വിസിയില്ലാത്തത് പ്രശ്നമാകുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ സംഘടനകൾ ഇപ്പോൾ സമരത്തിനിറങ്ങിയിരിക്കുന്നത്. കെഎസ്‌യു മലപ്പുറം ജില്ലാവൈസ്പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ ഇന്നു നടന്ന സമരം കെഎസ് ശബരീനാഥൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP