Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ട്രായ് നിർദേശങ്ങളുടെ പേരിൽ കേബിൾ കമ്പനികളും ഓപ്പറേറ്റർമാരും തമ്മിൽ കേരളത്തിൽ ഏറ്റുമുട്ടലിന്റെ പാതയിൽ; ഓപ്പറേറ്റർമാർക്ക് പണി നൽകാൻ ട്രായ് നിർദ്ദേശങ്ങൾ ഡെൻ ഉപയോഗിച്ചതായി ആരോപണം; മുഴുവൻ പേ ചാനലുകളും ഡെൻ പൊടുന്നനെ ഓഫാക്കി; സോഫ്റ്റ് വെയർ ഘടിപ്പിച്ചത് ട്രയൽ നടത്താതെ; വരിക്കാർ ഡെൻ ഓപ്പറേറ്റർമാർക്കെതിരെ തിരിഞ്ഞതോടെ ഓഫീസുകൾ ഉപരോധിക്കാൻ ഓപ്പറേറ്റർമാരുടെ തീരുമാനം: ട്രായ് നിർദേശത്തിന് പിന്നാലെ കേരളത്തിലെ വീടുകളിൽ ജനപ്രിയ ചാനലുകൾ കട്ടായി

ട്രായ് നിർദേശങ്ങളുടെ പേരിൽ കേബിൾ കമ്പനികളും ഓപ്പറേറ്റർമാരും തമ്മിൽ കേരളത്തിൽ ഏറ്റുമുട്ടലിന്റെ പാതയിൽ; ഓപ്പറേറ്റർമാർക്ക് പണി നൽകാൻ ട്രായ് നിർദ്ദേശങ്ങൾ ഡെൻ ഉപയോഗിച്ചതായി ആരോപണം; മുഴുവൻ പേ ചാനലുകളും ഡെൻ പൊടുന്നനെ ഓഫാക്കി; സോഫ്റ്റ് വെയർ ഘടിപ്പിച്ചത് ട്രയൽ നടത്താതെ; വരിക്കാർ ഡെൻ ഓപ്പറേറ്റർമാർക്കെതിരെ തിരിഞ്ഞതോടെ ഓഫീസുകൾ ഉപരോധിക്കാൻ ഓപ്പറേറ്റർമാരുടെ തീരുമാനം: ട്രായ് നിർദേശത്തിന് പിന്നാലെ കേരളത്തിലെ വീടുകളിൽ ജനപ്രിയ ചാനലുകൾ കട്ടായി

എം മനോജ് കുമാർ

കൊച്ചി: ട്രായ് നിർദേശങ്ങൾ നടപ്പിലാക്കുന്നതിൽ കേബിൾ ശൃംഖലയായ ഡെൻ നെറ്റുവർക്ക് ഗുരുതരമായ വീഴ്ചകൾ വരുത്തിയതായി ആരോപണം. ഡെൻ വരുത്തിയ വീഴ്ചകളുടെ പേരിൽ വെട്ടിലായത് ഡെന്നിന്റെ ഓപ്പറെറ്റർമാരാണ്. ട്രായ് നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിൽ ഡെന്നിനു വന്ന പാളിച്ചകൾ കാരണം 800 ലേറെ ഡെൻ ഓപ്പറേറ്റർമാരാണ് വലഞ്ഞുകൊണ്ടിരിക്കുന്ന്ത്. ജനങ്ങൾക്ക് ആവശ്യമായ ചാനലുകൾ നൽകുന്ന പാക്കേജുകൾക്കായി ഡെൻ ഇൻസ്റ്റാൾ ചെയ്ത പുതിയ സോഫ്റ്റ്‌വെയറിലെ പ്രശ്‌നങ്ങളാണ് കേബിൾ വിതരണം അവതാളത്തിലാക്കിയത്.

ട്രായ് പറഞ്ഞിരുന്നത് ഏഴു ദിവസം കൂടി ജനങ്ങൾക്ക് പാക്കേജ് ആവശ്യപ്പെടാൻ സമയം നൽകണമെന്നായിരുന്നു. എട്ടാം തീയതി അതായത് ഇന്നു പേ ചാനൽ മുഴുവൻ ഓഫ് ചെയ്ത് നടപടികൾ നടത്തുക എന്നാണ് ട്രായ് പറഞ്ഞിരിക്കുന്നത്. പേ ചാനൽ ഓഫ് ചെയ്യുമ്പോൾ അത് ഘട്ടംഘട്ടമായി മാത്രമേ ഓഫ് ചെയ്യാവൂ. 15 വരെ സമയം എടുത്ത ശേഷം മാത്രം പേ ചാനലുകൾ ഓഫ് ചെയ്യുക. എന്നിട്ടു ഉപഭോക്താക്കളിൽ നിന്നും കത്ത് വാങ്ങണം. ഏതൊക്കെ ചാനൽ എന്ന കാര്യത്തിൽ ധാരണ ആക്കണം . എന്നാൽ ഡെൻ കടുംവെട്ടു തന്നെ നടത്തി. നാലാം തീയതി അർദ്ധരാത്രി തന്നെ ഡെൻ പേ ചാനലുകൾ ഓഫ് ചെയ്തു. ട്രായ് പറയുന്ന പ്രകാരം പേ ചാനൽ ഓഫ് ചെയ്ത സമയം മുതൽ ആവശ്യപ്പെട്ട ചാനലുകൾ ജനങ്ങൾക്ക് നല്കിത്തുടങ്ങണം. ഡെൻ ചെയ്തത് ചാനലുകൾ ഓഫ് ചെയ്ത സമയത്ത് തന്നെ പുതിയ സോഫ്‌റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്തു. സോഫ്‌റ്റ്‌വെയർ ഘടിപ്പിക്കുമ്പോൾ നടത്തുന്ന ട്രയൽ ഡെൻ നടത്തിയില്ല.

പുതിയ സോഫ്‌റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുമ്പോൾ അതിൽ വരുന്ന പ്രശ്‌നങ്ങൾ എന്തെന്ന് അവർ മനസിലാക്കിയുമില്ല. കേബിൾ ഓപ്പറേറ്റർമാർ വലഞ്ഞു. അവർക്ക് ലോഗിൻ ചെയ്ത് സോഫ്‌റ്റ്‌വെയറിൽ കയറാൻ പോലും കഴിയുന്നില്ല. സെർവർ തകരാർ. അഥവാ കയറിയാൽ നിലവിലെ പാക്കേജ് ഡി ആക്ടിവേറ്റ് ചെയ്യാനും കഴിയുന്നില്ല. ആക്റ്റിവേറ്റ് ചെയാൻ കഴിഞ്ഞ കേസുകളിൽ ഒരു മണിക്കൂറിലേറെ സമയം എടുത്താണ് ചെയ്യാൻ കഴിയുന്നത്. അത് തന്നെ വല്ലപ്പോഴും. 800 കണക്ഷനുകൾ ഉള്ള ഓപ്പറേറ്റർക്ക് ഈ കണക്ഷൻ മുഴുവൻ പുതിയ രീതിയിൽ മാറ്റാൻ എത്ര സമയം ആവശ്യമാകും എന്നാണ് ഡെൻ കേബിൾ ഓപ്പറേറ്റർമാർ ചോദിക്കുന്നത്. ട്രായ് നിർദ്ദേശങ്ങൾ നടപ്പിലാക്കിയതോടെ ഉപഭോക്താക്കൾ തങ്ങൾക്ക് ആവശ്യമുള്ള പാക്കേജുകൾക്കായി വിളി തുടങ്ങിയിട്ടുണ്ട്. ട്രായ് നിർദ്ദേശ പ്രകാരം ഫ്രീ ടു എയർ രീതിയിൽ അതാത് പ്രാദേശിക ചാനലുകൾ ഉൾപ്പെടുത്തണം. മലയാളം ചാനലുകൾ ഇപ്രകാരം ഡെൻ നൽകേണ്ടതുമുണ്ട്. പക്ഷെ അത് അവർ നൽകിയിട്ടുമില്ല. ഈ കാര്യത്തിലും ഡെൻ ഓപ്പറേറ്റർമാർക്ക് പ്രതിഷേധമുണ്ട്. കളക്ടർക്ക് പരാതി പോയപ്പോൾ ഈ രീതിയിൽ മലയാളം ചാനലുകൾ ഉൾപ്പെടുത്താൻ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.

വരിക്കാരുടെ ഫോൺ കോളുകൾ വരുന്നത് ഡെൻ പ്രാദേശിക കേബിൾ ഓപ്പറേറ്റർമാർക്കാണ്. പാക്കേജുകൾക്കായി ഡെൻ സോഫ്റ്റ്‌വെയറിൽ ലോഗിൻ ചെയ്ത് കയറിയാൽ ഒരു പാക്കേജും തിരഞ്ഞെടുത്ത് ഉപഭോക്താക്കൾക്ക് നൽകാൻ കഴിയില്ല. തുടർച്ചയായി സെർവറിൽ പ്രശ്‌നങ്ങൾ കാണിക്കുകയാണ്. യാതൊരു മുന്നൊരുക്കവും ഇല്ലാതെയാണ് ഡെൻ ട്രായ് നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങിയത്.സോഫ്റ്റ്‌വെയർ ആദ്യം പരീക്ഷിക്കാനോ പ്രശ്‌നങ്ങൾ പഠിക്കാനോ ഡെൻ ശ്രമിക്കാത്തതിനാൽ പുതുതായി ഇൻസ്റ്റാൾ ചെയ്ത സോഫ്റ്റ്‌വെയറിൽ മുഴുവൻ പ്രശ്‌നങ്ങളുമാണ്. ട്രായ് നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ പ്രധാന കേബിൾ ഓപ്പറേറ്റർമാരിൽ പലരും സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്തുകയും പുതിയ സോഫ്റ്റ്‌വെയർ ഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ ഡെൻ സോഫ്റ്റ്‌വെയർ ഘടിപ്പിച്ചപ്പോൾ അതിൽ വരുന്ന പ്രശ്‌നങ്ങൾ പഠിക്കാനോ തകരാറുകൾ പരിഹരിക്കാനോ ശ്രമിച്ചില്ല. ലാഘവത്തോടെ പൊടുന്നനെ പുതിയ സോഫ്റ്റ്‌വെയർ ഘടിപ്പിച്ചപ്പോൾ മുഴുവൻ പ്രശ്‌നങ്ങളുമായി. ട്രായ് നിർദ്ദേശങ്ങൾ ലംഘിച്ചാണ് പേ ചാനലുകൾ അടക്കമുള്ള ചാനലുകൾ ഡെൻ ഓഫ് ചെയ്തിരിക്കുന്നതും. അതുകൊണ്ട് പെട്ടെന്ന് നൽകിക്കൊണ്ടിരുന്ന ചാനലുകളിൽ പലതും ഉപഭോക്താക്കൾക്ക് നൽകാൻ കഴിയുന്നുമില്ല.

വരിക്കാർ ആവശ്യപ്പെടുന്ന പാക്കേജുകൾ തിരഞ്ഞെടുത്ത് നൽകാൻ കഴിയുന്നുമില്ല. ഇതാണ് ഡെൻ ഓപ്പറെറ്റർമാരെ വെട്ടിലാക്കിയത്. ട്രായ് നിർദ്ദേശങ്ങൾ നടപ്പിൽ വന്നിട്ടും അത് അതേപടി അനുസരിക്കാതെ തോന്നുംപടിയാണ് ഡെൻ കാര്യങ്ങൾ നടത്തുന്നതും എന്ന് ആക്ഷേപമുണ്ട്. ഡെൻ തീരുമാനിച്ച പാക്കേജ് സ്വീകരിക്കാനാണ് വരിക്കാരെ ഡെൻ നിർബന്ധിക്കുന്നത്. ഈ പാക്കേജ് നിലനിൽക്കുന്നതിനാൽ രണ്ടു പ്രശ്‌നങ്ങളുണ്ട്. ഈ പാക്കേജ് ഒഴിവാക്കാൻ ഓപ്പറെറ്റർമാർക്ക് കഴിയുന്നില്ല. വരിക്കാർ ആവശ്യപ്പെടുന്ന ചാനലുകൾ നൽകാൻ കഴിയുന്നുമില്ല.

ഡെൻ നൽകുന്ന പാക്കേജ് വരിക്കാർ സ്വീകരിച്ചേ തീരൂ എന്നാണ് നിലവിലെ അവസ്ഥ. മെയിൻ കേബിൾ ഓപ്പറേറർമാർ പാക്കേജുകൾ നൽകുന്നുണ്ടെങ്കിലും വരിക്കാർക്ക് ആവശ്യമുള്ള ചാനലുകൾ തിരഞ്ഞെടുക്കാനുള്ള അവകാശം നൽകുകയാണ് വേണ്ടത്. പക്ഷെ ഡെൻ നേരെ തിരിച്ചാണ് പ്രതികരിക്കുന്നത്. ഇതോടെ വരിക്കാരും ഡെൻ ഓപ്പറേറ്റർമാരും തമ്മിൽ പ്രശ്‌നമുണ്ടാകുന്ന അവസ്ഥയുമാണ്. വരിക്കാരുടെ പ്രശ്‌നം അവർ കാണുന്ന ചാനലുകൾ ലഭിക്കുന്നില്ല. ഈ ചാനലുകൾ ലഭിക്കണമെങ്കിൽ അവർ നിലവിൽ കാണുന്ന പാക്കേജ് ഒഴിവാക്കണം. പക്ഷെ ഈ പാക്കേജ് ഒഴിവാക്കാൻ സെർവർ പ്രശ്‌നങ്ങൾ കാരണം ഓപ്പറേറ്റർമാർക്ക് കഴിയുന്നുമില്ല. ഇതോടെ ഉപഭോക്താക്കളും ഓപ്പറെറ്റർമാരും തമ്മിൽ ഉരസൽ വന്നിട്ടുമുണ്ട്.

ഓപ്പറേറ്റർമാർ ആവശ്യപ്പെടുന്നത് ഡെൻ ബേസിക് പാക്കേജ് മാത്രം ആദ്യം നൽകാനാണ്. അതിനു ശേഷം മറ്റു ചാനലുകൾ നൽകുന്ന പാക്കേജ് നൽകാനാണ്. പക്ഷെ ഡെൻ നിലപാട് തങ്ങൾ നൽകിയ പാക്കേജ് വരിക്കാർ സ്വീകരിക്കട്ടെ എന്നാണ്. ഇതിലാണ് ഡെൻ ഓപ്പറേറ്റർമാർ പ്രതിഷേധിക്കുന്നത്. ഇന്നു ഡെൻ ഓപ്പറേറ്റർമാർ ഡെൻ ഓഫീസുകൾ ഉപരോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പ്രശ്‌നത്തിൽ ഇടപെട്ട കൊച്ചി കളക്ടർ ഈ കാര്യത്തിൽ സത്വര നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ചാനലുകളുടെ വിതരണം സംബന്ധിച്ചുള്ള കൃത്യമായ രേഖകൾ സമർപ്പിക്കാൻ ട്രായി നോഡൽ ഓഫീസർ കൂടിയായ എറണാകുളം ജില്ലാ കലക്ടർ ഡെൻ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അല്ലാത്തപക്ഷം നിയമനടപടികൾ സ്വീകരിക്കുമെന്നും കലക്ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഓപ്പറേറ്റർമാർക്ക് നൽകുന്ന വിഹിതത്തിലും പ്രശ്‌നങ്ങൾ തുടങ്ങിയിട്ടുണ്ട്. ഒരു കണക്ഷന്റെ പേരിൽ മിനിമം 150 രൂപയെങ്കിലും ആവശ്യമുണ്ട്. അല്ലെങ്കിൽ ഓപ്പറേറ്റർമാർ കുഴപ്പത്തിലാകും. കാരണം ഓഫീസ് വാടക, സ്റ്റാഫിനു നൽകുന്ന ശമ്പളം , ഇലക്ട്രിസിറ്റി തുടങ്ങിയ ഈ വരുമാനത്തിൽ നിന്നും ചെലവിടേണ്ടതുണ്ട്. 130 വാങ്ങിയാൽ 61 രൂപയും ഡെന്നിനു നൽകേണ്ടി വരുന്നുണ്ട്. മുൻപ് അങ്ങനെയായിരുന്നില്ല. പിരിക്കുന്ന തുകയുടെ 12 ശതമാനം കമ്പനിക്ക് നൽകിയാൽ മതിയായിരുന്നു. ഇപ്പോൾ അത് 60-40 യായി മാറിയിട്ടുണ്ട്. ഇതുകാരണം ഓപ്പറേറ്റർമാർ നഷ്ടത്തിലേക്ക് മാറുകയാണ്. ട്രായ് പറയുന്നത് ഇത്തരം കാര്യങ്ങളിൽ പരസ്പര ധാരണ കമ്പനികളും കേബിൾ ഓപ്പറേറ്റർമാരും തമ്മിൽ രൂപപ്പെടണം എന്നാണ്. പക്ഷെ ഈ കാര്യത്തിലും ഡെൻ വിമുഖതയാണ് പ്രകടിപ്പിക്കുന്നത്.

ഡെൻ നേരിടുന്ന പ്രശ്‌നം മറ്റു പ്രധാന ഓപ്പറേറ്റർമാരും നേരിടുന്നുണ്ട്. എസിവിക്ക് 14 ലക്ഷത്തോളം കണക്ഷൻ ഉണ്ടെങ്കിലും 10 ലക്ഷത്തോളവും നേരിട്ടുള്ള കണക്ഷൻ ആണ്. അത് അവർക്ക് നേരിട്ട് തന്നെ ശരിയാക്കാൻ കഴിയും. 5 ലക്ഷം കണക്ഷനുകൾ ഓപ്പറേറ്റർമാർ ഏറ്റെടുത്ത ചെയ്യുന്നുണ്ട്. അതിൽ പ്രശ്‌നങ്ങൾ വരുന്നുണ്ട്. പക്ഷെ കെസിവി പോലുള്ള പ്രധാന കേബിൾ ഓപ്പറേറ്റർമാർ ഓപ്പറേറ്റർമാരെ സഹായിക്കാൻ രംഗത്ത് വന്നിട്ടുണ്ട്. മൂന്നു മാസത്തേക്ക് ഓപ്പറേറ്റർമാർ തുക നൽകേണ്ടതില്ല എന്നാണ് കെസിവി അറിയിച്ചിട്ടുള്ളത്. കേരളാ കേബിൾ വിഷന് കേരളത്തിൽ 25 ലക്ഷത്തോളം കണക്ഷനുകളുണ്ട്. പക്ഷെ ഡെൻ കടുംപിടുത്തം തുടരുന്നതാണ് ഇവിടെ വിനയായി മാറുന്നത്. ഇപ്പോൾ ട്രായ് നിബന്ധനകളുടെ പേരിൽ കേബിൾ കമ്പനികളും പ്രധാന ഓപ്പറേറ്റർമാരും തമ്മിൽ നേരിട്ട് ഏറ്റുമുട്ടുന്ന അവസ്ഥയാണ്. ട്രായ് നിർദ്ദേശത്തെ തുടർന്ന് കലുഷിതമായ ടിവി കേബിൾ രംഗം കലങ്ങിത്തെളിയാൻ ഇനിയും സമയം ഒരുപാട് വേണ്ടിവരും എന്ന സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP