Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

നിർജ്ജീവമായിരുന്ന പ്രതിപക്ഷ പാർട്ടികൾക്ക് ഗോളടിക്കാനുള്ള പാസായി പൗരത്വ നിയമ ഭേദഗതി; വടക്കു കിഴക്കൻ മേഖലയിൽ അടുത്തകാലത്തുണ്ടായ രാഷ്ട്രീയ നേട്ടവും കൈമോശം വന്നു; ബംഗാളിൽ ചിന്നിച്ചിതറേണ്ടിയിരുന്ന മുസ്ലിം വോട്ടുകൾ മമതയ്ക്ക് പിന്നിൽ അണിനിരക്കാൻ വഴിയൊരുങ്ങി; ലോക രാജ്യങ്ങൾക്ക് ഹീറോ ആയിരുന്ന മോദിക്കുള്ള അന്തർദേശീയ ഇമേജിനും മങ്ങൽ; അക്രമണങ്ങൾ പൊട്ടിപ്പുറപ്പെടുമ്പോൾ മന്ത്രിമന്ദിരത്തിൽ കിടന്നുറങ്ങാൻ സാധിക്കാതെ മന്ത്രിമാരും; പൗരത്വനിയമം പാളിയോ എന്ന് ഭരണപക്ഷത്ത് ആശങ്ക

നിർജ്ജീവമായിരുന്ന പ്രതിപക്ഷ പാർട്ടികൾക്ക് ഗോളടിക്കാനുള്ള പാസായി പൗരത്വ നിയമ ഭേദഗതി; വടക്കു കിഴക്കൻ മേഖലയിൽ അടുത്തകാലത്തുണ്ടായ രാഷ്ട്രീയ നേട്ടവും കൈമോശം വന്നു; ബംഗാളിൽ ചിന്നിച്ചിതറേണ്ടിയിരുന്ന മുസ്ലിം വോട്ടുകൾ മമതയ്ക്ക് പിന്നിൽ അണിനിരക്കാൻ വഴിയൊരുങ്ങി; ലോക രാജ്യങ്ങൾക്ക് ഹീറോ ആയിരുന്ന മോദിക്കുള്ള അന്തർദേശീയ ഇമേജിനും മങ്ങൽ; അക്രമണങ്ങൾ പൊട്ടിപ്പുറപ്പെടുമ്പോൾ മന്ത്രിമന്ദിരത്തിൽ കിടന്നുറങ്ങാൻ സാധിക്കാതെ മന്ത്രിമാരും; പൗരത്വനിയമം പാളിയോ എന്ന് ഭരണപക്ഷത്ത് ആശങ്ക

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കൃത്യമായ രാഷ്ട്രയ ലക്ഷ്യങ്ങളോടു കൂടിയാണ് ബിജെപി സർക്കാർ പൗരത്വ നിയമം ഭേഗതതി ചെയ്തത്. മുസ്ലിംങ്ങളെ ലക്ഷ്യമിട്ടുള്ള ഈ നിയമത്തിലൂടെ പ്രധാനമായും ബിജെപി കണ്ണുവെച്ചത് അസം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഭരണം പിടിക്കുക എന്നതു തന്നെയായിരുന്നു. എന്നാൽ, ഇപ്പോൽ വെളുക്കാൻ തേച്ചത് പാണ്ടായോ എന്ന അവസ്ഥയിലാണ് കാര്യങ്ങളുടെ പോക്ക്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അടുത്തകാലത്തായി ബിജെപിക്ക് സ്വാധീനമുണ്ടാക്കാൻ സാധിച്ചിരുന്നു. ഈ രാഷ്ട്രീയ നേട്ടത്തെ ഇല്ലാതാക്കുന്ന വിധത്തിലേക്കാണ് പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം വളർന്നിരിക്കുന്നത്. തങ്ങളുടെ നാട്ടിൽ ആരെയെങ്കിലും കൊണ്ടിടാനുള്ള ഡംപിങ് യാർഡ് അല്ലെന്ന വികാരമാണ് പൊതുവേ ഇവിടുത്തുകാർ ഉയർത്തുന്നത്. മുസ്ലിംങ്ങൾ ഉർത്തുന്നതിനേക്കാൽ വലിയ പ്രക്ഷോഭമായി ഇത് മാറുകയും ചെയ്തു.

Stories you may Like

രാഷ്്ട്രീയഭാവി കൂടുതൽ വെളുപ്പിക്കാൻ തേച്ചത് പാണ്ടായോ പൗരത്വനിയമം ഭേദഗതി ചെയ്തതിനു പിന്നാലെ രാജ്യത്ത് കത്തിപ്പടർന്ന പ്രതിഷേധാഗ്‌നി ബിജെപിക്കുള്ളിലും മോദിസർക്കാറിലും വലിയ ചോദ്യചിഹ്നമായി. വടക്കുകിഴക്കൻ മേഖലയിൽ ഇത്തരത്തിലൊരു പ്രതിഷേധം ബിജെപിയോ സർക്കാറോ പ്രതീക്ഷിച്ചതല്ല. അതിനുപുറമെ, നിരവധി സംസ്ഥാനങ്ങൾ എതിർപ്പുമായി രംഗത്തുവന്നു. അതിനൊപ്പം അന്താരാഷ്ട്ര തലത്തിലും മോദിസർക്കാറിനോടുള്ള മട്ടുമാറി. മോദിക്കുണ്ടായിരുന്ന മിടുക്കനായ ഭരണാധികാരി ഇമേജിന്് കോട്ടം വരുത്തുന്ന വിധത്തിലേക്കാണ ഇപ്പോഴത്തെ കാര്യങ്ങളുടെ പോക്ക്.

അമേരിക്കയുടെയും യു.എന്നിന്റെയും പ്രസ്താവനകൾ സർക്കാറിന് വലിയ പ്രഹരമാണ്. കളം കൈവിട്ടുപോകുന്നു എന്ന ചിന്ത പാർട്ടിയിലും സർക്കാറിലും ശക്തം. പൗരത്വ നിയമഭേദഗതിയുമായി മുന്നോട്ടു നീങ്ങുംമുമ്പ് വിലയിരുത്തിയില്ലെന്ന ആക്ഷേപം ബിജെപി ജനപ്രതിനിധികൾക്കിടയിലുണ്ട്. വടക്കുകിഴക്കൻ സാമൂഹിക സാഹചര്യങ്ങൾ അളന്നതിൽ തെറ്റുണ്ടെന്നാണ് അവരുടെ പക്ഷം. മോദി-അമിത് ഷാമാരുടെ തന്ത്രങ്ങളിലുള്ള ബിജെപിക്കാരുടെ ഉറച്ച ബോധ്യത്തിനും മങ്ങലേൽപിക്കുന്നതാണ് സാഹചര്യങ്ങൾ. പ്രതിപക്ഷ പാർട്ടികൾക്ക് സർക്കാറിനെതിരെ ഒരുമിപ്പിക്കാനുള്ള അവസരമായും നിയമഭേദഗതി മാരിയിട്ടുണ്ട്. ബംഗാളിലാകട്ടെ മുസ്ലിം വോട്ടുകൾ ഒറ്റയടിക്ക് മമത ബാനർജിക്ക് പിന്നിൽ അണിനിരക്കുന്ന സാഹചര്യമാണ് ഇപ്പോൾ സംജാതമായിരിക്കുന്നത്.

ജമ്മു-കശ്മീരിൽ അജണ്ട നടത്തിയെടുത്തതിന്റെ അമിത ആത്മവിശ്വാസത്തിലാണ് മോദിസർക്കാർ മുന്നോട്ടുനീങ്ങിയത്. രണ്ടാമത്തെ അജണ്ട കൂടി നിയമമാക്കിയപ്പോൾ സർക്കാറിന്റെ ഗതി നിയന്ത്രിക്കുന്ന ഡ്രൈവർ ആഭ്യന്തര മന്ത്രി അമിത് ഷാ ആയി മാറി. അതിനിടയിൽ കലാപം കത്തിപ്പടരുന്ന ഉത്തരവാദിത്തം ഏൽക്കേണ്ടി വരുന്നത് അമിത് ഷാക്കു തന്നെ. സർക്കാറിനെ സംബന്ധിച്ചിടത്തോളം കാശ്മീരിന് പിന്നാലെ മറ്റ് പലയിടത്തും സർക്കാർ വിരുദ്ധ നിലപാട് ശക്തമായി ഉയരുന്ന അവസ്ഥയുമുണ്ടായി.

ബംഗാളിൽ റെയിൽവെ സ്‌റ്റേഷന് തീയിട്ടു കൊണ്ടു വരെയാണ് പ്രതിഷേധം ശക്തമാകുന്നത്. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലുള്ള ബെൽദങ്ക റെയിൽവെ സ്‌റ്റേഷൻ കോംപ്ലക്‌സിന് തീയിട്ടു. ഇവിടെ നിയോഗിച്ച റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർ.പി.എഫ്) ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തു. വിവിധ ന്യൂനപക്ഷ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന ജില്ലയാണ് മുർഷിദാബാദ്. ആക്രമണത്തെ തുടർന്ന് ഇവിടെ റെയിൽ ഗതാഗതം തടസപ്പെട്ടു.

അസമിൽ ബിജെപിക്കാർക്ക് രക്ഷയില്ലാത്ത നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ ഡൽഹി നേതൃത്വത്തിന് അടിയറവ് പറയുകയാണെന്ന് അസം പ്രക്ഷോഭത്തിന്റെ മുൻനിരയിലുള്ള 'ഓൾ അസം സ്റ്റുഡന്റ്‌സ് യൂനിയൻ' (ആസു) ആരോപിച്ചു. പൗരത്വഭേദഗതി ബില്ലിനെതിരെ അക്രമരഹിത ബഹുജനസമരം തുടരുമെന്ന് 'ആസു' മുഖ്യ ഉപദേഷ്ടാവ് സമുജ്ജ്വൽ കുമാർ ഭട്ടാചാര്യ പറഞ്ഞു. വർഗീയ സ്വഭാവമുള്ള ബില്ലിന് അംഗീകാരം നൽകുക വഴി രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഭരണഘടന ലംഘനം നടത്തി. ഞങ്ങളുടെ നിലപാട് സുവ്യക്തമാണ്. ഇത് അംഗീകരിക്കില്ല. നിയമം അസം ജനത തള്ളിയിരിക്കുകയാണ്. സമരത്തിലെ അക്രമം ഒഴിവാക്കണം.

ചിലർ അക്രമം നടത്താൻ ശ്രമിക്കുന്നുണ്ട്. അക്രമമുണ്ടായാൽ സർക്കാറിന് പ്രക്ഷോഭം തടയാനാകും. അതുകൊണ്ട് അക്രമം അവസാനിപ്പിക്കണമെന്ന് ഞങ്ങൾ ജനങ്ങളോട് അഭ്യർത്ഥിക്കുകയാണ്. -അദ്ദേഹം പറഞ്ഞു. അസം ഉടമ്പടിക്ക് കാരണമായ അനധികൃത കുടിയേറ്റക്കാർക്കെതിരായ 1979-85കാലത്തെ സമരം നയിച്ചത് 'ആസു' ആണ്. സോനോവാൾ വന്ന വഴി മറക്കരുതെന്ന് സമുജ്ജ്വൽ കുമാർ ഭട്ടാചാര്യ പറഞ്ഞു.90കളിൽ 'ആസു' ഭാരവാഹിയായിരുന്നു സോനോവാൾ.

അതേസമയം, ഗുവാഹതിയിലെ പല കടകളിലും സാധനങ്ങൾ തീർന്ന അവസ്ഥയിലാണ്. ജനം സാധനങ്ങൾ ശേഖരിക്കാൻ തുടങ്ങിയതിനാലാണിത്. കടകളിൽ ജനം വരി നിന്നാണ് സാധനങ്ങൾ വാങ്ങുന്നത്. ഇതിനിടെ, ഗുവാഹതിയിൽ നിശാനിയമം വെള്ളിയാഴ്ച ഉച്ചക്കു ശേഷം പിൻവലിക്കുമെന്ന വ്യാജവാർത്ത പടർന്നു. അധികൃതർ ഇതു നിഷേധിച്ചു. ഗുവാഹതിയുടെ മുക്കിലും മൂലയിലും പൊലീസും പട്ടാളവുമുണ്ട്. ജനങ്ങളുടെ പോക്കുവരവോ വാഹന സഞ്ചാരമോ തടയുന്നില്ല. എന്നാൽ, പൊതുഗതാഗത സംവിധാനങ്ങൾ പ്രവർത്തിച്ചില്ല. ജനാധിപത്യ പ്രക്രിയയിൽ അക്രമത്തിന് ഒരു ഇടവുമില്ലെന്നും അക്രമ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അസം മുഖ്യമന്ത്രി സോനോവാൾ പറഞ്ഞു. തദ്ദേശീയ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കും. സംഘർഷഭരിതമായ പ്രക്ഷോഭങ്ങളിലേക്ക് കുട്ടികൾ പോകുന്നത് രക്ഷിതാക്കൾ തടയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതിനിടെ, അസമിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ നാഗാലാൻഡിൽ അവശ്യ വസ്തുക്കൾ കിട്ടാതാകുമോ എന്ന ആശങ്ക പടർന്നു. വെള്ളിയാഴ്ച ഇവിടെ ജനം സാധനങ്ങൾ ശേഖരിക്കുന്ന തിരക്കിലായിരുന്നു. തലസ്ഥാനമായ കൊഹിമയിലെ പെട്രോൾ പമ്പുകളിൽ നീണ്ട നിര ദൃശ്യമായിരുന്നു. ഇന്ധന ലഭ്യതയെക്കുറിച്ച് ആശങ്കപ്പെടാനില്ലെന്നാണ് അധികൃതർ പറയുന്നത്. ദിമാപുർ ഡിപ്പോയിൽ മതിയായ ശേഖരമുണ്ടെന്നും കൂടുതൽ ഇന്ധനം വരും ദിവസങ്ങളിൽ റെയിൽ മാർഗം എത്തുമെന്നും അവർ അറിയിച്ചു. അസമിൽ കുടുങ്ങിയ നാഗാലാൻഡിലേക്കുള്ള യാത്രികർക്കായി പ്രത്യേക ട്രെയിനുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

മേഘാലയ തലസ്ഥാനമായ ഷില്ലോങ്ങിൽ നിശാനിയമം 12 മണിക്കൂറാക്കി ചുരുക്കി. അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാതിരുന്ന സാഹചര്യത്തിലാണിതെന്ന് ഈസ്റ്റ് ഖാസി ഹിൽസ് ജില്ല ഡെപ്യൂട്ടി കമീഷണർ എം.ഡബ്ല്യു. നൊങ്ബ്രി പറഞ്ഞു. പൗരത്വ ഭേദഗതി ബിൽ ഇരു സഭകളും പാസാക്കിയതിനെ തുടർന്നുണ്ടായ അക്രമസംഭവങ്ങളോടെ ഐ.ഐ.ടി ഗുവഹാത്തി കാമ്പസും ഒറ്റപ്പെട്ട അവസ്ഥയിലാണ്. കാമ്പസും സമീപ പ്രദേശങ്ങളും ഒറ്റപ്പെട്ടിരിക്കുന്നു. ബ്രഹ്മപുത്രയുടെ തീരത്ത് 700 ഏക്കറിലുള്ള കാമ്പസിൽ ആശയവിനിമയം, ഗതാഗതം, ഭക്ഷണസൗകര്യം എന്നിവ പൂർണമായോ ഭാഗികമായോ തടസ്സപ്പെട്ടു. സംസ്ഥാനത്തെ പത്തു ജില്ലകളിൽ ബ്രോഡ്ബാൻഡ് നിരോധനമുണ്ട്. എല്ലായിടങ്ങളിലും വൻ സുരക്ഷ ഏർപ്പെടുത്തിയതിനാൽ പുറത്തിറങ്ങാനാകുന്നില്ല. കാമ്പസിന് പുറത്തെ കടകൾ പ്രതിഷേധം മൂലവും സാധന ലഭ്യത കുറവും മൂലം അടച്ചു.

കാമ്പസിൽ വാട്‌സ് ആപ്, ഫേസ്‌ബുക്ക്, യൂട്യൂബ് സാമൂഹിക മാധ്യമങ്ങൾക്ക് ഉൾപ്പെടെ വിലക്കാണ്. ഫോൺ വിളിക്ക് മാത്രമാണ് അനുമതി. മെസ്സിൽ ഭക്ഷണത്തിന് പരിധി നിശ്ചയിച്ചു. പലവ്യഞ്ജനങ്ങളും പച്ചക്കറികളും എത്താത്തതാണ് കാരണം. സാധനങ്ങളുമായി അയൽ സംസ്ഥാനങ്ങളിൽനിന്ന് വരുന്ന വാഹനങ്ങൾ പൊലീസും സുരക്ഷ സേനയും തിരിച്ചയക്കുകയാണ്. സ്ഥിതിയിൽ മാറ്റമുണ്ടായില്ലെങ്കിൽ ഭക്ഷണ ക്ഷാമത്തിന് സാധ്യതയേറെ. പെട്രോൾ പമ്പുകൾ പലതും ഇന്ധനമില്ലാത്തതിനാൽ അടച്ചു. ലഭ്യമായ ഇടങ്ങളിൽ നീണ്ട വരിയാണ്. ജനങ്ങൾ ഭക്ഷണ സാധനങ്ങളും ഇന്ധനവും ശേഖരിച്ചുവെക്കാനും ശ്രമിക്കുന്നു. നഗരത്തിൽ ടാക്‌സികൾ കുറഞ്ഞു. ഗുവാഹത്തി വിമാനത്താവളത്തിൽനിന്ന് കാമ്പസിലേക്ക് 500 രൂപയാണ് ടാക്‌സിക്ക് ചാർജ്. അത് 1000 മുതൽ 2000 വരെയായി.

സമീപപ്രദേശങ്ങളിലെ ആശുപത്രികളിൽ ഓക്‌സിജൻ സിലിണ്ടറുകൾ കുറഞ്ഞു. വിദ്യാഭ്യാസപരമായ എന്തെങ്കിലും നടക്കുന്നത് ഐ.ഐ.ടിയിൽ മാത്രമാണ്. ഗുവാഹത്തി സർവകലാശാല ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു. റോഡ്, റെയിൽ, എയർ ഗതാഗതം നിലച്ചു അവസ്ഥയിലാണ്. 

പൗരത്വ ബില്ലിനെതിരെ ക്യാമ്പസും തെരുവിൽ

പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭം ഡൽഹിയിലെത്തിയത് ജാമിഅ മില്ലിയ്യ യൂനിവേഴ്സിറ്റി വിദ്യാർത്ഥികളിലൂടെ. പ്രധാന കവാടത്തിനു മുന്നിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഒത്തുകൂടി പ്രതിഷേധിച്ചു. ഇതോടെ റോഡ് സ്തംഭിക്കുകയും ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെടുകയും ചെയ്തു. വിദ്യാർത്ഥികളെ പിരിച്ചുവിടാൻ പൊലിസ് ലാത്തിചാർജ്ജ് നടത്തി. നിരവധി വിദ്യാർത്ഥികളെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിദ്യാർത്ഥികളുടെ ഭാഗത്തു നിന്ന് കല്ലേറുണ്ടായെന്ന് ആരോപിച്ച് പൊലിസ് കണ്ണീർ വാതകം പ്രയോഗിച്ചു. പ്രതിഷേധ മാർച്ചിന് അനുമതിയില്ലെന്ന് ചൂണ്ടിക്കാണിച്ച് തടയാൻ ശ്രമിച്ചതും സംഘർഷത്തിനിടയാക്കി. നിരവധി വിദ്യാർത്ഥികളെ പൊലിസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയി. 'യൂനിവേഴ്സിറ്റി ക്യാംപസിൽ നിന്ന് പാർലമെന്റിലേക്ക്' എന്നാണ് വിദ്യാർത്ഥികൾ പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. എന്നാൽ അധികദൂരം കടക്കാൻ പൊലിസ് അനുവദിച്ചില്ല. യൂനിവേഴ്സിറ്റിക്ക് അടുത്തു തന്നെ തടയുകയും ഇതോടെ സംഘർഷമുണ്ടാവുകയും ചെയ്തു.

രണ്ടായിരത്തോളം വിദ്യാർത്ഥികളാണ് പ്രതിഷേധ മാർച്ചിൽ അണിനിരന്നത്. മാർച്ച് തടയാൻ പൊലിസ് സ്ഥാപിച്ച ബാരിക്കേഡുകൾ വിദ്യാർത്ഥികൾ മറികടക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ പൊലിസ് തടയുകയും ലാത്തിചാർജ്ജ് നടത്തുകയും ചെയ്തു. ഇതോടെ ക്യാംപസിനുള്ളിലേക്ക് വിദ്യാർത്ഥികൾ പിരിഞ്ഞെങ്കിലും ക്യാംപസിനുള്ളിലേക്ക് പൊലിസ് കണ്ണീർവാതക പ്രയോഗം നടത്തി. പ്രക്ഷോഭത്തെ തുടർന്ന് ഡൽഹി മെട്രോ പട്ടേൽ ചൗക്കിലെയും ജൻപതിലെയും കവാടങ്ങൾ അടച്ചിട്ടു. ഈ സ്റ്റേഷനുകളിൽ മെട്രോ ട്രെയിനുകൾ നിർത്താതെ ഓടി.

മറ്റിടങ്ങളിലേക്കും സമരം വ്യാപിക്കുന്നു

രണ്ടുയുവാക്കളുടെ മരണത്തിനിടയാക്കിയ പൊലീസ് വെടിവെപ്പിനും അക്രമാസക്തമായ പ്രതിഷേധങ്ങൾക്കും സാക്ഷ്യംവഹിച്ച അസമിലെ അന്തരീക്ഷം വെള്ളിയാഴ്ച താരതമ്യേന സമാധാനപൂർണമായിരുന്നു. തലസ്ഥാനമായ ഗുവാഹാട്ടിയിൽ മാത്രമാണ് ഭേദഗതിചെയ്ത പൗരത്വ നിയമത്തിനെതിരേ വെള്ളിയാഴ്ച വലിയരീതിയിലുള്ള പ്രതിഷേധങ്ങളുണ്ടായത്. ആയിരക്കണക്കിനു വിദ്യാർത്ഥികളും അദ്ധ്യാപകരും വയോധികരും കലാകാരന്മാരുമടങ്ങുന്ന ജനക്കൂട്ടം ഗുവാഹാട്ടിയിലെ തെരുവുകളിൽ മണിക്കൂറുകളോളം നിരാഹാരമിരുന്നു. അസമിലും മറ്റു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കാര്യമായ അനിഷ്ടസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല. കർഫ്യൂ തുടരുന്ന ഗുവാഹാട്ടിയിൽ ശുദ്ധജലത്തിനും ഭക്ഷണത്തിനും ക്ഷാമമുണ്ട്.

റെയിൽവേസ്റ്റേഷനുകളിലും മറ്റും കുടുങ്ങിയവർക്ക് ഭക്ഷണവും വെള്ളവും എത്തിക്കാനും ബസ് സർവീസുകളേർപ്പെടുത്താനും സംവിധാനമൊരുക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. കർഫ്യൂ പിൻവലിച്ചെന്ന വാർത്ത പ്രചരിച്ചതിനെത്തുടർന്ന് വെള്ളിയാഴ്ച ഒട്ടേറെപ്പേർ വീടുവിട്ട് പുറത്തിറങ്ങി. പിന്നാലെ കർഫ്യൂ തുടരുമെന്ന വിശദീകരണവുമായി ജില്ലാഭരണകൂടമെത്തി. ഈ വിവരമറിയാതെ തുറന്ന കടകളിൽ പച്ചക്കറികളും അവശ്യസാധനങ്ങളും വാങ്ങിസൂക്ഷിക്കാനെത്തിയവരുടെ തിരക്കനുഭവപ്പെട്ടു. അതേസമയം രാജ്യത്തിന്റെ മറ്റിടങ്ങളിലേക്കും സമരം വ്യാപിക്കുന്ന നിലയാണ് ഇപ്പോഴുള്ളത്. കേരളത്തിലും ബംഗാളിലും ഡൽഹിയിലും നിയമത്തിനെതിരെ സംയുക്ത സമരം നടന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP