Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

കോതമംഗലം മാർത്തോമ ചെറിയ പള്ളി അങ്കണത്തിൽ നിന്നും ഉയർന്നത് ബാങ്കുവിളി; പള്ളി അങ്കണത്തിൽ നടന്ന നിസ്‌ക്കാരത്തിന് നേതൃത്വം നൽകിയത് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ; പള്ളിക്കകം മുസ്ലിം സാഹോദരങ്ങൾക്കായി തുറന്നു കൊടുത്തു അധികൃതർ; മതനിരപേക്ഷതയുടെ സന്ദേശമുയർത്തി സിഎഎ-എൻആർസി വിരുദ്ധ മാർച്ച് കോതമംഗലത്ത്; പ്രതിഷേധിക്കുന്ന ജനതയ്ക്ക് ഐക്യദാർഢ്യമായി തലയിൽ തട്ടമിട്ട്, തൊപ്പിവെച്ച് പള്ളി കരോൾ സംഘത്തിന് ശേഷം കേരളം ഒരുക്കിയ മറ്റൊരു മതസൗഹാർദ്ദ കാഴ്‌ച്ച ഇങ്ങനെ

കോതമംഗലം മാർത്തോമ ചെറിയ പള്ളി അങ്കണത്തിൽ നിന്നും ഉയർന്നത് ബാങ്കുവിളി; പള്ളി അങ്കണത്തിൽ നടന്ന നിസ്‌ക്കാരത്തിന് നേതൃത്വം നൽകിയത് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ; പള്ളിക്കകം മുസ്ലിം സാഹോദരങ്ങൾക്കായി തുറന്നു കൊടുത്തു അധികൃതർ; മതനിരപേക്ഷതയുടെ സന്ദേശമുയർത്തി സിഎഎ-എൻആർസി വിരുദ്ധ മാർച്ച് കോതമംഗലത്ത്; പ്രതിഷേധിക്കുന്ന ജനതയ്ക്ക് ഐക്യദാർഢ്യമായി തലയിൽ തട്ടമിട്ട്, തൊപ്പിവെച്ച് പള്ളി കരോൾ സംഘത്തിന് ശേഷം കേരളം ഒരുക്കിയ മറ്റൊരു മതസൗഹാർദ്ദ കാഴ്‌ച്ച ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കോതമംഗലം: സിഎഎ-എൻആർസി വിരുദ്ധ സമരം രാജ്യം മുഴുവൻ വ്യാപിക്കുമ്പോൾ അതിന്റെ ഭാഗമായി കേരളത്തിലും പ്രതിഷേധങ്ങൾ അരങ്ങേറുന്നുണ്ട്. മുസ്ലിം സമുദായമാണ് കൂടുതലായി പ്രതിഷേധ രംഗത്തുള്ളതെങ്കിലും രാഷ്ട്രീയ -മത ഭേദമന്യേ കേരള ജനതയുടെ പിന്തുണ എൻആർസി വിരുദ്ധ പ്രക്ഷോഭകർക്ക് ലഭിക്കുന്നുണ്ട്. പ്രതിഷേധങ്ങൾക്കിടെ ലോകം ശ്രദ്ധിക്കുന്ന ചില സാഹാദര്യ ചിത്രങ്ങളും കേരളത്തിൽ നിന്നും പുറത്തുവരാറുണ്ട്. അത്തരമൊരു ചിത്രം ഇന്നലെ കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ നിന്നും വന്നു. എൻആർസിക്കെതിരെ സമരം നയിക്കുന്നവരുടെ യാത്ര കോതമംഗലത്ത് എത്തിയപ്പോൾ പള്ളി അങ്കണത്തിൽ നന്നും ബാങ്കു വിളിയാണ് മുഴങ്ങിയത്. കാടുതെ നിസ്‌ക്കാരവും നടന്നു.

പ്രൊഫഷണൽ കോൺഗ്രസ്സിന്റെ കീഴിൽ നടന്ന സിഎഎ-എൻആർസി വിരുദ്ധ മാർച്ച് കോതമംഗലത്ത് എത്തിയപ്പോഴാണ് പള്ളി അങ്കണത്തിൽ നിന്ന് മഗ്രിബ് നമസ്‌കാരത്തിനുള്ള ബാങ്ക് വിളി മുഴങ്ങിയത്. തുടർന്ന് പള്ളി അങ്കണത്തിൽ തന്നെ നിസ്‌കരിക്കാനുള്ള സൗകര്യവും നൽകി. സമരക്കാർ പള്ളിക്കുള്ളിൽ കയറി സൗകര്യങ്ങൾ ഉപയോഗിക്കുകയും ചെയ്തു. പള്ളിക്കമ്മറ്റിയും വികാരി അച്ചനും ഇതിന് വേണ്ട സഹായങ്ങളും ഒരുക്കി നൽകി.

മൂവാറ്റുപുഴയിൽ നിന്നാണ് സിഎഎ-എൻആർസി വിരുദ്ധ മാർച്ച് തുടങ്ങിയത്. ത്യു കുഴൽനാടൻ, വി ടി ബൽറാം, പി കെ ഫിറോസ്, എംബി രാജേഷ്, ഇന്ദിര ജയ്‌സിങ് തുടങ്ങിയ യുവജന നേതാക്കൾ മാർച്ചിൽ പങ്കെടുത്തു. 10 കിലോമീറ്റർ പിന്നിട്ട് കോതമംഗലത്ത് എത്തിയപ്പോഴായിരുന്നു മാർത്തോമ ചെറിയ പള്ളിയിൽ നിന്ന് ബാങ്കുയർന്നത്. അവിടുത്തെ വികാരിയാണ് അംഗശുദ്ധി വരുത്താൻ വെള്ളം കൈകളിലേക്കൊഴിച്ചു തന്നതെന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഫേസ്‌ബുക്കിൽ കുറിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസും ഇക്കാര്യം വിശദീകരിച്ച് ഫേസ്‌ബുക്കിൽ കുറിപ്പെഴുതി.

സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ പോസ്റ്റ് ഇങ്ങനെയാണ്:

ശ്രീ മാത്യു കുഴൽ നാടൻ നേതൃത്വം നൽകുന്ന പ്രൊഫഷണൽ കോൺഗ്രസ്സിന്റെ കീഴിൽ നടന്ന വിപുലമായ സിഎഎ/എൻആർസി വിരുദ്ധ മാർച്ചിൽ പങ്കെടുത്തു. മാത്യു കുഴൽനാടൻ, വി ടി ബൽറാം, പി കെ ഫിറോസ്, എംബി രാജേഷ്, ഇന്ദിര ജയ്‌സിങ് തുടങ്ങിയ യുവജന നേതാക്കൾ പങ്കെടുത്തു. മൂവാറ്റുപുഴയിൽ നിന്നും തുടങ്ങി പത്ത് കിലോമീറ്റർ പിന്നിട്ട് കോതമംഗലത്തെത്തി. അവിടെ എത്തിയപ്പോൾ മണിനാദവും ബാങ്ക് വിളിയും ഒരുമിച്ചാണെതിരേറ്റത്. കോതമംഗലം മാർത്തോമ ചെറിയ പള്ളിയിലായിരുന്നു നമസ്‌ക്കാര സൗകര്യമൊരുക്കിയിരുന്നത്. അവിടുത്തെ ഫാദറാണ് അംഗശുദ്ധി വരുത്താൻ വെള്ളം കൈകളിലേക്കൊഴിച്ചു തന്നത്. നമസ്‌കാരം കഴിഞ്ഞ് പിരിയുമ്പോൾ നിർവൃതിയോടെ നിൽക്കുന്ന വികാരിയച്ഛൻ, മറ്റിതര വിശ്വാസികൾ, പ്രക്ഷോഭ ചൂടിലും മനസ്സിന് കുളിർമ്മ നൽകുന്ന അവരുടെ ആതിഥേയത്വം. എല്ലാം തന്നെ വല്ലാത്തൊരു സന്തോഷം മനസ്സിന് പകർന്നു നൽകി. ഇതാണ് കേരളം. ഭാരതത്തിന്റെ പരിച്ഛേദം.
#നമ്മൾ അതിജയിക്കും

പികെ ഫിറോസിന്റെ പോസ്റ്റ്:

ഇന്ന് മൂവാറ്റുപുഴയിൽ നിന്ന് കോതമംഗലത്തേക്ക് നടത്തിയ സെക്കുലർ മാർച്ച് യഥാർത്ഥത്തിൽ ഇന്ത്യയെന്താണെന്ന് വിളിച്ചു പറയുന്നതായിരുന്നു. കോതമംഗലത്ത് മാർത്തോമാ ചെറിയ പള്ളിയുടെ സമീപത്ത് ജാഥ സമാപിക്കുമ്പോൾ ചർച്ചിന്റെ മുകളിൽ സ്ഥാപിച്ച ഉച്ചഭാഷിണിയിൽ നിന്നും ഞങ്ങൾ കേൾക്കുന്നത് മനോഹര ശബ്ദത്തിലുള്ള ബാങ്ക് വിളി. പിന്നെ കാണുന്നത് ക്രൈസ്തവ ദേവാലയത്തിലെ ളോഹയണിഞ്ഞ പാതിരിമാർ മുസ്ലിം സഹോദരങ്ങളെ നമസ്‌കരിക്കാൻ പള്ളിയങ്കണത്തിലേക്ക് ക്ഷണിക്കുന്നതാണ്. അവർ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾക്ക് വുളു(അംഗശുദ്ധി) ചെയ്യാൻ വെള്ളമൊഴിച്ചു കൊടുക്കുന്നു. തങ്ങളുടെ നേതൃത്വത്തിൽ ഞങ്ങൾ മഗ്രിബ് നമസ്‌കാരം നിർവ്വഹിക്കുമ്പോൾ ജാഥയിൽ അണിനിരന്ന മറ്റു മതവിശ്വാസികൾ ഞങ്ങളെ കാത്തിരിക്കുന്നു.

ഇതാണ് ഇന്ത്യ. ഈ രാജ്യത്തെ മതത്തിന്റെ പേരിൽ വിഭജിക്കാൻ ശ്രമിക്കുന്നവർക്ക് നമ്മളിങ്ങനെയാണ് മറുപടി നൽകുക. ആരെയെങ്കിലും പുറന്തള്ളാൻ ശ്രമിക്കുമ്പോൾ നമ്മളിങ്ങനെ ചേർത്ത് പിടിച്ചാണ് പ്രതിരോധം തീർക്കുക. പോരാട്ടം തുടരട്ടെ... രാജ്യദ്രോഹികൾ തുലയട്ടെ...

നേരത്തെ മുസ്ലിം വേഷധാരികൾ അവതരിപ്പിച്ച മാപ്പിളപ്പാട്ടിലൂടെയും ക്രിസ്മസ് കരോൾ പരിപാടിയിലൂടെയും പൊരുതുന്നവർക്ക് ഐക്യദാർഢ്യം ഉണ്ടായിരുന്നു. കോഴഞ്ചേരി സെന്റ് തോമസ് മാർത്തോമ്മാ ഇടവകയുടെ നേതൃത്വത്തിലുള്ള കരോളാണ് പൗരത്വ ബില്ലിനെതിരായ പരോക്ഷമായ ഐക്യദാർഢ്യംകൂടിയായത്. ദേശീയതലത്തിൽ നടക്കുന്ന പ്രതിഷേധങ്ങളോട് അനുഭാവം പുലർത്തിയ മാപ്പിളപ്പാട്ട് സമൂഹമാധ്യമങ്ങളിൽ വൈറലായി. കരോൾ പരിപാടിയിൽ ആറ് ആൺകുട്ടികൾ വെള്ളജുബയും തലപ്പാവും അണിഞ്ഞു. എട്ട് പെൺകുട്ടികൾ മഫ്തയും.

'ഈ ദുനിയാവിൽ മനുഷ്യനായി പിറന്ന ഉന്നതനാം ഈശോ പരമേശ'- എന്ന് തുടങ്ങുന്ന ക്രിസ്മസ് ഗാനമാണ് ഇവർ ആലപിച്ചത്. ക്രിസ്തുവിന്റെ ജനനം അഭയാർഥിയായാണെന്നും ഇവയെ ഓർമ്മപ്പെടുത്തുന്നതിനാണ് ഈ ഗാനവും വേഷവും തയ്യാറാക്കിയതെന്നും യുവജനസഖ്യം സെന്റർ പ്രസിഡന്റ് റവ. ദാനിയേൽ ടി.ഫിലിപ്പ് പറഞ്ഞു. നോവലിസ്റ്റ് ബെന്യാമിൻ മുഖ്യപ്രഭാഷണം നടത്തി. ഇടവക വികാരി റവ. വർഗീസ് ഫിലിപ്പ് അധ്യക്ഷത വഹിച്ചു. റവ. ജോർജ് ജേക്കബ്, റവ. വിനോദ് പി.ജോബ്, റവ. ബിജു ജോർജ്, ട്രസ്റ്റി വർഗീസ് ശാമുവേൽ, നിജിത്ത് വർഗീസ്, തോമസ് മാമ്മൻ, സെന്റർ സെക്രട്ടറി ജെസ്റ്റിൻ എബി ജോസഫ് എന്നിവർ പ്രസംഗിച്ചു.

രണ്ടായിരത്തോളം കുടുംബങ്ങളും 15,000 ത്തോളം അംഗങ്ങളുമുള്ള കോഴഞ്ചേരി സെന്റ് തോമസ് പള്ളിയാണ് സഭയ്ക്ക് കീഴിലുള്ള ഇടവകകളിൽ ഏറ്റവും വലുത്. രാജ്യത്തെങ്ങും നടക്കുന്ന പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രകടിപ്പിക്കണമെന്ന ആശയം ഏതാനും ദിവസങ്ങൾക്ക് മുൻപാണ് റവ. ഡാനിയേൽ മുൻപോട്ട് വെച്ചത്. ഗായകസംഘം തീരുമാനത്തെ പിന്തുണച്ചതോടെയാണ് കരോൽഗാനവേദി പ്രതിഷേധത്തിന്റെ വേറിട്ട രീതിയായി മാറിയത്. കരോൾസംഘത്തിന്റെ ഗാനങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ശശി തരൂർ എംപി അടക്കമുള്ള രാഷ്ട്രീയ പ്രമുഖർ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP