Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

പാക്കിസ്ഥാന്റെ പേരു പറഞ്ഞായാലും ഒരു മതം ഒഴിവാക്കപ്പെട്ടത് അംഗീകരിക്കാനാവില്ലെന്ന് രാജു എബ്രഹാം; ഇവിടെ ജനിച്ചു വളർന്ന ഇന്ത്യക്കാർക്ക് യാതൊരു പേടിയും വേണ്ടെന്ന് വി വി രാജേഷ്; മതപരമായ വേർതിരിവിനാണ് കേന്ദ്ര സർക്കാർ ശ്രമിച്ചതെന്ന് ആരോപിച്ചു ജ്യോതികുമാർ ചാമക്കാല; ഒരു ഇന്ത്യൻ മുസ്ലിമിനെങ്കിലും ഈ നിയമത്തിന്റെ പേരിൽ പൗരത്വം പോയാൽ താനും സമരത്തിന് ഇറങ്ങുമെന്ന് പരസ്യമായി പ്രഖ്യാപിച്ചു ശ്രീജിത്ത് പണിക്കരും; മറുനാടൻ സംഘടിപ്പിച്ച പൗരത്വ ഭേദഗതി നിയമ ചർച്ചയിൽ നടന്ന വാദമുഖങ്ങൾ ഇങ്ങനെ

പാക്കിസ്ഥാന്റെ പേരു പറഞ്ഞായാലും ഒരു മതം ഒഴിവാക്കപ്പെട്ടത് അംഗീകരിക്കാനാവില്ലെന്ന് രാജു എബ്രഹാം; ഇവിടെ ജനിച്ചു വളർന്ന ഇന്ത്യക്കാർക്ക് യാതൊരു പേടിയും വേണ്ടെന്ന് വി വി രാജേഷ്; മതപരമായ വേർതിരിവിനാണ് കേന്ദ്ര സർക്കാർ ശ്രമിച്ചതെന്ന് ആരോപിച്ചു ജ്യോതികുമാർ ചാമക്കാല; ഒരു ഇന്ത്യൻ മുസ്ലിമിനെങ്കിലും ഈ നിയമത്തിന്റെ പേരിൽ പൗരത്വം പോയാൽ താനും സമരത്തിന് ഇറങ്ങുമെന്ന് പരസ്യമായി പ്രഖ്യാപിച്ചു ശ്രീജിത്ത് പണിക്കരും; മറുനാടൻ സംഘടിപ്പിച്ച പൗരത്വ ഭേദഗതി നിയമ ചർച്ചയിൽ നടന്ന വാദമുഖങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിഎഎയെ കുറിച്ചുള്ള രാഷ്ട്രീട ആരോപണങ്ങൾക്ക് അപ്പുറം പുതിയ അറിവു പകരുന്നതായി മറുനാടൻ മലയാളിയുടെ ചാരിറ്റി സംഘടനയായ 'ആവാസ്' സംഘടിപ്പിച്ച 'പൗരത്വ ഭേദഗതി നിയമം ശരിയോ തെറ്റോ' എന്ന സംവാദം. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന സംവാദം, പൗരത്വ നിയമത്തിന്റെ കാണാപ്പുറങ്ങളിലേക്ക് വെളിച്ചം വിതറുന്ന പല പുതിയ വിവരങ്ങളും സദസ്യരുമായി പങ്കുവെച്ചു. ഇടത് എംഎൽഎ രാജു എബ്രഹാം, ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്, കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല, രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ എന്നിവർ സംവാദത്തിനെത്തിയപ്പോൾ മറുനാടൻ എഡിറ്റർ ഷാജൻ സ്‌കറിയ മോഡറെറ്ററായി.

രാഷ്ട്രീയത്തിൽ രണ്ട് ചേരികളിൽ നിൽക്കുന്ന കോൺഗ്രസിന്റെ ജ്യോതികുമാർ ചാമക്കാലയും സിപിഎമ്മിന്റെ രാജു എബ്രഹാം എംഎൽഎയും പൗരത്വ നിയമത്തിനു എതിരായി കൈകോർത്തപ്പോൾ ബിജെപിയുടെ വി.വി.രാജേഷും സാമൂഹ്യ നിരീക്ഷകൻ ശ്രീജിത്ത് പണിക്കരും നിയമത്തെ അനുകൂലിച്ചുകൊണ്ടും ശക്തമായി നിലകൊണ്ടു. 'ഒരു നാണയത്തിനു രണ്ടു വശങ്ങൾ എന്നതുപോലെ പൗരത്വ നിയമത്തിനും രണ്ടു വശങ്ങളുണ്ട്. ഒരു മതം ഒഴിവാക്കപ്പെട്ടിരിക്കുന്നു. ചില രാജ്യങ്ങളുടെ പേര് പറഞ്ഞുള്ള ഒഴിവാക്കലും നടന്നിരിക്കുന്നു.'- ചർച്ചയുടെ എരിതീയിലേക്ക് എണ്ണയൊഴിച്ച് കൊണ്ട് രാജു എബ്രഹാം തുടക്കമിട്ടു. ഇനിയും ചിലത് കൂടി പൗരത്വ നിയമവുമായി ബന്ധപ്പെട്ടു വരും. ഇത് ഒരു തരം തുടക്കം കുറിക്കലാണ്. ചില ആളുകൾക്ക് സഹായം എന്ന് പറയുമ്പോൾ 19 ലക്ഷത്തോളം ആളുകൾ ഇന്ത്യയിൽ നിന്ന് കുടിയിറക്കപ്പെടും. പൗരത്വവുമായി ബന്ധപ്പെട്ട് എന്താണ് രേഖകൾ ഹാജരാക്കേണ്ടത് എന്ന കാര്യത്തിൽ വരെ അനിശ്ചിതത്വതമാണ്. ജനമനസുകളിൽ ഭയം ഉരുണ്ടു കൂടുകയാണ്.ജർമ്മനിയിൽ ഹിറ്റ്ലറിന്റെ കാലത്ത് നടന്ന കൂട്ടക്കൊലയും മ്യാന്മറിൽ രോഹിഗ്യൻസ് അഭയാർഥികളായി മാറിയ നിഷ്ടുരതയുടെ കഥകളുമെല്ലാം ഇപ്പോൾ എങ്ങും നിറയുകയാണ്. ആശങ്കകളാണ് ഇന്ത്യൻ സാമൂഹ്യ അന്തരീക്ഷത്തിൽ നിറയുന്നത്. കൂട്ടക്കൊലകളുടേയും ബലാത്സംഗത്തിന്റെയും ജർമ്മൻ-മ്യാന്മർ ചരിത്രം ഇപ്പോൾ പൗരത്വ നിയമവുമായി ബന്ധപ്പെട്ടു ഭീതി നിറയ്ക്കുകയാണ്-രാജു എബ്രഹാം പറഞ്ഞു.

'ഒരു വിഭാഗത്തെ ഒഴിവാക്കുന്നു എന്നത് തെറ്റിധാരണാജനകമാണ്. ഇവിടെ ജനിച്ചു വളർന്ന ഇന്ത്യക്കാർക്ക് പൗരത്വ നിയമവുമായി എന്ത് ബന്ധമാണുള്ളത്. രാജു എബ്രാഹാമിനെപ്പോലുള്ളവരുടെ ഇത്തരം വാദമുഖങ്ങളാണ് ആശങ്കയായി പടരുന്നത്. ഇത് പടരുകയല്ല. പടർത്തുകയാണ്. അത് കൂടി പറയണം. നെഹ്‌റു-ലിയാഖത്ത് അലിഖാൻ ഉടമ്പടിയും പ്രകാശ് കാരാട്ട് -മന്മോഹൻ മന്ത്രിസഭയ്ക്ക് പൗരത്വനിയമത്തിന്റെ ആവശ്യം ചൂണ്ടിക്കാട്ടി നൽകിയ കത്തും രാജു എബ്രഹാം മറക്കരുത്'-എംഎൽഎയുടെ വാദങ്ങളുടെ ഖണ്ഡിച്ചു കൊണ്ട് വി.വി.രാജേഷ് പറഞ്ഞു.

'പൗരത്വ ഭേദഗതി നിയമത്തിനു മുന്നിൽ വന്നത് കോൺഗ്രസ് സർക്കാരാണ്. സമ്മതിച്ചു. അപ്പോൾ ഒന്നും വരാത്ത പ്രതിഷേധം രാജേഷിന്റെ പാർട്ടി കേന്ദ്രം ഭരിക്കുമ്പോൾ വരുന്നത് എന്തുകൊണ്ടെന്നു രാജേഷ് ആലോചിക്കണം'-ജ്യോതികുമാർ ചാമക്കാല പറഞ്ഞു. പൗരത്വ രജിസ്റ്ററിന്റെ ലക്ഷ്യമെന്താണ്? മതപരമായ വേർതിരിവിനാണ് കേന്ദ്ര സർക്കാർ പൗരത്വനിയമം-പൗരത്വ രജിസ്റ്റർ പ്രശ്നത്തിൽ ശ്രമിക്കുന്നത്. രാജ്യത്തിൽ ആശങ്ക നിറയുകയാണ്. മതേതരത്വത്തെ ഇല്ലായ്മ ചെയ്യുകയാണ്. മറ്റു രാഷ്ട്രങ്ങളിലെ പീഡനം ഏറ്റുവാങ്ങേണ്ടി വരുന്ന രോഹിഗ്യൻസ്, അഹമ്മദിയക്കാർ എന്നിവരെക്കുറിച്ച് എന്തുകൊണ്ട് പറയുന്നില്ല. തമിഴ് അഭയാർഥികളെക്കുറിച്ച് എന്തുകൊണ്ട് പറയുന്നില്ല. ഇവരൊക്കെ പീഡനം ഏറ്റുവാങ്ങുന്നവർ തന്നെ. മതം അടിസ്ഥാനമാക്കിയാണ് പൗരത്വ നിയമം വന്നിരിക്കുന്നത്. പല ചോദ്യങ്ങൾക്കും കേന്ദ്ര സർക്കാരിനു മറുപടിയില്ല. മന്ത്രിമാർക്ക് ഒരഭിപ്രായം, പ്രധാനമന്ത്രിക്ക് വേറെ അഭിപ്രായം എന്ന രീതിയിലാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ തന്നെ പ്രതികരിക്കുന്നത്-ചാമക്കാല ചൂണ്ടിക്കാട്ടി.

എന്നാൽ രാജു ഏബ്രഹാമിന്റെ വാദങ്ങളും ചാമക്കാലയുടെ വാദങ്ങളും പൂർണമായും ഖണ്ഡിച്ചാണ് ശ്രീജിത്ത് പണിക്കർ ആഞ്ഞടിച്ചത്. പൗരത്വഭേദഗതി നിയമം ബിൽ കൊണ്ട് വന്നു കേന്ദ്രസർക്കാർ നിയമമാക്കുകയാണ് ചെയ്തത്. ബിൽ നിയമമാക്കിയത് പാർലമെന്റാണ്. ഇന്ത്യൻ പൗരന്റെ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് പാർലിമെന്റാണ്. പൗരത്വം ഒരു മൗലിക അവകാശമല്ല. വിഭജനവുമായി ബന്ധപ്പെട്ട പ്രശ്നം പൗരത്വ നിയമത്തിനു പിന്നിലുണ്ട്. എന്തുകൊണ്ട് അഫ്ഗാനിസ്ഥാനെക്കുറിച്ച് പരാമർശം വരുന്നു എന്ന് നമ്മൾ അറിയണം. അപ്പോൾ പഷ്തൂണിസ്ഥാനെക്കുറിച്ചും അറിയണം. അയൽ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകുമെന്ന് നിയമത്തിൽ പറഞ്ഞിട്ടില്ല. പാക് അധിനിവേശ കാശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. കോൺഗ്രസിന് വരെ ഇതേ അഭിപ്രായമാണ്. ഇപ്പോൾ മാറിയോ എന്ന് പറഞ്ഞിട്ടില്ല. പഷ്തൂണിസ്ഥാനിലെ 99 ശതമാനം ആളുകൾക്കും പാക്കിസ്ഥാൻ മതി എന്നാണ് പറഞ്ഞത്. ഒരു ശതമാനം ആളുകൾ മാത്രമാണ് ഇന്ത്യയിൽ ലയിക്കണം എന്ന് പറഞ്ഞത്. പക്ഷെ അതിർത്തി ഗാന്ധി അബ്ദുൾഗാഫർഖാന് വേറൊരു അഭിപ്രായമുണ്ടായിരുന്നു. പഷ്്തൂണിസ്ഥാൻ സ്വതന്ത്രരാജ്യമാക്കണം എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. പാക്കിസ്ഥാനും ഇന്ത്യയുമല്ലാതെ മറ്റൊരു നിലപാട് തങ്ങൾക്ക് വേണം എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഇതോടെ വിഭജന സമയത്ത് 50 ശതമാനം ആളുകൾ എവിടെ ലയിക്കണം എന്ന തീരുമാനത്തിൽ നിന്ന് വിട്ടു നിന്നു.

അഹമ്മദിയക്കാർ കശ്മീർ പാക്കിസ്ഥാനോട് ചേർക്കണം എന്ന വാദത്തിൽ ഉറച്ചു നിന്നവരാണ്. ഇന്ത്യാ-പാക് യുദ്ധത്തിൽ കക്ഷിചേർന്നു കാശ്മീർ ഇന്ത്യയിൽ നിന്ന് മോചിപ്പിക്കാൻ സേനയുണ്ടാക്കി പോരാടിയവരാണ്. ചരിത്രം അറിയണം. റോഹിഗ്യൻസ് മ്യാന്മാർ പൗരന്മരല്ല. ബംഗ്ലാദേശ് പൗരന്മാരാണ് എന്ന നിലപാടിലാണ് മ്യാന്മർ സർക്കാർ തന്നെ. ഇവരൊക്കെ എങ്ങിനെ ഇന്ത്യൻ പൗരത്വനിയമവുമായി ചേർന്ന് പോകും. അല്ലെങ്കിൽ ഇവർക്ക് ഒക്കെവേണ്ടി എങ്ങിനെ അവകാശവാദം ഉന്നയിക്കാൻ ഇവിടുത്തെ രാഷ്ട്രീയപാർട്ടികൾക്ക് കഴിയും?ഭുട്ടാൻ ഒരു അഭയാർഥി പോളിസി തന്നെയില്ലാത്ത രാജ്യമാണ്. ലോക്ഷമദ വിഭാഗക്കാരാണ് ഭൂട്ടാനിലുള്ളത്. രോഹിഗ്യൻസിന് ഒരുമിലിറ്റന്റ് സേന കൂടിയുണ്ട്. നൂറോളം ഹിന്ദുക്കളെ ഒരുമിച്ച് വധിച്ച് നാല് കുഴിയിൽ തള്ളിയവരാണ് റോഹിഗ്യൻസ്. ചരിത്രം മറന്നു പോകരുത്. ഇന്ത്യയുടെ സുരക്ഷിതത്വത്തിനു ഭീഷണിയുതിർക്കുന്ന ഇവർക്കാണോ പൗരത്വം നൽകേണ്ടത്? ശ്രീലങ്കൻ അഭയാർഥികളെ തിരികെ സ്വീകരിക്കാം എന്ന് ശ്രീലങ്ക തന്നെ വ്യക്തമാക്കിയിട്ടുണ്ട്-ശ്രീജിത്ത് പണിക്കർ സദ്യസ്യരെ കൈയിലെടുത്തു.

തുടർന്ന് രാജുഎബ്രഹാമിന്റെ ഊഴമായിരുന്നു. കശ്മീരിനുള്ള പ്രത്യേക അധികാരം എടുത്തു കളഞ്ഞു ബിജെപി തുടങ്ങിയതാണ് ഇത്. മൗലികാവകാശങ്ങളുടെ ലംഘനമാണ് ഇന്ത്യയിൽ നടക്കുന്നത്. ചരടിലെ മുത്തുമണികൾ പോലെ മതവും സംസ്‌കാരവും ചേർന്ന് കിടക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. അത് മറക്കരുത്. ഒരു തുടച്ചു നീക്കൽ പ്രക്രിയയാണ് നടക്കുന്നത്. ഇതിൽ ആശങ്കയുണ്ട്. ഭയമാണ് രാജ്യത്ത് പടരുന്നത്. വിദ്വേഷം വമിപ്പിക്കൽ പ്രസ്താവനകളും നീക്കങ്ങളും നടക്കുന്നു. ഭരണഘടനയുടെ പതിനാലാം അനുച്ഛേദത്തിന്റെ വെല്ലുവിളിയും നടക്കുന്നു.

രാജുവിന്റെ വാദങ്ങൾ എതിർത്ത് രംഗത്ത് വന്നത് വി.വി.രാജേഷാണ്. എന്റെ ചോദ്യത്തിനു ആരും മറുപടി പറഞ്ഞില്ല. ഈ രാജ്യത്ത് ജനിച്ചു വളർന്ന ആർക്കെങ്കിലും ഈ നിയമം കൊണ്ട് പ്രശ്‌നമുണ്ടോ എന്ന ചോദ്യത്തിനു ആരും മറുപടി നൽകിയില്ല. നുഴഞ്ഞുകയറ്റക്കാരെയും അഭയാർഥികളെയും രണ്ടായി കാണണം. അയൽ രാജ്യങ്ങളിൽ നിന്നും ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു വന്നവർ ഇന്ത്യയിലുണ്ട്. സ്വന്തം പെൺകുട്ടികളെയും മാറത്തടക്കി അവർ പാതയോരത്ത് ജീവിക്കുകയാണ്. അവരുടെ കയ്യിൽ പണമുണ്ട്. പക്ഷെ രേഖയില്ല. ജീവിക്കാൻ കഴിയാതെ ഉള്ളതെല്ലാം ഉപേക്ഷിച്ച് ഓടിപ്പോന്നവരാണ് ഇവർ. ഇവർക്ക് ഒരു രേഖയില്ല. ഇവരെയാണ് രാജ്യം സ്വീകരിക്കുന്നത്. മറ്റുള്ളവർ നുഴഞ്ഞുകയറ്റക്കാരാണ്. ഇന്ത്യയിലെ ജനാധിപത്യ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ ഇന്ത്യയിലേക്ക് വന്നവരാണ് അവർ. ഇവരെ രണ്ടു പേരെയും രണ്ടു കാഴ്ചപ്പാടിലൂടെ കാണണം. കശ്മീരിൽ നിന്ന് 370 വകുപ്പ് ഒഴിവാക്കിയത് ഇന്ത്യ അംഗീകരിച്ചതാണ്. അതാരും മറന്നു പോകരുത്. ഇന്ത്യൻ പട്ടാളത്തിനു എതിരെ പോരാടാൻ ആള് പോയത് കാശ്മീരിലേക്ക് പോയത് ഈ കേരളത്തിൽ നിന്നാണ്. അത് മറക്കരുത്. കളിയിക്കാവിളയിൽ പൊലീസുകാരന്റെ തലയ്ക്ക് നേരെ വെടിയുതിർത്ത് വെട്ടിക്കൊല്ലാൻ ആള് പോയതും കേരളത്തിൽ നിന്നാണ് അതും മറക്കരുത്. ഇവരെ വെള്ളപൂശാൻ രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കരുത്-വി.വി.രാജേഷ് പറഞ്ഞു.

ഇതോടെ ജ്യോതികുമാർ ഇടപെട്ടു. പൗരത്വ നിയമത്തിൽ നിന്ന് എന്തുകൊണ്ട് മുസ്ലിങ്ങളെ ഒഴിവാക്കി. അതിനു എന്ത് ന്യായീകരണമാണുള്ളത്. അനധികൃത കുടിയേറ്റക്കാരിൽ നിന്ന് മുസ്ലിംങ്ങളെ ഒഴിവാക്കാൻ എന്ത് ന്യായീകരണമാണുള്ളത്. എൻപിആർ തയ്യാറാക്കി എൻആർസി തയ്യാറാക്കുന്നത് മുസ്ലിംങ്ങളെ മാത്രം അടിസ്ഥാനമാക്കിയാണ്.-ജ്യോതികുമാർ പറഞ്ഞു. ഈ വാദങ്ങളെ എതിർത്ത് ശ്രീജിത്ത് പണിക്കർ വന്നു. ഇന്ത്യക്കാർ ആരെയും ബാധിക്കാത്ത നിയമമാണിത്. പിന്നെ എന്തിനു ഇവിടെ പ്രതിഷേധം ഉയരണം. പൗരത്വ നിയമം ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്ന് യുഎൻ സെക്രട്ടറി ജനറൽ പറഞ്ഞിട്ടുണ്ട്. അത് ശ്രദ്ധിക്കേണ്ട വസ്തുതയാണ്. ഇന്ത്യയിൽ അടിയന്തിരാവസ്ഥ നടപ്പിലാക്കിയ കോൺഗ്രസ് ആണ് മൗലികാവകാശലംഘനം എന്ന് പറഞ്ഞു പൗരത്വം നിയമത്തെ എതിർത്ത് രംഗത്ത് വന്നിരിക്കുന്നത്.

പൗരത്വം മൗലികാവകാശമല്ല. എൻപിആർ ഉണ്ടാക്കി എൻആർസിയിലേക്ക് പോകണം എന്ന് പറഞ്ഞത് കോൺഗ്രസിന്റെ ഉന്നത നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന പി.ചിദംബരമാണ്-യുപിഎ സർക്കാരാണ്. പൗരത്വ നിയമം മുസ്ലിം വിരുദ്ധമെന്ന് പറയുന്നതിന് അടിസ്ഥാനമേന്ത്? സിഖുകാർക്ക് വേണ്ടി മാത്രം നിയമമുണ്ടാക്കിയ കോൺഗ്രസാണ് ഇത് പറഞ്ഞത് എന്ന് ഓർക്കണം- ശ്രീജിത്ത് പണിക്കർ വിരൽ ചൂണ്ടി. ഇതിനു ജ്യോതികുമാറോ രാജു ഏബ്രഹാമോ മറുപടി പറഞ്ഞില്ല. പൗരത്വ നിയമത്തിൽ ഇപ്പോഴും ഒരു ക്ലാരിറ്റിയില്ല എന്നാണ് ചാമക്കാല പറഞ്ഞത്- എല്ലാവരും വാദങ്ങളിൽ ഉറച്ചു തന്നെ മുന്നോട്ട് പോകവേ മോഡറെറ്റർ ഇടപെട്ടു. ഇതോടെ രണ്ടു മണിക്കൂറോളം വീറും വാശിയുമായി നീണ്ട പൗരത്വ നിയമ സംവാദത്തിനു താത്ക്കാലത്തേക്ക് വിരാമമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP