Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

പൗരത്വ ഭേദഗതി സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി; കല്ലേറിൽ പരിക്കേറ്റ പലരുടേയും നില ഗുരുതരം; വടക്കു കിഴക്കൻ ഡൽഹിയിൽ സംഘർഷം നിയന്ത്രണാതീതം; പത്തിടങ്ങളിൽ നിരോധനാജ്ഞ; അക്രമം അടിച്ചമർത്താൻ കേന്ദ്ര സേന രംഗത്ത്; അക്രമ സംഭവങ്ങൾ എത്രയും വേഗം അവസാനിപ്പിക്കാൻ കർശന നടപടികളെടുക്കാൻ അമിത് ഷാ; ജനങ്ങൾ സംയമനം പാലിക്കണമെന്ന് സോണിയ; രാജ്യത്തുടനീളം അതീവ ജാഗ്രതയ്ക്ക് കേന്ദ്ര നിർദ്ദേശം; കേരളത്തിലും മുൻകരുതൽ നടപടികൾ; സിഎഎ പ്രക്ഷോഭം വീണ്ടും സജീവമാകുമ്പോൾ

പൗരത്വ ഭേദഗതി സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി; കല്ലേറിൽ പരിക്കേറ്റ പലരുടേയും നില ഗുരുതരം; വടക്കു കിഴക്കൻ ഡൽഹിയിൽ സംഘർഷം നിയന്ത്രണാതീതം; പത്തിടങ്ങളിൽ നിരോധനാജ്ഞ; അക്രമം അടിച്ചമർത്താൻ കേന്ദ്ര സേന രംഗത്ത്; അക്രമ സംഭവങ്ങൾ എത്രയും വേഗം അവസാനിപ്പിക്കാൻ കർശന നടപടികളെടുക്കാൻ അമിത് ഷാ; ജനങ്ങൾ സംയമനം പാലിക്കണമെന്ന് സോണിയ; രാജ്യത്തുടനീളം അതീവ ജാഗ്രതയ്ക്ക് കേന്ദ്ര നിർദ്ദേശം; കേരളത്തിലും മുൻകരുതൽ നടപടികൾ; സിഎഎ പ്രക്ഷോഭം വീണ്ടും സജീവമാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതിഷേധക്കാർ തമ്മിലുള്ള സംഘർഷത്തിൽ മരണം അഞ്ചായി. പ്രക്ഷോഭത്തിനിടെ വെടിയേറ്റ പൊലീസ് ഹെഡ് കോൺസ്റ്റബിളും കല്ലേറിൽ പരുക്കേറ്റ നാല് സമരക്കാരുമാണ് മരിച്ചത്. പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ ഓഫിസിലെ ഹെഡ് കോൺസ്റ്റബിൾ രത്തൻ ലാൽ (42) ആണ് കൊല്ലപ്പെട്ടത്. സിആർപിഎഫ് അംഗങ്ങൾ, ഡൽഹി പൊലീസ്, സമരക്കാർ എന്നിവരുൾപ്പെടെ അൻപതിലേറെ പേർക്കു പരുക്കേറ്റു. പൊലീസ് ഡെപ്യൂട്ടി കമ്മിഷണർക്കു പരുക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. ഡൽഹി സംഘർഷത്തെ തുടർന്ന് രാജ്യത്തുട നീളം അതീവ ജാഗ്രത പ്രഖ്യാപിച്ചു. കേരളത്തിലും സുരക്ഷ കൂട്ടി. രാജ്ഭവന് മുമ്പിൽ ഇന്നലെ അർദ്ധരാത്രി മുതൽ കനത്ത സുരക്ഷയാണുള്ളത്.

പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ ജാഫറാബാദ്, മൗജ്പുർ എന്നിവിടങ്ങളിൽ ഞായറാഴ്ചയുണ്ടായ സംഘർഷമാണ് ഇന്നലെ വിവിധയിടങ്ങളിൽ ചേരിതിരഞ്ഞുള്ള കല്ലേറിലേക്കും അക്രമത്തിലേക്കും വഴിമാറിയത്. സീലംപുർ, മൗജ്പുർ, ഗൗതംപുരി, ഭജൻപുര, ചാന്ദ്ബാഗ്, മുസ്തഫബാദ്, വസീറാബാദ്, ശിവ്്വിഹാർ തുടങ്ങിയ വടക്കു കിഴക്കൻ ഡൽഹി പ്രദേശങ്ങളിൽ കടുത്ത സംഘർഷാവസ്ഥയാണു നിലനിൽക്കുന്നത്. പ്രക്ഷോഭം അക്രമാസക്തമായ സാഹചര്യത്തിൽ നോർത്ത് ഈസ്റ്റ് ഡൽഹിയിലെ എല്ലാ സ്‌കൂളുകൾക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. എല്ലാ സർക്കാർ - സ്വകാര്യ സ്‌കൂളുകൾക്കും അവധി ആയിരിക്കുമെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. ഇന്റേണൽ പരീക്ഷ അടക്കമുള്ളവ സ്‌കൂളുകളിൽ ചൊവ്വാഴ്ച ഉണ്ടാവില്ല.

നോർത്ത് ഈസ്റ്റ് ഡൽഹി ജില്ലയിലെ ബോർഡ് പരീക്ഷകൾ മാറ്റിവെക്കണമെന്ന് കേന്ദ്ര മാനവ വിഭവശേഷി വികസനമന്ത്രി രമേഷ് പൊഖ്രിയാലിനോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും സിസോദിയ വ്യക്തമാക്കി. എന്നാൽ ചൊവ്വാഴ്ച നടക്കുന്ന പരീക്ഷകൾക്ക് നോർത്ത് ഈസ്റ്റ് ഡൽഹിയിൽ പരീക്ഷാ കേന്ദ്രങ്ങളില്ലെന്ന് സിബിഎസ്ഇ വക്താവ് അറിയിച്ചു. ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന്റെ ബന്ദ് ആഹ്വാനം ഏറ്റെടുത്താണു ജാഫറാബാദ് മെട്രോ സ്റ്റേഷനു മുന്നിൽ സീലംപുരിൽ നിന്നു മൗജ്പുരിലേക്കും യമുനാ വിഹാറിലേക്കും പോകുന്ന 66ാം നമ്പർ റോഡിൽ ഞായറാഴ്ച പുലർച്ചെ മുതൽ സ്ത്രീകൾ പ്രതിഷേധം ആരംഭിച്ചത്. ഇതിനിടെ ബിജെപി നേതാവ് കപിൽ മിശ്രയുടെ നേതൃത്വത്തിലുള്ള പൗരത്വ നിയമ അനുകൂലികൾ പ്രകടനം നടത്തിയതു സംഘർഷത്തിനു വഴിതുറന്നു. ഇന്നലെ രാവിലെ മുതൽ പല സ്ഥലത്തും സംഘർഷാവസ്ഥ രൂപപ്പെട്ടു. പൗരത്വ നിയമ പ്രതിഷേധക്കാർക്കു നേരെ പലയിടത്തും കല്ലേറുണ്ടായതോടെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ലാത്തിച്ചാർജും നടത്തി. ചിലർ 'ജയ് ശ്രീറാം' വിളികളോടെ ആക്രമണം അഴിച്ചുവിടുന്ന വിഡിയോകളും പുറത്തുവന്നിട്ടുണ്ട്.

സംഘർഷത്തെ തുടർന്ന് വടക്കൻ ഡൽഹിയിലെ പത്തിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സ്ഥലത്ത് എട്ടു കമ്പനി സിആർപിഎഫിനെയും രണ്ടു കമ്പനി ദ്രുതകർമ്മ സേനയെയും നിയോഗിച്ചു. സംഘർഷം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണെന്ന് കേന്ദ്ര സർക്കാർ ആരോപിച്ചു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി അറിയിച്ചു. ഡൽഹിയിലെ ഭജൻപുര, മൗജ്പുർ എന്നിവിടങ്ങളിലാണു സംഘർഷം. 24 മണിക്കൂറിനിടെ രണ്ടാം തവണയാണു സംഘർഷമുണ്ടാകുന്നത്. കല്ലേറുമുണ്ടായി. അക്രമത്തിനിടെ പ്രതിഷേധക്കാർ വാഹനങ്ങൾക്കും കടകൾക്കു വീടുകൾക്കും തീയിട്ടു.

ഗോകുൽപുരിയിലുണ്ടായ സംഘർഷത്തിലാണ് ഡൽഹി പൊലീസ് ഹെഡ് കോൺസ്റ്റബിൾ രത്തൻ ലാലിനാണ് ജീവൻ നഷ്ടമായത്. രാജസ്ഥാനിലെ സികർ സ്വദേശിയാണ് രത്തൻ. സെക്ഷൻ 144 പ്രകാരം വടക്കു കിഴക്കൻ ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ജാഫറാബാദിലെ സംഘർഷത്തിനിടെ നിരായുധനായി നിൽക്കുന്ന പൊലീസ് ഓഫീസറുടെ അടുക്കലേക്ക് കയ്യിൽ തോക്കുമായി ഒരു യുവാവ് ഓടിച്ചെല്ലുന്നത് ഉൾപ്പെടെയുള്ള വീഡിയോകളാണ് പ്രചരിക്കുന്നത്. തുടർന്ന് ഇയാൾ ആകാശത്തേക്ക് വെടിയുതിർക്കുന്നതും കാണാം. മുഹമ്മദ് ഷാരൂഖ് എന്ന പേരുള്ള ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

പൗരത്വ നിയമ ഭേദഗതി വിഷയവുമായി ബന്ധപ്പെട്ട് 24 മണിക്കൂറിനിടെ ഡൽഹിയിലുണ്ടാകുന്ന രണ്ടാമത്തെ സംഘർഷമാണിത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഡൽഹിയിലേക്ക് എത്തുന്നതിന് മണിക്കൂറുകൾ മുമ്പായിരുന്നു സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡൽഹി പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. സംഘർഷാവസ്ഥ നീങ്ങിയതിനു പിന്നാലെ പ്രദേശത്ത് അർധ സൈനിക വിഭാഗത്തെ വിന്യസിച്ചു. ഡൽഹി മെട്രോയുടെ ജാഫറാബാദ്, മൗജ്പുർ, ബാബർപുർ, ഗോകുൽപുരി, ജോഹ്റി എൻക്ലേവ്, ശിവ് വിഹാർ സ്റ്റേഷനുകൾ അടച്ചിട്ടുണ്ട്. ഉദ്യോഗ് ഭവൻ, പട്ടേൽ ചൗക്ക്, സെൻട്രൽ സെക്രട്ടേറിയേറ്റ്, ജൻപഥ് സ്റ്റേഷനുകളും അടച്ചിരുന്നെങ്കിലും ഇപ്പോൾ തുറന്നു

സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തര യോഗം വിളിച്ചുചേർത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സ്ഥിതിഗതികൾ വിലയിരുത്തി. തിങ്കളാഴ്ച വൈകീട്ട് ചേർന്ന യോഗത്തിൽ ആഭ്യന്തര സെക്രട്ടറി എ.കെ ഭല്ല, ഡൽഹി ലഫ്. ഗവർണർ അനിൽ ബയ്ജാൽ, ഡൽഹി പൊലീസ് കമ്മീഷണർ അമൂല്യ പട്നായിക്ക് തുടങ്ങിയവർ പങ്കെടുത്തു. അക്രമ സംഭവങ്ങൾ എത്രയും വേഗം അവസാനിപ്പിക്കാൻ അമിത് ഷാ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. രാജ്യതലസ്ഥാനത്തെ സ്ഥിതിഗതികൾ അമിത്ഷാ നേരിട്ട് നിരീക്ഷിച്ചു വരികയാണെന്ന് വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. അതിനിടെ ജനങ്ങൾ സംയമനം പാലിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി അഭ്യർത്ഥിച്ചു.

ഡൽഹിയിലെ ജനങ്ങൾ മതസൗഹാർദം കാത്തുസൂക്ഷിക്കണം. മതത്തിന്റെ പേരിൽ രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്ന ശക്തികളെ പരാജയപ്പെടുത്തണം. സംഘർഷത്തിനിടെ മരിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തെ അനുശോചനം അറിയിക്കുന്നു. മഹാത്മാ ഗാന്ധിയുടെ നാട്ടിൽ അക്രമത്തിന് സ്ഥാനമില്ല. ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർക്കും ഇവിടെ വിജയിക്കാനാവില്ല - സോണിയ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP