Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'വ്യക്തിപരമായ ഈ ബാധ്യത എന്നും സ്‌നേഹത്തോടെ ജീവിക്കുന്ന ഞങ്ങളുടെ കുടുംബം പരിഹരിക്കേണ്ടതാണ്'; കടം തീർക്കാൻ ഒരാളും, ഒരു സ്ഥലത്തും ഒരു സാമ്പത്തിക സമാഹരണവും നടത്തരുത്'; അഭ്യർത്ഥനയുമായി കോൺഗ്രസ് നേതാവ് സി ആർ മഹേഷ്

'വ്യക്തിപരമായ ഈ ബാധ്യത എന്നും സ്‌നേഹത്തോടെ ജീവിക്കുന്ന ഞങ്ങളുടെ കുടുംബം പരിഹരിക്കേണ്ടതാണ്'; കടം തീർക്കാൻ ഒരാളും, ഒരു സ്ഥലത്തും ഒരു സാമ്പത്തിക സമാഹരണവും നടത്തരുത്';  അഭ്യർത്ഥനയുമായി കോൺഗ്രസ് നേതാവ് സി ആർ മഹേഷ്

മറുനാടൻ മലയാളി ബ്യൂറോ

കരുനാഗപ്പള്ളി: എതാനും ദിവസം മുമ്പ് പുറത്തുവന്ന ഒരു വാർത്ത രാഷ്ട്രീയ കേരളത്തിലും സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായിരുന്നു. കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി ആർ മഹേഷിന്റെ കുടുംബത്തിന്റെ കടബാധ്യതയെക്കുറിച്ചുള്ള വാർത്ത ആയിരുന്നു അത്. ഇക്കാര്യത്തിൽ വിശദീകരണവും ഇതിന്റെ പേരിൽ ആരും സി ആർ മഹേഷിന്റെ കുടുംബത്തിന് പണപ്പിരിവ് നടത്തരുതെന്ന അഭ്യർത്ഥനയുമായി രംഗത്തെത്തിയിരിക്കുകയാണ് യുവ കോൺഗ്രസ് നേതാവ്.

'സി.ആർ മഹേഷിന്റെ കടം തീർക്കാൻ ഒരാളും, ഒരു സ്ഥലത്തും (നാട്ടിലോ വിദേശത്തോ) ഒരു സാമ്പത്തിക സമാഹരണവും നടത്തരുതെന്ന് ഞാൻ സ്‌നേഹത്തോടെ അഭ്യർത്ഥിക്കുകയാണ്..' കെപിസിസി ജനറൽ സെക്രട്ടറി സി.ആർ. മഹേഷ് തന്നെ ഫേസ്‌ബുക്കിൽ കുറിച്ച വരികളാണ്.

വ്യക്തിപരമായി ഉണ്ടായ കടമാണെന്നും അതു കൊടുത്തുതീർക്കാൻ ആരുടേയും സഹായം വേണ്ടെന്നും അദ്ദേഹം വിനയത്തോടെ ഇപ്പോൾ വ്യക്തമാക്കുന്നു. വായ്പ കുടിശികയായതിനെത്തുടർന്നു സഹകരണ ബാങ്കിൽ നിന്നു ജപ്തിക്കു മുന്നോടിയായുള്ള നോട്ടിസ് ലഭിച്ചതോടെ മഹേഷും അമ്മയും ഉൾപ്പെടെ 8 അംഗങ്ങൾ അടങ്ങുന്ന കുടുംബം പ്രതിസന്ധിയിലായത്. കരുനാഗപ്പള്ളി സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽ നിന്നു 2015 ൽ മഹേഷിന്റെ അമ്മയുടെ പേരിലുള്ള വസ്തുവും വീടും പണയപ്പെടുത്തി എടുത്ത വായ്പയാണു കുടിശിക പെരുകി 23.94 ലക്ഷത്തിലേറെ രൂപയുടെ ബാധ്യതയായത്. അടച്ചു തീർക്കാനുള്ള കുടിശിക മാത്രം 14.6 ലക്ഷത്തിലേറെ വരും.

കുറിപ്പ് വായിക്കാം: പ്രിയപ്പെട്ടവരേ... എന്റെ കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതയുമായി ബന്ധപ്പെട്ട് ഒരു വാർത്ത സാമൂഹിക മാധ്യമങ്ങളിലും മറ്റിതര മാധ്യമങ്ങളിലും പ്രത്യക്ഷപ്പെടുകയുണ്ടായി.നമ്മുടെ സമൂഹത്തിലെ പല കുടുംബങ്ങളും നേരിടുന്ന ഒരു സ്വാഭാവിക പ്രതിസന്ധി മാത്രമാണ് ഉണ്ടായിട്ടുള്ളത്. ഉള്ള സമ്പാദ്യം ബാങ്കിൽ വെച്ച് കാര്യങ്ങൾ നടത്താൻ കടമെടുക്കുക, മുതലും പലിശയും തിരിച്ചടക്കാൻ കഴിയാതെ വരിക, ഇങ്ങനെ സംഭവിക്കുന്ന ധാരാളം പേരുണ്ട്. ഞങ്ങളുടെ വായ്പക്കും ബാങ്ക് പലതവണ സാവകാശം തന്നിരുന്നു. പക്ഷെ സാധ്യമായില്ല. ഇത്തരം കാര്യങ്ങൾ ഈ നാളുകളത്രയും തികച്ചും സ്വകാര്യമായ ഒന്നായാണ് ഞാൻ സൂക്ഷിച്ചിരുന്നത്. പക്ഷെ ഈ സന്ദർഭത്തിൽ ഇതിനു സാവകാശം തേടി പലരോടും സംസാരിക്കേണ്ടി വന്നതിലൂടെ ആകണം, ഇത് പുറത്തു പോവുകയും ചെയ്തു.

ഈ വാർത്ത ശ്രദ്ധയിൽപെട്ട് ധാരാളം സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരും അറിയാവുന്നവരും അറിയാത്തവരുമായ പലരും ബന്ധപ്പെടുകയും വിവരങ്ങൾ അന്വേഷിക്കുകയുമൊക്കെ ചെയ്തു. ഒത്തിരി സന്തോഷം. നന്ദിയുമുണ്ടെല്ലാവരോടും. എന്നാൽ ഈ പ്രശ്‌ന പരിഹാരത്തിന് ആരിൽനിന്നും എന്തെങ്കിലും സാമ്പത്തിക സഹായങ്ങൾ ഞാൻ പ്രതീക്കുന്നില്ല. വ്യക്തിപരമായ ഈ ബാധ്യത, എന്നും സ്‌നേഹത്തോടെ ജീവിക്കുന്ന ഞങ്ങളുടെ കുടുംബം തന്നെ പരിഹരിക്കേണ്ടതാണ്. എന്തും പറഞ്ഞു സാമ്പത്തികം ശേഖരിക്കുന്നത് സാധാരണയായിരിക്കുന്ന ഇക്കാലത്തു സി ആർ മഹേഷിന്റെ കടം തീർക്കാൻ ഒരാളും, ഒരു സ്ഥലത്തും (നാട്ടിലോ വിദേശത്തോ) ഒരു സാമ്പത്തിക സമാഹരണവും നടത്തരുതെന്ന് ഞാൻ സ്‌നേഹത്തോടെ അഭ്യർത്ഥിക്കുകയാണ്.

അതുകൊണ്ടു തന്നെ ഞാൻ ബാങ്കുമായി ബന്ധപ്പെട്ടവരോട് അപേക്ഷിച്ചിട്ടുള്ളത് അല്പം സാവകാശം മാത്രമാണ്, അത് ലഭിക്കുമെന്ന പ്രതീക്ഷയും എനിക്കുണ്ട്. അത് കിട്ടിയാൽ ഞങ്ങൾ അടച്ചു തീർക്കുക തന്നെ ചെയ്യും. ഈ ബാധ്യത പരിഹരിക്കാനുള്ള ഉത്തരവാദിത്തം എന്റെയും എന്റെ കുടുംബത്തിന്റെയും മാത്രമാണ്.

ഇക്കാലമത്രയും ഇതേ പ്രതിസന്ധിയിലൂടെയൊക്കെത്തന്നെയാണ് ഞാൻ ജീവിച്ചതും പൊതു പ്രവർത്തനം നടത്തിയതും. പൊതുപ്രവർത്തനത്തിനും മറ്റു ജനങ്ങളെ സഹായിക്കുന്നതിനും എന്നോടൊപ്പമെന്നും നിന്നിട്ടുള്ള നിങ്ങളോടുള്ള ഇഷ്ടവും സ്‌നേഹവും എന്നും എപ്പോഴും ഹൃദയത്തിലുണ്ടാകും. ഞാൻ വിശ്വസിക്കുന്ന പൊതുപ്രവർത്തനത്തിലെ മൂല്യങ്ങൾ ഒരിക്കലും കൈമോശം വരാതിരിക്കാൻ നിങ്ങളുടെ പിന്തുണയും ഇനിയുമുണ്ടാകണം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോഴും എന്നെ വർഗീയവാദിയാക്കിയും ബിനാമി സമ്പാദ്യ പേരു പറഞ്ഞും - വ്യാജ പീഡന വാർത്തകൾ ഉണ്ടാക്കി പ്രചരിപ്പിച്ചും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടന്നു. അതവർ തുടരട്ടെ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP