Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബൈജു രവീന്ദ്രന്റെ രക്തത്തിനായി മുറവിളി; ഡയറക്ടർ ബോർഡിൽ നിന്ന് പുറത്താക്കാൻ ഓഹരി ഉടമകളുടെ നീക്കം; അടികൊണ്ട് രക്തം വാർന്നുവെങ്കിലും തല കുനിഞ്ഞിട്ടില്ലെന്ന് ബൈജു രവീന്ദ്രൻ; ബൈജൂസിനെ 'ആകാശ് 'രക്ഷിക്കുമോ?

ബൈജു രവീന്ദ്രന്റെ രക്തത്തിനായി മുറവിളി; ഡയറക്ടർ ബോർഡിൽ നിന്ന് പുറത്താക്കാൻ ഓഹരി ഉടമകളുടെ നീക്കം; അടികൊണ്ട് രക്തം വാർന്നുവെങ്കിലും തല കുനിഞ്ഞിട്ടില്ലെന്ന് ബൈജു രവീന്ദ്രൻ; ബൈജൂസിനെ 'ആകാശ് 'രക്ഷിക്കുമോ?

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: കോവിഡ് കാലത്തിന് ശേഷം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്ന ബൈജൂസിൽ സ്ഥാപകൻ ബൈജു രവീന്ദ്രനെ പുറത്താക്കാൻ നീക്കം. സ്ഥാപനത്തിൽ, 30 ശതമാനത്തിലേറെ ഓഹരി കൈയാളുന്ന ഒരുസംഘം പ്രമുഖ ഓഹരിയുടമകളാണ് കമ്പനിയുടെ അസാധാരണ പൊതുയോഗം വിളിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. സ്റ്റാർട്ട് അപ്പിന്റെ നിക്ഷേപകരും, ബൈജു രവീന്ദ്രനും തമ്മിലുള്ള അകലം കൂടി വ്യക്തമാക്കുന്നതാണ് പുതിയ സംഭവവികാസങ്ങളെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

ബോർഡിൽ നിന്ന് ബൈജു രവീന്ദ്രനെയും കുടുബാംഗങ്ങളെയും പുറത്താക്കാനായി ഈ ഓഹരിയുടമകൾ വോട്ടുചെയ്യുമെന്നാണ് സൂചന. കമ്പനിയുടെ സാമ്പത്തിക പ്രശ്‌നങ്ങൾ വഷളാകുന്നതിനിടെ, മാസങ്ങളായി ചില നിക്ഷേപകർ ഈ നിർദ്ദേശം മുന്നോട്ടുവച്ചെങ്കിലും വിജയിച്ചില്ലെന്നും പറയുന്നു.

തിങ്ക് ആൻഡ് ലേണിന്റെ നിലവിലെ ബോർഡ് ബൈജു രവീന്ദ്രൻ, സഹസ്ഥാപകയും ഭാര്യയുമായ ദിവ്യ ഗോകുൽനാഥ്, സഹോദരൻ റിജു രവീന്ദ്രൻ എന്നിവരടങ്ങിയതാണ്. ഇവരുടെ ഭരണപിഴവാണ് സ്ഥാപനം നേരിടുന്ന പ്രതിസന്ധിക്ക് കാരണമെന്നാണ് വിമർശനം. രവീന്ദ്രനും കുടുംബത്തിനും കമ്പനിയിൽ 26 ശതമാനത്തോളം ഓഹരിയുണ്ട്.

ജൂലൈയിലും, ഡിസംബറിലും അടിയന്തര പൊതുയോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ടി ആർ എൽ ബോർഡ് ഡയറക്ടർമാർ ഗൗനിച്ചില്ല. സ്ഥാപകരെ ഒഴിവാക്കി ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് പുനഃ സംഘടിപ്പിക്കണമെന്നാണ് ആവശ്യങ്ങളിൽ ഒന്ന്. സാമ്പത്തിക ദുരുപയോഗം, ബിസിനസ് വ്യവസ്ഥകൾ ലംഘിക്കൽ ഉൾപ്പടെയുള്ള പ്രമേയങ്ങൾ ചർച്ച ചെയ്യണമെന്നും ഇവർ ആവശ്യപ്പെടുന്നു. ചുരുക്കി പറഞ്ഞാൽ നേതൃമാറ്റത്തിനാണ് മുറവിളി. നിലവിലെ നേതൃത്വത്തിന് കീഴിൽ കമ്പനിയുടെ ഭാവി സ്ഥിരതയെ കുറിച്ച് ആശങ്കയുണ്ടെന്ന് ഒരുസംഘം നിക്ഷേപകർ പറയുന്നു.

അടിയന്തര പൊതുയോഗത്തിൽ പ്രമേയം പാസാക്കണമെങ്കിൽ, ഓഹരിയുടമകളുടെ പിന്തുണ നേടണം. മതിയായ വോട്ടുകൾ കിട്ടിയാൽ ബൈജുവിനെയും കുടുംബത്തെയും പുറത്താക്കി പുതിയ മാനേജ്‌മെന്റിനെ അവരോധിക്കാനാണ് നീക്കം.

നീക്കം പരാജയപ്പെടുത്താൻ മാനേജ്‌മെന്റ്

അതേസമയം,നേതൃസ്ഥാനത്തുള്ളവരെ പുറത്താക്കാൻ നിക്ഷേപകർ ഗൂഢാലോചന നടത്തിയെന്നാണ് ബൈജൂസ് മാനേജുമെന്റിന്റെ ആരോപണം. പ്രതിസന്ധി നേരിടുന്ന സമയത്ത് നിക്ഷേപകർ ബൈജു രവീന്ദ്രൻ ഉൾപ്പടെയുള്ളവരെ മാറ്റാൻ ശ്രമിച്ചെന്ന് ജീവനക്കാർക്കയച്ച കത്തിൽ കമ്പനി ആരോപിക്കുന്നു. സിഇഒ ഉൾപ്പടെയുള്ളവരെ മാറ്റാനുള്ള അവകാശം നിക്ഷേപകർക്കില്ലെന്ന് മാനേജ്‌മെന്റ് പ്രസ്താവന ഇറക്കുകയും ചെയ്തു.. ഈയാഴ്ച ആദ്യം പ്രഖ്യാപിച്ച അവകാശ ഇഷ്യു ഓവർ സബ്സ്‌ക്രൈബ് ആയതായും മാനേജുമെന്റ് ജീവനക്കാരെ അറിയിച്ചു.

അവകാശ ഇഷ്യു ആരംഭിച്ച് മൂന്നു ദിവസങ്ങൾക്കുള്ളിൽ നിർദ്ദിഷ്ട തുകയുടെ 100 ശതമാനത്തിലേറെയായെന്നാണ് കമ്പനി അവകാശപ്പെട്ടത്. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ 25 ദിവസംകൂടി വേണ്ടിവരുമെന്നും ജീവനക്കാർക്കയച്ച കത്തിൽ പറയുന്നു. ഫെബ്രുവരി അഞ്ചിനകം ശമ്പളം നൽകുമെന്നും മാനേജുമെന്റ് ജീവനക്കാർക്ക് ഉറപ്പുനൽകിയിട്ടുണ്ട്.

ബൈജൂസിന്റെ മാതൃ കമ്പനിയായ തിങ്ക് ആൻഡ് ലേണിങ് സ്ഥാപകർക്ക് നിയന്ത്രണമുണ്ടാകാത്ത വിധത്തിൽ ഡയറക്ടർ ബോർഡ് പുനഃസംഘടിപ്പിക്കുണമെന്നതായിരുന്നു മുന്നോട്ടുവെച്ച ആവശ്യം. പ്രധാന നിക്ഷേപകരായ ജനറൽ അറ്റ്ലാന്റിക്, പ്രോസസ് വെഞ്ച്വേഴ്സ്, പീക് എക്സ്വി തുടങ്ങിയവരാണ് കമ്പനിയുടെ ബോർഡ് പുനഃസംഘടിപ്പിക്കണമെന്നാവശ്യപ്പെട്ട് രംഗത്തുവന്നത്.

അടികൊണ്ട് രക്തം വാർന്നുവെങ്കിലും തല കുനിഞ്ഞിട്ടില്ലെന്ന് ബൈജു രവീന്ദ്രൻ

ഏറെ പ്രതീക്ഷകളോടെ ബൈജൂസിൽ നിക്ഷേപമിറക്കിയ പലരും തങ്ങളെ പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ കമ്പനി ലോ ട്രിബ്യൂണലിനെ (എൻസിഎൽടി) സമപീച്ചതോടെ ബൈജു രവീന്ദ്രനും വെറുതെയിരിക്കുന്നില്ല. കാരണം തന്റെ കമ്പനികളിൽ നിക്ഷേപിച്ചവരെ പാപ്പരായി ദേശീയ കമ്പനി ലോ ട്രിബ്യൂണൽ പ്രഖ്യാപിച്ച് കഴിഞ്ഞാൽ പിന്നെ ബൈജൂസ് എന്ന കമ്പനിയുടെ വിശ്വാസ്യത ആഗോള തലത്തിൽ തകരും. അതിന് മുൻപ് സർവ്വശക്തിയെടുത്ത് നഷ്ടപ്രതാപം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി അവകാശ ഓഹരികൾ ഇറക്കി 1600 കോടി സമാഹരിക്കാനുള്ള ശ്രമത്തിലാണ് ഉടമ ബൈജു രവീന്ദ്രൻ. കമ്പനിയുടെ മൂലധനച്ചെലവുകൾക്ക് ഈ പണം ഉപയോഗിക്കുമെന്ന് ഉപയോഗിക്കുമെന്ന് ബൈജു രവീന്ദ്രൻ പറയുന്നു.

ഇതിന്റെ ഭാഗമായി തന്റെ ഓഹരിയുടമകൾക്ക് ബൈജു തന്റെ ഇപ്പോഴത്തെ സ്ഥിതിവിശേഷം വ്യക്തമാക്കുന്ന അതിവൈകാരികമായ ഒരു കത്തും ഇറക്കിയിരിക്കുകയാണ്. 'ഓർക്കാപ്പുറത്തുള്ള അടിയേറ്റ് തലയിൽ നിന്നും രക്തം വാർന്നുകൊണ്ടിരിക്കുകയാണെന്നും എന്നാൽ തന്റെ ശിരസ്സ് ഇനിയും കുനിഞ്ഞിട്ടില്ല'' -കത്തിൽ ബൈജു രവീന്ദ്രൻ വ്യക്തമാക്കുന്നു. ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആൻഡ് ലേൺ ബോർഡ് അവകാശ ഓഹരികളിലൂടെ പണം പിരിക്കാൻ സമ്മതം നല്കിയ കാര്യവും ബൈജു വ്യക്തമാക്കുന്നു.

അവകാശ ഓഹരികൾ വാങ്ങാൻ ബൈജൂസിന്റെ ഇപ്പോഴത്തെ ഓഹരിയുടമകൾക്ക് മാത്രമേ കഴിയൂ. അതുകൊണ്ടാണ് അവരിൽ വിശ്വാസം വളർത്തുന്ന രീതിയിൽ അതിവികാരനിർഭരമായ കത്ത് ബൈജു രവീന്ദ്രൻ എഴുതിയത്.

ആകാശ് രക്ഷിക്കുമോ?

ബൈജൂസ് നേരത്തെ വാങ്ങിയിരുന്ന ആകാശ് എന്ന എൻട്രൻസ് കോച്ചിങ് കമ്പനി ഈയിടെ 2022 സാമ്പത്തിക വർഷത്തിൽ 76 കോടിയിലധികം ലാഭം പ്രഖ്യാപിച്ചതാണ് ബൈജു രവീന്ദ്രന് തിരിച്ചുവരവിനുള്ള പ്രതീക്ഷ പകരുന്നത്. 2021 സാമ്പത്തിക വർഷത്തിൽ വെറും 43.6 കോടി മാത്രമായിരുന്നു ലാഭം. ആകാശിലും വായ്പാപ്രതിസന്ധി ഉണ്ടായിരുന്നെങ്കിലും അവസാന നിമിഷം മണിപ്പാൽ ഗ്രൂപ്പിന്റെ രഞ്ജൻ പൈ ഒരു രക്ഷകനെപ്പോലെ എത്തുകയായിരുന്നു. ആകാശിലെ 40 ശതമാനം ഓഹരി ഏകദേശം 2400 കോടി രൂപ മുടക്കിയാണ് രഞ്ജൻ പൈ സ്വന്തമാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP