Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യാത്രക്കാരുടെ മിനിമം കൂലി വർദ്ധിപ്പിക്കേണ്ടത് വിദ്യാർത്ഥികളിൽ നിന്നും കുറഞ്ഞ കൂലി ഈടാക്കുന്നതിനാലെന്ന് നാറ്റ്പാക്ക് റിപ്പോർട്ട്; ഡീസൽ വില കുറഞ്ഞപ്പോൾ നിരക്ക് കുറക്കാൻ കൂട്ടാക്കാതെ ബസ് ഉടമകൾക്ക് ലാഭത്തിന് അവസരം ഒരുക്കി ജസ്റ്റിസ് എം രാമചന്ദ്രനും; ബസ്ചാർജ്ജ് നിർണ്ണയ സമിതി ചെയർമാൻ സംരക്ഷിക്കുന്നത് ബസ് ഉടമകളുടെ മാത്രം താൽപ്പര്യമെന്ന് ആക്ഷേപം; വിശ്വ ഹിന്ദു പരിഷത്ത് നേതാവിനെ ഇനിയും തുടരാൻ അനുവദിക്കുന്നതെന്തിന്?

യാത്രക്കാരുടെ മിനിമം കൂലി വർദ്ധിപ്പിക്കേണ്ടത് വിദ്യാർത്ഥികളിൽ നിന്നും കുറഞ്ഞ കൂലി ഈടാക്കുന്നതിനാലെന്ന് നാറ്റ്പാക്ക് റിപ്പോർട്ട്; ഡീസൽ വില കുറഞ്ഞപ്പോൾ നിരക്ക് കുറക്കാൻ കൂട്ടാക്കാതെ ബസ് ഉടമകൾക്ക് ലാഭത്തിന് അവസരം ഒരുക്കി ജസ്റ്റിസ് എം രാമചന്ദ്രനും; ബസ്ചാർജ്ജ് നിർണ്ണയ സമിതി ചെയർമാൻ സംരക്ഷിക്കുന്നത് ബസ് ഉടമകളുടെ മാത്രം താൽപ്പര്യമെന്ന് ആക്ഷേപം; വിശ്വ ഹിന്ദു പരിഷത്ത് നേതാവിനെ ഇനിയും തുടരാൻ അനുവദിക്കുന്നതെന്തിന്?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വകാര്യ ബസ് സമരം അവസാനിപ്പിക്കാൻ സർക്കാർ കർശന നിലപാടുമായി മുന്നോട്ടു പോകുകയാണ്. എന്നാൽ, ബസ് ഉടമകൾ ഇതുവരെ സമരം പിൻവലിക്കാൻ തയ്യാറായിട്ടില്ല. ജനങ്ങളെ വലച്ചുകൊണ്ടുള്ള ഈ സമരം എത്രകാലം മുന്നോട്ടു പോകുമെന്നാണ് ഇനി അറിയേണ്ടത്. വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് വർദ്ധിപ്പിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. ഈ നിലപാട് സ്വകാര്യ ബസ് ഉടമകൾ സ്വീകരിക്കാൻ കാരണം ബസ്ചാർജ്ജ് നിർണ്ണയ സമിതി ചെയർമാൻ റിട്ട. ജസ്റ്റിസ് എം രാമചന്ദ്രന്റെ നിലപാടാണ്. പലപ്പോഴും സ്വകാര്യ ബസ് ഉടമകളുടെ താൽപ്പര്യം സംരക്ഷിക്കുന്ന വിധത്തിലാണ് ചെയർമാൻ പെരുമാറുന്നത് എന്നാണ് ഉയർന്നിരിക്കുന്ന ആക്ഷേപം.

ജസ്റ്റിസ് എം രാമചന്ദ്രന്റെ നിലപാട് വിശ്വസിച്ച ബസ് ഉടമകളാണ് വെട്ടിലായിരിക്കുന്നത്. യാത്രക്കാരുടെ ഉയർന്ന മിനിമം കൂലി വിദ്യാർത്ഥികൾക്ക് കുറഞ്ഞ കൂലി ഈടാക്കുന്നതിനാൽ എന്നാണ് നാറ്റ്പാക്ക് രേഖകൾ പറയുന്നത്. ഇത് കൂടാതെ ജസ്റ്റിസ് രാമചന്ദ്രൻ നായരും ഈ നിലപാടിനെ അനുകൂലിച്ചു കൊണ്ടാണ് രംഗത്തെത്തിത്തിയത്. ചാർജ്ജ് വർധിപ്പിക്കണമെന്ന ആവശ്യം ബസ് ഉടമകൾ ഉന്നയിക്കാൻ കാരണവും ബസ്ചാർജ്ജ് നിർണ്ണയ സമിതി ചെയർമാന്റെ നിലപാടാണെന്നാണ് ആരോപവും ശക്തമാണ്. എന്തായാലും വിദ്യാർത്ഥികളുടെ ബസ് ചർജ്ജ് വർദ്ധിപ്പിക്കുന്നതിനോട് അനുകൂലമായി പ്രതികരിക്കാൻ ഇനിയും സർക്കാർ തയ്യാറായേക്കില്ല.

വിദ്യാർത്ഥികൾക്ക് കൺസെഷൻ നൽകുന്നതു കൊണ്ടാണ് കേരളത്തിൽ ബസ് നിരക്ക് ഉയരുന്നത് എന്നാണ് നാറ്റ്പാക്ക് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. കർണാടക അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളിൽ കൺസെഷൻ നിരക്ക് ഉയർന്നതായതിനാലാണ് അവിടെ സാധാരണ നിരക്കിൽ വർദ്ധനവുള്ളതും. അതുകൊണ്ട് തന്നെ നാറ്റ്പാക്ക് റിപ്പോർട്ട് പ്രകാരം കേരളത്തിലെ സ്വകാര്യ ബസുകൾക്ക് മതിയായ വിഹിതം യാത്രാക്കൂലിയായി ലഭിക്കുന്നുണ്ടെന്ന് വേണം കരുതാൻ. അതേസമയം ഡീസൽ വിലവർദ്ധനവിന് അനുസൃതമായി നിരക്ക് വർദ്ധിപ്പിക്കാൻ തയ്യാറാകുന്ന സ്വകാര്യ ബസ് ഉടമകൾ മറിച്ചുള്ള ആവശ്യം അംഗീകരിക്കാൻ പോലും പലപ്പോഴും തയ്യാറാകാറില്ല.

നേരത്തെ 2015ൽ ഡീസൽ വിലകുത്തനെ കുറഞ്ഞപ്പോൾ ചാർജ്ജു കുറക്കാൻ സർക്കാർ നിർദ്ദേശിച്ചെങ്കിലും പറ്റില്ല എന്നാണ് ജസ്റ്റിസ് രാമചന്ദ്രൻ സ്വീകരിച്ച നിലപാട്. വിദ്യാർത്ഥി കൺസെഷൻ വർദ്ധിപ്പിക്കാൻ തയ്യാറാകണം എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇക്കാര്യം അദ്ദേഹം തയ്യാറാക്കിയ റിപ്പോർട്ടിൽ കുറിക്കുകയും ചെയ്തു. പുറത്തുവന്ന ഈ രണ്ട് റിപ്പോർട്ടുകളും പരിശോധിക്കുമ്പോൾ വ്യക്തമാകുന്നത് ബസ് ഉടമകളുടെ അത്യാർത്തിക്ക് അനുസൃതമായാണ് കാര്യങ്ങളുടെ പോക്കെന്നാണ്.

അതേസമയം ബസ് സമരം ജനജീവിതം ദുസ്സഹമാക്കുമ്പോൾ സർക്കാർ കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ്. പെർമിറ്റ് നിബന്ധന പാലിക്കാത്തതിന് കാരണം വിശദമാക്കണമെന്നാവശ്യപ്പെട്ട് ബസുടമകൾക്ക് നോട്ടീസ് നൽകാൻ തീരുമാനിച്ചതായി ട്രാൻസ്‌പോർട്ട് കമ്മീഷണർ കെ. പത്മകുമാർ അറിയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് എല്ലാ ആർടിഒമാർക്കും കമ്മീഷണർ നിർദ്ദേശം നൽകി. വിശദീകരണം തൃപ്തികരമല്ലെങ്കിൽ പെർമിറ്റ് റദ്ദാക്കുന്ന നടപടികളിലേക്ക് സർക്കാർ നീങ്ങും. ഇതോടെ ബസ് സമരം എല്ലാ അർത്ഥത്തിലും പൊളിയാനാണ് സാധ്യത.

സമരത്തിന്റെ പേരിൽ ജനങ്ങളെ ബുദ്ധിമുട്ടിച്ച് സർവീസ് നടത്താതിരിക്കുന്നത് അംഗീകരിക്കില്ലെന്നാണ് സർക്കാർ നിലപാട്. സമരം തുടരാനാണ് തീരുമാനമെങ്കിൽ കർശന നടപടികളുമായി സർക്കാരിന് മുന്നോട്ട് പോകേണ്ടി വരുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞിരുന്നു. ബസുകൾ പിടിച്ചെടുക്കുന്നതടക്കമുള്ള കടുത്ത തീരുമാനങ്ങളിലേക്ക് സർക്കാരിനെ നയിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കില്ലെന്നും ഗതാഗതമന്ത്രി കൂട്ടിച്ചേർത്തു. സമരത്തിലുള്ള ബസുടമകളുടെ സംഘടനകളുമായി ഞായറാഴ്ച സർക്കാർ ചർച്ച നടത്തിയിരുന്നു. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കില്ലെന്ന് സർക്കാർ നിലപാടെടുത്തതോടെ ചർച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു.

പെർമിറ്റു റദ്ദായാൽ കിട്ടാൻ സാധ്യതയില്ലാത്ത സിറ്റി ടൗൺ സർവീസുകളായും കെഎസ്ആർടിസി റൂട്ടുകളിലെ ലിമിറ്റഡുകളായും മേൽ സർക്കാർ പിടിക്കാൻ ഒരുങ്ങുകയാണ്. അതേസമയം സർക്കാർ നിയമിച്ച ബസ് ചാർജ്ജ് നിർണയ സമിതി ചെയർമാന്റേത് സർക്കാർ വിരുദ്ദ നിലപാടാണെന്ന ആക്ഷേപവും ശക്തമാണ്.

വിശ്വഹിന്ദു പരിഷത്തിന്റെ മുഖപത്രമായ ഹിന്ദു വിശ്വയുടെ പത്രാധിപ സമിതി ചെയർമാനായ ജസ്റ്റീസ് എം രാമചന്ദ്രൻ (റിട്ട) ആണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ബസ് ചാർജ് നിർണ്ണയ സമിതി ചെയർമാനായി നിയമിച്ചത്. വിശ്വഹിന്ദു പരിഷത്തിന്റെ സഹയാത്രികനായ വ്യക്തിയെ തൽസ്ഥാനത്ത് തുടരാൻ അനുവദിക്കുന്നതിൽ കടുത്ത അമർഷം ഇടതു പ്രവർത്തകർക്കും നേതാക്കൾക്കുമിടയിൽ ഉയർന്നിട്ടുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ അടുപ്പക്കാരൻ കൂടിയാണ് ജസ്റ്റിസ് എം രാമചന്ദ്രൻ. അങ്ങനെയൊരു വ്യക്തിയെ എന്തിനാണ് ഇടതു സർക്കാർ സുപ്രധാന പോസ്റ്റിൽ തുടരാൻ അനുവദിക്കുന്നതെന്ന വിമർശനവുമുണ്ട്.

പ്രതിമാസം 75000 രൂപ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ബസ് ചർജ്ജ് നിർണയ സമിതി ചെയർമാൻ സ്ഥാനത്തിരിക്കുന്ന വ്യക്തിക്ക് ലഭിക്കും. വല്ലപ്പോഴും തെളിവെടുപ്പ് നടത്തുക മാത്രമാണ് അദ്ദേഹത്തിന്റെ ജോലി. ഇന്ന് തിരുവനന്തപുരത്തും ബസ് ചാർജ്ജ് വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച തെളിവെടുപ്പ് നടന്നിരുന്നു. ബസ് ഉടമകളിൽ നിന്നാണ് രാമചന്ദ്രൻ തെളിവെടുപ്പ് നടത്തിയത്. ബസ് ചാർജ്ജ് വർദ്ധിപ്പിക്കാനുള്ള തീരുമാനം നയപരമായി കൈക്കൊള്ളാമെന്നിരിക്കേ എന്തിനാണ് ഇതിനൊരു കമ്മീഷൻ എന്ന ചോദ്യവും ഉയരുന്നുണ്ട്.

വിശ്വഹിന്ദു പരിഷത്തിന്റെ സംസ്ഥാനത്തെ തല മുതിർന്ന നേതാവാണ് ജസ്റ്റീസ് രാമചന്ദ്രൻ. പരിഷത്തിന്റെ പ്രചരണാർത്ഥം സംസ്ഥാനത്തൊട്ടാകെയും സംസ്ഥാനത്തിനു വെളിയിലും യാത്ര ചെയ്യുകയും ചെയ്തിരുന്നു അദ്ദേഹം. വിശ്വഹിന്ദു പരിഷത്ത് അടങ്ങുന്ന സംഘപരിവാർ വൃത്തങ്ങൾ കേരളത്തിലെ ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത ശത്രുവാണ്. ഇക്കാര്യം പിണറായി വിജയൻ തന്നെ പലതവണ പറയുകയും ചെയ്ത കാര്യമാണ്. വി എസ് സർക്കാറിന്റെ കാലത്ത് ഫെയർ റിവിഷൻ കമ്മറ്റി ചെയർമാനാകുമ്പോൾ ഇദ്ദേഹം വിശ്വ ഹിന്ദു പരിഷത്തിന്റെ നേതൃസ്ഥാനം ഏറ്റെടുത്തികുന്നില്ല. അന്ന് ഗതാഗത മന്ത്രിയായിരുന്ന ജോസ് തെറ്റയിൽ തന്നെ ഇക്കാര്യം വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP