Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വൻ ഗതാഗതകുരുക്കിനിടെ 'ജെന്ന' പാഞ്ഞുവന്നത് തെറ്റായ ദിശയിലൂടെ; മരണപ്പാച്ചിൽ കണ്ട് തലയിൽ കൈവച്ച് നാട്ടുകാർ; ചോദ്യം ചെയ്തവരെ അസഭ്യം പറഞ്ഞൊതുക്കി കണ്ടക്ടറും ഡ്രൈവറും; വിശദീകരണം ചോദിച്ചപ്പോൾ ബ...ബ..ബ്ബ..വച്ച ഡ്രൈവറുടെ ലൈസൻസ് പോയി; കൊച്ചിയിൽ യാത്രക്കാരുടെ സുരക്ഷ നോക്കാതെ പാഞ്ഞ ആറ് ബസുകൾ പിടികൂടി കളക്ടറും

വൻ ഗതാഗതകുരുക്കിനിടെ 'ജെന്ന' പാഞ്ഞുവന്നത് തെറ്റായ ദിശയിലൂടെ; മരണപ്പാച്ചിൽ കണ്ട് തലയിൽ കൈവച്ച് നാട്ടുകാർ; ചോദ്യം ചെയ്തവരെ അസഭ്യം പറഞ്ഞൊതുക്കി കണ്ടക്ടറും ഡ്രൈവറും; വിശദീകരണം ചോദിച്ചപ്പോൾ ബ...ബ..ബ്ബ..വച്ച ഡ്രൈവറുടെ ലൈസൻസ് പോയി; കൊച്ചിയിൽ യാത്രക്കാരുടെ സുരക്ഷ നോക്കാതെ പാഞ്ഞ ആറ് ബസുകൾ പിടികൂടി കളക്ടറും

ആർ പീയൂഷ്

 കൊച്ചി: ഗതാഗത കുരുക്കിനിടയിലൂടെ അപകടകരമായി അമിത വേഗതയിൽ പാഞ്ഞ് റോഡിൽ ഗതാഗതം സ്തംഭിപ്പിച്ച സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് തെറിച്ചു. എറണാകുളം - കാക്കനാട് റൂട്ടിലോടുന്ന ജെന്ന ബസിന്റെ ഡ്രൈവർ ആലുവ സ്വദേശി അജാസിന്റെ ലൈസൻസാണ് എറണാകുളം ആർ.ടി.ഒ കെ മനോജ് കുമാർ സസ്പെന്റ് ചെയ്തത്

.

പാലാരിവട്ടം പൊലീസ് സ്റ്റേഷന് സമീപത്തായിരുന്നു സംഭവം. വൻ ഗതാഗതകുരുക്കിനിടെ തെറ്റായ ദിശയിലൂടെ മറ്റ് വാഹനങ്ങൾക്കിടയിലൂടെ അജാസ് ബസ് ഓടിച്ചു കയറ്റുകയായിരുന്നു. ദിശ തെറ്റി പാഞ്ഞ ബസ് എതിരെ വന്ന വാഹനങ്ങളെ വകവയ്ക്കാതെ മുന്നോട്ട് പായുകയായിരുന്നു. ബസിന്റെ മരണപാച്ചിൽ കണ്ട് കാഴ്ചക്കാർ തലയിൽ കൈവച്ചു പോയി. ഇതിനിടയിൽ എതിരെ വന്ന ഒരു വാഹനം ബസിന്റെ മുന്നിൽ അകപ്പെട്ടതോടെ വാഹനങ്ങൾ ഇരുവശത്തേക്കും പോകാൻ പറ്റാതായി. ഗതാഗതം സ്തംഭിച്ചതോടെ മറ്റ് വാഹന യാത്രക്കാർ ചോദ്യം ചെയ്തു. ഇതോടെ കണ്ടക്ടറും ഡ്രൈവറും ചോദ്യം ചെയ്തവരെ അസഭ്യം പറയാൻ തുടങ്ങി. ഇരുപത് മിനിട്ടോളം ഗതാഗത തടസ്സമുണ്ടാക്കിയ ദൃശ്യങ്ങൾ ദൃക്സാക്ഷികളിൽ ഒരാൾ മൊബൈലിൽ പകർത്തി എറണാകുളം ആർ.ടി.ഒ യ്ക്ക അയച്ചതോടെ കളി മാറി.

അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറോട് എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചു. ഇതോടെ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചതോടെ ബസിനെതിരെ നടപടിക്ക് ശുപാർശ ചെയ്ത് ആർ.ടി.ഒ യ്ക്ക് റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡ്രൈവറെ വിളിച്ചു വരുത്തി വിശദീകരണം ചോദിച്ചു. വിശദീകരണം തൃപ്തികരമല്ലാതിരുന്നതോടെയാണ് ആർ.ടി.ഒ ലൈസൻസ് ഒരു മാസത്തേക്ക് സ്പെൻഡ് ചെയ്തത്. സംഭവ ദിവസം സ്ഥിരം കണ്ടക്ടർ അവധിയിലായിരുന്നതിനാൽ പകരത്തിനെത്തിയ കണ്ടക്ടറുടെ വിശദീകരണം ലഭിച്ചിട്ടില്ല എന്നും ആർ.ടി.ഒ കെ.മനോജ് കുമാർ പറഞ്ഞു.

അതോ സമയം കൊച്ചി നഗരത്തിൽ നിയമങ്ങൾക്ക് പുല്ലുവില കൽപ്പിച്ചാണ് മിക്ക സ്വകാര്യ ബസുകളും സർവ്വീസ് നടത്തുന്നത്.

വാതിലടയ്ക്കാതെ സർവീസ് നടത്തുന്ന ബസുകൾ ഇപ്പോഴും ഒട്ടേറെയാണ്. ഞായറാഴ്ച രാവിലെ പൈങ്ങോട്ടൂർ ചാത്തമറ്റം കവലയിൽ വാതിലടയ്ക്കാത്ത ബസിൽ നിന്നു തെറിച്ചു വീണ് അതേ ബസിന്റെ പിൻചക്രം കയറി വയോധിക മരിച്ചിരുന്നു. കൊച്ചി കോർപറേഷൻ പരിധിയിൽ വാതിലടയ്ക്കാതെ സർവീസ് നടത്തുന്ന ബസുകളുണ്ട്. ചിലതിന്റെ വാതിൽ കെട്ടിവച്ച നിലയിലാണെങ്കിൽ മറ്റു ചിലതിനു വാതിലുകളേയില്ല. യാത്രക്കാരുടെ കരുതലും ഭാഗ്യവും കാരണം ആരും വീഴുകയോ പരുക്കേൽക്കുകയോ ചെയ്തിട്ടില്ല.

വൈപ്പിൻ ദ്വീപിലെ പല ബസുകളും വാതിൽ ഇല്ലാതെയാണു സർവീസ് നടത്തുന്നത്. പിന്നിൽ ഒട്ടുമിക്ക ബസുകൾക്കും വാതിൽ ഇല്ല. ഓട്ടമാറ്റിക് വാതിൽ ഉള്ള പല ബസുകളിലും അവ പ്രവർത്തിപ്പിക്കാതെ കെട്ടിവെച്ചിരിക്കുകയാണ്. പ്രവർത്തിപ്പിക്കുന്ന ബസുകൾ കുറവ്. ഇതുസംബന്ധിച്ച പരിശോധന നടക്കാത്തതു ബസുകൾക്ക് അനുഗ്രഹമായി മാറുന്നു. സാധാരണ വാതിൽ ഉള്ള ബസുകളിൽ പലതിലും ഡോർ ചെക്കർ ഇല്ലാത്തതിനാൽ വാതിൽ അടയ്ക്കുകയും തുറക്കുകയും ചെയ്യുന്ന ജോലി തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന യാത്രക്കാർ ഏറ്റെടുക്കേണ്ടി വരുന്നു.

ഇതും അപകടത്തിനിടയാക്കുന്നുണ്ട്. രാവിലെ എറണാകുളത്തേക്കു പോകുന്ന ബസുകളിൽ ഡോറിനു പുറത്തേക്കു തൂങ്ങിക്കിടന്നു യാത്രചെയ്യുന്ന യാത്രക്കാർ പതിവു കാഴ്ചയാണ്.ഇക്കൂട്ടത്തിൽ വിദ്യാർത്ഥികളും ഉൾപ്പെടുന്നു. ബസിൽ നിന്നു വീണു വിദ്യാർത്ഥിനിക്കു പരുക്കേറ്റ സംഭവവും അടുത്തിടെ ഉണ്ടായി. അങ്കമാലി മേഖലയിൽ സർവീസ് നടത്തുന്ന സ്വകാര്യബസുകളിൽ ചിലതിന്റെ വാതിലുകൾ കെട്ടിവെച്ച നിലയിൽ. ടൗണിൽ വാതിലുകൾ കെട്ടിവച്ച നിലയിലാണെങ്കിലും ഗ്രാമങ്ങളിലേക്കു പോകുമ്പോൾ കെട്ടഴിക്കും. ബസിൽ കയറുന്ന യാത്രക്കാർ തന്നെയാണ് വാതിലിൽ കെട്ടിയിട്ടുള്ള ചരട് വലിച്ച് വാതിൽ അടയ്ക്കുന്നത്.

വാതിലുകൾ അടച്ച് സുരക്ഷിതമാക്കിയും ഇറങ്ങേണ്ട സ്റ്റോപ്പുകളുടെ പേരുകൾ ഓട്ടമാറ്റിക്കായി യാത്രക്കാരെ അറിയിക്കുന്ന സംവിധാനങ്ങളുള്ള ബസുകൾ സർവീസ് നടത്തുമ്പോഴാണ് ഇത്തരത്തിൽ വാതിലുകൾ കെട്ടിവെച്ച് ബസുകൾ ഓടുന്നത്. കാലടി മേഖലയിൽ ഭൂരിഭാഗം ബസ്സുകളിലും വാതിലിനു പാളി ഘടിപ്പിച്ചിട്ടുണ്ട്. പാളി ഇല്ലാതെയും ചില ബസുകൾ സർവീസ് നടത്തുന്നുണ്ട്. ഇതുവരെ വാതിലിൽ നിന്നു വീണ് അപകടമുണ്ടായിട്ടില്ല. കൈ കൊണ്ടു തുറന്നു അടയ്ക്കാവുന്ന വാതിൽപാളിയാണു കൂടുതൽ ബസുകൾക്കും ഉള്ളത്. ഓട്ടമാറ്റിക് വാതിൽപാളി ചുരുക്കം മാത്രം.

തിരക്കേറിയ സമയങ്ങളിൽ ഓട്ടമാറ്റിക് വാതിൽപാളികൾ അടയ്ക്കാതെ തുറന്നു വയ്ക്കുന്നുവെന്നു പരാതിയുണ്ട്. വാതിൽ പാളിയില്ലാത്ത ബസുകൾക്കെതിരെ പൊലീസ്, ആർടിഒ അധികൃതരുടെ നടപടികൾ ഉണ്ടായിട്ടില്ല. പിറവം മേഖലയിൽ സർവീസ് നടത്തുന്ന എല്ലാ സ്വകാര്യ ബസുകളിലും ഓട്ടമാറ്റിക് വാതിലുകൾ ഘടിപ്പിച്ചിട്ടുണ്ട്. 90 ബസുകളാണ് പിറവം മേഖല ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ കീഴിലുള്ളത്. ദീർഘദൂര ലിമിറ്റഡ് സ്റ്റോപ് ബസുകളിലൊഴികെയുള്ളവയിലെല്ലാം വാതിലിൽ ക്ലീനർമാരെ നിയമിച്ചിട്ടുള്ളതായി ഉടമകൾ പറയുന്നു. അടുത്തയിടെയൊന്നും അപകടങ്ങൾ ഉണ്ടായിട്ടില്ല.

ബസിന്റെ വാതിൽ അശ്രദ്ധമായി കൈകാര്യം ചെയ്തതു കാരണം അപകടങ്ങൾ ആവർത്തിച്ചപ്പോൾ ഹൈക്കോടതി ഇടപെടുകയും തുടർന്ന് ഡ്രൈവർക്കു കൈകാര്യം ചെയ്യാൻ കഴിയുന്ന തരത്തിലുള്ള ഡോറുകൾ ബസിൽ നിർബന്ധമാക്കുകയും ചെയ്യുകയുമായിരുന്നു. ഓട്ടമാറ്റിക് ഡോർ കർശനമാക്കിയ സമയത്ത് മോട്ടർവാഹന വകുപ്പ് അധികൃതർ പരിശോധന നടത്തുകയും ഡോർ വയ്ക്കാത്തവർക്കു പിഴ ചുമത്തുകയും ചെയ്തിരുന്നു. എന്നാൽ, തുടർ പരിശോധന ഇല്ലാതായതോടെ വാതിൽ എല്ലാ സമയത്തും തുറന്നു തന്നെ കിടന്നു. ഡിസംബർ 23ന് സ്വകാര്യ ബസിന്റെ ഡ്രൈവിങ് സീറ്റിനോടു ചേർന്ന വാതിൽപ്പാളി തട്ടി ഗുരുതര പരുക്കേറ്റ തുതിയൂർ സ്വദേശി ആകാശ് പ്രകാശ് (11) ഇപ്പോഴും ആശുപത്രിയിൽ ചികിൽസയിലാണ്. പരിശോധന ശക്തമാക്കണമെന്നാണ് യാത്രക്കാർ പറയുന്നത്. ചോദ്യംചെയ്താൽ ഗുണ്ടാ സ്റ്റൈലിലാണ് പെരുമാറ്റം. അതിനാൽ ഒന്നും മിണ്ടാതെ യാത്ര ചെയ്യുകയാണ് പതിവെന്നും സ്ഥിരം യാത്രക്കാർ പറയുന്നു.

യാത്രക്കാരുടെ നിരന്തര പരാതിയെ തുടർന്ന് ജില്ലാ കളക്ടർ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരമായി ചേർന്ന് സ്വകാര്യ ബസുകളിൽ മിന്നൽ പരിശോധന നടത്തി. യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താതെ നഗരത്തിൽ പാഞ്ഞ ആറ് ബസുകൾ ജില്ലാ കളക്ടർ കൈയോടെ പിടികൂടി. താക്കീതു നൽകി വിട്ടയച്ച ബസ് ജീവനക്കാരോട് ഇനിയും ആവർത്തിച്ചാൽ 304 വകുപ്പു പ്രകാരം നരഹത്യക്ക് കേസെടുക്കുമെന്ന മുന്നറിയിപ്പും നൽകി.

സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നുണ്ടോ എന്നറിയാൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ആറ് ബസുകൾ കുടുങ്ങിയത്. കാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്സ് ഭാഗത്ത് ഇന്ന് വൈകീട്ട് നാലു മണിയോടെയാണ് കളക്ടർ എസ്.സുഹാസ് വാഹന പരിശോധനക്ക് നേരിട്ടെത്തിയത്. വാഹന പരിശോധനക്ക് കളക്ടർ എത്തിയപ്പോൾ തന്നെ വിവരം സ്വകാര്യ ബസുകൾ പരസ്പരം കൈമാറിയിരുന്നു. പിന്നീടു വന്ന ബസുകളെല്ലാം തന്നെ വാതിൽ അടച്ചാണ് കടന്നു പോയത്. എന്നാൽ മോട്ടോർ വാഹന വകുപ്പിന്റെ സ്‌ക്വാഡ് വിവിധ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിലുണ്ടായിരുന്നു. വാതിൽ അടക്കാതെ വരുന്ന ബസുകളുടെ വിവരങ്ങൾ ആരംഭത്തിൽ തന്നെ കൈമാറിയിരുന്നു. ഇത്തരത്തിൽ എത്തിയ ബസുകളുടെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും കളക്ടറോടൊപ്പം ഉണ്ടായിരുന്നു. സ്വകാര്യ ബസ്സുകളിൽ വാതിൽ പാളി തുറന്നു വച്ച് സർവ്വീസ് നടത്തുന്നതിനാൽ യാത്രികർ ബസിൽ നിന്നും പുറത്തേക്ക് തെറിച്ച് വീണ് അപകടം ഉണ്ടാകുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് നടപടി. കഴിഞ്ഞ ദിവസം ചെറുവട്ടൂരിൽ ബസിൽ നിന്നും തെറിച്ചു വീണ് സ്ത്രീ മരിച്ചിരുന്നു. ഒരു മാസം മുമ്പ് കാക്കനാട്സ്വകാര്യ ബസിന്റ ഡ്രൈവറുടെ ഭാഗത്തെ വാതിൽ തുറന്നു വീണ് ടു വീലറിൽ സഞ്ചരിച്ചിരുന്ന കുട്ടിക്ക് പരിക്കേറ്റിരുന്നു. ഈ കുട്ടി ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.

യാത്രക്കാരുടെ സുരക്ഷയിൽ അലംഭാവം കാണിക്കുന്ന സ്വകാര്യ ബസുടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കുറ്റകൃത്യം ചെയ്യുന്ന ബസ് ജീവനക്കാർക്കെതിരെ നരഹത്യ കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്യാൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകും. ബസ്സിന്റെ പെർമിറ്റ് റദ്ദാക്കുന്നതിനുള്ള നടപടി ആരംഭിക്കുവാൻ കളക്ടർ ആർ.ടി.ഒ യ്ക്ക് നിർദ്ദേശം നൽകി. പരിശോധനക്ക് എറണാകുളം ആർ.ടി.ഒ കെ. മനോജ് കുമാർ, എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ജി. അനന്തകൃഷ്ണൻ എന്നിവർ വിവിധ സ്‌ക്വാഡുകൾക്കൊപ്പം പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് കളക്ടർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP