Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്ത്രീകൾ മുഖം മറക്കേണ്ട കാര്യമില്ലെന്ന് മുജാഹിദ് വിഭാഗം; ധരിക്കണോ വേണ്ടയോ എന്നത് വ്യക്തി സ്വാതന്ത്ര്യമെന്ന് ജമാഅത്തെ ഇസ്ലാമി; മുഖം മറയ്ക്കുന്നത് നിരോധിക്കുന്നതിനെ എതിർത്ത് എപി ഇകെ സുന്നികൾ; സമാന അഭിപ്രായവുമായി സലഫി വിഭാഗങ്ങളും; തുണി ഉരിയൽ സ്വാതന്ത്ര്യമാണെങ്കിൽ ഉടുക്കൽ അവകാശമെന്ന് ഹഫ്സാമോൾ; മുഖാവരണ വിഷയത്തിൽ ഇസ്ലാമിക സംഘടനകൾക്ക് സമ്മിശ്ര പ്രതികരണം

സ്ത്രീകൾ മുഖം മറക്കേണ്ട കാര്യമില്ലെന്ന് മുജാഹിദ് വിഭാഗം; ധരിക്കണോ വേണ്ടയോ എന്നത് വ്യക്തി സ്വാതന്ത്ര്യമെന്ന് ജമാഅത്തെ ഇസ്ലാമി; മുഖം മറയ്ക്കുന്നത് നിരോധിക്കുന്നതിനെ എതിർത്ത് എപി ഇകെ സുന്നികൾ; സമാന അഭിപ്രായവുമായി സലഫി വിഭാഗങ്ങളും; തുണി ഉരിയൽ സ്വാതന്ത്ര്യമാണെങ്കിൽ ഉടുക്കൽ അവകാശമെന്ന് ഹഫ്സാമോൾ; മുഖാവരണ വിഷയത്തിൽ ഇസ്ലാമിക സംഘടനകൾക്ക് സമ്മിശ്ര പ്രതികരണം

ജംഷാദ് മലപ്പുറം

മലപ്പുറം: മുസ്ലിം സ്ത്രീകളുടെ മുഖാവണം നിരോധന വിഷയത്തിൽ ശക്തമായ എതിർപ്പുള്ളത് ഇരു വിഭാഗം സുന്നികൾക്കും, സലഫി, ജിന്ന് വിഭാഗങ്ങൾക്കും മാത്രം, മറ്റു മുസ്ലിംമത സംഘടനകളായ മുജാഹിദ് ഓദ്യോഗിക വിഭാഗവും, ജമാഅത്തെ ഇസ്ലാമിയും മുഖാവരണം ധരിക്കേണ്ടതില്ലെന്ന നിലപാടുകാരാണ്. എന്നാൽ മുഖാവരണം നിരോധിച്ചുകൊണ്ടുള്ള എം.ഇ.എസ് സർക്കുലറിന് പിന്തുണയുമായി കേരള നദ് വത്തുൾ മുജാഹിദീൻ രംഗത്തുവന്നെങ്കിലും എം.ഇ.എസിനെ പിന്തുണക്കാൻ ജമാഅത്തെ ഇസ്ലാമി തെയ്യാറല്ല,

കേരളത്തിലെ പ്രബല മുസ്ലിംവിഭാഗമായ ഇ.കെ സമസ്തയും, കാന്തപുരം എ.പി വിഭാഗവുമായ മുഖം മറക്കുന്നതിനെ അനൂകലിക്കുന്നത്. എന്നാൽ ഇരു വിഭാഗങ്ങളിലേയും 90ശതമാനം സ്ത്രീകളും മുഖംമറുക്കുന്നില്ലെന്നതാണ് മറ്റൊരു വസ്തുതയെന്ന് എതിർക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. അന്യപുരുഷന്റെ മുന്നിൽ മുഖം മറക്കാൻ ഇസ്ലാംഅനുശാസിക്കുന്നുണ്ടെന്നാണ് ഇരുവിഭാഗവും ചൂണ്ടിക്കാട്ടുന്നത്. ഇതെ നിലപാടു തന്നെ മുജാഹിദ് വിഭാഗത്തിൽനിന്നും വിഘടിച്ച സലഫി, ജിന്നുവിഭാഗങ്ങൾക്കും, മറ്റു മുസ്ലിംമത സംഘടനകൾ ധരിക്കുന്നവർ ധരിക്കട്ടെ എന്ന നിലപാടിലാണ്.

എംഇഎസ്ന്റെ നിലപാട് വ്യക്തിസ്വാതന്ത്ര്യം നിഷേധിക്കുന്നതാണെന്നും എംഇഎസ് നിലപാട് തിരുത്തണമെന്നും ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസിസ്റ്റന്റ് അമീർ പി. മുജീബ് റഹ്മാൻ പറഞ്ഞു. എന്നാൽ സ്ത്രീകൾ മുഖം മറക്കണമെന്ന് മതം നിഷ്‌കർഷിക്കുന്നില്ലെന്നാണ് കേരള നദ് വത്തുൾ മുജാഹിദീൻ പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി പറഞ്ഞത്. ഹജ്ജ് കർമ്മം നടത്തുമ്പോൾ പോലും സ്ത്രീകൾ മുഖം മറക്കരുതെന്നാണ് ഇസ്ലാമിക നിയമം. ഇപ്പോഴത്തെ വിവാദം അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

മുഖാവരണം അണിയുന്നത് വ്യക്തി സ്വാതന്ത്ര്യമാണെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസിസ്റ്റന്റ് അമീർ പി. മുജീബ് റഹ്മാൻ പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യൂണിഫോം അംഗീരിക്കുന്നെങ്കിലും കലായലങ്ങളിൽ വൈവിധ്യം അംഗീകരിക്കണം.. എംഇഎസ്ന്റെ നിലപാട് വ്യക്തിസ്വാതന്ത്ര്യം നിഷേധിക്കുന്നതാണ്, എംഇഎസ് നിലപാട് തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്, ഇന്ന് നിഖാബിനെ തിർക്കുന്നവർ നാളെ മഫ്തയെയും എതിർത്തേക്കും, സ്ഥാപന മേധാവികളും മതനേതാക്കളും ഒന്നിച്ചിരുന്നു വിവാദമാക്കാതെ പരിഹരിക്കണം എന്നാണ് ജമാഅത്തെ ഇസ്ലാമി കരുതുന്നതെന്നും അസിസ്റ്റന്റ് അമീർ പി. മുജീബ് റഹ്മാൻ പറഞ്ഞു.

എന്നാൽ മുഖാവരണം നിരോധിച്ചുകൊണ്ടുള്ള എം.ഇ.എസ് സർക്കുലറിന് പിന്തുണയുമായാണ് കേരള നദ് വത്തുൾ മുജാഹിദ് രംഗത്തുവന്നത്. സ്ത്രീകൾ മുഖം മറക്കണമെന്ന് മതം നിഷ്‌കർഷിക്കുന്നില്ലെന്ന് അബ്ദുല്ലക്കോയ മദനി പറഞ്ഞു. ഹജ്ജ് കർമ്മം നടത്തുമ്പോൾ പോലും സ്ത്രീകൾ മുഖം മറക്കരുതെന്നാണ് ഇസ്ലാമിക നിയമം. ഇപ്പോഴത്തെ വിവാദം അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ആ വസ്ത്രം ധരിച്ച് താങ്കളുടെ സ്ഥാപനത്തിൽ പഠിക്കാനോ തൊഴിലെടുക്കാനോ ഒരു സ്ത്രീ ആഗ്രഹിക്കുന്നുവെങ്കിൽ അത് നടക്കുക തന്നെ ചെയ്യുമെന്നാണ് സർക്കുലറിനോട് പ്രതികരിച്ചുകൊണ്ട് ഇ.കെ സമസ്ത പറഞ്ഞത്.

ഇത് അങ്ങയുടെ വെള്ളരിക്കാപട്ടണമല്ല കേരളമാണെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സത്താർ പന്തല്ലൂർ പറഞ്ഞിരുന്നു.മതവിരുദ്ധതയിൽ മുമ്പേ പേരെടുത്ത പിതാവിന്റെ പാരമ്പര്യമുള്ള, താനൊരു അൾട്രാ സെക്കുലറാണെന്ന് ചില ഇഷ്ടക്കാരെ തൃപ്തിപ്പെടുത്താൻ ഇടക്കിടെ കോമാളി വേഷം കെട്ടുന്ന പുത്രനും ഇതിലപ്പുറവും ചെയ്തേക്കാം. പക്ഷെ വിവാദമില്ലാതെ ഈ അപ്പം അത്ര പെട്ടന്ന് ചുട്ടെടുക്കാമെന്ന് ഫസൽ ഗഫൂർ കരുതരുതെന്നും സത്താർ ഫേസ്‌ബുക്കിലിട്ട കുറിപ്പിൽ പറഞ്ഞിരുന്നു. അതേസമയം, സർക്കുലറിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീൽ സ്വീകരിച്ചത്.

മത വിഷയങ്ങളിൽ എം.ഇ.എസ് പ്രസിഡന്റ് ഫസൽ ഗഫൂർ അഭിപ്രായം പറയേണ്ടതില്ലെന്നാണ് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞത്. സലഫിസം വരുന്നതിനു മുൻപുള്ള വസ്ത്രമാണ് നിഖാബ് (മുഖവസ്ത്രം). പ്രവാചകന്റെ കാലഘട്ടം മുതലേയുള്ള വസ്ത്രമാണ് നിഖാബ്. അന്യപുരുഷന്മാർ കാണുമെന്നുണ്ടെങ്കിൽ സ്ത്രീകൾ നിർബന്ധമായും അത് ധരിക്കണം.എം.ഇ.എസ് എന്നു പറഞ്ഞാൽ മതപരമായ കാര്യങ്ങളിൽ അഭിപ്രായം പറയേണ്ടവരല്ല. ഓരോരുത്തരുടെ സ്ഥാപനങ്ങൾക്ക് അവർക്കിഷ്ടമുള്ളത് നടപ്പാക്കാം. അതൊന്നും പിടിക്കാൻ നമുക്കാവില്ലല്ലോ. ഇന്ത്യാ രാജ്യമല്ലേ. സ്വാതന്ത്ര്യമുണ്ടല്ലോ. മുസ്ലിം വിശ്വാസികളായ കുട്ടികൾ ഞങ്ങളോടൊപ്പമുണ്ടാകും. അവരെ ഞങ്ങൾ പറഞ്ഞു മനസിലാക്കിയിട്ടുണ്ട്'മതപരമായ കാര്യങ്ങളിൽ അഭിപ്രായം പറയാൻ എം.ഇ.എസിന് അർഹതയില്ല. അത് ഫസൽ ഗഫൂറാണെങ്കിലും മറ്റാരെങ്കിലും. മതപരമായ കാര്യങ്ങളിൽ ഇടപെടാൻ ഞങ്ങൾ സമ്മതിക്കില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.എം.ഇ.എസ് സ്ഥാപനങ്ങളിൽ മുഖം മറച്ചുകൊണ്ടുള്ള വസ്ത്രധാരണം നിരോധിച്ചു കൊണ്ട് നേരത്തെ സർക്കുലർ ഇറക്കിയിരുന്നു.

തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥിനികൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതിനെ നിരോധിച്ചു കൊണ്ട് എം ഇ എസ് നൽകിയ സർക്കുലർ മൗലികാവകാവകാശലംഘനമാണെന്ന് കാന്തപുരം എ.പി വിഭാഗം വ്യക്തമാക്കി. രാജ്യത്തെ പൗരന്മാർക്ക് ഭരണ ഘടന നൽകുന്ന ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് സർക്കുലറെന്ന് എ.പിവിഭാഗം സുന്നിയുവജന സംഘം ് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു. സർക്കാറിന്റെ അംഗീകാരവും സാമ്പത്തിക സഹായവും ഉപയോഗപ്പെടുത്തി നടത്തുന്ന സ്ഥാപനങ്ങളിൽ ഇത്തരം നിലപാടുകൾ അംഗീകരിക്കാനാവില്ല.വിഷയത്തിൽ എം ഇ എസ് പുനഃപരിശോധന നടത്തി സർക്കുലർ പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. നിരന്തരമായി എം ഇ എസിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന ഇത്തരം നിലപാടുകൾ തിരുത്താൻ അതിന്റെ നേതൃത്വം തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.സയ്യിദ് ത്വാഹ സഖാഫി അധ്യക്ഷത വഹിച്ചു. മജീദ് കക്കാട്, റഹ്മത്തുല്ല സഖാഫി, മുഹമ്മദ് പറവൂർ, എസ് ശറഫുദ്ദീൻ, എം മുഹമ്മദ് സ്വാദിഖ്, ആർ.പി ഹുസൈൻ, എൻ.എം സ്വാദിഖ് സഖാഫി സംബന്ധിച്ചു.

അതേ സമയം മുഖാവരണം നിരോധിച്ചുകൊണ്ടുള്ള എം.ഇ.എസ് സർക്കുലറിനെതിരെ രൂക്ഷവിമർശനവുമായി മുസ്ലിംലീഗിന്റെ വിദ്യാർത്ഥി സംഘടനയായ എം.എസ്.എഫ് വനിതാ നേതാക്കളും രംഗത്തെത്തി.. എം.എസ്.എഫ് ദേശീയ ഉപാധ്യക്ഷൻ ഫാത്തിമത്ത് തെഹ്ലിയും ഹരിത മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി ഹഫ്‌സമോളുമാണ് എം.ഇ.എസ് സർക്കുലറിനെതിരെ രംഗത്തെത്തിയത്. സുരക്ഷാ പരിശോധനക്കിടയിലോ പരീക്ഷ തുടങ്ങി മുഖം നിർബന്ധമായും വെളിവാക്കേണ്ട മറ്റ് സന്ദർഭങ്ങളിലോ മുഖം മറക്കരുത് എന്ന് നിബന്ധന വെക്കുന്നത്തിന്റെ യുക്തി മനസിലാക്കാമെന്ന് അവർ തന്റെ പോസ്റ്റിൽ പറയുന്നു.

മുഖമക്കന പൂർണമായും നിരോധിക്കുന്നത് അമിതാധികാര പ്രയോഗമാണ് എന്ന് പറയാതെ വയ്യ. മുഖം മറച്ച് പുറത്ത് ഇറങ്ങുന്ന സ്ത്രീകളെ വീട്ടിലിരുത്താനേ നിരോധനം ഉപകരിക്കൂ എന്നും തഹ്ലിയ ചൂണ്ടിക്കാട്ടുന്നു. ഉരിയൽ സ്വാതന്ത്ര്യം ആണെങ്കിൽ ഉടുക്കൽ അവകാശമാണെന്നാണ് ഹഫ്‌സമോൾ തന്റെ പോസ്റ്റിൽ പറയുന്നത്. തുണിയുരിയാനുള്ള ഡസൻ കണക്കിന് സമരങ്ങൾക്ക് കിട്ടിയ പിന്തുണ തുണി ഉടുക്കാനുള്ള പോരാട്ടത്തിനും ലഭിക്കേണ്ടതുണ്ടെന്നും ഇവർ പറയുന്നു.

ഇന്ത്യൻ ഭരണ ഘടനയുടെ ആർട്ടിക്കിൾ 19 പ്രകാരം ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം പൗരന് നൽകുന്നുണ്ട്. ഭരണ ഘടനയിലെ ആർട്ടിക്കിൾ 25,26 പ്രകാരം ഇഷ്ടമുള്ള മതം സ്വീകരിക്കാനും മതം അനുശാസിക്കുന്നത് പോലെ ജീവിക്കുവാനുമുള്ള അവകാശം പൗരന് നൽകുന്നുണ്ട്. അതിനിടെയാണ് ശ്രീലങ്കയിലെ ദൗർഭാഗ്യകരമായ ഭീകരാക്രമണം നടക്കുന്നത്. രാജ്യ സുരക്ഷയുടെ ഭാഗമായി അവിടെ നിഖാബ് താൽകാലികമായി നിരോധിച്ചു. ഒരു രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷ കാര്യത്തിൽ എടുക്കുന്ന ഒരു സർജിക്കൽ തീരുമാനമെന്ന നിലയിൽ മുസ്ലിം സമൂഹം അതിനു മൗനാനുവാദം നൽകി.

പക്ഷെ അതിന്റെ മറ പിടിച്ചു കേരളത്തിൽ അൾട്രാ സെക്കുലർ ജീവി ചമയാൻ ശ്രമിക്കുന്ന ഫസൽ ഗഫൂർ ഒപ്പിട്ടു പുറത്തിറക്കിയ സർക്കുലർ കേരള സമൂഹം കീറി എറിയും എന്ന് തന്നെയാണ് പറയാനുള്ളത്' ഹഫ്‌സ പറയുന്നു.സിഖുകാരന് അദ്ദേഹത്തിന്റെ വിശ്വാസത്തിന്റെ ഭാഗമായി കിർപ്പൻ കത്തി അരയിൽ കൊണ്ടുനടക്കാൻ നിയമാനുസൃതമായ പരിരക്ഷയുള്ള നാട്ടിൽ എന്തിനു നിഖാബ് നിരോധിക്കണം. മനസ്സറിഞ്ഞു നിഖാബ് ധരിക്കുന്നവർ അത് ധരിക്കട്ടെ. അല്ലാത്തവർ അത് ധരിക്കാതിരിക്കട്ടെ.മുഖാവരണം ധരിച്ചവരുടെ മുഖം കണ്ടേ അടങ്ങൂ എന്നും, മുഖം കാണിച്ചു നടക്കുന്നവളെ നിഖാബ് അണിയിച്ചേ അടങ്ങൂ എന്നും വാശിപിടിക്കാതിരിക്കാമെന്നും ഹഫ്‌സ കൂട്ടിച്ചേർക്കുന്നു.

കഴിഞ്ഞദിവസമാണ് എം.ഇ.എസ് കോളജുകളിൽ മുഖാവരണം നിരോധിച്ചുകൊണ്ട് സർക്കുലർ പുറത്തിറക്കിയത്. കോളേജുകളുടെ ആഭ്യന്തര കാര്യങ്ങളിൽ മാനേജ്മെന്റിന് തീരുമാനമെടുക്കാമെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സർക്കുലർ പുറത്തിറക്കിയത്. മുസ്ലിം സ്ത്രീകളുടെ മുഖം മറയ്ക്കുന്നത് പുതിയ സംസ്‌കരമാണെന്നും, 99 ശതമാനം മുസ്ലിം സ്ത്രീകളും മുഖം മറയ്ക്കുന്നവരല്ലെന്നും എം.ഇ.എസ് ഫസൽ ഗഫൂർ പറഞ്ഞിരുന്നു.അടുത്ത അധ്യയന വർഷം മുതൽ മുഖം മറച്ചുള്ള വസ്ത്രധാരണം പാടില്ലെന്നാണ് എം.ഇ.എസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്. പൊതുസമൂഹത്തിന് സ്വീകാര്യമല്ലാത്ത വസ്ത്രധാരണം മതാചാരങ്ങളുടെ പേരിലായാലും ആധുനികതയുടെ പേരിലായാലും അംഗീകരിക്കാൻ കഴിയില്ലെന്ന് സർക്കുലറിൽ വ്യക്തമാക്കിയിരുന്നു.മുഖം മറച്ചുള്ള വസ്ത്രം ധരിച്ച് വിദ്യാർത്ഥികൾ ക്ലാസുകളിലെത്തുന്നില്ലെന്ന് അദ്ധ്യാപകർ ഉറപ്പുവരുത്തണമെന്നും വിവാദത്തിന് ഇടം നൽകരുതെന്നും സർക്കുലറിൽ പറയുന്നുണ്ട്. എന്നാൽ ഇതിനെതിരെ രൂക്ഷ പ്രതികരണവുമായി സമസ്ത വിഭാഗമടക്കമുള്ള മുസ്ലിം സംഘടനകൾ രംഗത്തെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP